UPDATES

മൈനിംഗ്

കേന്ദ്രത്തിന് അടിച്ചത് ബമ്പര്‍ ലോട്ടറി

Avatar

ടീം അഴിമുഖം

1999ന് ശേഷം അനുമതി നല്‍കപ്പെട്ട 218 കല്‍ക്കരിപ്പാടങ്ങളില്‍ 214 എണ്ണത്തിന്റെയും അനുമതി റദ്ദാക്കാനുള്ള സുപ്രീം കോടതി വിധി സര്‍ക്കാരിന് അപ്രതീക്ഷിതമായി കിട്ടിയ ഭാഗ്യക്കുറിയാണെന്ന് പറയാം. പ്രവര്‍ത്തന ക്ഷമമായ ഖനികളില്‍ നിന്നും കല്‍ക്കരി ഇപ്പോള്‍ തന്നെ ഖനനം ചെയ്യുന്ന കമ്പനികളില്‍ നിന്നും സര്‍ക്കാരിന് 10,000 കോടിയിലധികം രൂപ പിരിഞ്ഞു കിട്ടും എന്നതാണ് ഇതിന്റെ അടിയന്തര ഫലം. ഭാവിയില്‍, ഈ കല്‍ക്കരി പാടങ്ങളെല്ലാം സര്‍ക്കാരിന് തന്നെ ലേലം ചെയ്യാനും അതുവഴി ഇപ്പോഴത്തെ പതിനായിരം കോടിയുടെ നിരവധി ഇരട്ടി ഖജനാവിലേക്ക് മുതല്‍ കൂട്ടാനും സാധിക്കും.

വിവേചനപരവും ക്രമവിരുദ്ധവുമായാണ് കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതെന്നും ഇതുവഴി പൊതു ഖജനാവിന് വന്‍നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലൈസന്‍സുകള്‍ റദ്ദാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. മൊത്തം കല്‍ക്കരി കുംഭകോണത്തിലൂടെ സര്‍ക്കാരിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് 2012 ഓഗസ്റ്റില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോള്‍ കല്‍ക്കരി ഖനനം നടത്തുന്ന കമ്പനികള്‍ പിഴയടയ്ക്കണമെന്ന് ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിശ്ചിത കാലാവധിക്കുള്ളില്‍ പ്രവര്‍ത്തനം നിറുത്തുന്നതുവരെ കമ്പനികള്‍ ഖനനം ചെയ്യുന്ന ഓരോ ടണ്‍ കല്‍ക്കരിക്കും 295 രൂപ പിഴ ഒടുക്കണമെന്നും ഉത്തരവിലുണ്ട്. അതോടൊപ്പം ഇതുവരെ ഖനനം ചെയ്‌തെടുത്ത മുഴുവന്‍ കല്‍ക്കരിക്കും ഇതേ നിരക്കില്‍ പിഴ ഒടുക്കണമെന്നും പരമോന്നത നീതിപീഠം ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 218 കമ്പനികളില്‍ 42 എണ്ണം ഇപ്പോള്‍ തന്നെ കല്‍ക്കരി ഉത്പാദനം നടത്തുന്നുണ്ട്. ഈ 42 കമ്പനികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 52.9 മില്യണ്‍ ടണ്‍ കല്‍ക്കരി ഉത്പാദിപ്പിയ്ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ രണ്ട് മില്യണ്‍ ടണ്‍ കോടതി ഉത്തരവിന്റെ പരിധിയില്‍ വരില്ല.

അതായത് പ്രതി ടണ്ണിന് 295 രൂപ എന്ന തോതില്‍ 52.9 മില്യണ്‍ ടണ്‍ കല്‍ക്കരിയുടെ പിഴ കമ്പനികള്‍ ഒടുക്കേണ്ടി വരും. ഇതുവഴി ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം സര്‍ക്കാരിന് ഏകദേശം 1500 കോടി രൂപയുടെ വരുമാനം ലഭിയ്ക്കും.

1997 മുതല്‍ 2013-14 വരെയുള്ള കാലഘട്ടത്തില്‍ 300 മില്ല്യണ്‍ ടണ്‍ കല്‍ക്കരി ഖനനം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ലൈസന്‍സ് റദ്ദാക്കപ്പെടാത്ത കമ്പനികളുടെ ഉത്പാദനം ഇതില്‍ പെടുന്നില്ല. അതായത്, പ്രതി ടണ്ണിന് 295 രൂപ എന്ന കണക്കില്‍ ഇപ്പോള്‍ ഖനനം നടത്തുന്ന കമ്പനികള്‍ മൊത്തം 8900 കോടി രൂപ പിഴയായി അടയ്‌ക്കേണ്ടി വരും.

അതായത് മൊത്തത്തില്‍ സുപ്രീം കോടതിയുടെ ഈ ഒറ്റ ഉത്തരവിലൂടെ മാത്രം 10,400 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാരിന് ലഭിക്കുന്നത്.

ഇപ്പോള്‍ അനുമതി റദ്ദാക്കപ്പെട്ടിരിക്കുന്ന 214 കല്‍ക്കരി പാടങ്ങളുടെ പുതിയ, സുതാര്യ ലേലം വഴി ലഭിക്കുന്ന വരുമാനമാണ് സര്‍ക്കാരിന്റെ മറ്റൊരു നേട്ടം. ഇതുവഴി സിഎജി ചൂണ്ടിക്കാട്ടിയത് പോലെ സര്‍ക്കാരിന് പതിനായിരക്കണക്കിന് കോടി രൂപയുടെ വരുമാനമാണ് ലഭിക്കാന്‍ പോകുന്നത്.

സുപ്രീം കോടതി വിധി സാമ്പത്തികം ഉള്‍പ്പെടെയുള്ള മറ്റ് മേഖലകളെ എങ്ങനെയൊക്കെ ബാധിച്ചാലും, സര്‍ക്കാരിന് നേരിട്ട് ആയിരക്കണക്കിന് കോടി രൂപയുടെ ലാഭം ഉണ്ടാവും. പൊതുജനങ്ങള്‍ക്കും ഇതൊരു ഭാഗ്യക്കുറി തന്നെയാണ്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍