UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കറുത്ത കൃഷ്ണനും കറുത്ത അല്‍ഫോന്‍സാമ്മയും സാധ്യമല്ലാത്ത ഇടങ്ങള്‍

ദീപ പ്രവീണ്‍ 

സോഷ്യല്‍ മീഡിയയില്‍ കണ്ട ഒരു ഫോട്ടോയാണ് ഈ കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത്. പ്രൈമറി തലത്തിലുള്ള പാഠപുസ്തത്തില്‍ വെളുത്ത യുവതിയുടേയും കറുത്ത യുവതിയുടേയും ചിത്രം കൊടുത്തു വെളുപ്പ് മനോഹരവും കറുപ്പു വിരൂപവും ആണ് എന്ന് പഠിപ്പിക്കുന്ന ഒരു ചിത്രം. ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഫോര്‍വേഡ് ആയതുകൊണ്ട്, അതിന്റെ ആധികാരികത ഉറപ്പാക്കാന്‍ കഴിയില്ല. എങ്കിലും ചില വസ്തുതകള്‍ നിലനില്‍ക്കുന്നുണ്ട്. നാളെയുടെ വക്താക്കളായ കുഞ്ഞുങ്ങളില്‍ വര്‍ണ്ണവെറിയുടെ വിഷവിത്തുകള്‍ ബോധപൂര്‍വമോ അല്ലാതെയോ വിതയ്ക്കപ്പെടുന്നുണ്ട്. അതിനുള്ള ഉദാഹരണമാണ് വെളുപ്പ് സുന്ദരവും കറുപ്പ് വിരൂപവുമാണെന്നുള്ള പാഠങ്ങള്‍.

മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ഉപഭോക്തൃ പഠന റിപ്പോര്‍ട്ട് പറയുന്നതനുസരിച്ചു ഇന്ത്യന്‍ ജനതയുടെ പകുതിയില്‍ അധികം ആളുകള്‍ ചര്‍മം വെളുപ്പിക്കാനുള്ള കോസ്‌മെറ്റിക്‌സിന് അടിമകളാണ്. മുഖ്യധാര ഉപഭോക്താക്കളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടന്നിരിക്കുന്നത്. നാട്ടിന്‍പുറങ്ങളിലെ ഫാന്‍സി ഷോപ്പുകളില്‍ നിന്നും, പച്ച മഞ്ഞള്‍ അടക്കമുള്ള നാട്ടുമരുന്നുകളില്‍ നിന്നും നിറം വര്‍ദ്ധിപ്പിക്കാന്‍ കിണഞ്ഞുശ്രമിക്കുന്ന അണ്‍ ഐഡന്റിഫൈഡ് കണ്‍സ്യൂമേഴ്‌സിനെ കൂടി കണക്കിലെടുത്താല്‍ ഇന്ത്യയുടെ മുക്കാല്‍ പങ്കും വെളുപ്പിന്റെ സൗന്ദര്യത്തിന് അടിപ്പെട്ടവരാണ്. പ്രതിവര്‍ഷം 200 മില്യണ്‍ ഡോളറിന് അടുത്ത് വിറ്റുവരവുള്ള 10 മുതല്‍ 18 ശതമാനം വരെ വാര്‍ഷിക വളര്‍ച്ചയുള്ള ഒരു വലിയ വ്യവസായമായി മാത്രമല്ല, ഒരു തലമുറയുടെ ചിന്താഗതിയില്‍ കൂടി വെള്ളച്ചായം പൂശുകയാണ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണം എന്നുകൂടി നാം മനസിലാക്കേണ്ടതുണ്ട്. വെളുപ്പു നിറത്തോടുള്ള അഭിനിവേശത്തെകുറിച്ചുള്ള പഠനങ്ങള്‍ അതിന്റെ സാമൂഹിക വശത്തെ കൂടി ചര്‍ച്ച ചെയുന്നുണ്ട്. ഇന്ത്യയിലെ ഉന്നതകുലജാതരായ സ്ത്രീകളും പുരുഷന്മാരും വീടിന്റെ അകത്തങ്ങളില്‍ സൂര്യപ്രകാശത്തില്‍ നിന്ന് അകന്നു ജീവിക്കുമ്പോള്‍, ജാതിയില്‍ താഴ്ന്നവന്‍/ താഴ്ന്നവള്‍ പാടത്തും പറമ്പിലും പൊരിവെയിലത്തു പണിയെടുത്തു കറുപ്പിന്റെ ഉടയോരാകുന്നുവെന്നും അവര്‍ മാറ്റി നിര്‍ത്തപ്പെടണ്ടവരാണ് എന്നുമുള്ള ഒരു ഐഡന്റിഫിക്കേഷന്‍ മെക്കാനിസം കൂടിയാണ് ഇവിടെ ഉടലെടുക്കുന്നത്.

ഈ ബോധം കുഞ്ഞുങ്ങളിലേക്കും പകരുന്നു എന്നതാണ് യാഥാര്‍ഥ്യം. എന്റെ നാട്ടില്‍ കണ്ടുവന്നിരുന്നൊരു പതിവുണ്ടായിരുന്നു, ജാതിയില്‍ താഴ്ന്ന മുതിര്‍ന്നവരെപ്പോലും പേരു ചൊല്ലിവിളിക്കാനായിരുന്നു കുട്ടികളെ പരിശീലിപ്പിച്ചിരുന്നത്. സ്‌കൂളിലേക്കുള്ള യാത്രയില്‍ സഹപാഠി പ്രായം ചെന്നൊരാളെ പേരു വിളിച്ചപ്പോള്‍, അതിനെ ചോദ്യം ചെയ്ത എനിക്കു കിട്ടിയ മറുപടി; അയാള്‍ കീഴ്ജാതിക്കാരനും കറുത്തവനുമാണെന്നതായിരുന്നു. എന്റെ തൊലിയുടെ നിറം ചോദ്യം ചെയ്‌പ്പെട്ട സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ക്രിമിനോളജി ക്ലാസ്സുകളില്‍ കറുപ്പു നിറക്കാരന്‍ വെളുപ്പുനിറത്തെക്കാള്‍ എളുപ്പം കുറ്റാരോപിതനാകുന്നു എന്നു പറയുന്ന നിരവധി റിസര്‍ച്ച് പേപ്പറുകളിലെ സാക്ഷ്യപ്പെടുത്തലുകളിലൂടെയും കടന്നുപോയിട്ടുണ്ട്.

യൂണിവേഴ്‌സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് (Art 7 ) ഉം ഇന്ത്യന്‍ ഭരണഘടനയും (Art 15-1 )വളരെ വ്യക്തമായ ഭാഷയില്‍ നിറത്തിന്റെ പേരിലുള്ള വിവേചനം പാടില്ല എന്നു പറയുന്നിടത്താണ് നമ്മള്‍ വരും തലമുറയെ വര്‍ണവിവേചനത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുന്നത്. ചൈല്‍ഡ് സൈക്കോളജിയില്‍ ഉള്ള പഠനങ്ങളില്‍ പറയുന്നത് ഏതാണ്ട് മൂന്നു വയസ് മുതല്‍ കുട്ടികള്‍ക്ക് നിറവും, രൂപ, ലിംഗ വ്യത്യാസങ്ങള്‍ അറിയാന്‍ കഴിയുമെന്നും അവരുടെ സാമൂഹികമായ ഇടപെടലുകള്‍ അതിനനുസരിച്ചാണ് രൂപപ്പെടുന്നത് എന്നുമാണ് (1). മുതിര്‍ന്നവരേക്കാള്‍ എളുപ്പത്തില്‍ കുട്ടികള്‍ വസ്തുതകളെ സ്ഥിരരൂപമായി (സ്റ്റീരിയോ ടൈപ്പ്) കാണുകയും പ്രതികരിക്കുകയും ചെയ്യുന്നു എന്നാണ്. തങ്ങളുടെ കളിക്കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതില്‍ അവരോട് ഇടപെടുന്നതില്‍ കുട്ടികളിയായിരിക്കുമ്പോള്‍ തന്നെ അവരില്‍ എത്തിയ അറിവുകളുടെ പ്രതിഫലനം കാണാം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചിരുത്തുന്ന നഴ്‌സറി സ്‌കൂളുകളില്‍ അവര്‍ ഉണ്ടാകുന്ന സുഹൃത്ത് വലയങ്ങള്‍ പലപ്പോഴും ലിംഗപരം ആകുന്നതിന്റെ കാരണവും മറ്റൊന്നല്ല. അതുകൊണ്ട് തന്നെ ഈ പ്രായത്തില്‍ കുട്ടികള്‍ സ്വാംശീകരിക്കുന്ന അറിവ് ഏതു മീഡിയത്തില്‍ നിന്നുള്ളതായാലും അവരുടെ വ്യക്തിത്വ രൂപീകരണത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്നതാണ്. അങ്ങനെയിരിക്കേ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്, വിദ്യാലങ്ങളിലും വ്യക്തിജീവിതത്തില്‍ അവര്‍ കടന്നു പോകുന്ന സാമൂഹ്യ ഇടങ്ങളിലും, അവര്‍ക്കായി കരുതിവയ്ക്കുന്ന ബിംബങ്ങള്‍ വര്‍ണവിവേചനത്തിന്റെതാണോ എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ പ്രചരിക്കുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വെളുപ്പിച്ചെടുത്ത മുഖം ഇതോടൊപ്പം തന്നെ ചേര്‍ത്തു വായിക്കേണ്ട ഒന്നായി തോന്നുന്നു. ആ അമ്മ ജീവിച്ചിരുന്ന വീട്ടില്‍ ഞാന്‍ പോയിട്ടുണ്ട്, അവിടെ സൂക്ഷിച്ചിരിക്കുന്ന അമ്മയുടെ ചിത്രവും പിന്നിട് പലയിടത്തായി പലകാലങ്ങളില്‍ കണ്ട പ്രിന്റഡ് ചിത്രങ്ങളും രണ്ടാണ്. എന്തേ ഒരു കറുത്ത വിശുദ്ധ പാടില്ലേ? ഹിന്ദു മിത്തോളജി എടുത്താല്‍ രാധയെകുറിച്ച്, കൃഷ്ണനെക്കുറിച്ച്, അര്‍ജുനനെക്കുറിച്ച് എല്ലാം പറയുന്ന മൂലസാഹിത്യം അവരുടെ നിറം കറുപ്പെന്നു പറയുമ്പോള്‍ ചിത്രകാരന്മാരെല്ലാം വെളുത്ത രാധയേയും വെളുത്ത കൃഷ്ണനേയും വരയ്ക്കുന്നു. അങ്ങനെ ഒരു ജനതയിലേക്ക് കറുപ്പ് മോശം ആണെന്നും മാറ്റി നിര്‍ത്തപ്പെടേണ്ട ഒന്നാണെന്നുമുള്ള ബോധം പകരുന്നു. മതം എന്ന മനുഷ്യനെ മയക്കുന്ന കറുപ്പ് ഇതിനു മറ്റൊരായുധമാകുന്നോ?

ഇതിഹാസ താരം മുഹമ്മദാലി ഒരിക്കല്‍ പറഞ്ഞു; ‘Hating people because of their color is wrong. And it doesn’t matter which color does the hating. It’s just plain wrong’
 

നമ്മള്‍ കുട്ടികളോട് ഇക്കാര്യം എന്തുകൊണ്ട് പറഞ്ഞു കൊടുക്കുന്നില്ല?
നമ്മളെ വിവിധ ചേരികളില്‍ നിര്‍ത്തുന്നത് നമ്മുടെ വ്യത്യസ്ഥതകളല്ല. ആ വ്യത്യസ്ഥത-നിറമാകട്ടെ, രാഷ്ട്രീയമാകട്ടെ, മതമാകട്ടെ, ചിന്താഗതിയാകട്ടെ- മനസ്സിലാക്കി മനുഷ്യനും മനുഷ്യത്വവും അതിനപ്പുറമാണെന്ന തിരിച്ചറിവില്ലായ്മയാണ്. അത് മാറണം. പുതിയ തലമുറയുടെ ഭാവി നിര്‍ണയിക്കുന്ന പ്രാഥമിക വിദ്യാഭ്യാസ ഘട്ടത്തില്‍ കുട്ടികളെ വിവേചനങ്ങള്‍ക്ക് അതീതരായി ആത്മവിശ്വാസമുള്ള, ആത്മബോധമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ കഴിയണം. അതിനു മുന്‍പറഞ്ഞ കെട്ടുപാടുകള്‍ എല്ലാം വലിച്ചെറിഞ്ഞു നമുക്ക് മനുഷ്യര്‍ മാത്രമാവണം മാനവികത എന്ന സാമൂഹിക ബോധത്തിലേക്ക് ഉയരണം. അങ്ങനെ ഒരു കാലം ഉണ്ടാകുമായിരിക്കും.

(നിയമത്തിലും (എം ജി യൂണിവേഴ്സിറ്റി) ക്രിമിനോളജിയിലും (സ്വാൻസി യൂണിവേഴ്സിറ്റി,യു കെ) ബിരുദാനന്തര ബിരുദം. ഇപ്പോൾ വെയില്‍സില്‍ താമസിക്കുന്നു. സ്വാൻസി യൂണിവേഴ്‌സിറ്റിയിൽ റിസർച്ച് അസോസിയേറ്റായും,  ഗാര്‍ഹിക പീഡന ഇരകള്‍ക്ക് വേണ്ടിയും സ്ത്രീകള്‍ക്കുമായി പ്രവർത്തിക്കുന്ന Llanelli  Womens  Aid- ട്രസ്റ്റീ ആയും ഡയറക്ടർ ബോർഡ് മെമ്പർ ആയും പ്രവർത്തിച്ചിട്ടുണ്ട്.)

ഫ്രം ദ ഗ്രാനൈറ്റ് ടോപ്

ഫ്രം ദ ഗ്രാനൈറ്റ് ടോപ്

സോഷ്യല്‍ മീഡിയ സ്ത്രീ കൂട്ടായ്മയാണ് ഫ്രം ദ ഗ്രാനൈറ്റ് ടോപ്. തൊഴില്‍ കൊണ്ട് വിവിധ മേഖലകളില്‍ നിലകൊള്ളുന്നവരാണ് ഈ കൂട്ടായ്മയിലെ ഓരോരുത്തരും. സ്ത്രീയെന്നാല്‍ അരങ്ങിലെത്തേണ്ടവളാണെന്ന ഉത്തമ ബോധ്യത്തോടെ തൂലിക ചലിപ്പിക്കുകയാണ് ഇവര്‍. അവരെഴുതുന്ന കോളമാണ് ഫ്രം ദ ഗ്രാനൈറ്റ് ടോപ്. മലയാളം ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് തന്നെ ഇത്തരമൊരു കോളം ആദ്യത്തേതാണ്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍