UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫാറൂഖ് കോളേജ്: ഇവിടെ ചോദ്യങ്ങളുണ്ട്; അവ ഉറക്കെ ചോദിക്കേണ്ടതുമുണ്ട്

Avatar

താരിഖ് സി.എച്ച്

‘മലബാറിന്റെ അലിഗഡ്’ എന്നു ഫാറൂഖ് കോളേജിനെ പണ്ടവിടെ പഠിച്ചിരുന്ന ഒരു സുഹൃത്ത് വിശേഷിപ്പിച്ചു കേട്ടത് കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പറഞ്ഞ ആളെയും അയാളുടെ രാഷ്ട്രീയവും അല്ലാത്തതുമായ കാഴ്ചപ്പാടുകളെ കുറിച്ചും വ്യക്തമായ ധാരണ ഉള്ളതുകൊണ്ട് എന്തുകൊണ്ട് അങ്ങനെയൊരു ഒരു വിളി എന്ന് ചോദിച്ചിരുന്നില്ല അന്ന്. ഒരു നൂറ്റാണ്ട് മുന്‍പ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായിരുന്ന സയ്ദ് അഹമ്മദ് ഖാന്‍, അന്നത്തെ ഭരണ- രാഷ്ട്രീയ രംഗങ്ങളില്‍ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെയും അതുവഴി സമൂഹത്തിലും രാഷ്ട്രത്തിലും തങ്ങളുടെ ഇടവും സ്വത്വവും സ്ഥാപിച്ചെടുക്കേണ്ടതിന്റെയും ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട് അതിനു വേണ്ടി നടത്തിയ ശ്രമത്തിന്റെ ഭാഗമായി സ്ഥാപിച്ച കോളേജാണ് പിന്നീട് അലിഗഡ് സര്‍വകലാശാലയായി മാറിയത്. ആംഗലേയ- ശാസ്ത്ര വിദ്യാഭ്യാസത്തില്‍ അറിവ് ആര്‍ജിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അക്കാലത്ത് ബ്രിട്ടീഷ്‌ സര്‍വകലാശാലകള്‍ ഒക്കെ സന്ദര്‍ശിച്ച അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. ഇത് ഇവിടെ പറയാന്‍ കാരണം ഫാറൂഖ് കോളേജിനെ ആരെങ്കിലും അലിഗഡിനോട് ഉപമിക്കുമ്പോള്‍, ഒരു നൂറ്റാണ്ട് മുന്‍പ് സര്‍ സയ്യദ് അഹമ്മദ് ഖാന്‍ പുലര്‍ത്തിയിരുന്ന ദീര്‍ഘവീക്ഷണത്തില്‍ നിന്ന് ഇന്നത്തെ ഫാറൂഖ് കോളേജ് അധികാരികള്‍ എവിടെ നില്‍ക്കുന്നു എന്ന ഒരു താരതമ്യത്തിന് വേണ്ടി മാത്രമാണ്.

 

ഫാറൂഖ് കോളേജിലെ സദാചാര ചിട്ടകളും തീട്ടൂരങ്ങളും ഏതാനും ദിവസം മുന്‍പ് നടന്ന സസ്പന്‍ഷന്‍ / പുറത്താക്കല്‍ സംഭവങ്ങളുമായോ കോളേജിന്റെ സ്വയംഭരണാവകാശലബ്ധിയെ തുടര്‍ന്നോ മാത്രം ആരംഭിച്ചതല്ല. കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളോട് സംസാരിച്ചാല്‍ അറിയാം, ഒട്ടേറെ അലിഖിത നിയമങ്ങള്‍ക്കിടയിലാണ് വര്‍ഷങ്ങളായി ഈ കോളേജിലെ ‘സദാചാരം’ പുലര്‍ന്നു പോന്നത്. മതപശ്ചാത്തലം നോക്കി കുട്ടികള്‍ക്ക് സാരോപദേശം നല്‍കുന്നതു മുതല്‍ കലോത്സവത്തിന് ഒപ്പന അവതരിപ്പിക്കുമ്പോള്‍ അതില്‍ അതില്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഉണ്ടാവാതിരിക്കാന്‍ കാണിക്കുന്ന ശുഷ്കാന്തി വരെ ഉണ്ട് ഇതില്‍.

 

‘പിന്നെ എന്താണ് പുതിയ പ്രശ്നം? കോളേജ് പണ്ടേ ഇങ്ങനെയൊക്കെ തന്നെയായിരുന്നില്ലേ?’ ഇതാണ് ഇപ്പോള്‍ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യം. ഉത്തരം ലളിതമാണ്. പണ്ടുള്ളതൊന്നും അതേപടി തുടരേണ്ടതില്ല. തുടരുകയുമില്ല. അതിനായിരുന്നെങ്കില്‍ കോളേജോ വിദ്യാഭ്യാസ സമ്പ്രദായം തന്നെയോ ആവശ്യമുണ്ടായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ലോകത്ത് ചരിത്രമോ ഫാറൂഖ് കോളേജില്‍ ഒരു ചരിത്ര വിഭാഗമോ ഉണ്ടാകുമായിരുന്നില്ല. ചരിത്രവും സാഹിത്യവും സാമൂഹ്യ ശാസ്ത്രവും തത്വശാസ്ത്രവും ഒന്നും പഠിക്കേണ്ടിയും പഠിപ്പിക്കേണ്ടിയും വരുമായിരുന്നില്ല. പഠനം എന്ന വാക്ക് ഉറവയെടുക്കുന്നത് തന്നെ മാറ്റം എന്ന പ്രതിഭാസത്തില്‍ നിന്നാണല്ലോ.

 

‘പിന്നെ ആരാണ് മാറ്റങ്ങളെ ഭയക്കുന്നത്?’ അത് കോളേജിനെ നിയന്ത്രിക്കുന്ന മത-യാഥാസ്ഥിതിക- പൌരോഹിത്യ സ്വാധീനമുള്ള ഇന്നത്തെ മാനേജ്മെന്റും അവരുടെ പിണിയാളുകളുമാണ്. അതിനു പിന്നിലെ താല്പര്യങ്ങള്‍ സാമ്പത്തികവും മതപരവും ഒക്കെയാണ്. പൊതുവിദ്യാഭ്യാസം ജാതി മത സാമുദായിക പ്രസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുത്ത ചരിത്രപരമായ ഒരു അബദ്ധത്തിന്റെ പരിണതി കൂടിയാണത്. ഒരുവശത്ത് വിദ്യാഭ്യാസ പുരോഗതി കൈവരിക്കുമ്പോഴും മറുവശത്ത് അത് സൃഷ്ടിച്ച സാമൂഹികമായ ചില ധ്രുവീകരണ പ്രവണതകളെ കാണാതിരുന്നുകൂട. മുന്‍കാലത്ത് അത് കുറെയൊക്കെ പ്രച്ഛന്നവും രഹസ്യവുമായിരുന്നെങ്കില്‍ ഇന്നത് കൂടുതല്‍ പ്രത്യക്ഷവും ധിക്കാരപരവും ആയി എന്നേയുള്ളൂ. അത് കേരളവര്‍മ്മ ആയാലും ഫാറൂഖ് കോളേജ് ആയാലും അതെ.

 

മാനേജ്മെന്റുകളുടെ നിലപാടുകളും സമീപനങ്ങളും എക്കാലത്തും അങ്ങനെയൊക്കെ തന്നെയായിരുന്നു, ആയിരിക്കുകയും ചെയ്യും. അതില്‍ പുതുമയൊന്നുമില്ല. പക്ഷെ, വിദ്യാര്‍ഥികളുടെ, വിദ്യാര്‍ഥി-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാടുകള്‍ എന്താണ് / എന്താവണം എന്നതാണ് പ്രസക്തമായ ചോദ്യം. ഫാറൂഖ് കോളജ് വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ഒക്കെയായി നടന്ന സംവാദങ്ങളും ഇടപെടലുകളും പൊതുവില്‍ പരിശോധിച്ചാല്‍, ചില വിദ്യാര്‍ഥികളും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും ഒക്കെയെടുത്ത നിലപാടുകള്‍ വല്ലാത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കോളേജിന്റെ ‘ഇന്റഗ്രിറ്റി’ നശിപ്പിക്കുവാന്‍ ചില വിദ്യാര്‍ഥി/നികള്‍ ഇല്ലാത്ത ‘സസ്പെന്‍ഷന്‍’ പറഞ്ഞു പത്രക്കാര്‍ക്ക് വാര്‍ത്ത നല്‍കി എന്ന വലിയവായിലുള്ള വാദങ്ങള്‍ കണ്ടു.  കുറെ വിദ്യാര്‍ഥികളും സംഘടനകളും ഇത് ഏറ്റുപിടിച്ചു. അടിസ്ഥാനപരമായ പ്രശ്നങ്ങളെ മറന്ന് അവരെ സംബന്ധിച്ചിടത്തോളം വലിയ വിഷയം ഇതായി മാറി; അല്ലെങ്കില്‍ മാറ്റി. തെറ്റായ മാധ്യമ പ്രചാരണത്തിനെതിരെ കോളേജ് ഗേറ്റില്‍ മാനെജ്മെന്റ് ഒത്താശയോടെ ഒരു പ്രതിഷേധവും നടത്തി.

 

വളരെ തന്ത്രപരമായ ഒരു അട്ടിമറിയാണ് മാനേജ്മെന്റും അവരുടെ ഏറാന്‍മൂളികളായ ചില വിദ്യാര്‍ഥി സംഘടനകളും ചേര്‍ന്ന് ഇവിടെ നടത്തിയത്. വിദ്യാര്‍ഥികള്‍  ഉയര്‍ത്താന്‍ ശ്രമിച്ച വിഷയങ്ങളെ അഭിസംബോധന ചെയ്യാനോ അതിന്റെ മെറിറ്റ്‌ / ഡിമെറിറ്റ്‌ ചര്‍ച്ച ചെയ്യാനോ ശ്രമിക്കാതെ ആ വിഷയങ്ങളില്‍ നിന്നും തന്ത്രപരമായി ശ്രദ്ധ മാറ്റുകയും കോളേജിന്റെ ‘പാരമ്പര്യത്തെയും അന്തസ്സിനേയും പവിത്രത’യും ഒക്കെ ഉയര്‍ത്തിക്കാട്ടി ഒരു തരം തെറ്റായ ‘സ്വത്വാഭിമാനബോധം’ വിദ്യാര്‍ഥികളില്‍ സൃഷ്ടിച്ചെടുക്കാനാണ് അവര്‍ ശ്രമിച്ചത്. വിദ്യാര്‍ഥികളും  പൂര്‍വവിദ്യാര്‍ഥികളും ഒക്കെയായി നല്ലൊരു വിഭാഗം ഈ കുടിലതയില്‍ അറിഞ്ഞോ അറിയാതെയോ വീണുപോയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ കോളജിന്റെ ‘തറവാട്ടു മഹിമ’യില്‍ പുളകം കൊള്ളുന്നവരുടെയും പണ്ട് പഠിച്ചതിന്റെയും ഇപ്പോള്‍ പഠിക്കുന്നതിന്റെയും ഒക്കെ നൊസ്റ്റാള്‍ജിയയിലും ഹാങ്ങോവറിലും  ഒക്കെ അഭിരമിച്ച് വസ്തുതകള്‍ കാണാതെ പോകുന്നവരുടെയും മുന്നില്‍ ചില ചോദ്യങ്ങള്‍ വളരെ കൃത്യമായി തന്നെ ഉന്നയിക്കേണ്ടതുണ്ട്.

 

1) ആണ്‍ – പെണ്‍കുട്ടികള്‍ ക്ലാസ് മുറിയിലോ ലൈബ്രറിയിലോ ഒരേ ബെഞ്ചില്‍ ഇരിക്കുന്നതില്‍ എന്താണ് തെറ്റ്?

 

2) ക്യാമ്പസിന്റെ ഭാഗമായ കാന്റീനില്‍ ആണ്‍ – പെണ്‍കുട്ടികള്‍ ഒരുമിച്ചിരുന്നു കാപ്പി കുടിച്ചാല്‍ എന്താണ് കുഴപ്പം?

 

3) ക്യാംപസിനകത്ത് പൊതു ഇടങ്ങളില്‍ ആണ്‍ – പെണ്‍കുട്ടികള്‍ ഒരുമിച്ച് നടക്കുകയോ ഇരിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നതില്‍ എന്താണ് പ്രശ്നം?

 

4) കോളജ് കലോത്സവങ്ങളില്‍ പെര്‍ഫോമിംഗ് ഇനങ്ങളില്‍ ജാതി – മത ഭേദമെന്യേ (അടിവരയിടുന്നു) ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ക്കും അല്ലെങ്കില്‍ അവര്‍ക്ക് ഒന്നിച്ചും പങ്കെടുക്കുന്നത് കുഴപ്പമാണോ?

 

5) വൈകീട്ട് ആറു മണിക്ക് ശേഷം പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കുന്നതെന്തിന്?

 

6) രക്ഷിതാവ് എന്ന നിലയില്‍ അമ്മ വന്നാല്‍ എന്തുകൊണ്ട് പരിഗണിക്കപ്പെടുന്നില്ല?

 

7) ലേഡീസ് ഹോസ്റ്റലിലെ കുട്ടികള്‍ക്ക് രാത്രി ജനല്‍ തുറക്കുന്നതിനു വരെ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രീതിയില്‍ ജയില്‍ച്ചിട്ട നടപ്പാക്കുന്നതിന്റെ അടിസ്ഥാനം എന്താണ്?

 

8) ക്യാമ്പസിലെ പൊതു ഇരിപ്പിടം ‘ആണ്‍കുട്ടികള്‍ക്ക് മാത്രം’ എന്ന് ബോര്‍ഡ് വെച്ച് വേര്‍തിരിക്കുന്നതിന്റെ ന്യായമെന്താണ്?

 

ചോദ്യങ്ങള്‍ ഇത്രമാത്രമായിരിക്കില്ല. ശബ്ദം ഉയര്‍ത്തിയും നിശ്ശബ്ദമായും അവിടെ പഠിച്ചിറങ്ങുകയും പഠിക്കുകയും ചെയ്ത പലര്‍ക്കും ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടാവാം ഉള്ളില്‍. അത്തരം ചോദ്യങ്ങള്‍ ഒക്കെയും ഉയര്‍ന്നു വരേണ്ടതുണ്ട്. ‘മാന്യവും മഹത്തരവും’ എന്ന് പൊതുസമൂഹം വിചാരിക്കുന്ന കപട സദാചാരത്തിന്റെ എല്ലാ മുഖംമൂടികളും അഴിഞ്ഞു വീഴേണ്ടതുണ്ട്. ‘വെസ്റ്റേണ്‍ സെക്കുലര്‍ സംസ്കാരം’ നമ്മുടെ ‘പവിത്രത’യെ പരിക്കേല്‍പ്പിക്കുന്നു എന്ന് ആശങ്കപ്പെടുന്ന മത-യാഥാസ്ഥിതിക പ്രസ്ഥാനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മോറല്‍കോഡ് അല്ല നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ നിലനില്‍ക്കേണ്ടത്. വ്യക്തിയുടെ ചരിത്ര ബോധത്തെയും ശാസ്ത്രബോധത്തെയും രാഷ്ട്രീയ – സാംസ്കാരിക- സാമൂഹ്യ ബോധത്തെയും ലിംഗബോധത്തേയും ഒക്കെ നിര്‍ണയിക്കുന്നതില്‍ കലാലയ ജീവിതവും അതിന്റെ പരിസരവും ഒരു അതിപ്രധാന ഘടകമാണ്. ആ പരിസരം ഇത്രമേല്‍ സങ്കുചിതവും ജീര്‍ണ്ണവും ആവാന്‍ പാടില്ല. കഴിക്കുന്ന ഭക്ഷണത്തിനും ധരിക്കുന്ന വസ്ത്രത്തിനുമെല്ലാം വ്യക്തി എന്ന നിലയില്‍ സ്വയം തീരുമാനം എടുക്കാനുള്ള സാധ്യത പോലും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഓരോ വിദ്യാര്‍ഥി/നിയുടെയും പൌരന്‍/പൌരിയുടെയും പ്രതികരണം അത്രമേല്‍ കൃത്യവും സൂക്ഷ്മവും ആവേണ്ടതുണ്ട്‌. നിങ്ങളുടെ നിലപാടുകളും പ്രതികരണങ്ങളും ഏതെങ്കിലും രീതിയില്‍ മാനേജ്മെന്റിന് അനുകൂലമായി വരുന്നുവെങ്കില്‍ അത് തന്നെയാണ് ഏറ്റവും സൂക്ഷിക്കേണ്ടത്. ‘ക്ലാസില്‍ നിന്നും പുറത്താക്കപ്പെട്ട വിദ്യാര്‍ഥി/നികളുടെ പക്ഷത്താണ് ഞാന്‍’ എന്ന് നിങ്ങള്‍ക്ക് ഉറപ്പോടെയും വ്യക്തതയോടെയും പറയാന്‍ കഴിയാത്തിടത്തോളം കാലം നിങ്ങള്‍ നിങ്ങള്‍ക്ക് തന്നെ എതിരാവുകയാണ്. നാളെ, ഒരു പക്ഷെ കലാലയ ജീവിതം ഒക്കെ പിന്നിട്ട് കാലം കുറെ കഴിഞ്ഞാവാം, ഇതിന്റെയൊക്കെ സോഷ്യല്‍ ഇംപാക്റ്റ് നേരിടേണ്ടി വരുന്നത് നിങ്ങള്‍ക്കു തന്നെയാവും. ചരിത്രത്തിലും വര്‍ത്തമാനത്തിലും അതിനു സാക്ഷ്യങ്ങള്‍ ഏറെയുണ്ട്.

 

അവസാനമായി, ഒന്ന് ചോദിക്കാനുള്ളത് കോളജിലെ ഡിസിപ്ലിന്‍ കമ്മിറ്റിയിലും മറ്റുമായി ഇത്തരം പോലീസിങ്ങിനു നേതൃത്വം നല്‍കുന്ന അവിടുത്തെ ചില അധ്യാപകരോടാണ്. എഴുപത്-എണ്‍പത്-തൊണ്ണൂറുകളിലെ വിദ്യാര്‍ഥി സമൂഹം ആയിരുന്നല്ലോ നിങ്ങളും. ഇന്നത്തേതിനേക്കാള്‍ പരിമിതമായ തോതില്‍ കലാലയങ്ങളും പഠന-അടിസ്ഥാന സൌകര്യങ്ങളും മാത്രമായിരുന്ന അക്കാലത്ത് സര്‍ക്കാര്‍- എയ്ഡഡ് കലാലയങ്ങളില്‍ ഉന്നതപഠനം നേടിയവര്‍. അന്ന്, നിങ്ങളുടെയൊക്കെ പഠനകാലത്ത് ഇത്തരം തീട്ടൂരങ്ങളും വേര്‍തിരിവുകളും ഉണ്ടായിരുന്നോ കലാലയങ്ങളില്‍? ആണും പെണ്ണും ഒരു ബെഞ്ചില്‍ ഇരുന്നാല്‍ പിടിച്ചു പുറത്താക്കുന്ന അധ്യാപകരും പ്രൊഫസര്‍മാരും ആയിരുന്നോ അന്ന്? ആ കലാലയങ്ങളില്‍ നിന്നും അന്നത്തെ അധ്യാപകരില്‍ നിന്നും ഒന്നും പഠിക്കാത്ത ഈ പുതിയ ‘സദാചാരപാഠങ്ങള്‍’ ജീവിതത്തിലെ പിന്നീടുള്ള ഘട്ടത്തില്‍, ഏതു ഗുരുക്കന്മാരില്‍ നിന്നാണ് നിങ്ങള്‍ സ്വായത്തമാക്കിയത്? പതിനെട്ടു വയസായ വ്യക്തിക്ക് വോട്ടവകാശം ഉള്ള ഒരു ബഹുസ്വര ജനാധിപത്യ രാജ്യത്തിലെ ബിരുദ വിദ്യാര്‍ഥി/നികളെ  ഒരു വ്യക്തിയായി കാണാനും അവരുടെ സ്വാതന്ത്ര്യത്തെയും വ്യക്തിപരമായ അവകാശങ്ങളെയും മാനിക്കുവാനും അംഗീകരിക്കുവാനും കഴിയാത്ത രീതിയില്‍ നിങ്ങളുടെ മസ്തിഷ്കവും ചിന്തയും കെട്ടുപോയത് എങ്ങനെയാണ്? മാനേജ്മെന്റ് സമിതിയിലെ പുരോഹിതമേലാളന്മാരും സമുദായ പ്രമാണിമാരും  ഓതിത്തരുന്നത് തൊണ്ട തൊടാതെ വിഴുങ്ങി ക്യാമ്പസില്‍ പ്രയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍, ഒരു തലമുറയോട് നിങ്ങള്‍ ചെയ്യുന്ന വലിയ അനീതിയാണ് അതെന്നറിയുക. വ്യക്തി എന്ന തലത്തില്‍ നിങ്ങള്‍ ആരോ ആകട്ടെ, നിങ്ങളുടെ വിശ്വാസങ്ങളും കാഴ്ചപ്പാടുകളും എന്തോ ആകട്ടെ, നിങ്ങളിലെ അദ്ധ്യാപകന്‍ എങ്ങനെയാണ് രൂപപ്പെട്ടത് എന്നറിയാന്‍ സ്വന്തം ഭൂതകാലം ഒന്ന് ചികഞ്ഞു നോക്കുക. ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍, ‘വിദ്യാര്‍ഥി/നികള്‍ മനസ്സില്‍ ഓര്‍ത്തുവെക്കുന്ന ഒരു അദ്ധ്യാപകന്‍ ആവാന്‍ ശ്രമിക്കുക.

 

(ലേഖകന്‍ സൌദിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)
 
Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍