അഴിമുഖം പ്രതിനിധി
ലോട്ടറി തട്ടിപ്പ് കേസ് പ്രതി സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായി. ലോട്ടറി തട്ടിപ്പുകേസില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്തുക്കള്‍ ജപ്തി ചെയ്യാനുള്ള കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് എംകെ ദാമോദരന്‍ ഹാജരായത്. ഇയാള്‍ ഉള്‍പ്പെട്ട 23 തട്ടിപ്പുകേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സിബിഐ നടപടിക്കും അതംഗീകരിച്ച കീഴ്‌കോടതി വിധിക്കുമെതിരെ സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ മാര്‍ട്ടിനു വേണ്ടി ഹൈക്കോടതിയിലെത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലുള്ള രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കെ മാര്‍ട്ടിന്റെ ഹര്‍ജി കോടതിയിലെത്തുകയായിരുന്നു. മറ്റു പ്രതികള്‍ക്കൊപ്പം സിക്കിം സര്‍ക്കാരിലെ ചില ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സാന്‍റിയാഗോ മാര്‍ട്ടിന്‍ ഗൂഢാലോചന നടത്തുകയും സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നുമാണ് കേസ്. എന്നാല്‍ ഇക്കാര്യത്തില്‍ സിക്കിം സര്‍ക്കാരിനു പരാതിയില്ലാത്തതിനാല്‍ കേസുകള്‍ നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാണിച്ചാണ് മാര്‍ട്ടിന്‍ ഹര്‍ജി നല്‍കിയത്.