UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീതപഥങ്ങള്‍

വിശാഖ് ശങ്കര്‍

സംഘി അജണ്ടയ്ക്ക് സ്വയമൊരു ‘ഹ്യൂമൻ ഷീൽഡ്’ ആവരുത് സിപിഎമ്മും യെച്ചൂരിയും

ഗോഡ്സേ എന്നത് ഒരു വ്യക്തിയല്ല, ഒരു രാഷ്ട്രീയാജണ്ടയായിരുന്നു; അതുവച്ച് നോക്കുമ്പോൾ ഇന്ന് നടക്കുന്നതൊക്കെ വെറും നിസ്സാരം.

കാവിദേശീയതയുടെ വക്താക്കളായ രണ്ട് യുവാക്കൾ സിപിഎമ്മിന്റെ പാർട്ടി ആസ്ഥാനത്തേയ്ക്ക് നുഴഞ്ഞുകയറുകയും പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിക്കുകയും ചെയ്തു എന്ന വാർത്ത പുറത്തുവന്നത് ഇന്നലെ വൈകിട്ടാണ്. ഇന്ന് സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഎം വൻ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുകയാണെന്നും കേൾക്കുന്നു.

സംഘപരിവാറിനൊപ്പം ആൾബലവും അധികാരവുമൊന്നും ഇല്ലായെങ്കിലും ഒരു സംഘടന എന്ന നിലയ്ക്ക് സിപിഎമ്മിനെയോ, ഒരു നേതാവ് എന്ന നിലയിൽ സീതാറാം യെച്ചൂരിയെയോ സമ്മർദ്ദത്തിലാക്കാൻ ഇതുകൊണ്ടൊന്നും ആവുമെന്ന് തോന്നുന്നില്ല. വലിയ ദേശീയ പാർട്ടിയൊന്നുമല്ലെങ്കിലും രണ്ട് സംസ്ഥാനം ഭരിക്കുന്ന, ഇന്ത്യയിൽ ഉടനീളം സാന്നിധ്യമുള്ള ഒന്നാണ് ഇന്നത്തെ കമ്യൂണിസ്റ്റ് പാർട്ടി. എന്നാൽ ഇതൊന്നുമില്ലാതെ, രാഷ്ട്രീയ അധികാരത്തിന്റെയോ ഹെജിമണിയുടെയോ മതാധികാരത്തിന്റെയോ പിന്തുണയില്ലാതെ പ്രവർത്തിച്ചിരുന്ന ഒരു കാലമുണ്ട് അതിന് പണ്ട്. അഞ്ചാറ് പേർ ചേർന്ന് ഒളിവിലും തെളിവിലുമായി പ്രവർത്തിച്ച്, പോലീസിന്റെയും ഗുണ്ടകളുടെയും തല്ല് വാങ്ങിയും പറ്റിയപോലെ കൊടുത്തും ഒക്കെയായി പാർട്ടി വളർത്തിയ ഒരുകാലം. അന്ന് പേടിച്ചിട്ടില്ല അവർ എങ്കിൽ  ഇന്ന് അതിന് തീരെ സാധ്യതയില്ല തന്നെ. അതായത് സിപിഎമ്മിന് സംഘടനാതലത്തിലും യെച്ചൂരിക്ക് വ്യക്തിതലത്തിലും ‘തരത്തിപ്പോയി കളിയെടാ പിള്ളാരേ…’ എന്ന തരത്തിൽ പുച്ഛിച്ച് തള്ളാവുന്ന ഒന്നേയുള്ളൂ ഈ ആക്രമണം.

അപ്പോൾ ദേശീയ മാധ്യമങ്ങൾ ഈ വിഷയത്തിൽ പുലർത്തിയ മൗനം ന്യായികരിക്കാവുന്നതാണോ എന്ന് ചോദിച്ചാൽ, അല്ല. കാരണം ഇത് ഭീഷണിയാകുന്നത് സിപിഎം എന്ന ഒരു പാർട്ടിക്കോ, യെച്ചൂരി എന്ന ഒരു നേതാവിനോ അല്ല. അഥവാ ആണെങ്കിൽ അതിനെ നേരിടാനുള്ള ശേഷി സ്വന്തം നിലയ്ക്ക് തന്നെ അവർക്കുണ്ട്. പ്രശ്നം അതല്ല, മറിച്ച് ഇന്ത്യൻ മതേതര, ജനാധിപത്യ മൂല്യങ്ങൾക്ക് അതുയർത്തുന്ന പൊതുവായ ഭീഷണിയാണ്.

എന്താണ് പ്രകോപനം?
കുറേ നിഷ്കളങ്കർ ഇതിനെ പണ്ട് പ്രകടനത്തിടയിൽ ഉമ്മൻ ചാണ്ടി സഞ്ചരിച്ചുകൊണ്ടിരുന്ന കാറിന് കല്ലേറുണ്ടാവുകയും അദ്ദേഹത്തിന് പരുക്കേൽക്കുകയും ചെയ്തതുൾപ്പെടെയുള്ള സിപിഎമ്മിൽ പ്രതിസ്ഥാനമാരോപിക്കപ്പെടുന്ന  നിരവധി അക്രമ സംഭവങ്ങളെ മുൻ നിർത്തി, കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന നിലയ്ക്ക് ലളിതവൽക്കരിച്ചുകൊണ്ട് മുമ്പോട്ട് വന്നിട്ടുണ്ട്. ഒപ്പം ചില സ്വത്വവാദിശബ്ദങ്ങൾ, രണ്ട് സംസ്ഥാനത്തെങ്കിലും അധികാരമുള്ള, മറ്റ് പല ഇടങ്ങളിൽ പല തലങ്ങളിൽ അധികാര പങ്കാളിത്തമുള്ള ഒരു പാർട്ടിയും അതിന്റെ സെക്രട്ടറിയുമോ ഇര എന്ന പുച്ഛസ്വരവും മുമ്പോട്ട് വയ്ക്കുന്നുണ്ട്. ഇക്കൂട്ടരുടെ അറിവിലേക്കായി പറഞ്ഞത് ഒന്നുകൂടി ആവർത്തിക്കുന്നു; ഇത് ഭീഷണിയാകുന്നത് സിപിഎം എന്ന ഒരു പാർട്ടിക്കോ യെച്ചൂരി എന്ന ഒരു നേതാവിനോ അല്ല. അഥവാ ആണെങ്കിൽ അതിനെ നേരിടാനുള്ള ശേഷി സ്വന്തം നിലയ്ക്ക് തന്നെ അവർക്കുണ്ട്.

ഈ പറഞ്ഞത് ഒന്നുകൂടി വ്യക്തമാകണമെങ്കിൽ ഈ ആക്രമണത്തിന്റെ പശ്ചാത്തലം പരിശോധിക്കണം. സിപിഎം ആസ്ഥാനം ആക്രമിക്കപ്പെടുന്നത് ഇത് ആദ്യമായല്ല. സംഘപരിവാറുകാര്‍ മുമ്പ് ഇതുപോലൊരു ആക്രമണം നടത്തിയപ്പോൾ തകർന്ന സ്ഥാവരജംഗമങ്ങളുടെ കൂട്ടത്തിലും ഉണ്ടായിരുന്നു യെച്ചൂരി, പുള്ളിയുടെ കാറ്. പക്ഷേ അത് സിപിഎം കണ്ണൂരിൽ നടത്തുന്നു എന്ന് ആർഎസ്എസ് ആരോപിക്കുന്ന ഏകപക്ഷീയമായ ആക്രമണങ്ങൾക്ക്, അവർക്ക് കരുത്തുള്ള ഒരു സ്ഥലത്തുവച്ച് അവർ നൽകുന്ന തിരിച്ചടി എന്ന നിലയിൽ ആയിരുന്നു. ഇതും അങ്ങനെയൊന്നാണോ?

കല്ലേറു തടുക്കാൻ എന്ന ഭാഷ്യത്തിൽ ഒരു മുസ്ലീം യുവാവിനെ ‘ഹ്യൂമൻ ഷീൽഡ്’ ആയി ജീപ്പിന്റെ ബോണറ്റിൽ കെട്ടിയിരുത്താൻ ഉത്തരവിട്ട മേജർ ഗോഗോയിയുടെ നടപടി രാജ്യവ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ സംഭവം നമുക്ക് ഓർമ്മയുണ്ടാവണം. അതിനെ ന്യായീകരിച്ചുകൊണ്ട് സേനാ തലവൻ ബിപിൻ റാവത്ത് രംഗത്ത് വന്നതും. ഇതിനെ അപലപിച്ചുകൊണ്ട് സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പീപ്പിൾസ് ഡേമോക്രസിയിൽ എഴുതിയ ലേഖനമാണ് ഈ സംഭവത്തിന് ആധാരമായ പ്രകോപനം, അല്ലാതെ ഒരു രാഷ്ട്രീയ സംഘട്ടനത്തിന്റെ ബാക്കിപത്രമോ സ്വാഭാവിക അനുരണനമോ ഒന്നുമല്ല അത്.

ഇനി പറയൂ, ആരാണിര?
പട്ടാളം, പോലീസ്, മറ്റ് അർദ്ധ സൈനിക വിഭാഗങ്ങൾ, ബ്യൂറോക്രാറ്റുകൾ, രാഷ്ട്രീയ പ്രവർത്തകർ, കോടതി, പലതരം തൊഴിലാളികൾ ഒക്കെ ചേരുന്നതാണ് ഒരു ആധുനികരാഷ്ട്രം. ഭരണപക്ഷത്തും പ്രതിപക്ഷത്തും ജനങ്ങൾ തന്നെ. അതുകൊണ്ട് തന്നെ ഇതിൽ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ കുത്തകയല്ല ദേശവും ദേശസ്നേഹവും. വിമർശനങ്ങളും വിയോജിപ്പുകളും ഇതിന്റെ ഭാഗമാണ്. ആ നിലയ്ക്ക് മേല്‍പ്പറഞ്ഞവർ എല്ലാം എന്ന പോലെ പട്ടാളവും വിമർശിക്കപ്പെടുന്നു. വിമർശനത്തിന്റെ മെറിറ്റ് മുൻനിർത്തി ആശയതലത്തിൽ അതിനെ നേരിടുക, അതിനുമപ്പുറം വിമർശനങ്ങൾ വ്യക്തിഹത്യയുടെ തലം ഉൾക്കൊള്ളുന്നതാണെങ്കിൽ, കലാപപ്രേരണയോ വിഘടനവാദ ആഭിമുഖ്യമോ വളർത്തുന്നവയാണെങ്കിൽ അവയെ നിയമപരമായും നേരിടാം.

കേരളീയർ എന്ന നിലയിൽ മേജർ ഗോഗോയിയുടെ നടപടിയെ വിമർശിച്ച നിരവധി വ്യക്തികളിൽ ഒരാളാണ് ഈ ലേഖകനും. സംഘടന എന്ന നിലയിലും സമുദായം എന്ന നിലയിലും ഒക്കെ ഇതിനെ വിമർശിച്ച വേറേ നിരവധി സ്ഥാപനങ്ങളുണ്ട്. അവയിൽ, അവരിൽ ഒന്നും ആക്രമിക്കപ്പെടാതെ സിപിഎമ്മും അതിന്റെ സെക്രട്ടറിയും ആക്രമിക്കപ്പെട്ടതെന്തുകൊണ്ട് എന്ന ചോദ്യത്തിലേയ്ക്ക് കടക്കുന്നില്ല, അത് ഇതിനോടകം തന്നെ ഒരുപാട് ചർച്ച ചെയ്യപ്പെട്ടതാണല്ലോ. പ്രശ്നം അതല്ല. സിപിഎമ്മിന് ഒരു സംഘടനയെന്ന നിലയിൽ അതിന്റേതായ ആനുപാതിക അധികാര പങ്ക് ഉണ്ട് എന്നതുകൊണ്ട് അവർ അല്ല ഇര എന്ന വാദത്തെ പൂർണ്ണമായും അംഗീകരിക്കുന്നു. പിന്നെ ആരാണിതിന്റെ ഇര?

ബ്രാഹ്മണിക് ഹിന്ദുത്വവും ഇന്ത്യയിൽ രാഷ്ട്രീയ അധികാരം കയ്യാളുന്ന അതിന്റെ മുഖ്യ, പാർശ്വ വിഭാഗങ്ങളും ഒരുപോലെ ഒത്തുചേർന്ന് നിർവചിച്ച അവരുടെ ഒരു തനത് ദേശീയതയുണ്ട്. അതിന്റെ സമവാക്യം ഇപ്പോൾ പട്ടാളം സമം രാജ്യം എന്നതാണ്. അപ്പോൾ പട്ടാളത്തെ വിമർശിക്കുന്നത് രാജ്യസ്നേഹികളുടെ വികാരത്തെ വൃണപ്പെടുത്തും. അവർ പ്രതികരിക്കും. ജനാധിപത്യ സംഘടനകൾ എന്ന നിലയിൽ ബിജെപിയോ സംഘപരിവാറോ അതിനെ അംഗീകരിക്കുന്നൊന്നുമില്ല. എന്നുവച്ച്  ഒരു ദേശീയ ഭരണകൂടത്തിന് ദേശസ്നേഹികളെ മുഴുവൻ വെടിവച്ച് കൊന്നുകളയാൻ അതിന്റെ പട്ടാളത്തിന് ഉത്തരവുനൽകാൻ പറ്റുമോ?

ഇത്ര ലളിതമാണ് ഭരണകൂടത്തിന്റെ വ്യാഖ്യാനം. മോദിയുടെ പഴയ ‘നായ്ക്കുട്ടി’ ഉപമ ഓർക്കുക. പക്ഷേ ഇതിനെതിരേ ഒരു പ്രതിഷേധം തീർക്കുന്നതിൽ നമുക്ക് ഇന്നും, ഇപ്പോഴും സൈദ്ധാന്തിക സമസ്യകൾ പലതാണ്. അതിൽ ഒന്നാണ് സിപിഎം ശരിക്കും ഒരിരയാണോ എന്നത്!

അജണ്ടകൾക്ക് ആരുത്തരം കണ്ടെത്തും?
സംഘപരിവാർ ഇത്തരം നമ്പരുകൾ ഇറക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ല. അതിന്റെ ഇന്റലക്ച്വൽ വിങ്ങിൽ പ്രവർത്തിച്ച ഗോഡ്സേ ഗാന്ധിയെ കൊന്നു എങ്കിലും താൻ ഒരു സംഘപരിവാറിയാണെന്ന് പറഞ്ഞില്ല. കാരണമദ്ദേഹം ഒരു ഇന്റലക്ച്വൽ സംഘിയായിരുന്നു എന്നത് തന്നെ. യുദ്ധത്തിൽ തന്ത്രങ്ങളാണ് പ്രധാനം. ഗാന്ധി ബ്രാഹ്മണിസത്തെയോ ഹിന്ദുത്വത്തെയോ മനുസ്മൃതിയെയോ ജാതിവ്യവസ്ഥയെയോ തള്ളിപ്പറഞ്ഞില്ലെങ്കിലും ഒരു വിശ്വാസിക്ക് വിശ്വാസം അനുവദിക്കുന്ന ഇലാസ്റ്റിസിറ്റിയുടെ പരിധിക്കുള്ളിൽ സത്യസന്ധനായി നിലനിന്ന അദ്ദേഹത്തിന്റെ സത്യസന്ധത പോലും വിശാലമായ ലക്ഷ്യത്തിന് താങ്ങാവുന്നതല്ല എന്ന നിലയ്ക്കാവണം നെഹ്റുവിനെ വിട്ട് ഗാന്ധിയെ കൊല്ലാൻ ഹിന്ദുത്വവാദത്തിന്റെ ആ ജൈവ ബുദ്ധിജീവി തീരുമാനിച്ചതിന്റെ കാരണം. അങ്ങനെയൊരാൾ ഇനി എവിടെ മൊട്ടുസൂചി അടിച്ച് കയറ്റിയാലും ആർഎസ്എസ് എന്ന് പറയില്ലല്ലോ.

ഗോഡ്സേ എന്നത് ഒരു വ്യക്തിയല്ല, ഒരു രാഷ്ട്രീയാജണ്ടയായിരുന്നു. അതുവച്ച് നോക്കുമ്പോൾ ഇന്ന് നടക്കുന്നതൊക്കെ വെറും നിസ്സാരം. അയാൾ ആർഎസ്എസ് അല്ല എന്നതുപോലെതന്നെ കൽബുർഗി, പൻസാരേ, ധബോൽക്കർ വധങ്ങൾക്കു പിന്നിലും, അർദ്ധനാരീശ്വരൻ എഴുതിയ പെരുമാൾ മുരുഗനെ എഴുത്ത് നിർത്താൻ നിർബന്ധിതനാക്കിയതിനു പിന്നിലും, മുഹമ്മദ് അഖ്ലാക്കിൽ തുടങ്ങുന്ന ഗോ-വധങ്ങൾക്ക് പിന്നിലുമൊന്നും അവരല്ല. ആണെന്ന് തെളിയിക്കാൻ നടക്കുന്ന ശ്രമങ്ങൾ വൃഥാവിലാകാൻ ആദ്യമേ വിധിക്കപ്പെട്ടവയാണ്. കാരണം അങ്ങനെ പിടിക്കപ്പെടാൻ പോന്ന തട്ടിക്കൂട്ടു നിർമ്മിതികളല്ല ഹിന്ദുത്വത്തിന്റെഫ്രിഞ്ച് ഗ്രൂപ്പുകൾ.

കൃത്യമായി നിർമ്മിക്കപ്പെട്ട്, നടപ്പിലാക്കിപ്പെട്ട് പോരുന്ന ഈ അജണ്ടകൾക്ക് ഉത്തരം കണ്ടെത്തേണ്ടത് രാജ്യത്തെ ജനാധിപത്യ, സെക്കുലർ മനുഷ്യപക്ഷ മാനവിക മുന്നേറ്റങ്ങളാണ്. അതാണ് ഇന്നിന്റെ ആവശ്യമെന്നും അതിനാവശ്യമായ ഐക്യമുന്നണിയിലെ ഘടക കക്ഷികൾ ആരെന്നുമൊക്കെ ഇന്ന് വ്യക്തമാണ്. എന്നാലും പരിഹാരങ്ങളെക്കാൾ പ്രശ്നങ്ങളാണ് ഇപ്പോഴും മുമ്പില്‍. വ്യക്തിഗത പ്ലാറ്റ്ഫോമുകളാണ് ഇവിടെ സാമൂഹ്യ പ്രശ്നമായി മാറുന്നത്. യെച്ചൂരി ഇരയാണോ എന്നതിലുപരി അദ്ദേഹത്തെ, സംഘപരിവാരങ്ങളുടെ ശ്രദ്ധതിരിക്കൽ യുദ്ധതന്ത്രത്തിൽ ഒരു ഹ്യൂമൻ ഷീൽഡാക്കി മാറ്റുകയാണോ എന്ന് വേണം ഇപ്പോൾ സംശയിക്കാൻ. കാരണം മധ്യപ്രദേശിൽ നടന്ന കർഷക കൊലപാതകത്തെ കുറിച്ച് ഇപ്പോൾ ചർച്ചയില്ല. പുതിയ ‘പ്രിവൻഷൻ ഓഫ് ക്രുവൽറ്റി റ്റു ആനിമൽ’ ആക്റ്റിന്റെ മറവിൽ നടക്കുന്ന മനുഷ്യ ഹിംസകളെക്കുറിച്ച് ചർച്ചയില്ല.

സംഭവത്തോട് പ്രതികരിച്ചുകൊണ്ട് വൻ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളുമൊക്കെ സിപിഎം സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ജനക്കൂട്ടം വല്ല ആർഎസ്എസ് കാര്യാലയത്തിനും കല്ലെറിഞ്ഞാൽ സംഗതി അവിടെനിന്നും പോകും. സിപിഎം അങ്ങനെ ഒരു കുഴി സ്വയം തോണ്ടാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രത കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍