UPDATES

വിദേശം

കൊക്കെയ്ന്‍ നിറച്ച് കൊളംബിയ; തലവേദന യു എസിന്

Avatar

നിക്ക് മിറോഫ്
(വാഷിങ്ടണ്‍ പോസ്റ്റ്)

തഴച്ചുവളരുന്ന അനധികൃത കൊക്കച്ചെടികള്‍ വീണ്ടും യുഎസിനു വെല്ലുവിളി ഉയര്‍ത്തുന്നു. മയക്കുമരുന്നു വിരുദ്ധനയങ്ങളുടെ വിജയത്തിനു മകുടോദാഹരണമായി യുഎസ് ഉയര്‍ത്തിക്കാട്ടിയിരുന്നത് കൊളംബിയയിലെ മയക്കുമരുന്ന് മേഖലയുടെ തകര്‍ച്ചയാണ്. കൃഷി വ്യാപകമായതോടെ വീണ്ടും കൊക്കെയ്ന്‍ കള്ളക്കടത്ത് ഭീഷണി നേരിടുകയാണ് യുഎസ്.

കൊക്ക ഉത്പാദനത്തില്‍ ഒന്നാമതായിരുന്ന കൊളംബിയ രണ്ടുവര്‍ഷം മുന്‍പാണ് കൃഷിയില്‍ കുറവുവരുത്തിയത്. ഉത്പാദനത്തില്‍ പെറു ഒന്നാമതായി. എന്നാല്‍ രണ്ടാംസ്ഥാനത്തുള്ള പെറുവും മൂന്നാംസ്ഥാനത്തുള്ള ബൊളീവിയയും ചേര്‍ന്ന് ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ കൂടുതലാണ് കൊളംബിയയുടെ ഇന്നത്തെ  ഉത്പാദനം. 2014ല്‍ മുന്‍വര്‍ഷത്തെക്കാള്‍ 44 ശതമാനം വര്‍ധനയാണ് കൊളംബിയ കൊക്കകൃഷിയില്‍ വരുത്തിയത്. ഈ വര്‍ഷം ഇത് വീണ്ടും കൂടുമെന്നാണു കരുതുന്നത്.

കൊളംബിയന്‍ സര്‍ക്കാരും ഇടതുപക്ഷ റിബലുകളായ റവലൂഷനറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ (എഫ്എആര്‍സി)യുമായുള്ള സമാധാനചര്‍ച്ച ഒത്തുതീര്‍പ്പിനോടടുത്തെത്തിയിരിക്കുമ്പോഴാണ് കൊക്കോ ഉത്പാദനപ്രശ്‌നം പൊന്തിവന്നിരിക്കുന്നത്. വര്‍ഷങ്ങളായി അനധികൃത മയക്കുമരുന്ന് കച്ചവടത്തില്‍നിന്നു നേട്ടമുണ്ടാക്കുന്നത് ഈ റിബലുകളാണ്.

ഒത്തുതീര്‍പ്പുണ്ടാകുകയും  റിബലുകളുടെ അധീനപ്രദേശങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു സുരക്ഷിതമായി കടന്നുചെല്ലാനാകുകയും ചെയ്താല്‍ കൊക്ക കൃഷിയില്‍നിന്നു മറ്റുകൃഷികളിലേക്കു മാറാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ് പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസിന്റെ പദ്ധതി. പദ്ധതിയില്‍ സഹകരിക്കാമെന്ന് റിബലുകള്‍ തത്വത്തില്‍ സമ്മതിച്ചുകഴിഞ്ഞു.

സര്‍ക്കാര്‍ സഹായവും ഒത്തുതീര്‍പ്പും പ്രതീക്ഷിച്ച് കൂടുതല്‍ കൃഷിയിറക്കാന്‍ റിബലുകള്‍ ആളുകളെ പ്രേരിപ്പിച്ചതാണ് ഇത്തവണ കൊക്കോഉത്പാദനം കൂടാന്‍ പ്രധാനകാരണമെന്ന് യുഎസ്, കൊളംബിയ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. 

കൃഷിമാറ്റ പദ്ധതിക്ക് യുഎസ് പിന്തുണ നേടാന്‍ ശ്രമിക്കുമെന്ന് മാനുവല്‍ സാന്റോസ് വാഷിങ്ടണ്‍ പോസ്റ്റിനോടു പറഞ്ഞു. എഫ്എആര്‍സിയുമായുള്ള ഒത്തുതീര്‍പ്പ് പദ്ധതിക്കു വിജയപ്രതീക്ഷ നല്‍കുന്നു. മുന്‍പ് ഇത്തരം ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. കര്‍ഷകര്‍ക്ക് മറ്റുമാര്‍ഗങ്ങള്‍ കാണിച്ചുകൊടുക്കുന്നില്ലെങ്കില്‍ അവര്‍ കൊക്ക കൃഷി തുടരുക തന്നെ ചെയ്യുമെന്ന് സാന്റോസ് ചൂണ്ടിക്കാണിക്കുന്നു.

ഒരു ദശകത്തോളമായി യുഎസിലെ കൊക്കെയ്ന്‍ ഉപഭോഗം കുറഞ്ഞുവരികയാണ്. ഹെറോയിന്‍, മെറ്റാംഫിറ്റമിന്‍ എന്നിവയാണ് ഇപ്പോള്‍ ലഹരിവിപണിയില്‍ മുന്നില്‍. വിലകുറഞ്ഞ കൊക്കെയ്ന്‍ കള്ളക്കടത്തുവിപണിയിലെത്തിയാല്‍ ഇതിനു മാറ്റം വരും. മെക്‌സിക്കോ, മധ്യ അമേരിക്ക എന്നിവ വഴിയുള്ള മരുന്നുകടത്ത് അക്രമങ്ങളുണ്ടാക്കുകയും ചെയ്യും.

കൊക്ക കര്‍ഷകരില്‍നിന്നു പണം പിരിക്കുകയും കൊക്കെയ്ന്‍ കടത്ത് നിയന്ത്രിക്കുകയും ചെയ്തിരുന്ന എഫ്എ ആര്‍ സി വ്യാപാരത്തില്‍നിന്നു പിന്‍മാറിയാലും മറ്റ് സായുധസംഘങ്ങള്‍ കൊക്കെയ്ന്‍ വിപണി നിലനിര്‍ത്താനുള്ള സാധ്യതയുണ്ട്. ഇഎല്‍എന്‍ ഗറിലകള്‍, അര്‍ധസൈനികസംഘങ്ങള്‍, ബക്രിം എന്നറിയപ്പെടുന്ന ഗ്രാമീണസംഘങ്ങള്‍ എന്നിവരെല്ലാം തക്കംപാര്‍ത്തിരിക്കുന്നവരില്‍പ്പെടും.

യുഎസ് സഹായത്തോടെ ആകാശമാര്‍ഗം നടത്തിയ കളനാശിനി തളിക്കല്‍ കൊക്കകൃഷി ഗണ്യമായി കുറയ്ക്കാന്‍ സഹായിച്ചു. ഈ കളനാശിനികള്‍ കാന്‍സറുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം മുതല്‍ പരിപാടി നിര്‍ത്തിവച്ചിരിക്കുകയാണ്. പ്‌ളാന്‍ കൊളംബിയ എന്ന ഈ പദ്ധതിപ്രകാരം യുഎസില്‍നിന്ന് രാജ്യത്തിനു ധനസഹായം ലഭിക്കുന്നുണ്ടെന്നതു പ്രശ്‌നം സങ്കീര്‍ണമാക്കും. ഇതുവരെ ഒന്‍പതു ബില്യണ്‍ ഡോളര്‍ കൊളംബിയ കൈപ്പറ്റിക്കഴിഞ്ഞു. 

കളനാശിനി തളിക്കാന്‍ പറ്റാത്ത ദേശീയ ഉദ്യാനങ്ങള്‍, ആദിവാസി മേഖലകള്‍, അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ രാജ്യത്തെ കൃഷിയുടെ ഭൂരിഭാഗവും. 170000 ഏക്കറിലാണ് കൊളംബിയ കൊക്ക കൃഷിചെയ്യുന്നത്.

സമാധാന ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ കൊക്ക കൃഷി കൂടുതല്‍ ഉള്ള സ്ഥലങ്ങളിലാകും പുതിയ പദ്ധതികള്‍ വരിക എന്ന ചിന്തയാണ് കൃഷി കൂടാനിടയാക്കിയതെന്ന് ബൊഗോട്ടയിലെ യുഎസ് എംബസി ഉദ്യോഗസ്ഥന്‍ ജോര്‍ഗന്‍ ആന്‍ഡ്രൂസ് പറയുന്നു. ഒത്തുതീര്‍പ്പുണ്ടായാലും ഇല്ലെങ്കിലും കൂടുതല്‍ കൊക്ക കൃഷി കൂടുതല്‍ ലാഭമുണ്ടാക്കും എന്നതാണ് അവസ്ഥ.

സാന്റോസ് സര്‍ക്കാരും റിബലുകളും മാര്‍ച്ചില്‍ ഒത്തുതീര്‍പ്പിലെത്തിയാലും കൊക്ക നിയന്ത്രണം എളുപ്പമാകില്ല. കൃഷിമാറ്റത്തിന് ആളുകളെ നിര്‍ബന്ധിക്കേണ്ടിവരും. കുന്നും കാടുമൊക്കെ കടന്ന് വ്യാപിച്ചിരിക്കുന്ന കൊക്ക മേഖലയില്‍ കൃഷിമാറ്റ പദ്ധതികള്‍ നടപ്പാക്കുക അപ്രായോഗികവുമാണ്. വ്യാപകമായി കൊക്ക കൃഷി നടക്കുന്ന സ്ഥലങ്ങള്‍ വര്‍ഷങ്ങളോളം അതേപടി തുടരും. അക്രമങ്ങള്‍ ഇതിനുപിന്തുണയാകും. അഫ്ഗാനിസ്ഥാന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ ആന്റി പഴ്‌സനല്‍ മൈനുകളേറ്റു മരിക്കുന്ന രാജ്യമാണ് കൊളംബിയ.

കൊക്ക കൃഷി തടയാനാകുന്നില്ലെങ്കില്‍ രാജ്യാന്തരസമൂഹത്തില്‍നിന്ന് കൊളംബിയയ്ക്കുമേല്‍ സമ്മര്‍ദ്ദങ്ങളുണ്ടാകുമെന്ന് യുഎന്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം ഓഫിസിലെ കൊളംബിയ ഡയറക്ടര്‍ ബോ മത്യാസെന്‍ നിരീക്ഷിക്കുന്നു. ചെറുകിട കര്‍ഷകര്‍ക്ക് കൊക്ക അത്ര പ്രിയമല്ല എന്നതിലാണ് മാറ്റകൃഷിയുടെ പ്രതീക്ഷ. മറ്റു കൃഷികള്‍ക്ക് ഇവരെ പ്രേരിപ്പിക്കുക എളുപ്പമാകും.

50 മില്യണ്‍ ജനസംഖ്യയുള്ള കൊളംബിയയില്‍ ഒരുമില്യണ്‍ ആളുകള്‍ കൊക്ക വിപണനവുമായി ബന്ധമുള്ളവരാണെന്ന് മാറ്റകൃഷി പദ്ധതിയുടെ ചുമതലക്കാരനും സാമ്പത്തികവിദഗ്ധനുമായ എഡ്വാര്‍ഡോ ഡയസ് ചൂണ്ടിക്കാണിക്കുന്നു. വര്‍ഷങ്ങളായി നടക്കുന്ന പരീക്ഷണങ്ങളില്‍നിന്ന് സര്‍ക്കാര്‍ പല പ്രായോഗികപാഠങ്ങളും പഠിച്ചുകഴിഞ്ഞു. വിത്തുകള്‍ നല്‍കുന്നതുകൊണ്ടുമാത്രം കൃഷിമാറ്റമുണ്ടാകില്ല. എപ്പോഴും സര്‍ക്കാരിന്റെ സാന്നിധ്യമുണ്ടെന്ന തോന്നലുണ്ടാക്കിയാലേ വിജയിക്കാനാകൂ.

കൊക്ക കൃഷി ഉപേക്ഷിക്കാനായി വ്യക്തികള്‍ക്കു പണം നല്‍കുന്നതു വിജയിക്കില്ല. പണം ലഭിക്കാനായി കൂടുതല്‍ പേര്‍ കൊക്ക കൃഷി തുടങ്ങുമെന്നതാകും ഫലം. അടിസ്ഥാനസൗകര്യങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലൊക്കെ സര്‍ക്കാര്‍ സഹായം വര്‍ധിക്കുമെന്നു കാണുമ്പോള്‍ കൂട്ടത്തോടെ മറ്റുകൃഷിയിലേക്കു മാറാന്‍ ആളുകള്‍ തയാറാകുമെന്നാണു പ്രതീക്ഷ. ഭൂരിപക്ഷം പിന്‍മാറിയാല്‍ ബാക്കിയുള്ളവരെ കനത്ത ശിക്ഷ വഴി പിന്തിരിപ്പിക്കാനാകും.

ഘട്ടം ഘട്ടമായി കൊക്ക ഒഴിവാക്കാമെന്നതും നടപ്പില്ല. അനധികൃതകൃഷി എവിടെയുണ്ടോ അവിടെയൊക്കെ സായുധസംഘങ്ങളുമെത്തും എന്നതുതന്നെ കാരണം.

ടൈറാഡെന്‍ട്രോയിലെ ഒരു ചെറിയ താഴ്‌വാരഗ്രാമത്തില്‍ കൊക്കയ്ക്കു പകരം വാഴ തുടങ്ങിയവ കൃഷിചെയ്യാനുള്ള പദ്ധതി നടപ്പാക്കിവരുന്നുണ്ട്. എന്നാല്‍ മലമുകളിലെ ദേശീയ ഉദ്യാനത്തില്‍ ഇപ്പോഴും എഫ്എആര്‍സി കൊക്ക കൃഷിയിടങ്ങള്‍ സംരക്ഷിക്കുന്നു.

20 വര്‍ഷത്തോളം പോരാട്ടക്കെടുതി അനുഭവിച്ച സ്ഥലമാണ് ടൈറാഡെന്‍ട്രോ. ഇന്ന് കാര്‍ഷികവിളകളിലേക്കു മാറിയ കര്‍ഷകരില്‍ ഒരുവിഭാഗം പുതിയ ജീവിതത്തില്‍ സന്തുഷ്ടരാണ്.

കൊക്ക കൂടുതല്‍ പണം കൊണ്ടുവന്നു. പക്ഷേ പണം കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കി. ലഭിച്ചതില്‍ കൂടുല്‍ പണവും മദ്യത്തിനു ചെലവാകുകയും ചെയ്തു, മയക്കുമരുന്നു വ്യാപാരവുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ രണ്ടുസഹോദരങ്ങളെ നഷ്ടപ്പെട്ട ഡാര്‍വിസ് താരിഫ പറയുന്നു.

കൊക്കോയാണ് ഇവിടെ മാറ്റക്കൃഷിക്കുപയോഗിച്ചത്. പക്ഷേ മരങ്ങള്‍ വളരാന്‍ ഏതാനും വര്‍ഷങ്ങളെടുക്കുമെന്നത് ഓരോ 40 ദിവസത്തിലും കൊക്ക വിളവെടുപ്പു നടത്തി വന്‍തോതില്‍ പണം സമ്പാദിച്ചിരുന്നവര്‍ക്ക് ആകര്‍ഷണീയമായില്ല. വളരെക്കുറച്ചുമാത്രം പണം നല്‍കുന്ന വാഴക്കൃഷിയിലും എല്ലാവരും തൃപ്തരല്ല. കൊക്കെയ്ന്‍ നിര്‍മാണം വാഴക്കുലകള്‍ ചന്തയിലെത്തിക്കുന്നതിനെക്കാള്‍ എത്രയോ എളുപ്പമാണെന്ന ചിന്തയും നിലനില്‍ക്കുന്നു. അക്രമങ്ങളും ചോരചിന്തലും കുറഞ്ഞുവെന്നതാണ് നേട്ടമായി പലരും കാണുന്നത്.

മാറ്റക്കൃഷി നടപ്പാകുന്നിടത്തെ കൃഷിയിടങ്ങളില്‍പ്പോലും അവിടവിടെ കിളിര്‍ത്ത കൊക്കച്ചെടികള്‍ കാണാം. മണ്ണില്‍ അവശേഷിക്കുന്ന ഏറ്റവും ചെറിയ വേരില്‍നിന്നുപോലും തഴച്ചുവളരുന്ന സ്വഭാവമാണ് കൊക്കയ്ക്ക്. തീവ്രകളനാശിനിക്കു മാത്രം നശിപ്പിക്കാനാകുന്ന ഇതിന്റെ പ്രലോഭനത്തെ അതിജീവിക്കുക കൊളംബിയയ്ക്ക് ഒട്ടും എളുപ്പമാകില്ല.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍