UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പാര്‍ലമെന്‌റ് കാന്‌റീനില്‍ കോളകള്‍ നിരോധിച്ചിട്ടുണ്ട്; അപ്പോള്‍ പൊതുജനത്തിന്റെ ആരോഗ്യമോ?

പാര്‍ലമെന്റ് കാന്റീനില്‍ നിരോധിക്കുകയും പുറത്ത് വില്‍പ്പന അനുവദിക്കുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പാണ് കാണുന്നത്.

പാര്‍ലമെന്‌റ് കാന്‌റീനിലെ ഭക്ഷണം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച ചില വിവരങ്ങള്‍ ഒരേ സമയം അമ്പരപ്പിക്കുന്നതും അതുപോലെ അത്ഭുതപ്പെടുത്തുന്നതുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലു കോടി രൂപയുടെ വില്‍പ്പന നടന്ന ഈ ക്യാന്‍റീനുകളിലെ നഷ്ടം 15 കോടി രൂപയ്ക്ക് മുകളിലാണ്. എന്നാല്‍ മറ്റൊരു കാര്യമാണ് അതിലേറെ ശ്രദ്ധേയം. എല്ലാ വിധത്തിലുള്ള സോഫ്റ്റ് ഡ്രിങ്കുകളുടെ വില്‍പ്പനയും വിതരണവും 2003 ഓഗസ്റ്റ് ആറ് മുതല്‍ തന്നെ പാര്‍ലമെന്റില്‍ നിരോധിച്ചിട്ടുണ്ട്.

കോള ഉത്പന്നങ്ങളുടെ ചിത്രമുള്ള ഫ്രിഡ്ജുകളും പരസ്യബോഡുകളുമെല്ലാം നീക്കം ചെയ്യാനും പാര്‍ലമെന്‌റിലെ ഫുഡ് മാനേജ്‌മെന്‌റ് ജോയിന്‌റ് പാര്‍ലമെന്‌ററി കമ്മിറ്റി ചെയര്‍മാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നുവെന്ന്‍ വിവരാവകാശ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാളിന് നോര്‍ത്തേണ്‍ റെയില്‍വേയില്‍ നിന്നു ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു. നോര്‍ത്തേണ്‍ റെയില്‍വെയാണ് പാര്‍ലമെന്‌റിലെ നാല് കാന്‌റീനുകള്‍ നടത്തുന്നത്.

ആരോഗ്യത്തിന് ഹാനികരമായ പാനീയങ്ങള്‍ നിരോധിക്കുക എന്ന തരത്തിലാണ് നടപടിയെന്ന് വ്യക്തം. എന്നാല്‍ പാര്‍ലമെന്‌റില്‍ നിരോധനമുള്ള ഇത്തരം പാനീയങ്ങള്‍ പുറത്തെ വിപണിയില്‍ ലഭ്യമാക്കുന്നത് ഉചിതമാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരും. എംപിമാരുടെ ആരോഗ്യത്തിന് മാത്രമേ വിലയുള്ളു എന്നാണോ അതോ അവരെ വോട്ട് ചെയ്ത് പാര്‍ലമെന്‌റിലേയ്ക്ക് അയക്കുന്ന സാധാരണക്കാരായ ആളുകള്‍ക്ക് അതില്ലേ എന്ന ചോദ്യം ഉയരുകയും സ്വാഭാവികം. ചില കോള കമ്പനികള്‍ ആഗോളതലത്തില്‍ തന്നെ സ്‌കൂളുകളിലെ വില്‍പ്പന നിര്‍ത്തിയിരുന്നു. സ്‌കൂള്‍ കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങളും പൊണ്ണത്തടിയും കൂടുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ നമ്മുടെ സ്കൂള്‍ കുട്ടികളുടെ കാര്യത്തില്‍ ആര്‍ക്കും യാതൊരു ഉത്കണ്ഠയുമില്ല.

ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാന്‍ വലിയ സാധ്യതയുള്ള ഇത്തരം പാനീയങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. പാര്‍ലമെന്റ് കാന്റീനില്‍ നിരോധിക്കുകയും പുറത്ത് വില്‍പ്പന അനുവദിക്കുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പാണ് ഇത് കാണുന്നത്. ഇത്തരം ഉത്പ്പന്നങ്ങളുടെ പരസ്യം നിരോധിക്കാനുള്ള നടപടിയെങ്കിലും സര്‍ക്കാരിന്‌റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതാണ്.

വ്യാപാരരഹസ്യം എന്ന ഒഴിവുകഴിവ് പറഞ്ഞ് കോള ഉത്പ്പന്നങ്ങള്‍ക്ക് മാത്രം അതില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളെക്കുറിച്ചുള്ള വിവരം ബോട്ടിലില്‍ കൊടുക്കുന്നതില്‍ നിന്ന് ഇളവ് നല്‍കുന്നത് എങ്ങനെ അംഗീകരിക്കാനാവും. കോള ഉത്പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ പരസ്യപ്പെടുത്തണമെന്ന നിയമമുണ്ടാക്കുകയാണ് ഇതിനുള്ള വഴി.

പൊതുജനാരോഗ്യം എന്നത് ഒരുകൂട്ടം ആളുകളുടെ മാത്രം ആരോഗ്യം സംരക്ഷിക്കുക എന്നതാകരുത്. ആരോഗ്യത്തിന് ഹാനികരമായത് എന്നു കണ്ടെത്തി പാര്‍ലമെന്റില്‍ നിരോധിച്ചിട്ടുള്ളത് പൊതുജനങ്ങളുടെ കാര്യത്തില്‍ ആകുമ്പോള്‍ എന്തുകൊണ്ട് ഗൌനിക്കുന്നില്ല എന്ന ചോദ്യമാണ് ഇവിടെ ഉയര്‍ന്നുവരുന്നത്.

ഇ അഹമ്മദ് ചെയര്‍മാനായ പാര്‍ലമെന്‍റ് കമ്മിറ്റി പാര്‍ലമെന്‍റ് ക്യാന്റീനുകളില്‍ നിരോധിച്ച സോഫ്റ്റ് ഡ്രിങ്കുകള്‍ ഇവയാണ്: പെപ്സി, കൊക്ക കോള, മിറാന്‍ഡ ഓറഞ്ച്, മിറാന്‍ഡ ലെമണ്‍, 7 അപ്, ഫാന്‍റ, ലിംക, സ്പ്രൈറ്റ്, തംസ് അപ്, മൌണ്ടേന്‍ ഡ്യൂ, ഡയറ്റ് പെപ്സി, ബ്ലൂ പെപ്സി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍