UPDATES

സുസ്ഥിര വികസന കേരളമേ, ഇതാ ഒരു കോളനി ജീവിതം; വീടില്ല, കക്കൂസില്ല, വെള്ളമില്ല…

മലയിറക്കത്തിനായി കാത്ത് കാത്ത് ഒരു ഊരു ജീവിതം

പച്ച നിറത്തില്‍ വലിയ കുന്ന് ദൂരെ നിന്ന് കാണുമ്പോള്‍ ഒരു ട്രക്കിംഗിന് പറ്റിയ ഇടമെന്നും, വിനോദ സഞ്ചാരത്തിന് ഏറ്റവും യോജ്യമായ കുന്നെന്നുമെല്ലാം തോന്നിയേക്കാം. ആവേശത്തോടെ മലകയറ്റം തുടങ്ങിയാല്‍ കുന്നിന്റെ പലയിടങ്ങളിലായി ചിതറിത്തെറിച്ചുപോയ കൂരകളും വീടുകളും കാണാം. ചിലയിടങ്ങളിലൊക്കെ കന്നുകാലികളെപ്പോലെ ഇരുന്നും കിടന്നും സമയം കൊല്ലുന്ന മനുഷ്യരെയും. ആരാണെന്ന ചോദ്യം കലര്‍ന്ന നോട്ടത്തോടെ പുറത്തേക്കെത്തിനോക്കുന്ന നിരവധി കണ്ണുകള്‍. മുറുക്കിത്തുപ്പിച്ചുവന്നു കിടക്കുന്ന, മുറ്റമെന്ന് അവര്‍ വിശേഷിപ്പിക്കുന്ന മണ്ണിലൂടെ കൂടുതല്‍ അടുത്തേക്ക് ചെല്ലും തോറും നേര്‍ത്തതും ഉറച്ചതുമായ ശബ്ദത്തില്‍ ചോദ്യം തുടങ്ങും. ആരാ…?

‘ഈട്‌ത്തേക്കൊന്നും ആരും ബെരേല. ഞാളല്ലാണ്ട്യാര് ബെരാനായിറ്റ്? വോട്ടിന്റെ ശമയത്ത് കൊറേയാള്കള് വെര്ന്ന്ണ്ട്. പിന്ന ബെരൂലാ… മലേം.. കുന്നും കേരീറ്റ് എന്താക്കാന് നിങ്ങൊ ബന്നിന്?’ നാരായണന്റെ ചോദ്യത്തിന് പത്രത്തില്‍ നിന്നാണെന്ന് കൂടെയുണ്ടായിരുന്ന നായ്ക്കയം സ്വദേശി മറുപടി പറഞ്ഞപ്പോള്‍, ‘രാമൃഷ്ണാ… പറഞ്ഞൊട്ക്ക്… ഞാള്‍ക്ക് റോഡ് ബേണം, ബെള്ളം ബേണം. .. കക്കൂസും ബേണം…നിങ്ങ എയ്തിക്കോ… എയ്തിയാ ഞാള്‍ക്കെല്ലം കിട്ട്വല്ലാ.. അല്ലേ?’ എന്നോടും, രാമകൃഷ്ണന്‍ എന്ന് പേരായ ആ നാട്ടുകാരനോടുമായി നാരായണന്‍ പറഞ്ഞു. ‘എനക്ക് ഒന്നും കൊണൂല്ല. നേരത്തേ പണിക്കെല്ലം പോന്നേനും. ഇപ്പം ടി.ബീന്റെ സൂക്കേടാന്ന്. പിള്ളര്‍ക്കും സൂക്കേട്ണ്ട്. പ്ലശ് ടുവെരെയെല്ലം പോയിന്. പിന്നെ ഓരെ പടിത്തം നിര്‍ത്തീന്. പൈശില്ല പ്പാ പടിപ്പിക്കാന്. ഇപ്പം പിന്ന ആരെങ്കിലും തെര്ന്നത് തിന്നിറ്റ് ഇങ്ങനെ കയീന്ന്.’

കാസര്‍ഗോഡ് ജില്ലയിലെ കോടോം ബേളൂര്‍ പഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡിലായി സ്ഥിതിചെയ്യുന്ന മാവില സമുദായക്കാരുടെ കോളനിയാണ് ജ്യോതിഗിരി. ബസ് സര്‍വ്വീസുള്ള നായ്ക്കയം തട്ടില്‍ നിന്നും രണ്ട് കിലോമീറ്ററോളം പിന്നോട്ട് മാറി ഒന്നര കിലോമീറ്ററിലധികം ഉയരത്തില്‍ നില്‍ക്കുന്ന ജ്യോതിഗിരിക്കുന്നില്‍ പന്ത്രണ്ട് കുടുംബങ്ങള്‍ ഇതുപോലെ താമസിച്ചു വരുന്നുണ്ട്. ചിതറിത്തെറിച്ചപോലെ പല മൂലകളിലും അരികുകളിലുമായി പേരിന് ഓല മേഞ്ഞതും, ഒരു മഴകൂടി താങ്ങാനാകാത്തതുമായ വീടുകളില്‍.

മലയുടെ അടിവാരത്തുള്ള വീട്ടില്‍ ചെറിയൊരു ചര്‍ച്ച നടന്നുകൊണ്ടിരിക്കെയാണ് ഞങ്ങള്‍ കയറിച്ചെല്ലുന്നത്. 28 വര്‍ഷം മുന്‍പ് കോട്ടയം മണിമലയില്‍ നിന്നും കുടിയേറി വന്ന തങ്കച്ചനെന്ന ജോസഫും, വീട്ടുടമ ശങ്കരനും തമ്മിലാണ് കാര്യമായ ചര്‍ച്ച. പത്ത് കൊല്ലം മുന്‍പ് കിണറു കുഴിക്കാന്‍  പഞ്ചായത്ത് അനുവദിച്ച 5000 രൂപ സബ്‌സിഡി വാങ്ങിക്കാന്‍ 4500 ചിലവാക്കിയ കഥയാണ് ജോസഫേട്ടന്‍ പറയുന്നത്. ഊരുകൂട്ടത്തില്‍ പങ്കെടുക്കാനും, ഗ്രാമസഭയില്‍ പങ്കെടുക്കാനുമായി ദിവസങ്ങള്‍ മാറ്റിവെക്കുമ്പോള്‍ അന്നത്തെ പണി നഷ്ടമാകുന്നതല്ലാതെ മെച്ചമൊന്നുമില്ലെന്ന് കണ്ടപ്പോള്‍ പതുക്കെ പങ്കാളിത്തം അവസാനിപ്പിച്ചെന്ന് ശങ്കരന്‍. വാദങ്ങളില്‍ മുഴുവന്‍ കാലങ്ങളായി പഞ്ചായത്ത് അടക്കിവെച്ച് ഭരിക്കുന്ന ഇടത് പാര്‍ട്ടിയോടുള്ള പുച്ഛവും, ദേഷ്യവും. ‘ഇനിയൊരു പത്ത് കൊല്ലം കഴിഞ്ഞേച്ചാലും ഇവിടം ഇതുപോലെ തന്നെ കാണും കൊച്ചേ..’ അനുഭവം കൊണ്ട് തഴമ്പിച്ച വാക്കുകളില്‍ തങ്കച്ചന്‍ പറഞ്ഞു.

എലുമ്പനും, നാരായണിയും കോലായില്‍ നല്ല ഉറക്കത്തിലായിരുന്നു. എല്ലാ കോളനികളിലുമെന്നപോലെ ഇവിടെയും മദ്യത്തിന് നല്ല ഉപഭോക്താക്കളുണ്ടെന്ന് എലുമ്പന്റെ വീട്ട് പരിസരത്ത് നിന്നും മനസ്സിലായി.. പേര് നീട്ടി വിളിച്ചപ്പോള്‍ രണ്ടിടത്തായി ചുരുണ്ട് കിടക്കുകയായിരുന്ന എലുമ്പനും നാരായണിയും ചാടി എഴുന്നേറ്റു. ‘റോഡ് ബെരുംന്ന്  പറഞ്ഞിറ്റ് ഈട്ന്ന് ഒപ്പെല്ലം മേണിച്ച് പോയിറ്റിണ്ടേനും. നമ്മക്ക് ഈട്‌ത്തേക്ക് ബണ്ടി വര്വോ…’ എലുമ്പന്റെ ചോദ്യം. കോളനിയില്‍ സ്ഥലമുടമകളായവരെല്ലാം റോഡിനായി സ്ഥലം നല്‍കിയതായി അറിയിച്ച് ഒപ്പിട്ട് കൊടുത്തിരുന്നു. ഫണ്ടിന്റെയും പദ്ധതികളുടേയും അഭാവം പറഞ്ഞ് പഞ്ചായത്തിന്റെ കെടു കാര്യസ്ഥതയില്‍ ജ്യോതി ഗിരിയിലേക്കുള്ള റോഡ് വിഷയം മാഞ്ഞുപോയ്‌ക്കൊണ്ടിരിക്കുകയാണെന്ന് പിന്നീടുള്ള യാത്രയ്ക്കിടെ രാമകൃഷ്ണന്‍ ചേട്ടന്‍ പറഞ്ഞു.

പിന്നെയും കയറ്റം… വരിവരിയായി നില്‍ക്കുന്ന റബ്ബര്‍ മരങ്ങളുടെ ഉണങ്ങിയ ഇലവീണ് നിറഞ്ഞ തട്ടുകള്‍, കാട്ടു വള്ളികളും, മുള്ളുകള്‍ നിറഞ്ഞ കുറ്റിച്ചെടികളും, തെച്ചിക്കാടുകളും നിറഞ്ഞ വഴികളിലൂടെ വീണ്ടും മല കയറ്റം. അടിയൊന്ന് തെറ്റിയാല്‍ കയറ്റം തുടങ്ങിയ റോഡില്‍ ചെന്നെത്തുമെന്ന ബോധത്തില്‍ ചെരുപ്പ് മണ്ണില്‍ ചേര്‍ത്ത് പിടിച്ചാണ് ഓരോ അടിയും വെക്കുന്നത്. മാധവേട്ടന്റെ മക്കളെല്ലം ഈ കണ്ട കുന്നും മലേം കേറീറ്റെന്നെ പഠിക്കാനും, അരിയും സാധനങ്ങളും, വെള്ളവും എല്ലാം കൊണ്ടോവ്ന്ന്… കൂടെ യാത്രചെയ്യുന്ന രാമകൃഷ്ണന്‍ ചേട്ടന്‍ ഓര്‍മ്മിപ്പിച്ചു. കയറ്റം ചെന്നു നിന്നത് മാധവന്റെ വീട്ടുമുറ്റത്തേക്കായിരുന്നു.

46 വയസ്സുകാരനായ മാധവന് മൂന്ന് പെണ്‍മക്കളാണ്. ‘എന്താക്കാനാ… ഏഴ് കൊല്ലായിറ്റ് എന്ക്ക് കാന്‍സറാന്ന്. ശാസകോശത്തിനായോണ്ട് നടക്കാനെന്നെ ആക്ന്നില്ല. ഓപ്പറേഷന്‍ ചെയ്തപ്പോ വാല്‍വ് ചുരുങ്ങിപ്പോയോലും. കുന്ന് കേറാനോ, മൊളക് പറിക്കാനോ കയ്യൂല. അന്റെ ഭാര്യക്ക് ആമവാതാന്ന്. ഓള് പച്ചമര്ന്ന് കയിക്ക്ന്ന്. മക്കളെയെല്ലാരേം ഗള്‍ഫ് കാര്‍ തെരുന്ന പൈശ്യോണ്ട് പടിപ്പിക്ക്ന്ന്. ഒരാള് പ്ലശ് വണ്ണാന്ന്. പിന്നയൊര്ത്തി പ്ലശ് ടു കയിഞ്ഞിറ്റ് കമ്പൂട്ടറ് പഠിക്ക്ന്ന്. മൂത്താള് മുന്നാട്‌ത്തെ കോളേജില് പഠിക്ക്ന്ന്. നമ്മക്ക് ഒര് പെരവേണം, കക്കൂസ്വേണം, റോഡ് വേണം. കുടിക്കാന് വെള്ളോം വേണം. അരിമേടിക്കാന് പൈശയില്ലാത്ത ഞങ്ങ എങ്ങനെ വെള്ളം മേടിക്കനാന്നേട്ടീ..?’

‘ഞാന്‍ എം.ആര്‍.എസില്‍ (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, കാസര്‍ഗോഡ്) പടിച്ചോണ്ടിരുന്നതാന്ന്. അച്ഛന്റേം അമ്മേടേം രോഗത്തെക്കുറിച്ചോര്‍ത്ത് എനിക്കവിടെ നിക്കാനായില്ല. തിരിച്ചുപോന്നു.’ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മൃദുല പറയുന്നു. ‘ഞങ്ങളാരും പുതിയ പുസ്തകം വാങ്ങീട്ടില്ല. സ്‌കൂളിലേം കോളേജിലേം സീനിയേഴ്‌സിന്റെ കീറിയ പുസ്തകം ഞങ്ങള്‍ ചോദിച്ച് വാങ്ങും. ഞങ്ങള്‍ക്കെല്ലാര്‍ക്കും ഒരു യൂണിഫോമേ ഉള്ളൂ. അതെങ്ങനേലും ഒണക്കീറ്റ് വേണം ഇടാനായിറ്റ്. ഏച്ചിമാര് കലക്ടര്‍ക്കെല്ലം പരാതി കൊടുത്തിന്  കക്കൂസും, വള്ളവും, റോഡും, മരുന്നും എല്ലം വേണംന്ന് പറഞ്ഞിറ്റ് കിട്ട്വോന്ന് അറീല. ഇങ്ങനെ നേരത്തേം കുറേ അപേക്ഷകള്‍ കൊട്ത്തിന്. ഒന്നും കിട്ടീറ്റ.’

‘കൊറേ ആടുള്ള ആള്കളുടെ ആടിനെ ഞാള് പോറ്റാന്‍ മേടിക്കും. ആദ്യം പ്രസവിക്കുന്ന ആട് ഞാള്‍ക്ക്. പിന്നെത്തേതെല്ലം ഓര്‍ക്ക്. അങ്ങനെ നോക്കിയ നാല് ആട്കള്ണ്ട്. വേറ്യൊന്നും ഇല്ല. പിള്ളറെ കെട്ടിക്ക്ന്ന കാര്യൊന്നും നോക്കലേ ഇല്ല. ഓറും പടിക്കണംന്ന് പറീന്ന്. എന്താക്കാനാപ്പാ ഈട്‌ത്തേക്ക് ബെരാനെന്നെ ആരിക്കും കയ്യ. ജീവിക്കാന് വെല്ല്യ കഷ്ടെന്നെ…’ പുറത്തേക്കിറങ്ങാതെ മുഖം മാത്രം പുറത്തേക്കിട്ട് മാധവന്റെ ഭാര്യ ലീല പരാതി പറഞ്ഞു.

കുറേക്കൂടി മാറി നടന്നാല്‍ കരിയന്റെ വീടായി. ഉള്ളതില്‍വെച്ച് കൊള്ളാവുന്നതും വീടെന്ന് വിളിക്കാവുന്നതുമായ ഒരു വീട് പാതിവഴിയിലായി നില്‍ക്കുന്നുണ്ടവിടെ. ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റ് വക അനുവദിച്ച വീടിന് സര്‍ക്കാര്‍ തുകകൊണ്ട് ഒന്നും ആകുന്നില്ലെന്ന് കരിയന്‍ പറയുന്നു. ‘സിമെന്റ്കട്ടയും, പൊടിയും, കട്ടിലയുമെല്ലം താഴേന്ന് കൊണ്ട്വൊരാനെന്നെ ബെല്ല്യ പൈശയാവും. ഒന്നൊന്നര കൊല്ലത്തിന് മേലെയായി ഈടെ വീട് കെട്ടാന്‍ തൊടങ്ങീറ്റ്. ഇത് കണ്ടാ… മൂലയ്ക്ക് കൂട്ടി യിരിക്കുന്ന 5 ചാക്ക് സിമെന്റ് പൊടി കാണിച്ച് കരിയന്‍ പറഞ്ഞു, ഇതിന് കടത്ത് കൂലിമാത്രം 1500 ഉര്‍പ്യായിന്.. ‘ പുതിയ വീടിനോട് ചേര്‍ന്ന് കെട്ടിയ ഷീറ്റ് മറച്ച കൂരയിലാണ് താല്‍ക്കാലിക താമസം. ‘പൈസ തേഞ്ഞില്ലേല്‍ ഞാളേട്‌ന്നെങ്കിലും കൊറച്ച് ഓല കൊണ്ടെന്നിറ്റ് ഈന്റെ മേലെ ബെച്ചിറ്റ് കൂടും.’ ഇറങ്ങാന്‍ നേരത്ത് കരിയന്‍ പറഞ്ഞു.

കുന്നിറങ്ങി വരുന്നതിനിടയിലാണ് മീന്‍ വണ്ടിയൊക്കെപ്പോലെ ഹോണടിച്ചുകൊണ്ട് ഒരു ചെറിയ പിക്കപ്പില്‍ വെള്ളം കൊണ്ട് പോകുന്നത് കണ്ടത്. അതെന്താണെന്ന് ചോതിച്ചപ്പോള്‍ അത് ജോസെന്ന് പേരായ ഇവിടുത്തുകാരനാണന്നും, അവനെന്നും വെള്ളം വില്‍ക്കുമെന്നും, പഞ്ചായത്തിന് ശമിപ്പിക്കാവുന്നതിനുമെത്രയോ മേലെയാണ് ഈ നാട്ടുകാരുടെ ദാഹമെന്നും രാമകൃഷ്ണന്‍ ചേട്ടന്‍ ഓര്‍മ്മിപ്പിച്ചു. ഒരു ടാങ്ക് വെള്ളത്തിന് 2000 രൂപവരെയാകും. രണ്ടും, മൂന്നും കുടുംബക്കാര്‍ ചേര്‍ന്ന് ഒരു ടാങ്ക് വാങ്ങി ഉപയോഗിക്കും. ഒരു ദിവസം മൂന്നും നാലും തവണ ജോസ് വെള്ളം കച്ചവടം ചെയ്യും. അത്രമേല്‍ കോടോംബേളൂരിനെ വരള്‍ച്ച ബാധിച്ചിരിക്കുന്നു. രാമകൃഷ്‌ണേട്ടന്‍ ഇടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നു.

ജ്യോതിഗിരി ഒറ്റപ്പെട്ട ഒരു കുന്നല്ല. ഒരു വലിയ കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ട് അരികുകളിലേക്കെറിയപ്പെട്ട ജീവിതങ്ങളുടെ നിലവിളി നിലയ്ക്കാത്ത മലയാണ്. രോഗങ്ങളും, പട്ടിണിയും, കുറേയൊക്കെ അജ്ഞതയും പേറി ദിവസങ്ങളറിയാതെ ജീവിതം ജീവിച്ച് തീര്‍ക്കുന്നവരുടെ ആവാസ ഭൂമിയാണ്. മലയിറക്കത്തിനായി കാത്ത് കാത്ത് മനം മടുത്തുപോയ ഊരു ജീവിതത്തിന്റെ കറുത്ത മുഖമാണ്. ജില്ലയെ ഒ.ഡി.എഫായി (Open Defecation Free) പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ വക കക്കൂസുകള്‍ ലഭിക്കാത്ത, കുടിവെള്ളത്തിന് കൊള്ളപ്പണം നല്‍കേണ്ടി വരുന്ന, ഉടു തുണിക്കും, വിശപ്പടക്കാനുള്ള ഭക്ഷണത്തിനും സുമനസ്സുകളുടെ സഹായം തേടിക്കഴിയുന്ന സര്‍വ്വത്ര നിസ്സഹായരായ മനുഷ്യ ജന്‍മങ്ങളുണ്ടിവിടെ. കണ്ണടച്ചുറക്കം നടിക്കുന്നവരുടെ കണ്ണ് തുറക്കാനെന്താണ് വേണ്ടതെന്ന് അവര്‍ തന്നെ ചോദിക്കുന്നു. അവരെ തൃപ്തിപ്പെടുത്താനും മാത്രം ഞങ്ങളുടെ പക്കല്‍ ഒന്നുമില്ലാത്തതിനാല്‍ ഞങ്ങള്‍ ഇങ്ങനെ തന്നെ ജീവിക്കുന്നുവെന്ന് പല മൂലകളില്‍ നിന്നും അവര്‍ വിളിച്ചു പറയുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍