UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാന്‍ ഇന്ത്യക്കാരിയാണ്, കറുപ്പാണ്, എനിക്കതൊരു പ്രശ്നവുമല്ല

Avatar

അശ്വതി തോമസ്

ഇന്ത്യക്കാരിയായിരിക്കുന്നത് എനിക്കിഷ്ടമാണ്, സത്യമായും. ഈ രാജ്യത്തിന്റെ ശക്തമായ ചരിത്രവും തനിമയാര്‍ന്ന സംസ്കാരവും ഒരാള്‍ക്ക് എങ്ങനെ അതല്ലാതെ കഴിയും?

പക്ഷേ ഇന്ത്യയുടെ ഈ മനോഹരമുഖത്തിന് പിന്നില്‍ നമ്മുടെ സമൂഹം തുടര്‍ച്ചയായി തിരിച്ചറിയാതെ പോകുന്ന പടരുന്ന ഒരു രോഗമുണ്ട്-വര്‍ണ്ണനിന്ദ (colorism).

എഴുത്തുകാരി ആലീസ് വാക്കറാണ് colorism എന്ന വാക്ക് സൃഷ്ടിച്ചത്. ഒരേ വംശീയ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കിടയില്‍ കറുത്ത തൊലിയുള്ളവരോട് കാണിക്കുന്ന വിവേചനം എന്നാണ് ഈ വാക്കിന്റെ നിര്‍വ്വചനം. ഒരുതരം സാത്മീകരിച്ച വംശീയ വിദ്വേഷം.

എല്ലാക്കാലത്തും ഞാന്‍ കറുത്തിട്ടായിരുന്നു. സത്യമായിട്ടും എനിക്കതില്‍ ഒട്ടും വിഷമവുമില്ലായിരുന്നു. അല്ലെങ്കില്‍ത്തന്നെ എന്തിനാണ് വിഷമിക്കുന്നത്? എനിക്കു നല്ല കൂട്ടുകാരുണ്ടായിരുന്നു, ഗ്ലാസ് പകുതി നിറഞ്ഞുതന്നെ ഇരുന്നു, എന്നും രാത്രി 9:30-നു ഉറങ്ങാന്‍ പോയി, ജീവിതത്തില്‍ എന്നെ തടഞ്ഞുനിര്‍ത്താന്‍ മാത്രം ഒന്നുമില്ലായിരുന്നു.

ആഹാ, അപ്പോഴാണ് മിഡില്‍ സ്കൂളില്‍ എത്തുന്നത്!

വലുതാവാന്‍ തുടങ്ങിയപ്പോള്‍ എന്റെ കറുത്ത നിറത്തെക്കുറിച്ച് ചുറ്റുമുള്ള ആളുകള്‍ എന്തൊക്കെയാണ് പറയുന്നതെന്ന് ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. മുറിയിലെ വിളക്കുകള്‍ അണച്ചിട്ട് ‘എവിടെ അശ്വതി?’, എന്നും ‘അശ്വതി ഒന്നു ചിരിക്കൂ, നിന്നെ കാണാനാ,’ എന്നും പറഞ്ഞിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. ചിലപ്പോള്‍ ഞാന്‍ വര്‍ഷങ്ങളായി കണ്ടിട്ടില്ലാത്ത ബന്ധുക്കള്‍ എന്നോടു,‘എന്റെ ദൈവമേ, നീയാകെ കറുത്തുപോയല്ലോ,’ എന്നു അന്തംവിടുന്നതും പിന്നെ തൊലി വെളുപ്പിക്കാനുള്ള ലേപനങ്ങളെക്കുറിച്ച് പറഞ്ഞുതരുന്നതും ഓര്‍ക്കുന്നുണ്ട്. അതേ നിങ്ങള്‍ വായിച്ചത് ശരിയാണ്-തൊലി വെളുപ്പിക്കല്‍.

ഒരു വേനല്‍ക്കാല രാത്രിയിലെ സംഭവം ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു. പള്ളിയില്‍ ബാസ്കറ്റ്ബോള്‍ പരിശീലനം കഴിഞ്ഞ് ഞങ്ങള്‍ കുറച്ചു പെണ്‍കുട്ടികള്‍ പുറത്തു ഭക്ഷണം കഴിക്കാന്‍ പോയി. ഐസ്ക്രീം നുണഞ്ഞിരിക്കെ ചില പെണ്‍കുട്ടികള്‍ കൈത്തണ്ടകളില്‍ നോക്കി വേനലില്‍ അവരുടെ തൊലി കരുവാളിച്ചതിനെക്കുറിച്ച് സങ്കടപ്പെട്ടു. ഒരു പെണ്‍കുട്ടി പറഞ്ഞു,“അശ്വതിയെപ്പോലെ ആകാഞ്ഞതിന് നന്ദി പറയൂ,” മറ്റൊരാള്‍ അപ്പോള്‍ പറഞ്ഞു,“വിഷമമൊന്നും തോന്നരുതു, ഞാന്‍ നിന്നെപ്പോലെ അല്ല എന്നതില്‍ സന്തോഷമുണ്ട്.” എല്ലാവരും ചിരിച്ചു. പക്ഷേ എന്റെ ചോര തിളയ്ക്കുകയും, കണ്ണുകള്‍ നീറുകയും ചെയ്തു. അത്രത്തോളം ഞാനൊരിക്കലും എന്റെ നാക്കിനെ കടിച്ചുപിടിച്ചിട്ടില്ല. കാണാന്‍ എന്നെപ്പോലെയല്ല എന്നതില്‍ സന്തോഷിക്കുന്നു എന്നു ഒരാള്‍ പറയുന്നതു എനിക്കു വിശ്വസിക്കാനായില്ല. ആ വാക്കുകള്‍ എന്നെ ഇപ്പോഴും വിവരിക്കാന്‍ കഴിയാത്തവണ്ണം മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുന്നു.

ആ രാത്രി വീട്ടില്‍ തിരിച്ചെത്തിയ ഞാന്‍ കോണിപ്പടികള്‍ ഓടിക്കയറി മുറിയില്‍ക്കയറി വാതിലടച്ചു നിലത്തിരുന്നു കരഞ്ഞു. ഒരിയ്ക്കലും കരയാത്തത്ര ഞാനന്ന് കരഞ്ഞു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എന്റെ കവിളില്‍ കണ്ണീര്‍ വീണുകൊണ്ടിരുന്നു. എനിക്കു ജീവിക്കേണ്ടെന്നുവരെ തോന്നി. ആ പെണ്‍കുട്ടികളുടെ വാക്കുകള്‍ എന്നെ അത്രമാത്രം മുറിപ്പെടുത്തിയിരുന്നു. ആ വാക്കുകള്‍ ഞാന്‍ എന്നെ കാണുന്ന രീതിയെ എന്നേക്കുമായി മാറ്റിതീര്‍ത്തു.

അതൊന്നും ദുരുദ്ദേശം വെച്ചു പറഞ്ഞതായിരുന്നില്ല. എന്റെ പള്ളിയിലെ പെണ്‍കുട്ടികള്‍ വളരെ നല്ലവരായിരുന്നു. പക്ഷേ ഇന്ത്യക്കാരായ നമ്മളെ കുട്ടിക്കാലം മുതലേ ‘വെളുത്താല്‍ സുന്ദരം, കറുത്താല്‍ മോശം’ എന്ന ധാരണയില്‍ വാര്‍ത്തെടുക്കുകയാണ്. താരങ്ങളെയും പ്രശസ്തരേയും വെളുപ്പിച്ചെടുത്തും തൊലി വെളുപ്പിക്കാനുള്ള പരസ്യങ്ങള്‍ നല്‍കിയും മാധ്യമങ്ങളും ഇതിനെ അരക്കിട്ടുറപ്പിക്കുന്നു.

പക്ഷേ, ഒരു ചെറുപ്പം പെണ്‍കുട്ടിയായിരുന്ന എന്നെ ആ വാക്കുകള്‍ അന്ന് തളര്‍ത്തി. ആളുകള്‍ പറഞ്ഞ ആ അര്‍ത്ഥശൂന്യമായ കാര്യങ്ങള്‍ എന്നെ വേദനിപ്പിച്ചു; ഞാന്‍ ലോകത്തെ കാണുന്ന രീതിയില്‍ പ്രതികൂല സ്വാധീനമുണ്ടാക്കി. അത് മറ്റാര്‍ക്കും ഉണ്ടാകരുത് എന്നാണെന്റെ ആഗ്രഹം.

നിരവധി വേനല്‍ക്കാലങ്ങള്‍ ഞാന്‍ സൂര്യനില്‍ നിന്നും ഒളിച്ചോടി. പല വേനലിലും ഞാന്‍ നീന്താനെ പോയില്ല. മുഖലേപനങ്ങളും വെളുക്കാനുള്ള വിദ്യകളും ഞാന്‍ നിരന്തരം ഉപയോഗിച്ചുകൊണ്ടിരുന്നു. കുറച്ചുകൂടി വെളുത്ത നിറമാകാനും സുന്ദരിയായി തോന്നാനും ഞാന്‍ എന്റെ ചിത്രങ്ങളില്‍ കള്ളപ്പണികള്‍ നടത്തി. രാത്രിയില്‍ ചിത്രങ്ങളെടുക്കാതായി,  കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങളെ തിരിഞ്ഞു നോക്കാതായി. ഒരു സമയത്ത് കണ്ണാടിയില്‍ നോക്കാന്‍ പോലും ഇഷ്ടമല്ലാത്തവിധം, സ്കൂളില്‍ പോകാന്‍ തയ്യാറാവുന്ന സമയത്ത് കരയുന്നത്ര മോശമായി അവസ്ഥ. അതേ, അത്രയ്ക്കും കഷ്ടമായിരുന്നു.

അപ്പോഴേക്കും പത്താം തരത്തിലെത്തി. ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വര്‍ണനിന്ദയെക്കുറിച്ച് ഒരു പ്രസംഗം (ഗംഭീരമായ സഹായത്തോടെ) തയ്യാറാക്കി. ഞാന്‍ കടന്നുപോയ അനുഭവങ്ങള്‍. അതെന്നെ പലതും തിരിച്ചറിയിപ്പിച്ചു. തൊലി വെളുപ്പിക്കേണ്ടെന്നും സൂര്യനെ പേടിക്കേണ്ടെന്നും ഞാന്‍ മനസിലാക്കി. എന്റെ ഇഷ്ടനിറമായ മഞ്ഞയടക്കം ഏത് നിറവും ധരിക്കാമെന്നും. എന്നെ അതാകെ ആവേശം കൊള്ളിച്ചു. ദൈവം എന്നെ സൃഷ്ടിച്ചപ്പോലെ ഞാന്‍ സുന്ദരിയാണെന്നും തിരിച്ചറിഞ്ഞു.

ഞാനെഴുതിയ ആ സാധാരണ പ്രസംഗം എന്റെ വീക്ഷണത്തെതന്നെ മാറ്റിമറിച്ചു. എനിക്കു സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോയിരുന്ന ആളുകളുടെ കൂട്ടത്തില്‍ ഞാന്‍ ചേര്‍ന്നു. അഭിപ്രായങ്ങള്‍ പങ്കുവെച്ചു. ഒരാള്‍ എന്റെ ചിത്രങ്ങള്‍ എടുക്കാം എന്നുവരെ വാഗ്ദാനം ചെയ്തു! ചര്‍ച്ച മത്സരങ്ങളിലൂടെ പരിപാടി കഴിഞ്ഞാല്‍ എന്നെ കെട്ടിപ്പിടിക്കുന്ന മറ്റ് ഇന്ത്യന്‍ കുട്ടികളെ ഞാന്‍ കണ്ടു. കാരണം ഞാന്‍ പറയുന്നതു അവര്‍ക്ക് കൃത്യമായി മനസിലാകുമായിരുന്നു.

കറുത്ത നിറത്തിന്റെ പേരില്‍ അവഹേളിക്കപ്പെടുന്ന ആരോടും എനിക്കു പറയാനുള്ളത് നിങ്ങള്‍ക്കൊരു കുഴപ്പവുമില്ല എന്നാണ്. മറ്റുള്ളവരുടെ വാക്കുകള്‍ കേട്ടു അങ്ങനെ തോന്നണ്ട കാര്യവുമില്ല. വെളുക്കുകയും സുന്ദരിയായി ചമയുകയോ ചെയ്യേണ്ട. നിങ്ങളെങ്ങനെയോ അങ്ങനെതന്നെ നിങ്ങള്‍ക്ക് ഭംഗിയുണ്ട്.

എല്ലാവര്‍ക്കും എന്റെ പ്രശ്നങ്ങളും ആശങ്കകളും ഉള്‍ക്കൊള്ളാന്‍ ആയെന്നുവരില്ല. കറുത്ത നിറമാണ് എന്നതിന്റെ പേരില്‍ വെറുക്കപ്പെടുന്ന അവസ്ഥ എന്താണെന്ന് എല്ലാവര്‍ക്കും അറിയണമെന്നില്ല. പക്ഷേ നമ്മളെങ്ങനെയോ അതിനെ ഒരു കോമാളിത്തമാക്കി മാറ്റുന്നത് ഏല്ലാവര്‍ക്കും മനസിലാകും. ഒരു സുന്ദരമായ ആഫ്രിക്കന്‍-അമേരിക്കന്‍ പഴഞ്ചൊല്ല് ദീര്‍ഘമായി പറയുന്നപോലെ- സൌന്ദര്യം എന്നാല്‍ സൌന്ദര്യം ചെയ്യുന്നതാണ്. സൌന്ദര്യത്തിന് ഒരു ഏകശിലാ മാനദണ്ഡം സാധ്യമല്ല-അതിലൊരര്‍ത്ഥവുമില്ല. പ്രകൃതി അതിന്റെ വിസ്മയിപ്പിക്കുന്ന വൈവിധ്യത്തില്‍, സൌന്ദര്യത്തിന്റെ വിവിധ മാനങ്ങളും സാധ്യതകളും തന്നിട്ടുണ്ട്. ഒരു ലില്ലിപ്പൂവ് ഒരു പനിനീര്‍പ്പൂവിനെക്കാള്‍ സുന്ദരമല്ല; ഒരു ഓക്ക് മരം ഒരു പനയേക്കാള്‍ സുന്ദരമല്ല. ഓരോന്നും അതിന്റെതായ രീതിയില്‍ സുന്ദരവും ലോകത്ത് അതിന്റെതായ പ്രത്യേക ധര്‍മ്മവും ഉള്ളവയാണ്.”

ആളുകള്‍ക്ക് തനിമ നല്‍കുന്ന സംഗതികളുടെ പേരില്‍ അവരെ അവഹേളിക്കുന്നത് ഒരു സമൂഹമെന്ന നിലയില്‍ നാം അവസാനിപ്പിക്കണം. അതവരുടെ ശബ്ദമാകാം, വസ്ത്രങ്ങളാകാം, നിങ്ങള്‍ ഊഹിച്ചപോലെ തൊലിയുടെ കറുത്ത നിറവുമാകാം. ഓരോരുത്തരേയും അവരവരാക്കുന്ന രീതികള്‍വെച്ചു ആളുകളെ ഇഷ്ടപ്പെടാന്‍ നമുക്കാകണം.

എന്റെ പേര് അശ്വതി തോമസ് എന്നാണ്. 16 വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ എന്നെ ഞാനായിതന്നെ ഇഷ്ടപ്പെടുന്നു. ഞാന്‍ അശ്വതി തോമസ്, ഇന്ത്യക്കാരിയാണ്, കറുപ്പാണ്, അതെനിക്കൊരു പ്രശ്നവുമല്ല.

* അശ്വതി തോമസിന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: https://goo.gl/VIsbp5

 (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍