UPDATES

വിപണി/സാമ്പത്തികം

വി ജി സിദ്ധാര്‍ത്ഥയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കമ്പനി അന്വേഷിക്കുന്നു, കട ബാധ്യത കുറയ്ക്കാന്‍ ആസ്തി വില്‍ക്കാനും ആലോചന

വ്യക്തിപരമായി സിദ്ധാര്‍ത്ഥ സാമ്പത്തിക ഇടപാടുകള്‍ നടത്തിയോ എന്ന കാര്യമാണ് അന്വേഷിക്കുക

കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ചേര്‍ന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. കമ്പനി അറിയാതെ വല്ല സാമ്പത്തിക ഇടപാടുകളും നടത്തിയോ എന്നത് സംബന്ധിച്ചാണ് അന്വേഷണം നടത്തുക. കമ്പനിയുടെ കട ബാധ്യത പരിഹരിക്കുന്നതിന് ആസ്തികളില്‍ ചിലത് വില്‍ക്കുന്നതിനെക്കുറിച്ചും കമ്പനി ആലോചിക്കുന്നുണ്ട്. കമ്പനിയുടെ ഇടക്കാല ചെയര്‍മാനായി കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് വി രംഗനാഥിനെ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് നിയമിച്ചു.

വി ജി സിദ്ധാര്‍ത്ഥയുടെ മരണത്തെ തുടര്‍ന്ന് കമ്പനിയുടെ മുന്നോട്ടുപോക്കിനുള്ള നടപടികള്‍ ആലോചിക്കുന്നതിനാണ് അടിയന്തര യോഗം ചേര്‍ന്നത്.

കര്‍ണാടകത്തിലെ മുന്‍ ചീഫ് സെക്രട്ടറിയാണ് ഇടക്കാല ചെയര്‍മാനായി നിയമിതനായ എസ് വി രംഗനാഥ്. സിദ്ധാര്‍ത്ഥ മരിക്കുന്നതിന് മുമ്പ് എഴുതിയതായി കരുതപ്പെടുന്ന കത്തിനെ ആധാരമാക്കി അന്വേഷണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. മാനേജ്‌മെന്റിലെ ഉന്നതരും ഓഡിറ്ററും അറിയാതെ സിദ്ധാര്‍ത്ഥ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. വി ജി സിദ്ധാര്‍ത്ഥയുടെതായി ലഭിച്ച കത്ത് അദ്ദേഹം തന്നെ എഴുതിയതാണോ എന്നത് സംബന്ധിച്ച് സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. കത്തില്‍ പറഞ്ഞ സാമ്പത്തിക ഇടപാടുകള്‍ അദ്ദേഹം കമ്പനിയുമായി ബന്ധപ്പെട്ട് നടത്തിയതാണോ അതോ, അദ്ദേഹം വ്യക്തിപരമായി നടത്തിയതാണോ എന്നത് സംബന്ധിച്ചും വ്യക്തത കൈവന്നിട്ടില്ല.

വി ജി സിദ്ധാര്‍ത്ഥയുടെ മരണത്തിന് ശേഷം ക്രെഡിറ്റ് റേ്റ്റിംങ് എജന്‍സിയായ ഐസിആര്‍എ ലിമിറ്റഡ് കമ്പനിയുടെ റേറ്റിങ്ങില്‍ മാറ്റം വരുത്തി. ഇത് കമ്പനിയ്ക്ക് തിരച്ചിടിയായേക്കും. കമ്പനിയുടെ നഷ്ടം നികത്തുന്നതിന് ആസ്തികളില്‍ ചിലത് വിറ്റഴിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാനും ബോര്‍ഡ് യോഗം തീരുമാനിച്ചു.

ജൂലൈ 27 ന് എഴുതിയതായി കരുതിയ കത്തില്‍ വായ്പ എടുത്തവരില്‍നിന്നുള്ള വലിയ സമ്മര്‍ദ്ദമാണുണ്ടാകുന്നതെന്ന് വ്യക്തമാക്കിയിരുന്നു. കോഫി ഡെ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ കീഴില്‍ നിരവധി സ്ഥാപനങ്ങളാണുള്ളത്. കോഫി ഡേ ഗ്ലോബല്‍ ലിമിറ്റഡ്, സികാല്‍ ലോജിസ്റ്റിക്കസ് ലിമിറ്റഡ്, തങ്കിന്‍ ഡവലപ്‌മെന്റസ് ലിമിറ്റഡ്, കോഫി ഡേ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സ് ലിമിറ്റഡ് എന്നി സ്ഥാപനങ്ങള്‍ക്ക് ആകെ 7653 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. 6547.38 കോടി രൂപയുടെ ബാങ്ക് വായ്പയാണ് ഈ കമ്പനികള്‍ക്കെല്ലാമായി ഉണ്ടായത്. കോഫി ഡേ ഗ്ലോബലിന് മാത്രമായി 879.67 കോടി രൂപയുടെ വായ്പാ ബാധ്യതയാണുള്ളത്.

അതേസമയം സിദ്ധാര്‍ത്ഥ വ്യക്തി പരമായി നടത്തിയ ഇടപാടുകളെക്കുറിച്ച് ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല.സംയുക്ത സംരഭങ്ങളുള്‍പ്പെടെ 52 സബ്‌സിഡിയറികളാണ് കോഫി ഡെ എന്റര്‍പ്രൈസസ് ലിമിറ്റഡിനുള്ളത്. കൊക്ക കോളയുമായി ഓഹരി കൈമാറ്റത്തെക്കുറിച്ച് കമ്പനി ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി അന്തിമ തീരുമാനമെടുത്തിട്ടില്ല. കോഫി ഡെ എന്റര്‍പ്രൈസസിനെ കൊക്കെകോള പൂര്‍ണമായി ഏറ്റെടുക്കകയോ, അല്ലെങ്കില്‍ കമ്പനിയുമായി ചേര്‍ന്ന് സംയുക്ത സംരഭം ഉണ്ടാക്കുന്നതിനെക്കുറിച്ചുമാണ് ആലോചിക്കുന്നത്. കമ്പനിയുടെ കീഴിലുള്ള കോഫി ഇതര സംരഭങ്ങള്‍ എല്ലാം ഒരു കമ്പനിയുടെ കീഴിലാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

അതിനിടെ സിദ്ധാർത്ഥൻ്റെ ഭാര്യ മാളവിക സിദ്ധാര്‍ത്ഥ് കമ്പനിയുടെ ചെയര്‍പേഴ്‌സണായി സ്ഥാനമേറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്. ഇപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് മാളവിക.

Read More:ദാസ് ക്യാപിറ്റൽ വായിച്ചതോടെ ഞാൻ കമ്മ്യൂണിസ്റ്റായി”: കഫെ കോഫീ ഡേ ഉടമ സിദ്ധാർത്ഥ എഴുതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍