UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വടിവാളോ മാരകായുധങ്ങളോ കണ്ടെത്തിയിട്ടില്ല; മഹാരാജാസ് കോളേജിലെ ആയുധവേട്ടയെക്കുറിച്ച് മുഖ്യമന്ത്രി

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ആണ് കോളേജില്‍ നിന്നും കണ്ടെത്തിയത്

മഹാരാജസില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവം നിയമസഭയിലും ചര്‍ച്ചയായി. കലാലയങ്ങളെ ആയുധകേന്ദ്രങ്ങളാക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിടി തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അതേസമയം കോളേജില്‍ നിന്നും വടിവാളോ ബോംബോ മാരകായുധങ്ങളോ കണ്ടെത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് നിയമസഭയില്‍ വിശദീകരണം നല്‍കിയത്.

എന്നാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ മാത്രം ഗൗരവം ഈ വിഷയത്തിനില്ലെന്നായിരുന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ നിലപാട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാര്‍ക്ക കമ്പി, പലക, വെട്ടുകത്തി, ഏണി എന്നിവയാണ് കോളേജില്‍ നിന്നും കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ വേനലവധിക്ക് പോയപ്പോള്‍ മറ്റാരെങ്കിലും കൊണ്ടുവച്ചതാകാം അതെന്നും മുഖ്യമന്ത്രി പറയുന്നു. അല്ലാതെ മാരകായുധങ്ങള്‍ ക്യാമ്പസില്‍ നിന്നും കണ്ടെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വിശദമാക്കി.

അതേസമയം കോളേജില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തതിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി അക്രമങ്ങള്‍ക്ക് കൂട്ടുപിടിക്കുകയാണെന്ന് പി ടി തോമസ് ആരോപിച്ചു. മെയ് മൂന്നിനാണ് മഹാരാജാസ് കോളേജില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയത്. സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ പോലീസ് നടത്തിയ റെയ്ഡിലായിരുന്നു ഇത്. ക്വാര്‍ട്ടേഴ്സിലെ മൂന്ന് മുറികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ നല്‍കിയിരുന്നു. ഇവിടെ നിന്നും രണ്ട് മീറ്ററോളം നീളമുള്ള നാല് ഇരുമ്പ് വടികളും നാല് തടി വടികളും ഒരു വാക്കത്തിയുമാണ് പിടിച്ചെടുത്തത്.

പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആറ് പേരാണ് ഈ മുറികളില്‍ താമസിച്ചിരുന്നത്. ഇവരെ ഇന്ന് പോലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. പോലീസ് റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് ഇവര്‍ പ്രിന്‍സിപ്പലിനോട് കയര്‍ത്ത് സംസാരിച്ചിരുന്നു. എറണാകുളം ജില്ലക്കാരല്ലാത്ത ഇവരോട് എത്രയും വേഗം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍