UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദ്യം ആഫ്രോഫോബിയ അവസാനിപ്പിക്കൂ; എന്നിട്ടുമതി ആഫ്രിക്കന്‍ ദിനാഘോഷം

Avatar

അഴിമുഖം പ്രതിനിധി

ഞായറാഴ്ച ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ കോംഗോ സ്വദേശിയായ വിദ്യാര്‍ത്ഥി മസുന്ദ കിറ്റാഡ ഒളിവറെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധം തണുപ്പിക്കാന്‍ ഇന്ത്യ ശ്രമം തുടരുന്നു. ആഫ്രിക്കന്‍ വംശജര്‍ക്കുനേരെ ആക്രമണം പതിവായതിനെ തുടര്‍ന്നാണ് ആഫ്രിക്കന്‍ ദിനാഘോഷം മാറ്റിവയ്ക്കണമെന്ന് ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്.

അതിനിടെ കോംഗോയില്‍ ഇന്ത്യാക്കാര്‍ക്കെതിരെ ആക്രമണം ഉണ്ടാകുകയും ഇന്ത്യാക്കാരുടെ സുരക്ഷയ്ക്കായി കോംഗോ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുകയും ചെയ്തു. എന്നാല്‍ ഒളിവറുടെ കൊലപാതകത്തെ അപലപിക്കാനോ ഇന്ത്യയിലെ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്താനോ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. 64 ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രതിനിധികളുടെ പ്രതിഷേധത്തെ പോലും കേന്ദ്ര സര്‍ക്കാരിന് അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

ആഫ്രിക്കന്‍ ദിനാഘോഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള നയതന്ത്ര പ്രതിനിധികളുടെ തീരുമാനത്തെ തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിന് വിദേശകാര്യ മന്ത്രാലയം നേരിട്ട് രംഗത്തിറങ്ങിയിരുന്നു. വിദേശകാര്യ സഹമന്ത്രി വികെ സിംഗ് ആഫ്രിക്കന്‍ നയതന്ത്ര പ്രതിനിധികളുടെ സംഘത്തെ സന്ദര്‍ശിക്കുകയും ഉചിതമായ ആഘോഷങ്ങളുമായി പരിപാടി നടത്തി പാരമ്പര്യം തുടരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ നാളെയാണ് ആഫ്രിക്കന്‍ ദിനാഘോഷം നടക്കുന്നത്. വംശീയതയ്ക്കും ആഫ്രോഫോബിയക്കും എതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്നാണ് ആഫ്രിക്കന്‍ നയതന്ത്രപ്രതിനിധികളുടെ ആവശ്യം. ഇന്ത്യയിലെ ആഫ്രിക്കക്കാരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ ഇന്ത്യയില്‍ ആക്രമണം തുടരുന്നതിനാല്‍ 42 ആഫ്രിക്കന്‍ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ യോഗം ചേരുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ആഫ്രിക്കകാര്‍ക്ക് ഇന്ത്യയില്‍ സുരക്ഷ ഉറപ്പു വരുത്തുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. ഒളിവറെ കൊലപ്പെടുത്തിയവരെ പിടികൂടാന്‍ ശക്തമായ നിര്‍ദ്ദേശമാണ് സുഷമ ഡല്‍ഹി പൊലീസിന് നല്‍കിയിട്ടുള്ളത്. മന്ത്രാലയത്തിന്റെ കഠിനശ്രമത്തിലൊടുവിലാണ് നയതന്ത്രപ്രതിനിധികള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍