UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുവാവിന്റെ മരണം: തെരഞ്ഞെടുപ്പിനിടെ യുപിയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം

ബിജ്‌നോര്‍ പോലീസ് എട്ട് പേരെ പ്രതികളാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ഇന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ യുവാവ് വെടിയേറ്റ് മരിച്ചു. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുതയാണ്‌ കൊലപാതകത്തിന് പിന്നിലെന്നും സംഭവസ്ഥലത്ത് വര്‍ഗ്ഗീയ സംഘര്‍ഷം നിലനില്‍ക്കുന്നതായുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് ബിജ്‌നോര്‍ പോലീസ് എട്ട് പേരെ പ്രതികളാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന എട്ട് പേര്‍ക്കെതിരെയാണ് കേസ്. ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴുണ്ടായ കൊലപാതകരം മേഖലയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിച്ചിരിക്കുകയാണ്. വന്‍ പോലീസ് സന്നാഹത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. യുപി തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ രാഷ്ട്രീയം ഏറെ പ്രതിഫലിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ബിജ്‌നോര്‍. കഴിഞ്ഞ വര്‍ഷം നവംബറിലും ഇവിടെ വര്‍ഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

ജാട്ട് വിഭാഗത്തില്‍പ്പെട്ട യുവാവ് വെടിയേറ്റാണ് മരിച്ചത്. പടിഞ്ഞാറന്‍ യുപിയില്‍ ജാട്ട് വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമാണ്. യുവാവിന്റെ മൃതദേഹവുമായി ജാട്ട് വിഭാഗക്കാര്‍ ഹൈവേ ഉപരോധിച്ചതോടെ വന്‍ സംഘര്‍ഷാവസ്ഥയാണ് ഇവിടെ രൂപംകൊണ്ടിരിക്കുന്നത്. അതേസമയം യുവാവിന്റെ മരണത്തിന് വര്‍ഗ്ഗീയ നിറം കൊടുത്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നതായാണ് അറിയുന്നത്. വര്‍ഗ്ഗീയ കലാപം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനായി രാഷ്ട്രീയക്കാരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ആജ് തക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിജ്‌നോര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കൊത്‌വാലി ഗ്രാമത്തില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് യുവാവ് വെടിയേറ്റ് മരിച്ചത്.പതിനേഴുകാരനായ വിശാല്‍ ആണ് വെടിയേറ്റ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. വിശാലിന്റെ പിതാവ് സഞ്ജയ്ക്ക് ആക്രമണത്തിനിടെ കുത്തേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിശാലിന്റെ മരണമറിഞ്ഞ് ഇവരുടെ ഫാമില്‍ തടിച്ച് കൂടിയ ഗ്രാമവാസികള്‍ ഇയാളുടെ മൃതദേഹവുമായി ബിജ്‌നോര്‍-നജീബാബാദ് ദേശീയ പാത ഉപരോധിക്കുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയപാതയിലൂടെ വാഹനങ്ങളൊന്നും കടന്നുപോകാന്‍ അനുവദിച്ചില്ല. കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പ്രചരിച്ചതോടെ വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ സാധ്യത കണക്കിലെടുത്താണ് ഇവിടെ വന്‍പോലീസ് സന്നാഹത്തെ വിന്യസിച്ചത്.

വിശാലിന്റെ കൊലപാതകത്തിന് വര്‍ഗ്ഗീയ നിറം കൊടുക്കുന്ന വാര്‍ത്തകളൊന്നും വിശ്വസിക്കരുതെന്ന് ബിജ്‌നോറിലെ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ രുചി വീര തന്റെ ഫേസ്ബുക്ക് പേജിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വിശാലിന്റെ കൊലപാതകത്തെ അപലപിച്ച അദ്ദേഹം കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍