UPDATES

ട്രെന്‍ഡിങ്ങ്

വീണ്ടും മോഷണം; സ്വന്തം നേട്ടം വിളമ്പരം ചെയ്യാന്‍ ഖനി വകുപ്പ് ഉപയോഗിച്ചത് ആംനെസ്റ്റി റിപ്പോര്‍ട്ടിലെ ഫോട്ടോ

ഇന്ത്യ-പാക് അതിര്‍ത്തിയിലേതെന്നു പറഞ്ഞു സ്‌പെയിന്‍-മൊറോക്കോ അതിര്‍ത്തിയിലെ ചിത്രം ആഭ്യന്തരമന്ത്രാലയം ഉപയോഗിച്ചതിനു പിന്നാലെയാണ് ഇതും

ഇന്ത്യ-പാക് അതിര്‍ത്തിയിലേതെന്നു പറഞ്ഞു സ്‌പെയിന്‍-മൊറോക്കോ അതിര്‍ത്തിവേലിയില്‍ വിളക്കുകള്‍ തെളിഞ്ഞു കിടക്കുന്ന ചിത്രം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കൊടുത്ത് നാണംകെട്ടിട്ട് അധികദിവസമായില്ല. അതിനു പിന്നാലെ കേന്ദ്ര ഖനി മന്ത്രാലയവും ഫോട്ടോ മോഷണത്തിന്റെ പേരില്‍ പിടിക്കപ്പെട്ടിരിക്കുന്നു.

ആഭ്യന്തരമന്ത്രാലയത്തിന്റെതില്‍ നിന്നും ഈ ‘ മോഷണ’ത്തില്‍ ഒരു വൈരുദ്ധ്യമുണ്ട്. ഈ ചിത്രം എന്തിനുവേണ്ടിയാണോ ആദ്യം പകര്‍ത്തപ്പെട്ടത് അതിന്റെ നേര്‍വിപരീതമായി നില്‍ക്കുന്ന ഒന്നിനുവേണ്ടിയാണ് ഇത് അനധികൃതമായി ഉപയോഗിച്ചത്. ട്വിറ്ററില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും ‘മോഷണ മുതല്‍’ ഡിലീറ്റ് ചെയ്‌തെങ്കിലും സ്‌ക്രീന്‍ഷോട്ടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്.

ഒരു ഖനിയുടെ ചിത്രമാണ് പ്രസതുത വിവാദത്തിന് ആധാരം. കേന്ദ്ര ഊര്‍ജ്ജ, കല്‍ക്കരി-ഖനി വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ തന്റെ ട്വിറ്ററില്‍ ഈ ചിത്രം ഉപയോഗിച്ച് ഇന്ത്യയുടെ ഒരു ‘വലിയ നേട്ടം’ പ്രചരിപ്പിച്ചിരുന്നു. കല്‍ക്കരി ഇറക്കുമതിയില്‍ ഇന്ത്യക്ക് വന്‍കുറവു വരുത്താന്‍ സാധിച്ചെന്നും അതുവഴി വിദേശവിനിമയ മൂല്യമനുസരിച്ച് 25,900 കോടി രൂപ രാജ്യത്തിന് ലാഭിക്കാന്‍ കഴിഞ്ഞെന്നുമാണ് മന്ത്രാലയം അവകാശപ്പെടുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി മികച്ച ഗുണനിലവാരമുള്ള കല്‍ക്കരി ഉത്പാദിക്കാന്‍ നമുക്ക് കഴിയുന്നതുകൊണ്ട് ഇറക്കുമതി വലിയ തോതില്‍ കുറയ്ക്കാന്‍ സാധിച്ചു. ഇതുവഴി വിദേശമൂല്യമനുസരിച്ച് 25,900 കോടി രൂപ ലാഭിക്കാനും കഴിഞ്ഞു എന്നായിരുന്നു പ്രസ്തുത ചിത്രം ഉപയോഗിച്ച് മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തത്. ഖനി മന്ത്രാലയത്തിന്റെ ഉജ്വല്‍ ഭാരതിന്റെ വെബ്‌സൈറ്റിലും ഇതേ ചിത്രം ഉപയോഗിച്ചിരുന്നു.


ചത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലെ കുസുമന്ദയിലുള്ള ഖനിയുടെ ചിത്രമാണ് മന്ത്രിയും മ്ര്രന്താലയവും അവരുട നേട്ടങ്ങള്‍ പറയാനായി ഉപയോഗിച്ചത്. യഥാര്‍ത്ഥത്തില്‍ ഈ ചിത്രം ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഖനികളില്‍ നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങളുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടില്‍ ഉള്ളതാണ്. ഫോട്ടോ ജേര്‍ണലിസ്റ്റും ഗവേഷകയും ആക്ടിവിസ്റ്റുമായ അരുണ ചന്ദ്രശേഖര്‍ പകര്‍ത്തിയ ചിത്രം.

‘ഭൂമി നഷ്ടമായിക്കഴിയുമ്പോള്‍ നാം കല്‍ക്കരി ഭക്ഷിക്കുമോ?: കല്‍ക്കരി ഖനനവും ആദിവാസി അവകാശ നിഷേധവും’ എന്ന റിപ്പോര്‍ട്ടിലെ അരുണയുടേതായ ചിത്രമാണ് ഖനിമന്ത്രാലയം അവരുടേതെന്ന നിലയില്‍ ഉപയോഗിച്ചത്. നിയമത്തിന്റെ പേരുപറഞ്ഞ് ആദിവാസികളെ അവരുടെ ഭൂമിയില്‍ നിന്നും ഒഴിപ്പിച്ച് കല്‍ക്കരി ഖനികള്‍ ഉണ്ടാക്കുന്ന ഭരണകൂടനയങ്ങള്‍ക്കെതിരേയുള്ളതാണ് ആംനെസ്റ്റിയുടെ ഈ റിപ്പോര്‍ട്ട്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഇന്ത്യയുമായി സഹകരിക്കുന്ന അരുണ 2014 ല്‍ ആണ് കുസുമന്ദയില്‍ നിന്നും പ്രസ്തുത ചിത്രം പകര്‍ത്തുന്നത്. കുസുമന്ദയില്‍ ഖനി വികസിച്ചു വികസിച്ചു വരുമ്പോള്‍ അതെങ്ങനെ മനുഷ്യജീവിതത്തെ ബാധിക്കുന്നുവെന്നതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത പരമ്പരയിലാണ് ഈ ചിത്രവും ഉള്‍പ്പെടുന്നത്.

മറ്റൊരു തമാശ, ഈ ചിത്രം ഉള്‍പ്പെടുന്ന ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അതിനെതിരേ ശക്തമായ പ്രതികരണവുമായി രംഗത്തുവന്നയാളാണു ഖനി മന്ത്രി പിയൂഷ് ഗോയല്‍. ഈ റിപ്പോര്‍ട്ട് യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ ഇന്ത്യയുടെ വികസനവും അഭിവൃദ്ധിയും കാണാത്തവരുമാണെന്നായിരുന്നു മന്ത്രിയുടെ കുറ്റപ്പെടുത്തല്‍. എന്നാല്‍ അതേ മന്ത്രിക്കും അദ്ദേഹത്തിന്റെ മന്ത്രാലയത്തിനും റിപ്പോര്‍ട്ടിലെ ഒരു ഫോട്ടോ മോഷ്ടിക്കാന്‍ യാതൊരു മടിയുമില്ലായിരുന്നുവെന്നാണ് അരുണ ചന്ദ്രശേഖര്‍ പരിഹസിക്കുന്നത്. ഖനി മന്ത്രാലയത്തിന്റെയും ഉജ്വല്‍ഭാരതിന്റെയും ഹോം പേജില്‍ തന്നെയായിരുന്നു ഈ ചിത്രം ഉപയോഗിച്ചിരുന്നത്. ഇപ്പോഴവരത് ഡിലീറ്റ് ചെയ്‌തെങ്കിലും മന്ത്രിയുടെ ട്വീറ്റ് ഉള്‍പ്പെടെ സ്‌ക്രീന്‍ഷോട്ട് എടുത്തുവച്ചിട്ടുണ്ടെന്നും അരുണ പറയുന്നു.

ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാണ് മന്ത്രാലയത്തിന്റെ കള്ളത്തരം അരുണ പുറത്തറിയിച്ചത്(അരുണയുടെ ട്വീറ്റുകള്‍ വന്നതിനു പിന്നാലെയാണ് മന്ത്രിയും മന്ത്രാലവും ആ ചിത്രം ഡിലീറ്റ് ചെയ്തതെന്നും പറയുന്നു). അരുണയുടെ ഒരു ട്വീറ്റില്‍ പിയൂഷ് ഗോയലിനെ ടാഗ് ചെയ്തുകൊണ്ട് പറയുന്നത് ഇങ്ങനെയാണ്; ഈ ഫോട്ടോയ്ക്ക് എനിക്ക് ക്രെഡിറ്റ് തരേണ്ട ആവശ്യമില്ല. പക്ഷേ നിങ്ങള്‍ പറയുന്ന ഡോളര്‍ ഈ നിലയിലേക്ക് കാര്യങ്ങള്‍ എത്താന്‍ വേണ്ടി സര്‍വ്വവും ത്യജിക്കേണ്ട വന്ന ആയിരങ്ങള്‍ക്കുള്ള നഷ്ടപരിഹരമായി ഉപയോഗിച്ചു തുടങ്ങണം…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍