UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമൃത പീഡന വാര്‍ത്ത: ജാസ്മിന്‍ ഷായ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ ആക്രമണം

അഴിമുഖം പ്രതിനിധി

കൊച്ചി അമൃത ആശുപത്രിയില്‍ നഴ്‌സ് പീഡിപ്പിക്കപ്പെട്ടുവെന്ന് വാര്‍ത്ത പരക്കുന്നതില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ പങ്ക് അന്വേഷിക്കണമെന്നും മതമൗലികവാദികളുടെ ആക്രമണങ്ങളില്‍ നിന്ന് ഹൈന്ദവ ജനതയെ രക്ഷിക്കുകയെന്നും ആവശ്യപ്പെട്ട് ഹിന്ദു സംരക്ഷണ വേദിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. ബിഗ് ന്യൂസ് എന്ന മാധ്യമത്തിന്റെ ഡയറക്ടറുമാണ് ജാസ്മിന്‍ ഷായെന്ന് വേദി ആരോപിക്കുന്നു.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ജാസ്മിന്‍ ഷാ രംഗത്തെത്തി. യുഎന്‍എ പ്രസിഡണ്ട് എന്ന നിലയില്‍ താനും, ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ജിതിന്‍ ലോഹിയും മറ്റു സഹഭാരവാഹികളും പ്രവര്‍ത്തിക്കുന്നത് ഒരു ജാതിയുടെയും മതത്തിന്റെയും പേരിലുള്ള താല്‍പര്യങ്ങള്‍ സംരക്ഷിക്കാനല്ലെന്നും മറിച്ച് മനുഷ്യ വികാരങ്ങള്‍ക്ക് ഇതിനേക്കാളപ്പുറം വില മതിക്കുന്നത് കൊണ്ടാണെന്നും ഷാ ഫേസ് ബുക്കില്‍ വിശദീകരിച്ചു. അമൃത ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രമുഖ ചാനലിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലടക്കം നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലും, പൊതു സമൂഹത്തനിടയില്‍ ഉയര്‍ന്നു വന്ന ആശങ്കകള്‍ അകറ്റുന്നതിനും ഒരു അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് യുഎന്‍എ പരാതി നല്‍കിയതും തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടതും ആരെയെങ്കിലും പ്രകോപിപ്പിച്ചുവെങ്കില്‍ അതിന്റെ പിന്നിലെ താല്‍പര്യം നിങ്ങള്‍ വിലയിരുത്തുക. യുഎന്‍എയുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഞാന്‍ ഡയറക്ടര്‍ ആണെങ്കില്‍ കേരളത്തിലെ മിക്ക മാധ്യമങ്ങളുടെയും ഡയറക്ടര്‍ ഞാന്‍ തന്നെയാകുമല്ലോ? വിഡ്ഢിത്തം പുലമ്പുന്നതിനും ഒരു യുക്തി വേണം. ഞങ്ങളുടെ ഒരു സഹോദരിയുടെ കണ്ണുനീര്‍ ഇവിടെ വീണിട്ടുണ്ടെങ്കില്‍ അതിനു പകരം ചോദിച്ചിരിക്കും. ഇതില്‍ വിറളി പൂണ്ട് മഹത്തായ സംസ്‌കാരമുള്ള ഒരു മതത്തിന്റെ പേരില്‍ ഇത്തരം പോസ്റ്ററിറക്കിയാല്‍ തന്നെപ്പോലെയുള്ളവരെ കൈകാര്യം ചെയ്യാന്‍ ആ മതത്തില്‍ തന്നെയുള്ള പതിനായിര കണക്കിന് അംഗങ്ങള്‍ ഞങ്ങളുടെ സംഘടനയില്‍ മാത്രം ഉണ്ട്. നീതിക്ക് വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം തുടരുമെന്നും ഷാ പറയുന്നു.

അമൃത ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു നഴ്‌സിനെ ആശുപത്രിയുമായി ബന്ധമുള്ള ഒരു സ്വാമി ബലാല്‍സംഗം ചെയ്തുവെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആശുപത്രിയിലെ രഹസ്യ ഐസിയുവില്‍ ചികിത്സയിലാണെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചത്.

വാര്‍ത്തയെ തുടര്‍ന്ന് പൊലീസ് ആശുപത്രിയില്‍ അന്വേഷണം നടത്തിയിരുന്നു. ഈ വാര്‍ത്ത പോസ്റ്റ് ചെയ്ത പോരാളി ഷാജിയെന്ന ഫേസ് ബുക്ക് പേജിന് എതിരെ ആശുപത്രി അധികൃതര്‍ പൊലീസില്‍ ഐടി നിയമ പ്രകാരം പരാതി നല്‍കുകയും ചെയ്തു.

ഈ വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തുകൊണ്ടു വരാന്‍ യുഎന്‍ഐയും രംഗത്ത് എത്തിയിരുന്നു. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയുമായി സംസാരിച്ചതിന് ശേഷം ജാസ്മിന്‍ ഷാ സംഭവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് എഫ് ബിയില്‍ ഫോണ്‍ നമ്പര്‍ പോസ്റ്റ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍