UPDATES

ട്രെന്‍ഡിങ്ങ്

കെ സുധാകരനെന്താണ് നെഹ്‌റു ഗ്രൂപ്പില്‍ കാര്യം? ഒരു മധ്യസ്ഥന്റെ പങ്കപ്പാടുകള്‍

സുധാകരന്‍ ബിജെപിയിലേയ്ക്ക് പോയേക്കും എന്ന അഭ്യൂഹം പരക്കുന്നതിനിടയിലാണ് ചെര്‍പ്പുളശേരിയിലെ ഡിവൈഎഫ്‌ഐക്കാര്‍ ഇങ്ങനെയൊരു പണി കൊടുത്തത്

കെ സുധാകരന്‍ ഇപ്പോള്‍ റാംജി റാവു സ്പീക്കിംഗില്‍ ഇന്നസെന്റിന്റെ മത്തായിച്ചന്‍ പറയുന്ന ഡയലോഗ് ചിലപ്പോള്‍ മനസില്‍ പറയുന്നുണ്ടാകാം. “ചെര്‍പ്പുളശേരി, ആ സ്ഥലത്തിന്റെ പേര് കേട്ടപ്പളേ വിചാരിച്ചതാ എന്തെങ്കിലും കുഴപ്പണ്ടാവും എന്ന്”. “പിണറായി വിജയനെ ഞാന്‍ പണ്ട് തല്ലിയിട്ടുണ്ട്” എന്ന് ഏറെ അഭിമാനത്തോടെ പറയുന്ന വ്യക്തിയാണ് കെ സുധാകരന്‍. ക്രൗര്യവും ഭീഷണിയും തടിമിടുക്കുമെല്ലാമായി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സിപിഎമ്മുമായി മുട്ടി നിന്ന സുധാകരന് കുറച്ചുകാലമായി അത്ര നല്ല കാലമല്ല. വേണ്ടത്ര മാധ്യമശ്രദ്ധ കിട്ടുന്നില്ല. പല്ലുകൊഴിഞ്ഞ സിംഹം, പുലി എന്നൊക്കെ പറഞ്ഞ് സുധാകരനെ പലരും പരിഹസിക്കുന്നുണ്ട്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് മുമ്പ് തന്നെ സുധാകരന്റെ പല്ല് കൊഴിഞ്ഞു തുടങ്ങിയിരുന്നു എന്നാണ് പറയുന്നത്. വില്ലന്മാര്‍ കാലാന്തരത്തില്‍ ഹാസ്യ കഥാപാത്രങ്ങളായി മാറുക എന്നത് സിനിമയില്‍ മാത്രമല്ല, രാഷ്ടീയത്തിലും ജീവിതത്തിലുമെല്ലാം സംഭവിക്കാവുന്നതാണ്. എന്നാലും ഉദുമയില്‍ പോയി മത്സരിച്ച് തോറ്റ സുധാകരന്‍, ചെര്‍പ്പുളശേരിയിലെത്തി വീണ്ടും തോല്‍വികള്‍ ഏറ്റുവാങ്ങുന്നത് എന്തിനായിരിക്കും.

കണ്ണൂരില്‍ കൊലപാതകത്തില്‍ രാഷ്ട്രീയം കുറയുകയും രാഷ്ട്രീയത്തില്‍ കൊലപാതകം കൂടുകയും ചെയ്ത കാലത്താണ് കോണ്‍ഗ്രസിന്‍റെ രക്ഷകനായി സുധാകരന്‍ അവതരിക്കുന്നത്. കുടുംബപരവും രാഷ്ട്രീയപരവുമായ കുടിപ്പക പഴയ ചേകവ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയൊക്കെ അവകാശപ്പെട്ടും അനുസ്യൂതം തുടര്‍ന്നപ്പോള്‍ പ്രധാനമായും സിപിഎമ്മും ആര്‍എസ്എസ്സും ഇരുവശങ്ങളിലുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസുകാര്‍ക്ക് ഒരു ധൈര്യമൊക്കെ ഉണ്ടാക്കി കൊടുത്തത് സുധാകരനാണ്. കൊലപാതകവും വധശ്രമവും അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ ആരോപണവിധേയനായ സുധാകരന്‍, എന്‍ രാമകൃഷ്ണന്‍ അടക്കമുള്ള കരുത്തരായിരുന്ന നേതാക്കളെ അപ്രസക്തരാക്കി കൊണ്ട് കണ്ണൂരിലെ കോണ്‍ഗ്രസിനെ കൈപ്പിടിയിലൊതുക്കി. തിരഞ്ഞെടുപ്പ് രാഷ്ട്രീയ തോല്‍വി ഒരു തുടര്‍ച്ചയാവുകയും പഴയ പോലെ സിപിഎമ്മിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും സുധാകരന് സ്വാധീനമുള്ള, സുധാകരന്‍ പറഞ്ഞാല്‍ എന്തും ചെയ്യുന്ന ആര്‍എസ്എസുകാര്‍ കണ്ണൂരിലെ പല പ്രദേശങ്ങളിലുമുണ്ടെന്നാണ് അവിടത്തുകാര്‍ പറയുന്നത്. കോണ്‍ഗ്രസിലെ മാറി മറിയുന്ന ഗ്രൂപ്പ് സമവാക്യങ്ങളില്‍ സുധാകരന്റെ ഗ്രൂപ്പിന് വലിയ പ്രസക്തിയൊന്നുമില്ല. സുധാകരന്റെ മസില്‍ രാഷ്ട്രീയത്തിന് മാത്രമായിരുന്നു പ്രസക്തി. ഏതായാലും നാലാം ഗ്രൂപ്പുകാരനായും ഐ ഗ്രൂപ്പുകാരനായും ഒക്കെ അറിയപ്പെട്ടിരുന്ന സുധാകരന് ചെര്‍പ്പുളശേരിക്കാര്‍ നല്ല പണിയാണ് കൊടുത്തിരിക്കുന്നത്.

സുധാകരന്‍ ബിജെപിയിലേയ്ക്ക് പോയേക്കും എന്ന അഭ്യൂഹം പരക്കുന്നതിനിടയിലാണ് ചെര്‍പ്പുളശേരിയിലെ ഡിവൈഎഫ്‌ഐക്കാര്‍ ഇങ്ങനെയൊരു പണി കൊടുത്തത്. നിയമ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് വേണ്ടി ഒത്തുതീര്‍പ്പ് നടത്താന്‍ എത്തിയതാണ് സുധാകരന്‍. രണ്ട് മണിക്കൂറാണ് ഡിഫിക്കാര്‍ വീട് വളഞ്ഞ് തടഞ്ഞുവച്ചത്. ഒടുവില്‍ പൊലീസ് എത്തേണ്ടി വന്നു സുധാകരനേയും കൃഷ്ണദാസിനേയും പുറത്തെത്തിക്കാന്‍. ഷഹീര്‍ ഷൗക്കത്തലി കേസിലാണ് നിലവില്‍ ജിഷ്ണു കേസിനേക്കാള്‍ പെട്ടെന്ന് പണി കിട്ടാന്‍ സാധ്യതയുള്ളതെന്ന് കൃഷ്ണദാസിനും കൂട്ടര്‍ക്കുമറിയാം. ഈ കേസ് ഒത്തുതീര്‍ക്കേണ്ടത് ജിഷ്ണു കേസില്‍ നിന്നുള്ള മോചനത്തിനും ആവശ്യമാണ്. എന്നാല്‍ ഈ കേസില്‍ സുധാകരനെന്ത് കാര്യം എന്ന് ചോദിക്കാം. നെഹ്രു ഗ്രൂപ്പിന് വേണ്ടി മധ്യസ്ഥനാകാന്‍ ഈ അടുത്തെങ്ങും വേറെ ആരുമില്ലേ? എന്തിനാണ് കണ്ണൂരില്‍ നിന്ന് പാലക്കാട്, ചെര്‍പ്പുളശേരിയിലെത്തി മധ്യസ്ഥനായി സുധാകരന്‍ പണി വാങ്ങിയത് എന്നൊന്നും ചോദിക്കേണ്ട കാര്യമില്ല. ഷഹീറിനേയും വീട്ടുകാരേയും പേടിപ്പിക്കാന്‍ സുധാകരനെ പോലൊരു ഘടാഘടിയന്‍ തന്നെ വേണമെന്ന് നെഹ്രു ഗ്രൂപ്പിനോ കൃഷ്ണദാസിനോ തോന്നിയാല്‍ അവരെ കുറ്റം പറയാനാവില്ല.

ജിഷ്ണു കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു എന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ വന്നത്. ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍, സുധാകരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഒരു സ്വാശ്രയ കോളേജ് മാനേജ്‌മെന്റിന്റെ വിദ്യാര്‍ത്ഥി പിഡനത്തിന് സംരക്ഷണം നല്‍കാനാണ് മധ്യസ്ഥതയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇറങ്ങിയിരിക്കുന്നത്. പക്ഷെ ഒരു കാര്യത്തില്‍ സുധാകരനെ അഭിനന്ദിക്കണം. താന്‍ കാണിച്ച വൃത്തികേട് തുറന്നു സമ്മതിക്കാനുള്ള ആര്‍ജ്ജവം അദ്ദേഹം കാണിച്ചു. മറ്റ് പലരേയും പോലെ ഉരുണ്ടുകളിക്കാനോ, ഞാന്‍ മാത്രമല്ല അവനും ഉണ്ടായിരുന്നു എന്ന് പറയാനോ ശ്രമിച്ചില്ല. ഷഹീര്‍ ഷൗക്കത്തലിയുടെ കേസിലാണ് താന്‍ ഇടപെട്ടതെന്ന് സുധാകരന്‍ പറഞ്ഞിട്ടുണ്ടെങ്കിലും നെഹ്രു ഗ്രൂപ്പുകാര്‍ക്ക് ബന്ധമുള്ളത് കോണ്‍ഗ്രസുകാരുമായാണ് എന്ന് പ്രചാരണം നടത്താന്‍ സിപിഎമ്മിന് ഒരു വടി കിട്ടി. പക്ഷെ സുധാകരന് ഇതൊന്നും പുത്തരിയല്ല, കോണ്‍ഗ്രസിനും. സുധാകരന്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ പാര്‍ട്ടിക്ക് പങ്കൊന്നുമില്ലെന്നും സുധാകരന്റെ നടപടി ശരിയായില്ലെന്നും പറഞ്ഞ് വളരെ സ്വാഭാവികമായി പാലക്കാട് ഡിസിസി കൈ കഴുകിയിട്ടുണ്ട്. കെപിസിസിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ പറയുന്നത്. ആ പറഞ്ഞത് സത്യമാണെങ്കിലും അല്ലെങ്കിലും ഇനി സുധാകരനായി, സുധാകരന്റെ പാടായി.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍