UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ചസ്‌നാല ഖനി ദുരന്തവും ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവും

Avatar

1975 ഡിസംബര്‍ 27 
ചസ്‌നാല ഖനി ദുരന്തത്തില്‍ 372 മരണം

ഇന്ത്യയിലെ ധന്‍ബാദില്‍ സ്ഥിതി ചെയ്യുന്ന ചസ്‌നാല കല്‍ക്കരി ഖനിയില്‍ 1975 ഡിസംബര്‍ 27 ന് ഉണ്ടായ സ്‌ഫോടനത്തില്‍ ഖനിയില്‍ ജോലി ചെയ്തിരുന്ന 400 ഓളം തൊഴിലാളികള്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ജലസംഭരണി തകരുകയും തല്‍ഫലമായി ഖനി വെള്ളത്തില്‍ മുങ്ങുകയും ചെയ്തു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 372 പേരാണ് കൊല്ലപ്പെട്ടതെങ്കിലും പ്രാദേശിക യൂണിയനുകള്‍ ആരോപിക്കുന്നത് 700 ഓളം പേര്‍ കൊല്ലപ്പെട്ടന്നാണ്. ഇന്ത്യയിലെ ഖനി ദുരന്തങ്ങളില്‍ ഏറ്റവും ഭീകരമായ ഒന്നായിരുന്നു ചസ്‌നാല്‍ കല്‍ക്കരി ഖനി ദുരന്തം.

2007 ഡിസംബര്‍ 27
ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടുന്നു

വീണ്ടുമൊരു രഷ്ട്രീയ കൊലപാതകത്തിന് 2007 ഡിസംബര്‍ 27 ന് പാകിസ്താന്‍ സാക്ഷിയായി. ഇസ്ലാമിക രാഷ്ട്രങ്ങളിലെ ആദ്യത്തെ വനിത പ്രധാനമന്ത്രി എന്ന ബഹുമതി സ്വന്തമാക്കിയിരുന്ന ബേനസീര്‍ ഭൂട്ടോ അന്ന് റാവല്‍പിണ്ടിയില്‍വെച്ച് കൊല്ലപ്പെട്ടു. വിദേശവാസത്തിനുശേഷം പാകിസ്താന്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്ന അമ്പത്തിനാലുകാരിയായ ബേനസീര്‍ മൂന്നാം വട്ടം പ്രധാനമന്ത്രി പദത്തിലേറാനുള്ള ശ്രമത്തിലായിരുന്നു. ആദ്യ രണ്ടുവട്ടവും ബേനസീറിന് തന്റെ പ്രധാനമന്ത്രിപദത്തിലെ കാലാവധി തികയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനു മുമ്പേ അവരുടെ സര്‍ക്കാരിന് പുറത്തുപോകാനായിരുന്നു വിധി.

ഏകാധിപതിയായിരുന്ന ജനറല്‍ സിയ ഉള്‍ ഹഖ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു 1988 ല്‍ തന്റെ മുപ്പത്തിയഞ്ചാമത്തെ വയസില്‍ ബേനസീര്‍ ആദ്യമായി പാക്കിസ്താന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്.പക്ഷെ വെറും രണ്ടുവര്‍ഷം മാത്രമെ അവര്‍ക്ക് അധികാരത്തില്‍ ഇരിക്കാന്‍ സാധിച്ചുള്ളൂ. 1993 ല്‍ അവര്‍ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996 ല്‍ സ്ഥാനം ഒഴിയേണ്ടിയും വന്നു. അഴിമതിയുടെ പേരില്‍ പുറത്താക്കപ്പെട്ട ബേനസീറിന് തുടര്‍ന്ന് വിദേശത്തേക്ക് പലായനം ചെയ്യേണ്ടി വരികയും അവരുടെ ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരിക്ക് അഴിമതിക്കുറ്റത്തിന്റെ പേരില്‍ ഏഴുവര്‍ഷം ജയില്‍വാസം അനുഭവിക്കേണ്ടി വരികയും ചെയ്തു. ദുബായിയിലും ലണ്ടനിലുമായി തന്റെ പ്രവാസജീവിതം കഴിക്കേണ്ടി വന്ന ബേനസീറിനെ 2007 ല്‍ അന്നത്തെ പാക് പ്രസിഡന്റായിരുന്ന ജനറല്‍ പര്‍വേസ് മുഷറഫാണ് സ്വദേശത്തേക്ക് തിരിച്ചുവരാന്‍ അനുവാദം നല്‍കിയത്. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും ബേനസീറിന് അനുവാദം കിട്ടി. തിരികെ നാട്ടിലെത്തിയ ഉടനെ തന്നെ അവര്‍ക്കെതിരെ കൊലപാതകശ്രമം നടന്നെങ്കിലും അതില്‍ നിന്ന് രക്ഷപ്പെടാന്‍ ബേനസീറിന് സാധിച്ചു. എന്നാല്‍ 2007 ഡിസംബര്‍ 27 ന് വീണ്ടും അവര്‍ ശത്രുക്കളുടെ ഉന്നത്തില്‍ വരികയും അത്തവണ അവര്‍ക്ക് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ കഴിയാതെപോവുകയും ചെയ്തു. മുന്‍ അല്‍ ഖ്വയ്ദ തീവ്രവാദിയായിരുന്ന ബയ്തുള്ള മസൂദ് ആണ് ബേനസീറിന്റെ ഘാതകനായി ആരോപിക്കപ്പെട്ടത്. ഇയാള്‍ 2009 ല്‍ യു എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പറയുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍