UPDATES

ബി ജെ പിയുടെ കള്ളപ്പണ ആരോപണം; വിശദീകരണവുമായി കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്

അഴിമുഖം പ്രതിനിധി

കെ സുരേന്ദ്രന്‍ അടക്കമുള്ള ബി ജെ പി നേതാക്കള്‍ മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. പത്ര പരസ്യത്തിലൂടെയാണ് ബാങ്ക് വിശദീകരണം നല്‍കിയിരിക്കുന്നത്. നേരത്തെ എ ടി എം ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് നിയമ വിരുദ്ധമാണെന്ന് കെ സുരേന്ദ്രന്‍ ചാനല്‍ ചര്‍ച്ചയില്‍ ആരോപണം ഉന്നയിച്ചിരുന്നു. 

കേരളത്തിലെ സഹകരണ ബാങ്കുകളുടെ ചരിത്രത്തില്‍ മാറ്റിനിര്‍ത്താനാവാത്ത ബാങ്കുകളില്‍ ഒന്നാണ് കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. 1940 ല്‍ പ്രവര്‍ത്തനമാരംഭിച്ചത് മുതല്‍ കതിരൂര്‍ ഗ്രാമത്തിലെ ജനങ്ങളുടെ സാമ്പത്തിക വിനിമയങ്ങളില്‍ ഈ ബാങ്ക് ചെലുത്തിയ സ്വാധീനം ചെറുതല്ല. ഈ ബാങ്കിന് ഇന്ന് 11 ഓളം ബ്രാഞ്ചുകളിലായി 1,04,000 അംഗങ്ങളുണ്ട്.  

ആധുനിക ബാങ്കിങ് സേവനങ്ങള്‍ ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കി കതിരൂരിലെ  ജനങ്ങളുടെ നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിയ ഈ ബാങ്ക് സംസ്ഥാന സര്‍ക്കാറിന്‍റെയും മറ്റ് സംഘടനകളുടെയും നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ 2009 – വര്‍ഷം സംസ്ഥാന ഗവണ്‍മെന്‍റ് മോഡല്‍ ബാങ്കായി തിരഞ്ഞെടുത്തു. 2009 – 2012 വര്‍ഷങ്ങളില്‍ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്‍റെ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡും ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി പീസ് ഫൌണ്ടേഷന്റെ എക്സലന്‍സ് അവാര്‍ഡും 2016 നവംബറില്‍ ഇന്ത്യന്‍ ഫാര്‍മേഴ്സ് ഓര്‍ഗനൈസേഷന്‍ ഫോര്‍ കോമേര്‍സ് & ഇന്‍ഡഡസ്ട്രിയുടെ ഏറ്റവും നല്ല സഹകരണ ബാങ്കിനുള്ള അവാര്‍ഡും ലഭിച്ചു.

ഇന്ത്യയിലെ സഹകരണ ബാങ്കുകളെ കുറിച്ച് പഠിക്കാന്‍ 2008 – 2009 കാലഘട്ടത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ പഠന സംഘം തിരഞ്ഞെടുത്ത അപൂര്‍വ്വം ബാങ്കുകളില്‍ ഒന്നുകൂടിയാണ് കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. ബാങ്ക് സന്ദര്‍ശിച്ച RBI അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ അടക്കമുള്ള സംഘം ഈ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. റിസര്‍വ്വ് ബാങ്കിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നബാര്‍ഡിന്റെയും സഹകരണ ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്റെയും കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി തന്നെയാണ് കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കും പ്രവര്‍ത്തിക്കുന്നത്.

കക്ഷി രാഷ്ട്രീയ മത സാമുദായിക ഭേദമില്ലാതെ ഗ്രാമീണ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവരുന്ന കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ വാര്‍ത്താ മാധ്യമങ്ങളിലൂടെയും നവ മാധ്യമങ്ങളിലൂടെയും കുപ്രചരണങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബാങ്ക് മാനേജ്മെന്‍റ്.

കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ദിനപത്രങ്ങള്‍ക്ക് നല്‍കിയ വിശദീകരണ പരസ്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍