UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഹകരണ മേഖലയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? നുണപ്രചാരണങ്ങള്‍ വിശ്വസിക്കുന്നതിന് മുമ്പ് ഇതൊന്നു വായിക്കൂ

ഹരിത തമ്പി

 

സഹകരണ മേഖലയെക്കുറിച്ചുള്ള പരിമിതമായ അറിവാണ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ വേണ്ടി പടച്ചു വിടുന്ന നുണ പ്രചരണങ്ങള്‍ കണ്ണടച്ച് വിഴുങ്ങാന്‍ സാധാരണക്കാരെ പ്രേരിപ്പിക്കുന്നത്. ആരോ ട്യൂഷന്‍ പഠിപ്പിച്ചത് വെള്ളം തൊടാതെ വിഴുങ്ങി ചാനല്‍ ചര്‍ച്ചകളില്‍ ഛര്‍ദ്ദിക്കുന്ന ചര്‍ച്ചാ തൊഴിലാളികള്‍ക്ക് ഒന്നേ അറിയൂ… ‘ഇത് കമ്മ്യൂണിസ്റ്റുകാരുടെ എന്തോ ആണ്, ഇതിനെ നശിപ്പിക്കണം.’

 

കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി കര്‍ഷകനും കൂലിപ്പണിക്കാരനും തമ്പ്രാന്റെ മുന്നില്‍ കൈനീട്ടേണ്ട ഗതി മാറ്റിക്കുറിച്ച സഹകരണപ്രസ്ഥാനത്തെ അവര്‍ക്ക് അറിയില്ല. സഹകരണത്തിന് അതില്ല, ഇതില്ല, ടാക്‌സ് അടക്കുന്നില്ല, കണ്ടെയ്‌നറില്‍ വരുന്ന കള്ളപ്പണം സൂക്ഷിക്കുന്ന താവളം, അംബാനിയുടെ കോടികള്‍ ഒളിപ്പിച്ചിരിക്കുന്ന ഗുഹ… അങ്ങനെ പോകും ലിസ്റ്റ്. വ്യക്തമായി എല്ലാവരേം തെറ്റിദ്ധരിപ്പിക്കുവാനും സംഘപരിവാറിന് കഴിഞ്ഞിട്ടുണ്ട്.

 

സ്ഥാപനങ്ങളെ പ്രധാനമായും മൂന്ന് തരത്തിലാണ് വര്‍ഗീകരിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യമേഖല സ്ഥാപനങ്ങള്‍, സഹകരണ മേഖല സ്ഥാപനങ്ങള്‍. പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഉള്ളതുപോലെ സഹകരണ സ്ഥാപനങ്ങള്‍ക്കും വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. ഇത് കേരളത്തിലോ ഇന്ത്യയിലോ മാത്രമുള്ളത് അല്ല. ലോകം മുഴുവന്‍ അംഗീകരിച്ച, ഒരുപാട് പാവപ്പെട്ടവരേയും തൊഴിലാളികളെയും മേലാളന്മാരുടെ ചൂഷണത്തില്‍ നിന്നും രക്ഷിച്ചെടുത്ത സംവിധാനമാണ് സഹകരണ പ്രാസ്ഥാനങ്ങള്‍. കഴിയുമെങ്കില്‍ ഡെന്മാര്‍ക്കിന്റെ ചരിത്രം വായിക്കുക. Co-operative Denmark എന്നാണ് ഡെന്മാര്‍ക്ക് അറിയപെടുന്നത്. വിജയകരമായി സഹകരണ സാമ്പദ് വ്യവസ്ഥ ഉപയോഗിച്ച് വികസനം വെട്ടിപ്പിടിച്ചവരാണ് അവര്‍.

 

1. എന്താണ് സഹകരണ സ്ഥാപനങ്ങള്‍?

25-ഓ അതിലധികമോ വ്യത്യസ്ത കുടുംബങ്ങളില്‍പ്പെട്ടവര്‍ ഓഹരി സമാഹരിച്ച് (10 – 100 രൂപ) കെട്ടിപ്പൊക്കിയ സ്ഥാപങ്ങള്‍ ആണ് ഇവ. വ്യത്യസ്തങ്ങളായ മേഖലകളില്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കാന്‍ സാധിക്കും. കഴിഞ്ഞ ദിവസം ഒരു ചാനലില്‍ സാമ്പത്തിക വിദഗ്ദ്ധന്‍ എന്ന പേരില്‍ വന്ന ഒരാള്‍ പറയുന്നത് കേട്ടു, ഏഴു പേരുണ്ടെങ്കില്‍ സഹകരണ സംഘം ഉണ്ടാക്കാം, അതിന് ഇപ്പോ ഒരു കുടുംബം വിചാരിച്ചാല്‍ മതിയല്ലോ’ എന്ന്. വിഷയത്തെപ്പറ്റി കാര്യമായ അറിവ് ഇല്ലാത്തവര്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍ കേട്ട് ജനങ്ങള്‍ കൂടുതല്‍ ആശയക്കുഴപ്പത്തില്‍ ആയതേയുള്ളൂ.

 

സഹകരണ സ്ഥാപനങ്ങള്‍ എല്ലാ മേഖലയിലും ഉണ്ട്. ക്ഷീരമേഖലയിലെ പ്രശസ്തമായ സഹകരണ സംഘമാണ് മില്‍മ. കൈത്തറി മേഖലയില്‍ Hantex, Handloom സംഘങ്ങള്‍, കേരഫെഡ്, കയര്‍ഫെഡ് എന്നിവയെല്ലാം സഹകരണ സംഘങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുന്ന സംഘങ്ങള്‍, ബീഡി തെറുപ്പ് സംഘങ്ങള്‍ തുടങ്ങി കോ-ഓപ്പറേറ്റീവ് കോളേജുകളും കോ-ഓപ്പറേറ്റീവ് ബാങ്കുകളും എന്നിങ്ങനെ കേരളത്തില്‍ സഹകരണ സംഘങ്ങള്‍ ഇല്ലാത്ത മേഖലകള്‍ ഇല്ല എന്ന് തന്നെ പറയാം.

 

വായ്പാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളാണ് സഹകരണ ബാങ്കുകള്‍ എന്നറിയപ്പെടുന്ന സര്‍വീസ് സൊസൈറ്റികള്‍. സഹകരണ ബാങ്കുകള്‍ ത്രിതല സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പൗരന്മാര്‍ അംഗങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍, ഈ പ്രാഥമിക സഹകരണ സംഘങ്ങള്‍ അംഗങ്ങളായ ജില്ലാ ബാങ്കുകള്‍, ജില്ലാ ബാങ്കുകള്‍ അംഗങ്ങളായ സംസ്ഥാന സഹകരണ ബാങ്ക്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ഥാപനവും സഹകരണ ബാങ്കുകളിലാണ് പണം നിക്ഷേപിക്കേണ്ടത്.

 

ന്യായമായ വിലയ്ക്ക് മരുന്ന് ലഭിക്കുന്ന നീതി സ്‌റ്റോറുകള്‍ കണ്ടുകാണുമല്ലോ… നീതി ഗ്യാസും കണ്ടുകാണും. ഇവ സഹകരണ ബാങ്കുകള്‍ നടത്തുന്ന സ്ഥാപങ്ങളാണ്.

 

2. സഹകരണ സംഘങ്ങള്‍ എന്തുകൊണ്ട് ആര്‍ബിഐ നിയമങ്ങള്‍ അനുസരിക്കുന്നില്ല?

സഹകരണ ബാങ്കുകള്‍ ആര്‍ബിഐ നല്‍കുന്ന ബാങ്ക് പദവിയോട് കൂടിയവ അല്ല. ഇവ വാണിജ്യബാങ്കുകളോ ഷെഡ്യൂള്‍ഡ് ബാങ്കുകളോ അല്ല. ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങള്‍ അല്ല സഹകരണ ബാങ്കുകള്‍. സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് കേരള സഹകരണ നിയമം അനുസരിച്ചാണ്. സ്വകാര്യ ബാങ്കുകളെ പോലെയോ പൊതുമേഖലാ ബാങ്കുകളെയൊ പോലെ ഇന്ത്യ മുഴുവനോ സംസ്ഥാനം മുഴുവനോ പ്രവര്‍ത്തനം സാധ്യമായവ അല്ല സഹകരണ ബാങ്കുകള്‍. ഇവരുടെ പ്രവര്‍ത്തന പരിധി ഒരു പഞ്ചായത്തോ താലൂക്കോ ആണ്.

ആര്‍ബിഐ ലൈസെന്‍സ് നല്‍കാന്‍ വേണ്ട യോഗ്യതകളില്‍ പറഞ്ഞിരിക്കുന്ന മൂലധനമോ നിക്ഷേപങ്ങളോ സഹകരണ ബാങ്കുകള്‍ക്ക് ഇല്ല. കേരളത്തില്‍ ഷെഡ്യൂള്‍ഡ് പദവിയില്‍ എത്തിയിരുന്ന ഒരേ ഒരു സഹകരണ സ്ഥാപനം സംസ്ഥാന സഹകരണ ബാങ്ക് ആണ്. കൂടാതെ ആര്‍ബിഐയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് സെക്ടറിലെ മറ്റു ബാങ്കുകള്‍ അര്‍ബന്‍ ബാങ്കുകള്‍ ആണ്. ആര്‍ബിഐയുടെ നേരിട്ടുള്ള നിയന്ത്രണം മറ്റൊരു സഹകരണ ബാങ്കിനും ഇല്ല.

ഇതിനിടെ ഒരു ചോദ്യം കേട്ടു; ‘ആര്‍ബിഐയെ വെട്ടിച്ചു കൊണ്ട് എത്ര കാലം ഇങ്ങനെ ബാങ്കിങ് പ്രവര്‍ത്തനം നടത്താനാകും?’ എന്ന്‍. സുഹൃത്തുക്കളെ… ഇത് ടാറ്റയോ ബിര്‍ലയോ നടത്തുന്ന ബ്ലേഡ് കമ്പനി ഒന്നുമല്ല. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് രൂപീകരിച്ച പ്രസ്ഥാനമാണ്, സഹകരണ പ്രസ്ഥാനം.

 

3. ആര്‍ബിഐ അല്ലെങ്കില്‍ പിന്നെ ആരാണ് സഹകരണ സ്ഥപനങ്ങളെ നിയന്ത്രിക്കുന്നത്?

സഹകരണ മേഖലയിലെ ഓരോ സ്ഥാപങ്ങളും പ്രവര്‍ത്തിക്കുന്നത് സഹകരണ നിയമത്തിനും ചട്ടത്തിനും അനുസരിച്ചാണ്. സഹകരണ വകുപ്പിന്റെ കീഴിലാണ് ഓരോ സംഘവും. റജിസ്ട്രാറിന്റെ സഹകരണ ഓഡിറ്റര്‍മാരുടെ പാനലില്‍ നിന്നും നിയമിക്കുന്ന ഓഡിറ്റര്‍ സാമ്പത്തിക വര്‍ഷത്തിന് അവസാനം ഓഡിറ്റ് നടത്തുന്നു. ഈ ഓഡിറ്ററുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി ജില്ലാ സഹകരണ റജിസ്ട്രാര്‍ ഫൈനല്‍ ഓഡിറ്റിനു ശേഷം ടെസ്റ്റ് ഓഡിറ്റ് നടപ്പിലാക്കുന്നു. കൂടാതെ ഡിവൈഎസ്പി റാങ്കില്‍ ഉള്ള പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ വിജില്ലന്‍സും സഹകരണ സംഘങ്ങളില്‍ പരിശോധന നടത്തുന്നു.

 

സഹകരണ സംഘങ്ങള്‍ സഹകാരണ നിയമത്തിനും റജിസ്ട്രാറുടെ സര്‍ക്കുലറുകള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്.

 

 

4. എന്തുകൊണ്ട് സഹകരണ സംഘങ്ങള്‍ ടാക്സ് അടക്കുന്നില്ല.

സഹകരണ സംഘങ്ങളുടെ വളര്‍ച്ച ഇന്ത്യന്‍ ഗ്രാമീണ വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് വിവിധ കമ്മറ്റികള്‍ നടത്തിയ പഠനങ്ങളില്‍ നിന്നും സര്‍ക്കാരിന് ബോധ്യപ്പെട്ടു. അതനുസരിച്ച് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് തന്നെ എല്ലാ ആദായ നികുതികളില്‍ നിന്നും സഹകരണ സംഘങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ടാക്സ് അടക്കുന്നില്ല എന്ന് നിലവിളിക്കുന്നവര്‍ ടാക്സ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നില്ല എന്നത് സങ്കടകരമാണ്. സഹകരണ നിയമത്തിലും ചട്ടത്തിലും നിക്ഷേപം സ്വീകരിക്കുന്നവരുടെ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടില്ല. റജിസ്ട്രാറോ സഹകരണ വകുപ്പോ അത്തരം ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടില്ല. കാലത്തിനനുസൃതമായ നിയമഭേദഗതികള്‍ കൊണ്ടുവരാത്തതിന് സഹകരണ സംഘങ്ങള്‍ എന്ത് പിഴച്ചു?

 

യുസി കോളേജിലെ ആ പയ്യന്‍ യൂണിഫോം ഇടാതെയാ കോളേജില്‍ പോകുന്നത് എന്നും പറഞ്ഞു നാട്ടുകാര്‍ നിന്ന് കുറ്റം പറയുന്നു. യുസി കോളേജില്‍ യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ടോ ഇല്ലെങ്കില്‍ അത് ആരുടെ തെറ്റാണ് എന്ന് ചിന്തിക്കാന്‍ ഉള്ള ബോധം കുറ്റം പറയുന്നവര്‍ക്ക് വേണമല്ലോ…

 

5. സഹകരണ സംഘങ്ങള്‍ സുതാര്യമായ പ്രവര്‍ത്തനം ആണോ നടത്തുന്നത്?

എന്താണ് ഉദ്ദേശിക്കുന്ന സുതാര്യത എന്ന് മനസിലാകുന്നില്ല. എസ്.ബി.ടിയുടെ മുന്നില്‍ ബാലന്‍സ് ഷീറ്റ് എല്‍ഇഡി പ്രൊജക്റ്റര്‍ വെച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് എസ്.ബി.ടി സുതാര്യമല്ലെന്നു ഞാന്‍ പറഞ്ഞാല്‍ ശരിയാകുമോ? അധികാരികളായ സഹകരണ വകുപ്പ് എല്ലാ വര്‍ഷവും നടത്തുന്ന ഓഡിറ്റിനും മറ്റു പരിശോധനകള്‍ക്കും വിധേയമാണ് ഓരോ സഹകരണ സംഘവും. അധികാരമുള്ളവര്‍ക്ക് സുതാര്യമാണ്. മറ്റേതൊരു ബാങ്കും പോലെ തന്നെ.

 

6. ഭരണസമിതിയിലെ രാഷ്ട്രീയക്കാര്‍ വിചാരിച്ചാല്‍ സഹകരണ ബാങ്കിലെ കടങ്ങള്‍ എല്ലാം എഴുതി തള്ളാമെന്നു കേട്ടല്ലോ? 

കേട്ടത് വെറും അസംബന്ധമാണെന്ന് പറയേണ്ടി വരും. സഹകരണ സംഘങ്ങളുടെ എല്ലാ അംഗങ്ങളും (ഓഹരി ഉടമകള്‍) ഉള്‍പ്പെട്ട പൊതുയോഗത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഭരണ സമിതി സംഘത്തിന്റെ മാനേജ്മെന്‍റ് ആണെന്നേയുള്ളൂ… ഇവര്‍ക്ക് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലോ ബൈലോയിലോ ഇടപെടാന്‍ യാതൊരു അധികാരവുമില്ല.

 

7. സഹകരണ സംഘങ്ങളിലെ നിയമനം പി.എസ്.സിക്ക് വിട്ടുകൂടെ?

പി.എസ്.സിക്കു വിടണം എന്നുതന്നെയാണ് എന്റെ അഭിപ്രായവും. പലതവണ നിര്‍ദ്ദേശം വന്നെങ്കിലും സഹകരണ സ്ഥാപങ്ങള്‍ തന്നെയാണ് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കുന്നത് എന്നതിനാലും അവ സ്വയംഭരണ സ്ഥാപനങ്ങള്‍ ആയതിനാലും ഇത് ഇന്നും തര്‍ക്കത്തിലാണ്.

 

8. അല്‍പ്പം ചരിത്രം

സഹകരണ പ്രസ്ഥാനത്തിന്റെ ഉദയം ബ്രിട്ടനിലാണ്. വ്യവസായ വിപ്ലവത്തിനോട് അനുബന്ധമായി തൊഴില്‍ നഷ്ടപ്പെടുകയും കൂടുതല്‍ ചൂഷങ്ങള്‍ക്ക് വിധേയരാകുകയും ചെയ്തിരുന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് അറുതിവരുത്തുവാനായാണ് റോബര്‍ട്ട് ഓവന്‍ എന്ന സാമൂഹിക പരിഷ്‌കര്‍ത്താവ് 1883-ല്‍ ആദ്യമായി സഹകരണ ആശയങ്ങള്‍ മുന്നോട്ട് വെക്കുന്നത്. തുടര്‍ന്ന് മറ്റു പല സാമൂഹിക നേതാക്കളും ഇത് ഏറ്റെടുക്കുകയുണ്ടായി.

 

1840-50 കാലഘട്ടം ബ്രിട്ടനിലെ പട്ടിണിയുടെ നാല്‍പ്പതുകള്‍ എന്നറിയപ്പെടുന്ന കാലഘട്ടമാണ്. അന്ന് ഇതില്‍ നിന്നും കരകയറാന്‍ മാഞ്ചസ്റ്റര്‍ പട്ടണത്തില്‍ തുണിമില്ലില്‍ ജോലി ചെയ്യുന്ന കൈത്തറി തൊഴിലാളികള്‍ ഓരോ ദിവസവും സാമ്പദിക്കുന്ന ഓരോ പെന്നി സൂക്ഷിച്ചുവെച്ച് ഒരു പവന്‍ ആക്കി 28 പേര്‍ ചേര്‍ന്ന് 28പവന്‍ മൂലധനത്തില്‍ തുടങ്ങിയ ROCKDALE PIONEERS EQUITABLE SOCIETY ജനങ്ങളെ പട്ടിണിയില്‍ നിന്നും കൈപിടിച്ചുയര്‍ത്തി. കണ്‍സ്യൂമര്‍ സ്‌റ്റോറുകളും വായ്പാസംഘങ്ങളും കാലക്രമേണ അവര്‍ തുടങ്ങി. ഇന്നും അവര്‍ വിജയകരമായി തന്നെ പ്രവര്‍ത്തിച്ചുവരുന്നു. ഇംഗ്ലണ്ട് മാതൃക കണ്ടുകൊണ്ട് പല രാജ്യങ്ങളിലും സഹകരണ പ്രാസ്ഥാനങ്ങള്‍ ആരംഭിച്ചു. ജര്‍മനിയിലും ജപ്പാനിലും ഇസ്രായേലിലും ഡെന്മാര്‍ക്കിലും പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വന്നു.

 

ബ്രിട്ടീഷ് ഭരണകാലത്താണ്, 1904-ല്‍, ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങള്‍ ആരംഭിക്കുന്നത്. ധാരാളം പഠനങ്ങള്‍ക്കും വിവിധ കമ്മറ്റിയുടെ ശുപാര്‍ശപ്രകാരവുമാണ് സഹകരണ മേഖല ഇത്രയേറെ പ്രധ്യാന്യത്തോടെ സര്‍ക്കാര്‍ പരിഗണിച്ചു വളര്‍ത്തിയെടുത്തത്.

 

എന്നാല്‍ കേരളത്തില്‍ ഒഴികെ മറ്റൊരു സംസ്ഥാനത്തും സഹകരണ സംഘങ്ങള്‍ ഇത്രയേറെ വളര്‍ന്നില്ല. ജനാധിപത്യത്തില്‍ ഊന്നിയ പ്രവര്‍ത്തനവും ഭരണവും നിരക്ഷരര്‍ ഭൂരിപക്ഷമുള്ള മറ്റു സംസ്ഥാനങ്ങളില്‍ സാധ്യമായില്ല എന്നുതന്നെ പറയാം.

 

9. എന്തുകൊണ്ട് നമുക്ക് സഹകരണ സംഘങ്ങള്‍ ഇവിടെ വേണം?

സാധാരണക്കാരന് വളരെ ആക്സസിബിള്‍ ആണ് സഹകരണ സംഘങ്ങള്‍. വാണീജ്യ ബാങ്കുകളോടുള്ള പേടി തന്റെ അയല്‍പ്പക്കകാരനും മറ്റും അംഗങ്ങള്‍ ആയ സഹകരണ സംഘത്തിനോട് ഒരാള്‍ക്കും കാണില്ല. NABARD , SIDBI , HUDCO , NCDC തുടങ്ങി നിരവധി ധനകാര്യ ഏജന്‍സികളുടെ സേവനം ലഭ്യമാകുന്നത് സഹകരണ സ്ഥാപനങ്ങളിലൂടെയാണ്. വായ്പാ നടപടികള്‍ വളരെ ലളിതമാണ്. നേരത്തെ പറഞ്ഞത് പോലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന പരിധി ഒരു പഞ്ചായത്തോ താലൂക്കൂ മറ്റോ ആണ്. നിക്ഷേപങ്ങള്‍ എല്ലാം കേരളത്തിന് ഉള്ളില്‍ തന്നെ വായ്പയായി ചംക്രമണം ചെയ്യപെടുന്നു. രാവിലെ പാല് കറന്നു സൊസൈറ്റിയില്‍ കൊടുക്കുന്ന 137000 ക്ഷീര കര്‍ഷകര്‍ ഉണ്ട് നമുക്ക്, കയര്‍ ഉണ്ടാക്കി കയര്‍ ഫെഡില്‍ ഏല്‍പ്പിക്കുന്ന ആലപ്പുഴക്കാരും റബ്ബര്‍ ഷീറ്റ് സംഘത്തില്‍ ഏല്‍പ്പിക്കുന്ന റബര്‍ കര്‍ഷകരും, കശുവണ്ടി കര്‍ഷക സംഘവും, കൈത്തറി തൊഴിലാളി സംഘവും ഉള്ള നാടാണിത്. ഈ സംഘങ്ങള്‍ക്ക് എല്ലാം സഹകരണ ബാങ്കുകളിലാണ് നിക്ഷേപമുള്ളത്. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം നിലച്ചാല്‍ ഇവര്‍ക്കെല്ലാം വിശക്കും.

 

നമ്മുടെ നാട് തുലയും. ഇനിയും ദുരന്തങ്ങള്‍ നമ്മള്‍ കേള്‍ക്കും.

 

(ഹരിത തമ്പി ഫേസ്ബുക്കില്‍ എഴുതിയത്- https://www.facebook.com/harithakt)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍