UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോരാട്ടം വ്യക്തിവാദത്തിനും സ്തുതിപാഠകര്‍ക്കും എതിരെ-സീതാറാം യെച്ചൂരി

Avatar

സീതാറാം യെച്ചൂരി

കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടനയെ ശക്തിപ്പെടുത്തുക എന്ന വെല്ലുവിളി ഒരു ഒരു വിപ്ലവപാര്‍ട്ടി എപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. പാര്‍ട്ടിയുടെ സംഘടനാ സംവിധാനവും അതിന്റെ മുന്‍ഗണനകളും, അതിന്റെ രാഷ്ട്രീയ-അടവ് നയത്തിനുസൃതമായി അതാത് സമയങ്ങളില്‍ മൂര്‍ത്തമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടി തീരുമാനിക്കുന്ന സുപ്രധാന കടമകള്‍ക്കും ദിശയ്ക്കുമനുസൃതമായാണ് തീരുമാനിക്കപ്പെടുന്നതെന്ന് കൂട്ടിച്ചേര്‍ക്കേണ്ടതില്ല. തൊഴിലാളിവര്‍ഗ നേതൃത്വത്തിലുള്ള ഒരു വിപ്ലവ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടനയുടെ തത്വങ്ങളിലും രീതികളിലും അടിയുറച്ചുനിന്നുകൊണ്ടുതന്നെ പാര്‍ട്ടി സംവിധാനത്തെയും അംഗങ്ങളെയും നിലവിലെ കടമകള്‍ നിര്‍വ്വഹിക്കാന്‍ പ്രാപ്തരാക്കാനുള്ള ശേഷിയും പാര്‍ട്ടി സംഘടനക്കുണ്ടാകണം.  അത്തരത്തിലുള്ള ചലനാത്മകമായ ജൈവികതയാണ് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടന.

“മൂര്‍ത്തമായ സാഹചര്യങ്ങളുടെ മൂര്‍ത്തമായ വിലയിരുത്തലാണ് വൈരുദ്ധ്യാത്മകതയുടെ സത്ത” എന്ന ലെനിനിസ്റ്റ് പ്രമാണം നാം കുറേ പതിറ്റാണ്ടുകളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ പലവിധ വശങ്ങളുമുണ്ട്. ആദ്യം, മൂര്‍ത്തമായ സാഹചര്യങ്ങളെ കൃത്യമായി തിരിച്ചറിയണം. അതിന്റെ അടിസ്ഥാനത്തില്‍ അത്തരം സാഹചര്യങ്ങള്‍ വര്‍ഗ സമരത്തിന്റെയും വിപ്ലവ മുന്നേറ്റത്തിന്റെയും മുകളില്‍ എന്ത് സ്വാധീനമാണ് ഉണ്ടാക്കുക എന്ന് ശരിയായി വിലയിരുത്തണം. മാര്‍ക്സിസത്തിന്റെ ശാസ്ത്രീയമായ പ്രയോഗത്തിലൂടെ മാത്രമേ മൂര്‍ത്തമായ സാഹചര്യങ്ങളുടെ കൃത്യമായ വിശകലനത്തിലേക്ക് എത്താനാകൂ. രണ്ടു വശങ്ങളും, അതായത്, മൂര്‍ത്തമായ സാഹചര്യങ്ങളുടെ ശരിയായ പരിശോധനയും അതിനെത്തുടര്‍ന്നുള്ള കൃത്യമായ കണക്കുകൂട്ടലും മൂര്‍ത്തമായ സാഹചര്യങ്ങളെ കൃത്യമായി അളക്കുന്നതിന്റെ അവിഭാജ്യഘടകങ്ങളാണ്. സാഹചര്യങ്ങളെ വിലയിരുത്തലില്‍ പിഴവുകളോ പോരായ്മകളോ സംഭവിച്ചാല്‍, അതിനെത്തുടര്‍ന്നുള്ള വിശകലനവും പിഴയ്ക്കുമെന്നത് സ്വാഭാവികമാണ്. രണ്ടാമതായി, ഇത്തരമൊരു വിലയിരുത്തലിനെത്തുടര്‍ന്നുള്ള വിശകലനങ്ങള്‍ നടത്തേണ്ടത് വ്യക്ത്യാധിഷ്ഠിതമോ മുന്‍ നിശ്ചയിച്ച പരിഗണകള്‍ കൂടാതെയോ ഉള്ള വസ്തുനിഷ്ഠമായ ശാസ്ത്രീയാടിസ്ഥാനത്തില്‍ ആയിരിക്കണം. അപ്പോള്‍, ഈ ലെനിനിസ്റ്റ് പ്രമാണം ശരിയായി നടപ്പാക്കാന്‍ കര്‍ശനമായ ശാസ്ത്രീയ മാര്‍ക്സിസ്റ്റ് രീതിശാസ്ത്രം പിന്തുടരേണ്ടതുണ്ട്.

ഇരുപതാം നൂറ്റാണ്ടിലെ വിജയകരമായ എല്ലാ സോഷ്യലിസ്റ്റ് വിപ്ലവങ്ങളുടെയും ചരിത്രം കാണിക്കുന്നത് ഈ വിപ്ലവങ്ങളെ വിജയകരമായി നയിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെല്ലാം നിരന്തരമായി ‘വ്യക്തിവാദത്തിനെതിരായ/ആത്മനിഷ്ഠതക്കെതിരായ പോരാട്ടത്തില്‍’ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ്. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ക്കുള്ളിലും ഓരോ കമ്മ്യൂണിസ്റ്റുകാരന്റെയും വ്യക്തിപരമായ ബോധത്തിനുള്ളിലും  തുടര്‍ന്നുവരുന്ന ഒരു സമരമാണ്. മറ്റ് പലതിനുമൊപ്പം പാര്‍ടിയുടെ രാഷ്ട്രീയ-സംഘടനാ ശേഷികളെ നിശ്ചയിക്കുന്നതും അതുതന്നെയാണ്.

മൂര്‍ത്തമായ സാഹചര്യങ്ങളുടെ തെറ്റായ കണക്കുകൂട്ടല്‍ സ്വാഭാവികമായും തെറ്റായ രാഷ്ട്രീയ നയത്തിലേക്കും അതിനെത്തുടര്‍ന്നുള്ള അടവ് നയത്തിലേക്കും കൊണ്ടുചെന്നെത്തിക്കും. ശാസ്ത്രീയടിസ്ഥാനത്തില്‍ രാഷ്ട്രീയ നയം കൃത്യമായി രൂപപ്പെടുത്തിയാലും അതിനെ പ്രായോഗികതലത്തില്‍ നടപ്പാക്കുക എന്നത് സംഘടനാ ശക്തിയെ ആശ്രയിച്ചിരിക്കും. സ്റ്റാലിന്‍ ഒരിക്കല്‍ പറഞ്ഞപോലെ രാഷ്ട്രീയ നയം 100% ശരിയായിരിക്കാം, പക്ഷേ ഈ ശരിയായ നയം ജനങ്ങളിലേക്ക് നടപ്പാക്കാന്‍ ശേഷിയുള്ള ഒരു സംഘടനയില്ലെങ്കില്‍ അതിനു ഒരര്‍ത്ഥവുമില്ല. അതുകൊണ്ടു, പാര്‍ടി സംഘടന ജനങ്ങളുടെ ബോധം വികസിപ്പിക്കാനും അവരെ ഒരു വിപ്ലവ മുന്നേറ്റത്തിന് തയ്യാറാക്കാനുമുള്ള പാര്‍ടിയുടെ ശ്രമങ്ങളില്‍ ഒരു നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. പാര്‍ടി സംഘടനയുടെ സുപ്രധാനമായ ഘടകങ്ങളില്‍ ഒന്നു വ്യക്തിവാദത്തിനെതിരെ പോരാടാനുള്ള നിരന്തരമായ സമരമാണ്; മൂര്‍ത്തസാഹചര്യങ്ങളുടെ വിലയിരുത്തലിലും തുടര്‍ന്നുള്ള മൂര്‍ത്തമായ വിശകലനത്തിലും. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനനങ്ങളെ വര്‍ദ്ധിച്ച തോതില്‍ സംഘടിപ്പിച്ച് വര്‍ഗസമരത്തെ മൂര്‍ച്ഛിപ്പിക്കേണ്ടത്.

ചുരുക്കിപ്പറഞ്ഞാല്‍, വ്യക്തിവാദത്തിനെതിരായ പോരാട്ടം മൂര്‍ത്ത സാഹചര്യങ്ങളെ ശരിയായി മനസിലാക്കാന്‍; വര്‍ഗ സമരത്തെ മുന്നോട്ടു നയിക്കാനുള്ള ശരിയായ രാഷ്ട്രീയ-അടവ് നയങ്ങള്‍ രൂപപ്പെടുന്നതിന്; ഈ ലക്ഷ്യങ്ങള്‍ നേടുന്നതിനു പ്രയോഗിക്കേണ്ട  ശരിയായ സംഘടന രീതികള്‍ക്ക്, അനിവാര്യമാണ്. ഈ തലങ്ങളിലെല്ലാം തന്നെ വിപ്ലവ മുന്നേറ്റത്തെ തടസപ്പെടുത്താന്‍ വ്യക്തിവാദത്തിനാകും.

വ്യക്തിവാദം, ഒരു അനുചിത പഠനശൈലി
ചൈനീസ് വിപ്ലവത്തിന്റെ കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രസമിതിയുടെ ഒരു പാര്‍ട്ടി സ്കൂള്‍ തുറക്കവേ, മാവോ സെതൂങ് ഇങ്ങനെ പറഞ്ഞു, “ വ്യക്തിവാദം അനുചിതമായൊരു പഠന ശൈലിയാണ്; അത് മാര്‍ക്സിസം-ലെനിനിസത്തിനെതിരും കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് യോജിക്കാത്തതുമാണ്. നമുക്ക് വേണ്ടത് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ശൈലിയിലുള്ള പഠനമാണ്. നാം പഠനശൈലി എന്നു വിളിക്കുന്നത് കേവലം സ്കൂളിലെ പഠനശൈലി മാത്രമല്ല, പാര്‍ട്ടിലാകെയാണ്. അത് നമ്മുടെ പാര്‍ടിയിലെ ഉയര്‍ന്ന സമിതികളിലെ സഖാക്കളുടെ, പാര്‍ട്ടി അംഗങ്ങളുടെ, സഖാക്കളുടെ  ചിന്താരീതിയേക്കുറിച്ചുള്ള ചോദ്യമാണ്, മാര്‍ക്സിസം-ലെനിനിസത്തോടുള്ള നമ്മുടെ സമീപനത്തെക്കുറിച്ചുള്ള ഒരു ചോദ്യമാണ്, തങ്ങളുടെ പണികളില്‍ എല്ലാ പാര്‍ട്ടി സഖാക്കളുടെയും സമീപനത്തെക്കുറിച്ചുമാണ്. അത് അസാധാരണമായ ചോദ്യമാണ്, അതോടൊപ്പം പ്രാഥമികവും സുപ്രധാനവുമാണ്.”

“പാര്‍ട്ടി സ്കൂളിലെ നമ്മുടെ സഖാക്കള്‍ മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തെ ജീവനില്ലാത്ത ഒരു വരട്ടുവാദമായിട്ടല്ല കണക്കാക്കേണ്ടത്. നടപ്പാക്കുക എന്ന ഒരൊറ്റക്കാര്യത്തിനായി മാര്‍ക്സിസ്റ്റ് സിദ്ധാന്തം പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഒന്നോ രണ്ടോ പ്രായോഗികപ്രശ്നങ്ങള്‍ വ്യക്തമാക്കുന്നതിന് നിങ്ങള്‍ക്ക് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് വീക്ഷണം പ്രയോഗിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നേട്ടം അവകാശപ്പെടാം. കൂടുതല്‍ വിഷയങ്ങള്‍ നിങ്ങള്‍ വ്യക്തമാക്കുകയും സമഗ്രവും ഗാഢവുമായി അത് ചെയ്യുന്നുമുണ്ടെങ്കില്‍ നിങ്ങളുടെ നേട്ടം കൂടുതല്‍ മഹത്തരമാകും. മാര്‍ക്സിസം-ലെനിനിസം പഠിച്ചതിന് ശേഷം പാര്‍ട്ടി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ചൈനയുടെ പ്രശ്നങ്ങളെ വ്യക്തമായി കാണുന്നുണ്ടോ, അവര്‍ കാണുകതന്നെ ചെയ്യുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ വിലയിരുത്താനും സംവിധാനമുണ്ടാകണം.”(മാവോ സെ തൂങ് , തെരഞ്ഞെടുത്ത കൃതികള്‍, വാല്യം 3. പുറം.36-38)

മാര്‍ക്സിസത്തെക്കുറിച്ചുള്ള തത്വചിന്ത പഠനങ്ങളും ഏതെങ്കിലും മൂര്‍ത്ത സാഹചര്യങ്ങളെക്കുറിച്ചുള്ള ശരിയായ നിഗമനങ്ങളില്‍ എത്തുന്നതിനും ലെനിന്റെ പാഠങ്ങളെയാണ് മാവോ ഉപയോഗിക്കുന്നത്. തൊഴിലാളി വര്‍ഗ മുന്നേറ്റത്തിലെ എല്ലാ തരത്തിലുള്ള വ്യതിയാനങ്ങള്‍ക്കുമെതിരെ രണ്ടാമത്തേത് വലിയ പ്രാധാന്യമുള്ള ഒന്നാണ്.

സൈദ്ധാന്തികമായി ലെനിന്‍ കാന്റിന്റെ തത്വചിന്ത നിലപാടുകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ (Conspectus of Hegel’s Science of Logic) വ്യക്തിവാദത്തിനെതിരായ- അതായത് ‘അനുഭവങ്ങളുടെ കണക്കുകള്‍ ഏകപക്ഷീയമായി എടുക്കുന്ന’- പോരാട്ടത്തിന്റെ ആവശ്യകത എടുത്തുപറയുന്നു; ലെനിന്‍ പറയുന്നു: “അതിനെ സാധുവായ ഒരനുഭവമായി അതിന്റെ മൂര്‍ത്തമായ സമഗ്രതയിലല്ലാതെ ഒരു ഉദാഹരണമായി അത്തരമൊരു പരികല്‍പനയ്ക്കും സിദ്ധാന്തത്തിനും മാത്രം ചേരുന്ന ദിശയില്‍, നിര്‍ദേശിക്കുകയും എടുക്കുകയും ചെയ്യുകയാണ്. മുന്‍കൂട്ടിയുള്ള നിശ്ചയങ്ങള്‍ക്ക് മൂര്‍ത്തമായ അനുഭവത്തെ കീഴ്പ്പെടുത്തുകയും,  സിദ്ധാന്തത്തിന്റെ അടിത്തറയെ അവ്യക്തമാക്കുകയും സിദ്ധാന്തത്തോട് പൊരുത്തപ്പെടുന്ന ഭാഗത്ത് മാത്രം നിന്നുകൊണ്ട് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.”  (ലെനിന്‍, സമാഹൃത കൃതികള്‍, വാല്യം 38, തത്വചിന്താപരമായ കുറിപ്പുകള്‍, പുറം.210)

സി പി ഐ (എം) രൂപവത്കരണം- ഇന്ത്യന്‍ സാഹചര്യങ്ങളുടെ ശരിയായ വിലയിരുത്തല്‍
ഇങ്ങനെ മൂര്‍ത്തമായ ഇന്ത്യന്‍ സാഹചര്യങ്ങളോടുള്ള മാര്‍ക്സിസം-ലെനിനിസത്തിന്റെ ശാസ്ത്രീയമായ പ്രയോഗത്തിന്റെ അടിസ്ഥാനത്തിലാണ് സി പി ഐ (എം) രൂപവത്കരണത്തിന്  അടിത്തറയൊരുങ്ങിയത്. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിലെ ചില സൈദ്ധാന്തിക പ്രശ്നങ്ങളിലെ പ്രമേയത്തില്‍ പറയുന്നു: “ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെയും അങ്ങനെ നമ്മുടെ ജനതയുടെ വിമോചനത്തെയും അട്ടിമറിക്കാവുന്ന തരത്തില്‍ അന്നത്തെ അവിഭക്ത സി പി ഐയെ ബാധിച്ച വലതുപക്ഷ വ്യതിയാനത്തിനെതിരെ നടന്ന തീക്ഷ്ണമായ പോരാട്ടത്തിനൊടുവിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) രൂപം കൊള്ളുന്നത്. ഇന്ത്യന്‍ വിപ്ലവത്തിന്റെ അടവും തന്ത്രവും എന്താകണം എന്നതിനെ കേന്ദ്രീകരിച്ചും ഇന്ത്യയിലെ ഭരണവര്‍ഗങ്ങളുടെ ഘടനയുടെയും സ്വഭാവത്തിന്റെയും ശരിയായ വിശകലനം സംബന്ധിച്ചും നടന്ന രൂക്ഷമായ ഉള്‍പ്പാര്‍ട്ടി പ്രത്യയശാസ്ത്ര സമരത്തിനൊടുവിലാണ് വലതുപക്ഷ പിന്തിരിപ്പന്‍ വ്യതിയാനത്തോട് വിട്ടുവീഴ്ച്ചയില്ലാതെ ബന്ധം വിച്ഛേദിച്ചുകൊണ്ട് മാര്‍ക്സിസം-ലെനിനിസത്തിന്റെ വിപ്ലവധാര ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും, അവ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രയോഗിക്കുന്നതിന് പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ടും സി പി ഐ (എം) രൂപം കൊള്ളുന്നത്.

ഏറെ വൈകാതെ തന്നെ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തെ പാളംതെറ്റിക്കാനുള്ള ഭീഷണിയുയര്‍ത്തിയ ഇടതുസാഹസികതയുടെ വിഭാഗീയ പ്രവണതയുമായി സി പി ഐ (എം)-നു ഏറ്റുമുട്ടേണ്ടിവന്നു. ഈ പ്രത്യയശാസ്ത്ര പോരാട്ടങ്ങള്‍ക്കൊപ്പം നടന്ന ശാരീരികമായ ആക്രമണങ്ങളില്‍ നമ്മുടെ നിരവധി ധീരരായ സഖാക്കളും രക്തസാക്ഷികളായി.

പ്രത്യയശാസ്ത്ര വ്യതിയാനങ്ങള്‍ക്കേതിരെയും മാര്‍ക്സിസം-ലെനിനിസത്തിന്റെയും തൊഴിലാളിവര്‍ഗ സാര്‍വദേശീയതയുടെയും വിപ്ലവസത്ത ഉയര്‍ത്തിപ്പിടിക്കാനും സി പി ഐ (എം) നടത്തിയ സമരങ്ങള്‍ പ്രകടമായ എല്ലാത്തരം വ്യതിയാനങ്ങള്‍ക്കുമെതിരായ സമരത്തെ അടിസ്ഥാനമാക്കിയായിരുന്നു. അക്കാലത്തെ അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് ഭീമന്‍മാരായ സി പി എസ് യുവിനോടും  സി പി സിയോടും പലപ്പോഴും പ്രത്യയശാസ്ത്രപരമായി ഏറ്റുമുട്ടേണ്ടിയും വന്നിരുന്നു. ഈ പ്രത്യയശാസ്ത്ര പോരാട്ടങ്ങളാണ് നമ്മുടെ പാര്‍ടിയെ ശക്തമായ ഒരു കമ്മ്യൂണിസ്റ്റ്, ഇടതുശക്തിയായി മാറ്റുക മാത്രമല്ല ഇന്ത്യയുടെ ദേശീയരാഷ്ട്രീയത്തിന്റെ ഗതിവിഗതികളില്‍ സ്വാധീനവും സമ്മര്‍ദവും  ചെലുത്താവുന്ന ഒന്നാക്കുകയും ചെയ്തത്.” (ചില സൈദ്ധാന്തിക പ്രശ്നങ്ങളെക്കുറിച്ചുള്ള പ്രമേയം, ഖണ്ഡികകള്‍ 1.5-1.8, 20-ആം കോണ്‍ഗ്രസ് CPI(M), കോഴിക്കോട്, ഏപ്രില്‍ 4-9,2012) 

മറ്റ് ഘടകങ്ങള്‍ക്കുമൊപ്പം, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ വ്യതിയാനങ്ങള്‍ക്ക് ഇന്ത്യന്‍ വിപ്ലവത്തിന്റെ ഘട്ടത്തെക്കുറിച്ചുള്ള മുന്‍ ധാരണ, സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ഭരണവര്‍ഗങ്ങളുടെ സ്വഭാവം, ബദല്‍ ഭരണവര്‍ഗങ്ങളുടെ ഘടനയും പ്രകൃതവും, നമ്മുടെ രാജ്യത്തു അന്ന് നിലനിന്നിരുന്ന മൂര്‍ത്ത സാഹചര്യങ്ങളില്‍ നിന്നും വേര്‍പ്പെട്ട അവസ്ഥ എന്നിവയെല്ലാം കാരണമാണെന്ന് പറയാം.

റഷ്യന്‍ അനുഭവങ്ങളില്‍ നിന്നുള്ള പാഠം
റഷ്യന്‍ വിപ്ലവത്തിന്റെ നാളുകളില്‍ ലെനിന് ഇത്തരം പ്രവണതകളെ നേരിടേണ്ടിവന്നിരുന്നു. പ്ലഖനോവിന്റെയും ട്രോട്സ്കിയുടെയും ആത്മനിഷ്ഠവാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ലെനിന്‍ പറഞ്ഞു (Objective data on the Strength of the Various Trends in the Working Class Movement): “ഓരോ ഘട്ടത്തിലും അവര്‍ സ്വന്തം ആഗ്രഹങ്ങളെ, അഭിപ്രായങ്ങളെ, സാഹചര്യങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളെ, പരിപാടികളെയെല്ലാം തൊഴിലാളികളുടെ ആഗ്രഹമായും തൊഴിലാളിവര്‍ഗ മുന്നേറ്റത്തിന്റെ ആവശ്യമായും അംഗീകരിപ്പിക്കാന്‍ ശ്രമിച്ചു.” (ലെനിന്‍, സമാഹൃത കൃതികള്‍ വാല്യം.20, ഡിസംബര്‍ 1913-ആഗസ്ത് 1914, പുറം.382)

വാസ്തവത്തില്‍, ലെനിന്‍ സൈദ്ധാന്തികമായി കണക്കാക്കിയ വിപ്ലവത്തിന്റെ വിവിധ ഘട്ടങ്ങളെന്ന ആശയം തന്നെ മൂര്‍ത്ത സാഹചര്യങ്ങളുടെ വസ്തുനിഷ്ഠമായ പഠനത്തില്‍ നിന്നും ഉയര്‍ന്നുവന്നതാണ്. റഷ്യയിലെ വിപ്ലവ പ്രസ്ഥാനത്തിലെ വര്‍ഗവ്യതിയാനങ്ങളെ നേരിടുന്നതിനുള്ള അടവുകളെക്കുറിച്ചുള്ള കത്തില്‍ ലെനിന്‍ പറയുന്നു: “ പക്ഷേ ഇനിയും പൂര്‍ത്തിയാകാത്തതും കര്‍ഷക മുന്നേറ്റത്തെ ഇനിയും ഉപയോഗിച്ച് തീരാത്തതുമായ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവത്തെ ഒഴിവാക്കിക്കൊണ്ട് സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് എത്താമെന്ന് കരുതുന്നതില്‍ ആത്മനിഷ്ഠതയിലേക്ക് വീഴാനുള്ള അപകടത്തിലല്ലേ നമ്മള്‍?” (ലെനിന്‍, സമാഹൃത കൃതികള്‍, വാല്യം.24, പുറം.48)

മൂര്‍ത്തമായ സാഹചര്യങ്ങളെ ശരിയായി വിലയിരുത്താനുള്ള നമ്മുടെ ശ്രമങ്ങളില്‍ ലെനിന്റെ ഈ നിരീക്ഷണങ്ങളുടെ പ്രസക്തി എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം. വ്യക്തിവാദത്തെ/ആത്മനിഷ്ഠതയെ എതിരിടുന്നത് മേല്‍പ്പറഞ്ഞപോലെ ഒരു നിരന്തരമായ സമരമാണ്. സാഹചര്യങ്ങളുടെ ശരിയായ വസ്തുനിഷ്ഠമായ വിലയിരുത്തലുകളിലൂടെയല്ലാതെ നിലവിലെ സാഹചര്യങ്ങളെ നമ്മുടെ മുന്‍വിധിയോടെയുള്ള ആത്മനിഷ്ഠമായ സൈദ്ധാന്തിക ചട്ടക്കൂടിനുള്ളിലേക്ക് ഒതുക്കാന്‍ നമ്മള്‍ ശ്രമിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത് മിക്കപ്പോഴും തെറ്റായ നിഗമങ്ങളിലേക്കെത്തിക്കുന്നു.

വ്യക്തിവാദം, നമ്മുടെ അനുഭവങ്ങളില്‍ നിന്നുള്ള ചില സന്ദര്‍ഭങ്ങള്‍
അത്തരം പിഴവുകലെ ചൂണ്ടിക്കാണിക്കാന്‍ നിരവധി ഉദാഹരണങ്ങളുണ്ട്. 2008-ലും 2009-ലും ഇന്ത്യ-യു.എസ് ആണവകരാറിനെ ചൊല്ലി (യു പി എ സര്‍ക്കാരിനുള്ള)പിന്തുണ പിന്‍വലിച്ചതും അതിനെത്തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സംബന്ധിച്ച നമ്മുടെ പാര്‍ടിയുടെ അനുഭവങ്ങള്‍ ഒരുദാഹരണമായിട്ടെടുക്കാം. 2012-ഏപ്രിലില്‍ 20-ആം പാര്‍ടി കോണ്‍ഗ്രസില്‍ അംഗീകരിച്ച രാഷ്ട്രീയ-സംഘടന റിപ്പോര്‍ടില്‍ 2009-ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം  കേന്ദ്രസമിതി നടത്തിയ തെരഞ്ഞെടുപ്പ് അവലോകനം ആവര്‍ത്തിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: “സര്‍ക്കാര്‍ IAEA-യില്‍ (അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി) ചര്‍ച്ചയ്ക്ക് പോകും മുമ്പ്, 2007 ഒക്ടോബര്‍-നവംബര്‍ കാലത്തായിരുന്നു പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനം നടപ്പാക്കേണ്ടിയിരുന്നത്. കരാറിനെ തടയാന്‍ എന്തെങ്കിലും സാധ്യതയുണ്ടായിരുന്നെങ്കില്‍ അത് അന്നായിരുന്നു. പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും ഇന്ത്യ-യു.എസ് ആണവ കരാറിനോടും യു.എസുമായുള്ള തന്ത്രപരമായ സഖ്യത്തോടുമുള്ള  കടുത്ത പ്രതിബദ്ധത വെച്ചുനോക്കിയാല്‍ ആണവകരാറിനെ അപകടത്തിലാക്കുന്നതിനെക്കാള്‍ ഇടതുപക്ഷവുമായി പിരിയാനാണ് അവര്‍ തീരുമാനിച്ചത്. തന്ത്രപരമായ സഖ്യത്തിന്റെ ഭാഗമായി ആണവ കരാറുമായി മുന്നോട്ടുപോകാനുള്ള ഭരണവര്‍ഗങ്ങളുടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ശേഷിയേയും ഉറച്ച തീരുമാനത്തെയും പി ബിയും സി സിയും വിലകുറച്ചുകണ്ടു. സംഭവങ്ങളെ സ്വാധീനിക്കാനുള്ള നമ്മുടെ ശേഷിയെ നമ്മള്‍ അധികരിച്ച് കാണുകയും ചെയ്തു. സര്‍ക്കാരിനെ IAEA-യില്‍ ചര്‍ച്ചകള്‍ക്കായി പോകാന്‍ അനുവദിക്കുകയും ആണവകരാര്‍ നടപ്പാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകില്ല എന്ന ധാരണ കോണ്‍ഗ്രസ് പാലിക്കുമെന്ന് കരുതിയതും തെറ്റായിരുന്നു.” (രാഷ്ട്രീയ-സംഘടന റിപ്പോര്‍ട്, 20-ആം പാര്‍ടി കോണ്‍ഗ്രസ്, കോഴിക്കോട്, ഏപ്രില്‍4-9, 2012)

അതുപോലെ ആ സമയത്തെടുത്ത തെരഞ്ഞെടുപ്പ് അടവുകളും തെരഞ്ഞെടുപ്പ്-അടവുനയവും സംബന്ധിച്ചു നേരത്തെ കേന്ദ്ര സമിതി നടത്തിയ തെരഞ്ഞെടുപ്പ് അവലോകനത്തെ അടിസ്ഥാനമാക്കി, രാഷ്ട്രീയ-സംഘടന റിപ്പോര്‍ടില്‍ ഇങ്ങനെ പറയുന്നുണ്ട്: “ അവലോകനം രണ്ടു പ്രധാന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നാമത്തേത്, കോണ്‍ഗ്രസ് ഇതര മതേതരകക്ഷികളുമായി മൂന്നോ നാലോ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കിയ ധാരണ ദേശീയതലത്തില്‍ ഒരു  തെരഞ്ഞെടുപ്പ് ബദലിനെ ഉയര്‍ത്തിക്കാട്ടുന്നതിന് അടിസ്ഥാനമാക്കാനാകില്ല. രണ്ടാമതായി, നമ്മള്‍ ഒരു ‘ബദല്‍ മതേതര സര്‍ക്കാര്‍’ രൂപവത്കരിക്കാന്‍ വേണ്ടിയായിരുന്നില്ല ആഹ്വാനം ചെയ്യേണ്ടിയിരുന്നത്. അതിനു പകരം കോണ്‍ഗ്രസ് ഇതര, ബി ജെ പി ഇതര ബദല്‍ ശക്തിപ്പെടുത്തുന്നതിനായിരുന്നു പ്രാമുഖ്യം നല്‍കേണ്ടിയിരുന്നത്.” (രാഷ്ട്രീയ-സംഘടന റിപ്പോര്‍ട്, 20-ആം പാര്‍ടി കോണ്‍ഗ്രസ്, കോഴിക്കോട്, ഏപ്രില്‍4-9, 2012)

മറ്റൊരു സന്ദര്‍ഭം നോക്കാം. പശ്ചിമ ബംഗാളിലെ സിംഗൂര്‍ മോട്ടോര്‍ കാര്‍ പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതും നന്ദിഗ്രാമിലെ രാസവ്യവസായ സമുച്ചയം പ്രഖ്യാപിച്ചതും സംബന്ധിച്ച് കാര്യങ്ങള്‍ ശരിയായ രീതിയിലല്ല കൈകാര്യം ചെയ്തതെന്ന് പാര്‍ടി കേന്ദ്ര സമിതിയും പാര്‍ടി കോണ്‍ഗ്രസും സ്വയം വിമര്‍ശനപരമായി അംഗീകരിച്ചിരുന്നു. പശ്ചിമ ബംഗാളിലെ ആദ്യത്തേയും അവസാനത്തെയും ഭൂമിയെറ്റെടുക്കലല്ല അത്. എന്നാല്‍, സാധാരണഗതിയില്‍ സി പി ഐ (എം)-ഉം ഇടതുമുന്നണിയും ചെയ്യുന്നപോലെ, ഭൂമി ഏറ്റെടുക്കല്‍ വിഷയം ഭൂമി കൈവശമുള്ളവരുമായി   ചര്‍ച്ച ചെയ്യുകയും നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച് പരസ്പരസമ്മതമുള്ള ഒരു ഒത്തുതീര്‍പ്പില്‍ എത്തുകയും ചെയ്യുക എന്ന സമഗ്രമായ ഗൃഹപാഠപ്രക്രിയ അവിടെ ഉണ്ടായില്ല. 2006- 294-ല്‍ 235 സീറ്റുകള്‍ നേടിക്കൊണ്ട് നാം നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരിയിരുന്നു എന്ന വസ്തുതയാണ് സിംഗൂരില്‍ ഈ പ്രക്രിയയിലൂടെ കടന്നുപോകാതിരിക്കുന്നതിനുള് പ്രധാന കാരണങ്ങളിലൊന്ന്. അന്ന് മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 50.18% ഇടതുമുന്നണി നേടിയിരുന്നു. പശ്ചിമ ബഗാളിന്റെ ത്വരിതഗതിയിലുള വ്യവസായവത്കരണം എന്ന മുദ്രാവാക്യം മുഖ്യമായുയര്‍ത്തി മത്സരിച്ച തെരഞ്ഞെടുപ്പില്‍ നേടിയ വന്‍വിജയത്തിന്റെ അടിസ്ഥാനത്തില്‍ സാധാരണഗതിയില്‍ ഗൃഹപാഠം നടത്താതെ ഇടതുമുന്നണി സര്‍ക്കാര്‍ സിംഗൂരില്‍ ഭൂമിയേറ്റെടുക്കലുമായി മുന്നോട്ട് പോവുകയായിരുന്നു. നാം നേടിയ വലിയ വിജയം നമ്മുടെ നിര്‍ദ്ദിഷ്ട വ്യവസായവത്കരണ പദ്ധതി ജനങ്ങള്‍ അംഗീകരിച്ചു എന്നതിന് തെളിവാണെന്ന നിഗമനത്തില്‍ നാമെത്തി.

എന്നാല്‍ ലെനിന്‍ പറഞ്ഞപോലെ, നാം യാഥാര്‍ത്ഥ്യത്തിന്റെ ഒരു വശം മാത്രമേ കണ്ടുള്ളൂ. പക്ഷേ, 2004-ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സി പി ഐ (എം)ന്റെ വോട്ട് ശതമാനം  38.57%-ത്തില്‍ നിന്നും 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 37.13%-മായി എന്ന മറുവശമുണ്ടായിരുന്നു. അതായത് നാലില്‍ മൂന്നു നിയമസഭാ സീറ്റുകളിലും വിജയിച്ചെങ്കിലും വോട്ടിംഗ് ശതമാനത്തില്‍ കുറവുണ്ടായി. ഇത് ശരിയായി ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ സിംഗൂരിലെ ഭൂമിയെറ്റെടുക്കലിന് മുമ്പ് ചെയ്യേണ്ട ഗൃഹപാഠത്തിന്റെ ആവശ്യകത  അടിവരയിടുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ വശം അവഗണിച്ചു. കൂടാതെ, വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യത്തെ അതിന്റെ പൂര്‍ണതയില്‍ കാണാതെ, ജനങ്ങളില്‍ നിന്നും നമ്മെ ഒറ്റപ്പെടുത്താനിടയായ പല പിഴവുകളും സംഭവിച്ചു.

ദേശീയവും പ്രാദേശികവുമായ മറ്റ് പല ഘടകങ്ങളും കൂടി സി പി ഐ (എം)ന്റെയും  ഇടതുമുന്നണിയുടെയും തുടര്‍ന്നുള്ള ആപേക്ഷികമായ ഒറ്റപ്പെടലിന് ആക്കം കൂട്ടി. തുടര്‍ന്ന് ആക്രമരാഷ്ട്രീയത്തിന്റെ അകമ്പടിയോടെ, മാവോവാദികളും, മതമൌലികവാദികളും വര്‍ഗീയവാദികളും അടക്കമുള്ള എല്ലാ പ്രതിപക്ഷ കക്ഷികളുടെയും അവിശുദ്ധ കൂട്ടുകെട്ടുമായപ്പോള്‍, 2009-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു. 2006-ലെ തെരഞ്ഞെടുപ്പില്‍ എല്ലാ പ്രതിപക്ഷ കക്ഷികളുടെയും വോട്ടും ഇടതുമുന്നണിയുടെ വോട്ടും ഏതാണ്ട് തുല്യമായിരുന്ന നിലയായിരുന്നതിനാല്‍, നമുക്ക് നിരവധി സീറ്റുകള്‍ എതിര്‍ വോട്ടുകളുടെ ഒന്നിക്കലില്‍ നഷ്ടപ്പെട്ടു.

അപ്പോള്‍, കേന്ദ്ര സമിതിയിലും പാര്‍ടി കോണ്‍ഗ്രസിലും പാര്‍ടി സ്വയംവിമര്‍ശനപരമായി അംഗീകരിച്ച ഭൂമിവിഷയത്തിലെ പാളിച്ചകള്‍ക്ക് പുറമെ, ഈ ‘യാഥാര്‍ത്ഥ്യത്തിന്റെ ഒരു വശത്ത് മാത്രം നിന്നുള്ള വിലയിരുത്തല്‍’ തുടര്‍ന്നുള്ള തെറ്റായ തീരുമാനങ്ങളിലേക്കും രീതികളിലേക്കും നയിക്കുകയായിരുന്നു.

ആത്മനിഷ്ഠമായ മുന്‍വിധികളുടെ അടിസ്ഥാനത്തിലല്ലാതെ മൂര്‍ത്തമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള വസ്തുനിഷ്ഠമായ വിശകലനങ്ങളിലേക്ക് എത്തുന്നതിന്റെ പ്രാധാന്യം പാര്‍ടി സംഘടനയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും നിലവിലെ കടമകള്‍ നിര്‍വഹിക്കുന്നതിലും സുപ്രധാനമായ ഒരു ഘടകമാണ്.

ചൈനയുടെ അനുഭവപാഠങ്ങള്‍
പശ്ചാത്തലവും കാലവും മറ്റൊന്നാണെങ്കിലും ചൈനീസ് വിപ്ലവത്തിന്റെ അനുഭവങ്ങള്‍ നമുക്ക് വിലയേറിയ പാഠങ്ങള്‍ നല്കുന്നുണ്ട്. മാവോ സെ തുങ്ങിന്റെ തെരഞ്ഞെടുത്ത കൃതികളില്‍ ‘പ്രയോഗത്തെപ്പറ്റി’ (On Practice) എന്ന പ്രസംഗത്തിനൊപ്പം ചേര്‍ത്ത കുറിപ്പില്‍ പീപ്പിള്‍സ് പബ്ലിഷിങ് ഹൌസ്  പത്രാധിപസംഘം ഇങ്ങനെ പറയുന്നു:

“നമ്മുടെ പാര്‍ടിയില്‍ വരട്ടുതത്വവാദികളായ നിരവധി സഖാക്കളുണ്ടായിരുന്നു. അവര്‍ ഏറെക്കാലം ചൈനീസ് വിപ്ലവത്തിന്റെ അനുഭവങ്ങളെ തള്ളിക്കളഞ്ഞു. ‘മാര്‍ക്സിസം ഒരു വരട്ടുതത്വവാദമല്ല മറിച്ച് ഒരു പ്രവര്‍ത്തന മാര്‍ഗരേഖയാണ്’ എന്ന സത്യത്തെ നിഷേധിച്ചു. സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി, മാര്‍ക്സിസ്റ്റ് കൃതികളില്‍ നിന്നെടുത്ത വാക്കുകളും പ്രയോഗങ്ങളുമായി ജനങ്ങളെ അമ്പരപ്പിക്കാന്‍ ശ്രമിച്ചു. അനുഭവവാദികളായ മറ്റൊരുകൂട്ടം സഖാക്കള്‍ നീണ്ടനാളുകള്‍ അവരുടെ ശകലിതമായ അനുഭവങ്ങളില്‍ കുടുങ്ങിക്കിടക്കുകയും, സജീവമായി പക്ഷേ അന്ധമായി അദ്ധ്വാനിച്ചപ്പോഴും  വിപ്ലവപ്രയോഗത്തില്‍ സിദ്ധാന്തത്തിന്റെ പ്രാധാന്യം മനസിലാക്കാതെ പോവുകയോ അതല്ലെങ്കില്‍ വിപ്ലവത്തെ പൂര്‍ണാര്‍ത്ഥത്തില്‍ കാണാതെ പോവുകയോ ചെയ്തു. ഈ രണ്ടു വിഭാഗം സഖാക്കളുടെയും തെറ്റായ ആശയങ്ങള്‍, പ്രത്യേകിച്ചും വരട്ടുതത്വവാദികളുടെ, 1931-34 കാലത്ത് ചൈനീസ് വിപ്ലവത്തിന് കനത്ത നഷ്ടങ്ങളാണ് വരുത്തിയത്. എന്നിട്ടും വരട്ടുതത്വവാദികള്‍ ഇപ്പൊഴും നിരവധി സഖാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ മാര്‍ക്സിസ്റ്റുകള്‍ ആയാണ് അവതരിക്കുന്നത്. പാര്‍ടിക്കുള്ളിലെ വരട്ടുതത്വവാദത്തിന്റെയും അനുഭവവാദത്തിന്റെയും, പ്രത്യേകിച്ചും വരട്ടുതത്വവാദത്തിന്റെ,  ആത്മനിഷ്ഠമായ തെറ്റുകളെ മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെ അറിവിന്റെ വെളിച്ചത്തില്‍ തുറന്നുകാണിക്കാനാണ് ‘പ്രയോഗത്തെപ്പറ്റി’ എഴുതിയത്. പ്രയോഗത്തെ ചെറുതാക്കിക്കാണുന്ന വരട്ടുതത്വവാദത്തെ തുറന്നുകാണിക്കാനാണ് അതിന്റെ തലക്കെട്ട് ‘പ്രയോഗത്തെപ്പറ്റി’ എന്ന്‍ നല്കിയത്.”

ആത്മനിഷ്ഠമായ പരിഗണനകളുടെ ഇരകളാകുന്നത് എങ്ങനെ മറികടക്കണമെന്നത് പാര്‍ടി സഖാക്കളോട് മാവോ വിശദീകരിക്കുന്നു: “ഒരാള്‍ക്ക് അയാളുടെ ജോലിയില്‍ വിജയിക്കണമെങ്കില്‍, പ്രതീക്ഷിച്ച വിജയം നേടണമെങ്കില്‍, അയാള്‍ അയാളുടെ ആശയങ്ങളെ വസ്തുനിഷ്ഠമായ ബാഹ്യലോകത്തിന്റെ നിയമങ്ങളുമായി ചേര്‍ത്തുവെക്കണം: അവ അങ്ങനെ ഒത്തുചേര്‍ന്നില്ലെങ്കില്‍ അയാള്‍ പ്രയോഗത്തില്‍ പരാജയപ്പെടും. പരാജയത്തിനുശേഷം അയാള്‍ പാഠങ്ങള്‍ പഠിക്കുന്നു, ബാഹ്യലോകത്തിന്റെ നിയമങ്ങളുമായി ചേരുന്ന വിധത്തില്‍ തന്റെ ആശയങ്ങള്‍ തിരുത്തുന്നു, അങ്ങനെ ആ പരാജയത്തെ വിജയമാക്കി മാറ്റുന്നു. ‘പരാജയം വിജയത്തിന്റെ മാതാവാണെന്ന്’ പറയുമ്പോള്‍ ഇതാണ് ഉദ്ദേശിക്കുന്നത്.” (മാവോ സെ തുങ്, തെരെഞ്ഞെടുത്ത കൃതികള്‍ വാല്യം 1, പുറം 296-297)

സഖാവ് മാവോ ഇവിടെ മറ്റൊരു പ്രധാന സംഗതിയാണ് പറയുന്നത്. പാര്‍ടി കടമകള്‍ നിര്‍വ്വഹിക്കുമ്പോള്‍ സഖാക്കള്‍ക്ക് തെറ്റുകള്‍ സംഭവിക്കാം. പിഴവുകള്‍ വരുന്നത് ഒരു തെറ്റല്ല,പക്ഷേ പിഴവുകളില്‍ നിന്നും പാഠം പഠിക്കാതിരിക്കുന്നത് ഒരു പിഴവാണ്; എന്തുകൊണ്ട് ആ പിഴവ് സംഭവിച്ചു എന്നു മനസിലാക്കാതിരിക്കുകയും അങ്ങനെ ആ പിഴവ് വീണ്ടും ആവര്‍ത്തിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്നത് ഒരു തെറ്റാണ്. അവസാനമായി, തെറ്റ് തിരുത്താതിരിക്കുകയും തെറ്റായ ധാരണയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നതും ഒരു തെറ്റാണ്. ഒരു പണിയുമെടുക്കാത്ത സഖാക്കള്‍ മാത്രമേ തെറ്റ് പറ്റാത്തവരായുള്ളൂ എന്നാണ് സ്റ്റാലിന്‍ ഒരിക്കല്‍ പറഞ്ഞത്. പ്രവര്‍ത്തനങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് തെറ്റുപറ്റാം, അത് തിരുത്തുന്നതും  ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതുമാണ് പ്രധാനം.

ഒരു സഖാവ് കടമ നിര്‍വ്വഹിക്കാന്‍ പൂര്‍ണമായും സജ്ജനാകണം എന്നാണ് ഇത് അടിവരയിട്ടു പറയുന്നത്. സമാനമായൊരു സാഹചര്യത്തില്‍ മാവോ പറയുന്നു; “അത് കൈകാര്യം ചെയ്യാനാകുമോ എന് എനിക്ക് ഉറപ്പില്ല.” ഒരു ചുമതല സ്വീകരിക്കാന്‍ ഒരു സഖാവ് വിമുഖത കാണിക്കുമ്പോഴാണ് നാമിത് സാധാരണയായി കേള്‍ക്കാറുള്ളത്. എന്തുകൊണ്ടാണ് അയാള്‍ക്ക് തന്നെക്കുറിച്ച് ഉറപ്പില്ലാത്തത്? കാരണം, ചുമതലയുടെ ഉള്ളടക്കവും സാഹചര്യങ്ങളും സംബന്ധിച്ച ഘടനാപരമായ ഒരറിവ് ആയാള്‍ക്കില്ല. അതുകൊണ്ട് അതിനെ ഭരിക്കുന്ന നിയമങ്ങള്‍ അയാള്‍ക്കുമപ്പുറത്താണ്. ചുമതലയുടെ വിശദമായ പഠനത്തിനുശേഷം അയാളത് സ്വമേധയാ ചെയ്യും. അയാള്‍ തുറന്ന മനസുള്ള ഒരാളാണെങ്കില്‍, ആത്മനിഷ്ഠമായി, ഏകപക്ഷീയവും ഉപരിപ്ലവവുമായി  കാര്യങ്ങളെ കാണാത്ത ഒരാളാണെങ്കില്‍ കൂടുതല്‍ ധൈര്യത്തോടെ ആ ജോലി ചെയ്യാനുള്ള നിഗമനങ്ങളില്‍ അയാള്‍ക്കെത്താനാകും. ആത്മനിഷ്ഠമായി, ഏകപക്ഷീയവും ഉപരിപ്ലവവുമായി  കാര്യങ്ങളെ കാണുന്നവരാണ് സംഭവസ്ഥലത്തെത്തിയാല്‍ ആ നിമിഷംതന്നെ സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ, കാര്യങ്ങളെ അവയുടെ സമഗ്രതയില്‍ കാണാതെ (അവയുടെ ചരിത്രവും നിലവിലെ അവസ്ഥയും),  അവയുടെ ഉള്ളടക്കത്തിലേക്ക് (അവയുടെ സ്വഭാവവും ഒന്നിന് മറ്റൊന്നിനോടുള്ള ആഭ്യന്തര ബന്ധവും)കടക്കാതെ ഔദ്ധത്യത്തോടെ ഉത്തരവുകള്‍ നല്‍കുന്നത്. അത്തരം ആളുകള്‍ നിശ്ചയമായും തട്ടിത്തടഞ്ഞുവീഴും.” (മാവോ സെ തുങ്, തെരെഞ്ഞെടുത്ത കൃതികള്‍ വാല്യം 1, പുറം 302)

ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് ഓരോ സഖാവിനും നേടാന്‍ കഴിയുന്ന ശേഷികളിലാണ് മൂര്‍ത്ത സാഹചര്യങ്ങളുടെ പഠനത്തിന്റെ അടിസ്ഥാനം എന്നാണ്. പാര്‍ടിയുടെ ചിട്ടയായ പഠന ക്ലാസുകള്‍ക്ക് പുറമെ ഓരോ സഖാവും സ്വയം ചെയ്യേണ്ട തുടര്‍ച്ചയായ  പഠനത്തിനെയും ഇതാശ്രയിച്ചിരിക്കുന്നു.  ഇത് സഖാക്കളുടെ ജീവിതകാലം മുഴുവന്‍ അയാള്‍/അവള്‍ ചെയ്യേണ്ട പ്രക്രിയയാണ്. ഇതിനെക്കൂടാതെ നിലവിലെ കടമകള്‍ നിര്‍വ്വഹിക്കുക സാധ്യമല്ല.

ബഹുജനങ്ങളില്‍ നിന്നും പഠിക്കുക
ല്യൂ ഷാവ്കി, പാര്‍ടി ഭരണഘടന പുതുക്കുന്നതിനെക്കുറിച്ചുള്ള  തന്റെ റിപ്പോര്‍ടില്‍ (‘പാര്‍ടിയെ കുറിച്ച്’)പറയുന്നു: ജനങ്ങള്‍ സ്വന്തം ചരിത്രം സൃഷ്ടിക്കുന്നു. അവരുടെ വിമോചനം അവരുടെതന്നെ ബോധത്തിനെയും സന്നദ്ധതയേയും അടിസ്ഥാനമാക്കിയായിരിക്കണം. അവര്‍ അവരുടെ മുന്നണിപ്പോരാളിയെ തെരഞ്ഞെടുക്കുന്നു. അതിന്റെ നേതൃത്വത്തില്‍ അവര്‍ അവരെത്തന്നെ സംഘടിപ്പിക്കുകയും സ്വന്തം വിമോചനത്തിനായി പോരാടുകയും ചെയ്യുന്നു. അങ്ങനെ മാത്രമേ അവര്‍ക്ക് അവരുടെ പോരാട്ടങ്ങളെ സുരക്ഷിതമാക്കാനും, നിലനിര്‍ത്താനും, ഭദ്രമാക്കാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്താനാകൂ. ജനങ്ങള്‍ക്ക് മാത്രമേ ജനശത്രുക്കളെ തകര്‍ത്തെറിയാനാകൂ. അത് മറ്റൊരുതരത്തിലും സാധ്യമല്ല. അവരുടെ വാസ്തവത്തിലുള്ള ബോധവും പടയൊരുക്കവും ഇല്ലാതെ, അവരുടെ മുന്നണിപ്പോരാളിയുടെ മാത്രം ശ്രമങ്ങള്‍ വിമോചനത്തിനും പുരോഗതിക്കും മറ്റെന്തിനുമുള്ള പോരാട്ടം വിജയിപ്പിക്കാന്‍ പ്രാപ്തമാകില്ല. അടിയന്തര താത്പര്യമുള്ള ചുമതലകള്‍ പോലും….അവര്‍ക്കുമേല്‍ ചൊരിയുന്നതിനുപകരം അല്ലെങ്കില്‍ മറ്റുള്ളവര്‍ അവര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്നതിന് പകരം ബഹുജനങ്ങള്‍ ത്തന്നെ ഈ ചുമതലകള്‍  ബോധപൂര്‍വം സ്വയംസന്നദ്ധമായി ഏറ്റെടുക്കേണ്ടതുണ്ട്.”

“കമ്മ്യൂണിസ്റ്റുകാരുടെ ലക്ഷ്യങ്ങള്‍ എന്നാല്‍ ജനങ്ങളുടെ ലക്ഷ്യങ്ങളാണ്. നമ്മുടെ പദ്ധതിയും പരിപാടികളും എങ്ങനെ ശരിയായിരുന്നാലും ശരി, ജനങ്ങളുടെ നേരിട്ടുള്ള പിന്തുണയും സുസ്ഥിരമായ സമരവും കൂടാതെ അവ നടപ്പാക്കാനാവില്ല. അതുകൊണ്ട് ജനങ്ങളുടെ രാഷ്ട്രീയ ബോധത്തിനും പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയ്ക്കും മേലാണ് എല്ലാം ആശ്രയിച്ചിരിക്കുന്നത് എന്നതിനാല്‍, അതില്ലാതെ നമുക്കൊന്നും നേടാനാകില്ല. അവരുടെ രാഷ്ട്രീയ ബോധത്തോടും പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയോടുമുള്ള നമ്മുടെ ആശ്രിതത്വം, അവരുടെ യഥാര്‍ത്ഥ ഉണര്‍ച്ചയും പടയൊരുക്കവും പിന്നെ പാര്‍ട്ടിയുടെ ശരിയായ നേതൃത്വത്തോടൊപ്പവും ചേര്‍ന്ന് നമുക്ക് പാര്‍ട്ടിയുടെ മഹത്തായ ലക്ഷ്യത്തിനുള്ള എല്ലാ വശങ്ങളിലും അന്തിമവിജയം നേടാനാകും. അതുകൊണ്ട് ജനങ്ങള്‍ പൂര്‍ണമായും ഉയര്‍ത്തെഴുന്നേല്‍ക്കാതിരിക്കുമ്പോള്‍ സാധ്യവും ഫലപ്രദവുമായ എല്ലാ രീതികളിലും അവരുടെ ബോധത്തെ വികസിപ്പിക്കുക എന്നതാണു കമ്മ്യൂണിസ്റ്റുകാരുടെ, ജനങ്ങളുടെ മുന്നണിപ്പോരാളിയുടെ ചുമതല. നമ്മുടെ ജോലിയിലെ ആദ്യപടിയാണിത്. എത്ര ബുദ്ധിമുട്ടിയാലും എത്ര സമയമെടുത്തായാലും അത് ചെയ്തേ തീരൂ. ഒന്നാമത്തെ പടി പൂര്‍ത്തിയായാലെ നമുക്ക് രണ്ടാമത്തെ പടി തുടങ്ങാന്‍ പറ്റൂ.” (ല്യൂ ഷാവ്കിയുടെ തെരെഞ്ഞെടുത്ത കൃതികള്‍, വാല്യം 1, പുറം 347)

“ബഹുജനങ്ങളില്‍ നിന്നും പഠിക്കുന്നതിന് പകരം, ബുദ്ധിമാന്മാരെന്നു സ്വയം കരുതി, നമ്മുടെ സ്വന്തം ഭാവനയില്‍ നിന്നോ അല്ലെങ്കില്‍ യാന്ത്രികമായി ചരിത്ര, വിദേശ അനുഭവങ്ങളെ അടിസ്ഥാനമാക്കിയോ ഉള്ള ഒരുകൂട്ടം പദ്ധതികളുമായി ബഹുജനങ്ങളുടെ ബോധം വികസിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് നിശ്ചയമായും നിഷ്ഫലമാകും. ബഹുജനങ്ങളില്‍ നിന്നും പഠിക്കുന്നതിനായി, നാം അവരില്‍നിന്നും ഒരു നിമിഷം പോലും മാറിനില്‍ക്കരുത്. നാം അവരില്‍ നിന്നും ഒറ്റപ്പെട്ടാല്‍, നമ്മുടെ അറിവ് തീര്‍ത്തും പരിമിതമാവുകയും  നാം അവര്‍ക്ക് നേതൃത്വം നല്കാന്‍മാത്രംശേഷിയുള്ള  ബുദ്ധിമാന്മാരോ, വേണ്ട വിവരങ്ങളുള്ളവരോ ആകാന്‍ പോകുന്നില്ല.” (ല്യൂ ഷാവ്കിയുടെ തെരെഞ്ഞെടുത്ത കൃതികള്‍, വാല്യം 1, പുറം 349)

തിരുത്തല്‍ രീതി
ആത്മനിഷ്ഠത സംഘടനാ തീരുമാനങ്ങളെ പലതരത്തിലും ബാധിക്കും. ഒരു സഖാവിന്റെ ശക്തികളെയും ദൌര്‍ബല്യങ്ങളെയും കുറിച്ചുള്ള തെറ്റായ വസ്തുനിഷ്ഠ വിലയിരുത്തല്‍ അത്തരം സഖാക്കള്‍ക്ക് തെറ്റായ ചുമതലകള്‍ നല്‍കുന്നതിലേക്ക് എത്തിക്കും. അത്തരം വിലയിരുത്തലുകളുടെ അഭാവത്തില്‍ വ്യക്തിനിഷ്ഠമായ പരിഗണനകള്‍ സഖാക്കളുടെ ശരിയായ വിലയിരുത്തലുകളെ ബാധിക്കുന്ന തരത്തില്‍ കടുത്ത ഇഷ്ടാനിഷ്ടങ്ങളിലേക്ക് നയിക്കുകയും അത് പാര്‍ടി സംഘടനക്ക് ദുരന്തസമാനമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

‘ശരിയായ ചുമതല ശരിയായ സഖാവിന് നല്കുക’ എന്നതിലാണ് ഒരു നല്ല സംഘാടകന്റെ മിടുക്ക് എന്നാണ് സ്റ്റാലിന്‍ പറഞ്ഞതെന്ന് ഓര്‍ക്കണം. വ്യക്തിനിഷ്ഠത ഇതിനെ തടയുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുകുകയും ചെയ്യും.

നേതൃത്വത്തിന്റെ ഭാഗത്തുനിന്നുള്ള കടുത്ത ഇഷ്ടാനിഷ്ടങ്ങളുടെ ഈ പ്രതിഭാസം സ്വാഭാവികമായും സഖാക്കളുടെ ഭാഗത്തുനിന്നും മുഖസ്തുതിയും ‘നേതൃത്വത്തെ സന്തോഷിപ്പിക്കുന്ന’ സ്വഭാവവും ഉണ്ടാക്കും. സാഹചര്യങ്ങളുടെ ശരിയായ വസ്തുനിഷ്ഠ വിവരണവും വിശകലനവും നല്‍കുന്നതിന് പകരം ‘നേതാക്കള്‍ എന്തു കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവോ’ അതനുസരിച്ച് വിവരങ്ങള്‍ നല്കുക എന്ന അപകടകരമായ പ്രതിഭാസത്തിലേക്കാണ് ഈ പ്രവണത നയിക്കുക.

കഴിഞ്ഞ പതിറ്റാണ്ടിലെ നമ്മുടെതന്നെ അനുഭവം എടുത്തുനോക്കിയാല്‍, തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശകലനം സംബന്ധിച്ച് നമ്മുടെ ശക്തികേന്ദ്രങ്ങളായ ബംഗാളിലും കേരളത്തിലും നിന്നടക്കമുള്ള, താഴെതട്ടില്‍ നിന്നുള്ള റിപ്പോര്‍ടുകള്‍ എങ്ങനെയാണ്  വ്യക്തിനിഷ്ഠമായ പെരുപ്പിച്ചുകാട്ടലിലേക്ക് എത്തിയതെന്ന് നമ്മള്‍ കണ്ടതാണ്. പോളിംഗിന് ശേഷവും നമ്മുടെ ബൂത്ത് സമിതികള്‍ അയച്ച റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി കേന്ദ്രത്തിന് നമ്മുടെ പ്രകടനത്തെക്കുറിച്ച് വിലയിരുത്തലുകള്‍ അയച്ചു. എന്നാല്‍ ഈ തെരഞ്ഞെടുപ്പുകളുടെ ശരിക്കുള്ള ഫലം വന്നപ്പോള്‍ നമ്മുടെ വിലയിരുത്തലുകള്‍ അമ്പേ പിഴവായിരുന്നുവെന്ന് വ്യക്തമായി. ഇത് ഒന്നുകില്‍ ആത്മനിഷ്ഠമായ പെരുപ്പിച്ചുകാണിക്കലാകാം, അല്ലെങ്കില്‍ അതിലേറെ അപകടകരമായ രീതിയില്‍ ‘നേതൃത്വം കേള്‍ക്കാനാഗ്രഹിക്കുന്നത്’ എന്തെന്നതിന്റെ അടിസ്ഥാനത്തില്‍ താഴെതട്ടില്‍ നിന്നും വിലയിരുത്തലുകള്‍ നല്‍കുന്നതാകാം. ബഹുജനങ്ങളുമായുള്ള നമ്മുടെ ബന്ധം ഏറെ ദുര്‍ബ്ബലമായിരിക്കുന്നു എന്ന വസ്തുത തിരിച്ചറിയാതെ താഴെതട്ടില്‍ നിന്നുള്ള റിപ്പോര്‍ടുകളെ അടിസ്ഥാനമാക്കി, ഇത്തരം തെറ്റായ വിലയിരുത്തലുകളെ ശക്തിപ്പെടുത്തുന്ന വിധത്തില്‍ വളരെ ആത്മനിഷ്ഠമായാണ് നമ്മുടെ വിലയിരുത്തലുകള്‍ എന്നാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. നമ്മുടെ അനുഭാവികളെന്ന് നാം കരുതിയിരുന്ന, നാം ആശ്രയിച്ചിരുന്ന, നമ്മെ വ്യക്തമായി കയ്യൊഴിഞ്ഞ, അതെന്തുകൊണ്ട് എന്നു നമുക്കൊരു പിടിയുമില്ലാത്ത ആളുകളെ അടിസ്ഥാനമാക്കിയാണ്  താഴെതട്ടില്‍ നിന്നുള്ള വിവരങ്ങളും വന്നത്. ഇതിന്റെയെല്ലാം ഒരു സംയുക്തമാകാം, അല്ലെങ്കില്‍ ഇതോടൊപ്പം മറ്റുപല ഘടകങ്ങള്‍ കൂടിയാകാം ഇതിന് കാരണം.

നമ്മുടെ സംഘടന പ്രവര്‍ത്തനത്തില്‍ സഖാക്കളുടെ പാരസ്പര്യമില്ലായ്മ, വ്യക്തിമാഹാത്മ്യം, സഖാക്കള്‍ക്കിടയില്‍ താന്‍പോരിമയുടെ അനാരോഗ്യകരമായ മത്സരം തുടങ്ങിയ ഗുരുതരമായ അപഭ്രംശത്തിന് വ്യക്തിവാദം/ആത്മനിഷ്ഠത ഇടവരുത്തുന്നു. മൂര്‍ത്ത സാഹചര്യങ്ങളുടെ തെറ്റായ വിലയിരുത്തലിലേക്കും, ജനങ്ങളുമായുള്ള നമ്മുടെ ബന്ധം വീണ്ടും ദുര്‍ബ്ബലമാകുന്നതിലേക്കുമാണ് ഇത്തരം പ്രകടനങ്ങള്‍ അനിവാര്യമായും നയിക്കുന്നത്.

ഈ സാഹചര്യങ്ങളില്‍, പാര്‍ടിക്കകത്ത് എല്ലാ തലങ്ങളിലും ആത്മനിഷ്ഠതക്കെതിരെ പോരാടാനുള്ള അടിയന്തരമായ ആവശ്യം നമ്മുടെ മുന്നിലുണ്ട്. മൂര്‍ത്തമായ സാഹചര്യങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ ശരിയായ രീതിയിലുള്ള വസ്തുനിഷ്ഠമായ കണക്കാക്കലിലും  വിലയിരുത്തലിലേക്കും എത്തിച്ചേരുന്നതിന് ഇതിനെ നേരിടേണ്ടതുണ്ട്. ശരിയായ ഒരു മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ‘മൂര്‍ത്ത വിശകലനത്തിലേക്ക്’ എത്തുന്നതിനും തുടര്‍ന്നുള്ള സംഘടനാരീതികളും നടപടികളും എടുക്കുന്നതിനുമായി ഈ മൂര്‍ത്ത സാഹചര്യങ്ങളുടെ ഒരു ശാസ്ത്രീയ വിശകലനം നടത്താന്‍ ആത്മനിഷ്ഠതയോട് പോരാടേണ്ടിവരും.

പാര്‍ട്ടിയുടെ രാഷ്ട്രീയ-അടവ് ലൈന്‍ രൂപപ്പെടുന്നത് നിര്‍ണായകമായ രീതിയില്‍ ഇതിനെ ആശ്രയിച്ചിരിക്കുന്നു. ഈ പ്രക്രിയയില്‍ വരുത്തുന്ന ഏത് പിഴവും തെറ്റായ രാഷ്ട്രീയ അടവ് ലൈനിലേക്ക് നയിക്കുകയും രണ്ടുതരത്തിലുള്ള വ്യതിയാനങ്ങളിലേക്കും-വലതുപക്ഷ പിന്തിരിപ്പന്‍ വാദവും ഇടതുപക്ഷ സാഹസികതയും- നീങ്ങുന്നതിലേക്ക്  പാര്‍ട്ടിയെ എത്തിക്കുകയും ചെയ്യും.

ഇന്ത്യന്‍ വിപ്ലവത്തിന്റെ ജനകീയ ജനാധിപത്യ ഘട്ടം വിജയകരമായി പൂര്‍ത്തീകരിക്കുന്നതിലൂടെ ഇന്ത്യയില്‍ സോഷ്യലിസത്തിനായുള്ള  പോരാട്ടത്തിന്റെ വിജയത്തിനുവേണ്ടി, നിലവിലെ സാഹചര്യങ്ങളുടെ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് വിശകലനത്തിലൂടെ, പ്രധാനമായും എല്ലാ തലത്തിലും ആത്മനിഷ്ഠതയെ എതിരിട്ടുകൊണ്ട്, നമുക്കനുകൂലമായി വര്‍ഗശക്തികളുടെ പരസ്പരബന്ധത്തിന്റെ സന്തുലനത്തില്‍ മാറ്റം വരുത്താനുള്ള കടമ നമ്മുടെ പോരാട്ടത്തിന്റെ അവിഭാജ്യഘടകമാണ്. രാജ്യത്തെ നമ്മുടെ വിപ്ലവതന്ത്ര ലക്ഷ്യം നേടുന്നതിനുള്ള സമരങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇത് അനിവാര്യമാണ്.

വിശദമായ ചര്‍ച്ചകള്‍ക്കുശേഷം 21-ആം പാര്‍ടി കോണ്‍ഗ്രസിലാണ് സി പി ഐ (എം) നിലവിലെ രാഷ്ട്രീയ-അടവ് നയം അംഗീകരിക്കുന്നത്. ഇത് ബഹുജനങ്ങളുമായുള്ള പാര്‍ടിയുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്നതിനുവേണ്ട സംഘടന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതാണ് നമ്മുടെ ചുമതലയും.

അതുകൊണ്ട്, മൂന്നു തലങ്ങളിലും- മൂര്‍ത്ത സാഹചര്യങ്ങളുടെ ശരിയായ കണക്കാക്കല്‍, മൂര്‍ത്തമായ വിശകലനത്തിനുള്ള ശാസ്ത്രീയടിത്തറ, ഇന്ത്യന്‍ ജനതയുടെ ബഹുഭൂരിപക്ഷവുമായുള്ള നമ്മുടെ ജൈവമായ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ശരിയായ സംഘടനാരീതികളും തീരുമാനങ്ങളും- വ്യക്തിവാദത്തെ/ആത്മനിഷ്ഠതയെ അത് പ്രകടമാകുന്ന അസംഖ്യം രീതികളിലും എതിരിടുക എന്ന പാര്‍ടിയൊന്നാകെ ഏറ്റെടുക്കേണ്ട അടിയന്തര ചുമതലയാണ്.

(സി പി ഐ എം ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍