UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇളകാതെ കളക്ടര്‍ ബ്രോ; തെറിച്ചത് രാജമാണിക്യം

Avatar

അഴിമുഖം പ്രതിനിധി

ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ഉണ്ടായ സ്ഥാനമാറ്റത്തിലും സ്ഥലം മാറ്റത്തിലും പ്രത്യേകതയായി തോന്നുന്നത് കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ക്ക് ഉണ്ടാകാതിരുന്ന മാറ്റം തന്നെയാണ്. ഫെയ്‌സ്ബുക്കിലൂടെ പ്രശസ്തനായ, കളക്ടര്‍ ബ്രോ എന്ന് ആരാധകര്‍ വിളിക്കുന്ന പ്രശാന്ത് കോഴിക്കോട് എം പിയുമായി കൊമ്പുകോര്‍ത്തതിന്റെ വിവാദം കെട്ടടങ്ങിയിട്ട് ദിവസങ്ങള്‍ ആയില്ല. കോണ്‍ഗ്രസ് പ്രതിനിധിയായ എം കെ രാഘവന്‍ എം പിയുമായി തന്റെ പ്രതികരണ ലാവണമായ ഫെയ്‌സബുക്കിലൂടെ കളക്ടര്‍ നടത്തിയ പ്രതികരണങ്ങള്‍ ഇരുവര്‍ക്കുമിടയിലെ മൂപ്പിളമ തര്‍ക്കത്തിലൂടെ കടന്ന് വലിയ ചര്‍ച്ചയായിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. എം പിയുമായി ഇടയുന്നതിനു മുമ്പു തന്നെ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുമായി അത്ര രസത്തില്‍ അല്ലായിരുന്നു പ്രശാന്ത്. ഡിഡിസി പ്രസിഡന്റ് കെ സി അബു പലതവണ കളക്ടര്‍ക്കെതിരെ രംഗത്തുവരികയും പ്രശാന്തിനെ കോഴിക്കോട് നിന്നു മാറ്റണമെന്ന് ആവശ്യപ്പെടുകയും ഉണ്ടായിരുന്നു.

ഒരുപക്ഷേ കളക്ടറുടെ എതിരാളികള്‍ കോണ്‍ഗ്രസുകാര്‍ ആണെന്നതു തന്നെയായിരിക്കും ഇടതുപക്ഷ സര്‍ക്കാര്‍ അദ്ദേഹത്തിനോട് ഇരിക്കുന്ന കസേരയില്‍ തന്നെ തുടര്‍ന്നോളാന്‍ പറഞ്ഞതിനു കാരണവും. ഇതുവരെ ഒരു ഇടതുപക്ഷ നേതാവിനോടും പ്രശ്‌നത്തിനു പോയിട്ടില്ല എന്നതും പ്രശാന്തിന് ഗുണമായിട്ടുണ്ടെന്നു തോന്നു. ഇതെല്ലാം കൊതിക്കെറുവ് കൊണ്ടാണെന്നും കളക്ടര്‍ എന്ന പദവിയില്‍ ഇരുന്നു കൊണ്ട് പ്രശാന്ത് നായര്‍ കോഴിക്കോട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന് അതേ ജില്ലയില്‍ തന്നെ തുടരാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയതെന്നും മറുവാദം കേള്‍ക്കുന്നു.

എന്നാല്‍ പ്രശാന്ത് കോഴിക്കോട് ചെയ്തതുപോലെ തന്നെ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്തു പേരെടുത്തവരായിരുന്നു കണ്ണൂര്‍ കളക്ടര്‍ ബാലകിരണും വയനാട് കളക്ടര്‍ കേശവേന്ദ്ര കുമാറും. വീടുകളില്‍ നിന്നും പുറത്താക്കപ്പെടുന്ന മാതാപിതാക്കളുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ ചെലുത്തി, കുറ്റക്കാരായ മക്കളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതടക്കം ശ്രദ്ധേയമായ പല പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചയാളാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ബാലകിരണ്‍. 

കേശവേന്ദ്ര കുമാര്‍ ആകട്ടെ വയനാട്ടിലെ അനധികൃത കെട്ടിനിര്‍മാണങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇട്ടതുവഴി സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്നു പേരെടുത്തയാളും. പുതിയ നിയമനം അനുസരിച്ച് കേശവേന്ദ്ര കുമാറിനെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടറാണ്. ഫുഡ് സേഫ്റ്റി കമ്മിഷണറുടെയും, സോഷ്യല്‍ ജസ്റ്റീസ് ഡയറക്ടറുടെയും ചുമതലകളും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.

ബാലകിരണിനെ ഐ ടി മിഷന്‍ ഡയറക്ടര്‍ ആയാണ് നിയമിച്ചിരിക്കുന്നത്. പുതിയ പദവികള്‍ ശ്രദ്ധിച്ചാല്‍ ഇരുവരെയും സുപ്രധാനമേഖലകളിലേക്കു തന്നെയാണ് കൊണ്ടുവന്നതെന്നു മനസിലാകും.

എന്നാല്‍ എറണാകുളം കളക്ടര്‍ ആയിരുന്ന എം ജി രാജമാണിക്യത്തിന്റെ സ്ഥാന ചലനം സാധാരണനിലയില്‍ കാണേണ്ടതില്ല. രാജമാണിക്യവും സര്‍ക്കാരിലെ രണ്ടാം കക്ഷിയായ സിപിഐയും തമ്മില്‍ പരസ്യമായ പൊട്ടിത്തെറിയിലേക്ക് വന്നിരുന്നു. കളക്ടറെ മാറ്റണമെന്ന് സിപിഐ എറണാകുളം ജില്ല സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. കളക്ടര്‍ അഴിമതി കാണിച്ചു എന്നാണ് ജില്ല സെക്രട്ടറി പി രാജു ആരോപിച്ചിരുന്നത്. സന്തോഷ് മാധവന് ഭൂമിദാനം ചെയ്ത ക്രമക്കേടില്‍ കളക്ടറുടെ പങ്കും ഉണ്ടെന്ന് സിപി ഐ ആരോപിച്ചിരുന്നു. ഭൂമിഗീതം പദ്ധതിയിലും കളക്ടറുടെ ഇടപെടലുകള്‍ സംശയാസ്പദമാണെന്നും രാജു കുറ്റപ്പെടുത്തി. ജില്ലാഭരണം നിശ്ചലമാണെന്നും ആക്ഷേപിച്ചു. കളക്ടറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതിപ്പെട്ടിരുന്നതായും പി രാജു പറഞ്ഞിരുന്നു. 

ഈ സാഹചര്യം നിലനിന്നിരുന്നതിനാല്‍ രാജമാണിക്യത്തിന്റെ സ്ഥാനം തെറിക്കുമെന്നും ഏറെക്കുറെ എല്ലാവരും കരുതിയിരുന്നതാണ്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എം ഡി ആയിട്ടാണ് രാജമാണിക്യത്തെ മാറ്റി നിയമിച്ചിരിക്കുന്നത്. ഒപ്പം എക്‌സൈസ് അഡിഷണള്‍ കമ്മിഷണറുടെ ചുമതലയും നല്‍കിയിട്ടുണ്ട്. ഹാരിസണ്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ ചുമതലയുളള സ്‌പെഷ്യല്‍ ഓഫീസര്‍ കൂടിയാണ് കളക്ടര്‍ രാജമാണിക്യം. ഇതിലെന്തെങ്കിലും ഇളക്കമുണ്ടോ എന്ന് ഇന്നത്തെ തീരുമാനത്തില്‍ വ്യക്തമല്ല. 

അതേപോലെ ശ്രദ്ധേയമായ മറ്റുരണ്ടു മാറ്റങ്ങളില്‍ ഒന്നു, തിരുവനന്തപുരം കളക്ടറായിരുന്ന ബിജു പ്രഭാകറിന്റെതാണ്. കൃഷി ഡയറ്കടര്‍ ആയാണ് ബിജു പ്രഭാകറിനെ മാറ്റിയിരിക്കുന്നത്. കൃഷ് വകുപ്പ് ഡയറക്ടറായിരുന്ന അശോക് കുമാറിനെ വിജിലന്‍സ് അന്വേഷണം നടക്കുന്നതിന്റെ പേരില്‍ നീക്കം ചെയ്തതിനു പകരമായാണ് ബിജു പ്രഭാകറിന് ചുമതല നല്‍കിയിരിക്കുന്നത്. മറ്റൊന്ന്, പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ കൊല്ലം കളക്ടര്‍ എ. ഷൈന മോളിനെ മലപ്പുറത്തേക്കു മാറ്റിയതാണ്. വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിന്റെ അനാസ്ഥയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് മേധാവികളും ചില കോണ്‍ഗ്രസ് നേതാക്കളും ഷൈന മോള്‍ക്കെതിരെ രംഗത്തു വന്നിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം വലിയ പിന്തുണ ഷൈന മോള്‍ക്ക് കിട്ടിയിരുന്നു.

ഇന്നു ചേര്‍ന്ന മന്ത്രിസഭയോഗത്തില്‍ തീരുമാനിച്ച പുതിയ ജില്ല കളക്ടര്‍മാരുടെ ലിസ്റ്റും പുതിയ നിയമനങ്ങളും താഴെ കൊടുക്കുന്നു.

പുതിയ ജില്ലാ കളക്റ്റര്‍മാര്‍

തിരുവനന്തപുരം- എസ്. വെങ്കടേശപതി
കൊല്ലം -റ്റി. മിത്ര
പത്തനംതിട്ട-ആര്‍. ഗിരിജ
ആലപ്പുഴ-വീണാ മാധവന്‍
കോട്ടയം-സി. എ. ലത
ഇടുക്കി-ജി.ആര്‍. ഗോപു
എറണാകുളം- കെ. മുഹമ്മദ് വൈ. സഫീറുള്ള
തൃശ്ശൂര്‍-എ. കൗശിഗന്‍
മലപ്പുറം- എ. ഷൈന മോള്‍
വയനാട്-ബി. എസ്. തിരുമേനി
കണ്ണൂര്‍-മിര്‍മുഹമ്മദ് അലി
കാസര്‍ഗോഡ്- ജീവന്‍ ബാബു

നിയമനം

ബിജു പ്രഭാകര്‍-കൃഷി ഡയറക്റ്റര്‍
എസ്. ഹരികിഷോര്‍-കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍
എം. ജി. രാജമാണിക്യം-കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എം.ഡി. (എക്‌സൈസ് അഡീഷണല്‍ കമ്മീഷണറുടെ ചുമതലകൂടി ഉണ്ടാകും)
വി. രതീശന്‍-പഞ്ചായത്ത് ഡയറക്റ്റര്‍, എം.എന്‍.ആര്‍.ഇ.ജി.എസ്. മിഷന്‍ ഡയറക്ടറുടെ ചമുതലകൂടി ഉണ്ടാകും.
കേശവേന്ദ്ര കുമാര്‍-നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്റ്റര്‍ (ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍, സോഷ്യല്‍ ജസ്റ്റിസ്സ് ഡയറക്റ്റര്‍ എന്നീ ചുമതലകള്‍ കൂടി ഉണ്ടാകും.)
പി. ബാലകിരണ്‍-ഐ.റ്റി. മിഷന്‍ ഡയറക്റ്റര്‍
ഇ. ദേവദാസന്‍-സര്‍വ്വേ & ലാന്റ് റെക്കോര്‍ഡ്‌സ് ഡയറക്റ്റര്‍, രജിസ്‌റ്റ്രേഷന്‍ ഐ.ജി.യുടെ ചുമതലകൂടി ഉണ്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍