UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഹകരണബാങ്കുകളെ തകര്‍ക്കുന്നതുകൊണ്ട് ആര്‍ക്കാണ് നേട്ടം?

Avatar

അഴിമുഖം പ്രതിനിധി

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലും മാറ്റലുമൊക്കെ നടക്കുമ്പോള്‍ അതിന്റെ മറവില്‍ സഹകരണബാങ്കുകളെ തകര്‍ക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടെന്ന് കേരളത്തിലെ രാഷ്ട്രീയ നേതാക്കളും സഹകരണസംഘങ്ങളിലെ ആളുകളും ആരോപിക്കുന്നു. സഹകരണബാങ്കുകളെ തകര്‍ത്താല്‍ നേട്ടം കോമേഴ്‌സ്യല്‍ ബാങ്കുകള്‍ക്കാണെന്നും. സഹകരണബാങ്കുകളിലെ നിക്ഷേപത്തിലാണ് അവരുടെ കണ്ണെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. കേരളത്തിലെ സഹകരണബാങ്കില്‍ ഒന്നര ലക്ഷം കോടിയുടെ നിക്ഷേപമുണ്ട്. ഇത് സംസ്ഥാന ബജന്റെ പകുതിയോളം വരും.

ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണത്തെ എതിര്‍ത്തും അനുകൂലിച്ചു ധാരാളം പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ സഹകരണബാങ്കുകളില്‍ വല്‍തോതില്‍ കള്ളപ്പണ ഇടപാട് നടക്കുന്നുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. എന്നാല്‍ സുരേന്ദ്രന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന അഭിപ്രായങ്ങളുമായി ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. സഹകരണബാങ്കിനെതിരെ ഗൂഡാലോചന നടക്കുന്നുണ്ടെന്നാണ് ഭരണപക്ഷത്തെയും, പ്രതിപക്ഷത്തെയും നേതാക്കളും സഹകരണ സംഘത്തിലെ മുന്‍ മേധാവികളും പറയുന്നത്. എന്നാല്‍ സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണങ്ങളെ ഒ രാജഗോപാല്‍ എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ എതിര്‍ക്കുകയാണ്. അവരുടെ പ്രതികരണങ്ങളിലേക്ക്-

ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സഹകരണ ബാങ്കുകള്‍ക്കെതിരെ നടത്തിയ ആരോപണം
നോട്ട് പിന്‍വലിച്ച രാത്രിയില്‍ കേരളത്തിലെ നിരവധി സഹകരണ ബാങ്കുകളില്‍ ഒരുപാടുപേര്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ട്. ഈവനിംഗ് ബ്രാഞ്ച് സൗകര്യമുള്ള ബാങ്കുകളിലാണ് ഈ കള്ളക്കളി കൂടുതലും നടന്നത്. ജില്ലാ സഹകരണബാങ്കുകളുടെ ഒത്താശയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മുക്കം, കുന്ദമംഗലം പ്രദേശങ്ങളില്‍ ചില വന്‍കിടനേതാക്കള്‍ നടത്തുന്ന ബാങ്കുകളില്‍ ഇടപാട് നടന്നതായി വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലരും കറണ്ട് അക്കൗണ്ടുകളിലാണ് നിക്ഷേപം നടത്തിയത്. റിസര്‍വ്ബാങ്ക് നിബന്ധനകള്‍ പാലിക്കാതെയാണ് നിലവില്‍ പല ബാങ്കുകളും പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടന്നേ മതിയാവൂ. ഇതു സംബന്ധിച്ച പരാതി ബന്ധപ്പെട്ടവര്‍ക്കു നാളെ നല്‍കുന്നതാണ്.

മുപ്പതിനായിരം കോടി രൂപയിലധികം കള്ളപ്പണം കേരളത്തിലെ സഹകരണബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. യാഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതല്‍ ആയിരിക്കും. ഒരു നയാപൈസ പോലും ഇതിനു നികുതി ഒടുക്കിയിട്ടില്ല. രാഷ്ട്രീയക്കാരും റിയല്‍ എസ്റ്റേററ് മാഫിയകളും ഭീകരപ്രവര്‍ത്തകരുമൊക്കെ ഇതില്‍പെടും. ആദായനികുതി വകുപ്പ് അയച്ച നോട്ടീസിന് പുല്ലുവിലയാണ് ബാങ്കുകള്‍ നല്‍കിയത്. ഒട്ടുമിക്ക ബാങ്കുകളും സിപിഎം നിയന്ത്രണത്തിലുള്ളവയാണ്. കോണ്‍ഗ്രസ്സും ലീഗും ഇക്കാര്യത്തില്‍ പിന്നിലല്ല. മിനിഞ്ഞാന്ന് രാത്രി ഈവനിംഗ് ബ്രാഞ്ചുകള്‍ വഴി കോടികളാണ് നിക്ഷേപിച്ചത്. ഉറവിടം വ്യക്തമാക്കാന്‍ ഇപ്പോള്‍ ബാങ്കുകള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സഹകരണബാങ്കുകളെ ആദായനികുതിപരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന കേരളസര്‍ക്കാരിന്റെ ആവശ്യം തള്ളണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്കും റിസര്‍വ്ബാങ്ക് ഗവര്‍ണ്ണര്‍ക്കും ആദായനികുതിവകുപ്പ് ചീഫ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

കടകംപള്ളി സുരേന്ദ്രന്‍- വിദ്യുച്ഛക്തി, ദേവസ്വം വകുപ്പ് മന്ത്രി
സഹകരണ മേഖല ദുര്‍ബലപ്പെടുത്തുന്ന ഏതു നീക്കത്തെയും ചെറുത്തു തോല്‍പ്പിക്കണം. നോട്ട് പിന്‍വലിക്കല്‍ ഗ്രാമീണ മേഖലയെ മുഴുവന്‍ ദുരിതത്തിലാഴ്ത്തി. സാധാരണക്കാരും, കൂലിപ്പണിക്കാരും ഈ നടപടിയില്‍ വലയുകയുകയാണ്. സാധാരണകാര്‍ക്ക് ആശ്വാസമായ സഹകരണ ബാങ്കുകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. സഹകരണ ബാങ്കുകളെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു നോട്ട് മാറുവാന്‍ സഹകരണബാങ്കിനെ ആദ്യം അനുവദിക്കാതിരുന്നത് എന്നു സംശയിക്കേണ്ടിരിക്കുന്നത്. സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങളെ പുതിയ നടപടിയായ നോട്ട് മാറ്റല്‍ ഉപയോഗപ്പെടുത്തി തകര്‍ക്കാനാണ് ചില ശക്തികള്‍ ശ്രമിക്കുന്നത്.

എസി മൊയ്തീന്‍-സഹകരണ വകുപ്പ് മന്ത്രി
കേന്ദ്രത്തിന്റെ പുതിയ നടപടി രാജ്യത്ത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ഗ്രാമീണ മേഖലയിലെ ജനങ്ങളാണ് പുതിയ നടപടിയില്‍ കൂടുതലും പ്രയാസമനുഭവിക്കുന്നത്. അതിന് പരിഹാരം കാണാന്‍ കഴിയണം. സംസ്ഥാനത്തെ ഭൂരിപക്ഷം സാധാരണകാരുടെ ബാങ്കിങ്ങ് ഇടപാടുകള്‍ സഹകരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്. റിസര്‍വബാങ്കിന്റെ പുതിയ പ്രഖ്യാപനത്തില്‍ ജനങ്ങള്‍ക്ക് പ്രയോജനമാകുന്ന തരത്തില്‍ ഇടപെടാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിയാത്ത സാഹചര്യമാണ്. കേരളത്തിലെ സഹകരണബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്ന വ്യാജപ്രചരണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അനാവശ്യ വിവാദമുണ്ടാക്കി സഹകരണമേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നല്ലതല്ല. രാജ്യത്തെ എല്ലാ നിയമവ്യവസ്ഥകളും പാലിച്ചുകൊണ്ടാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. കേരള ഗ്രാമീണ മേഖല നിശ്ചലമാണ്.



ഒ രാജഗോപാല്‍ എംഎല്‍എ

ഗുരുതരമായ അസുഖത്തിന് ചികിത്സക്കിറങ്ങുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ വരും. അതിന് ഇഞ്ചക്ഷന്‍ വേണ്ടിവരും, ചിലപ്പോള്‍ സര്‍ജറി വേണ്ടിവരും, അതൊക്കെ ആരോഗ്യത്തിന് വേണ്ടിയാണ്. അതുപോലെയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി. നമ്മുടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സംശുദ്ധമാക്കുവാന്‍ ആഗ്രഹിക്കുന്നവരെല്ലാം പുതിയ നടപടിക്ക് പിന്തുണ നല്‍കണം. സാധാരണകാര്‍ക്കു വേണ്ടിയുള്ള സഹകരണസ്ഥാപനങ്ങളെ കള്ളപ്പണകാരും കള്ളക്കടത്തുകാരും, ഭീകരവാദികളും ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ സഹകരണബാങ്കുകളില്‍ വ്യാപകമായി കള്ളപ്പണം വെളിപ്പിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പരത്തുന്നത് ബിജെപിയാണെന്ന ആരോപണം അടിസ്ഥാനരഹിതവും അസംബന്ധവുമാണ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
രാജ്യത്തിന്റെ എല്ലാ മേഖലകളും നിശ്ചലമായികഴിഞ്ഞു. പകരം നോട്ടുകള്‍ എത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു. ഞായറാഴ്ചയുള്‍പ്പടെ അധിക സമയം ബാങ്കു ജീവനക്കാര്‍ പ്രവര്‍ത്തിച്ചിട്ടും രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിലെ സഹകരണ മേഖല സ്തംഭിച്ചിരിക്കുകയാണ്. സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി അടിയന്തരമായി പ്രശ്‌നപരിഹാരത്തിന് തയ്യാറാകണം. സാധാരണക്കാരുടെയും കൂലിപ്പണിക്കാരുടെയും പണമാണ് സഹകരണബാങ്കുകളിലുള്ളത്. അതിനാല്‍ യതൊരു രാഷ്ട്രീയ ഇപെടലുകളുമില്ലാതെ പരിഹാരമുണ്ടാകണം.

 

കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍- കേരള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി, സംസ്ഥാന സഹകരണ യൂണിയന്‍
നോട്ട് പിന്‍വലിച്ച നടപടി തെറ്റാണ്, ദ്രോഹമാണ്. കൂടാതെ സഹകരണപ്രസ്ഥാനത്തെ നശിപ്പിക്കാന്‍ കൂടിയാണ് ഈ പുതിയ നടപടി. കാരണം കൃഷിക്കാരും സാധാരണക്കാരും ഉള്‍പ്പെടുന്ന രാജ്യത്തെ വലിയ വിഭാഗക്കാരും ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണ്. അവരുടെ നിക്ഷേപം കോടികണക്കിനാണ്. ഇത്രയും നിക്ഷേപം സംസ്ഥാനത്ത് എസ്ബിഐ ഉള്‍പ്പടെയുള്ള കോമേഴ്‌സ്യല്‍ ബാങ്കുകള്‍ക്കില്ല. അതിനാല്‍ പുതിയ നടപടിയിലൂടെ സഹകരണ ബാങ്കുകളെ തകര്‍ക്കുകയും കോമേഴ്‌സ്യല്‍ ബാങ്കുകള്‍ക്ക് നിക്ഷേപം വര്‍ദ്ധിപ്പിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. നേരത്തെ മുതല്‍ തന്നെ സഹകരണബാങ്കുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. 1966-ലാണ് സഹകരണസംഘങ്ങള്‍ക്ക് ബാങ്കിങ്ങ് നടത്താന്‍ അനുമതി നല്‍കിയത്. 2012-ല്‍ ബാങ്കിങ്ങ് റെഗുലേഷന്‍ ആക്റ്റ് പ്രകാരം സഹകരണബാങ്കുകള്‍ ബാങ്കുകളാവാന്‍ പറ്റില്ല, സംഘമായിരുന്നാല്‍ മതിയെന്ന് നിയമം വന്നിരുന്നു. സഹകരണസംഘത്തെ ഇല്ലായ്മ ചെയ്യുന്നതിന് ഇപ്പോള്‍ പുതിയ നോട്ട് പിന്‍വലിക്കല്‍ നടപടിയും ഉപയോഗിക്കുകയാണ്. കേരളത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന അവസ്ഥയാണ് പുതിയ നടപടിയിലൂടെ കേന്ദ്രം ചെയ്തത്. എന്തുകൊണ്ടാണ് സഹകരണബാങ്കിനും നോട്ട് മാറ്റുവാന്‍ അനുവാദം നല്‍കാഞ്ഞത്. അത് നല്‍കാഞ്ഞതിന് കാരണം ഈ പ്രസ്ഥാനത്തെ നശിപ്പിക്കുകയെന്നതാണ്. കള്ളപ്പണം എന്ന പേരില്‍ വ്യാജ പ്രചാരണം ഇതിന്റെ ഭാഗമാണ്.”

കേരളത്തിലെ സഹകരണബാങ്കുകളിലെ ഭൂരിപക്ഷവും ഇടതുപക്ഷ അനുകൂലസംഘങ്ങളുടെ ഭരണമാണ് നടക്കുന്നത്. ഒരുപക്ഷെ ഇടതുപക്ഷത്തെ തകര്‍ക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമവുമാകാം ഇതെന്ന് കോലിയക്കോട് പറയുന്നു. എന്നാല്‍ അത് നടക്കാന്‍ പോകുന്നില്ല. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ സാധിക്കില്ല. ജനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ബാങ്കുകളെല്ലാം ഇടതുപക്ഷത്തിന് അനുകൂലമാണ്. കാരണം അവര്‍ക്ക് ഇടതുപക്ഷത്തെ വിശ്വാസമാണ്. സഹകരണ പ്രസ്ഥാനങ്ങളുടെ അധികാരം ജനങ്ങള്‍ക്കാണ്. അതുകൊണ്ട് കോര്‍പ്പറേറ്റ് ബാങ്കുകള്‍ ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. സഹകരണബാങ്കുകള്‍ തകര്‍ത്ത് നിക്ഷേപം നേടാനാണ് കോമേഴ്‌സ്യല്‍ ബാങ്കുകള്‍ ഉള്‍പ്പടെയുള്ളവരുടെ ശ്രമം കോലിയക്കോട് കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍