UPDATES

ട്രെന്‍ഡിങ്ങ്

പാപ്പാത്തിച്ചോലയെ ചപ്പാത്തിച്ചോലയാക്കി മുഖ്യമന്ത്രി; സഭയില്‍ രാജിവച്ച് കെ എം മാണി

രൂക്ഷമായ നിരവധി ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നതിനിടെയാണ് സഭയില്‍ ചിരിപടര്‍ത്തുന്ന രംഗങ്ങളും അരങ്ങേറിയത്

ഏറെ നാളുകള്‍ക്ക് ശേഷം വീണുകിട്ടിയ മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നാക്ക് പിഴ സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കുകയാണ്. അതോടൊപ്പം ഇന്ന് നിയമസഭയില്‍ പല നേതാക്കള്‍ക്കും നാക്ക് പിഴവ് നേരിടേണ്ടി വന്നത് സഭയില്‍ കൂട്ടച്ചിരിക്ക് ഇടയാക്കി.

പെമ്പിളൈ ഒരുമൈ എന്ന് പറയാന്‍ ഏറെ ബുദ്ധിമുട്ടിയ തിരുവഞ്ചൂര്‍ പലയാവര്‍ത്തി ശ്രമിച്ചിട്ടും അത് തെറ്റിച്ച് തന്നെയാണ് പറഞ്ഞത്. ഇതിനിടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പെടെ കൃത്യമായി പറഞ്ഞു കൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. തിരുവഞ്ചൂരിന്റെ നാക്ക് പിഴവിനോട് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പൊട്ടിച്ചിരിച്ചാണ് സഭയില്‍ പ്രതികരിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ സമയം ചിരിയമര്‍ത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് നാക്ക് പിഴവിന് തുടക്കമിട്ടത്. പാപ്പാത്തി ചോലയിലെ കയ്യേറ്റത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് മുഖ്യമന്ത്രിയ്ക്ക് നാക്കുളുക്കിയത്. പാപ്പാത്തിച്ചോല എന്നതിന് പകരം ചപ്പാത്തിച്ചോലയെന്നാണ് അദ്ദേഹം പറഞ്ഞത്. സഭയില്‍ നിന്നും മറ്റ് അംഗങ്ങള്‍ അത് പാപ്പാത്തിച്ചോലയെന്ന് തിരുത്തിയപ്പോള്‍ അദ്ദേഹം മാറ്റിപ്പറഞ്ഞത് ചാപ്പാത്തിച്ചോലയെന്നും ആയി പോയി. ഒടുവില്‍ മുഖ്യമന്ത്രി തന്നെ ചിരിക്കുകൊണ്ട് പാപ്പാത്തിച്ചോലയെന്ന് തിരുത്തുകയും ചെയ്തു.

അതുകഴിഞ്ഞാണ് മുന്‍ മന്ത്രി കെഎം മാണിയുടെ രാജി പ്രഖ്യാപനമുണ്ടായത്. ഒരിക്കല്‍ മന്ത്രി സ്ഥാനത്തു നിന്നും രാജിവച്ച മാണിയുടെ ഇന്നത്തെ രാജി അക്ഷരാര്‍ത്ഥത്തില്‍ സഭയെ ഞെട്ടിക്കുക തന്നെ ചെയ്തു. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ രാജിവയ്ക്കാത്ത മന്ത്രി മണിയുടെ നടപടിയില്‍ പ്രതിഷേധിച്ച് താനും തന്റെ പാര്‍ട്ടിയും രാജിവയ്ക്കുന്നുവെന്നാണ് മാണി പ്രഖ്യാപിച്ചത്. പ്രഖ്യാപനം കേട്ട് മാണിയുടെ തൊട്ടടുത്തിരുന്ന ഒ രാജഗോപാല്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ചാടിയെഴുന്നേല്‍ക്കുകയും രാജിവയ്ക്കുന്നോയെന്ന് സഭാംഗങ്ങള്‍ എടുത്ത് ചോദിക്കുകയുമായിരുന്നു. അങ്ങും അങ്ങയുടെ പാര്‍ട്ടിയും എന്ന് സ്പീക്കറും എടുത്തു ചോദിച്ചതോടെയാണ് മാണിക്ക് തന്റെ അബദ്ധം മനസിലായത്. അതോടെ ‘ഞാനും എന്റെ പാര്‍ട്ടിയും.. രാജിവയ്ക്കുന്നില്ല’ എന്ന് അദ്ദേഹം പ്രഖ്യാപിച്ചത് സഭയില്‍ കൂട്ടച്ചിരിക്ക് ഇടയാക്കി.

മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലും മന്ത്രി മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശവുമുള്‍പ്പെടെ രൂക്ഷമായ നിരവധി ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നതിനിടെയാണ് സഭയില്‍ ചിരിപടര്‍ത്തുന്ന രംഗങ്ങളും അരങ്ങേറിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍