UPDATES

കാസര്‍ഗോഡ്: സെക്കന്റ് ഷോ കളിക്കാത്ത, ഏഴു മണിക്കുറങ്ങാന്‍ കിടക്കുന്ന ഒരു നഗരത്തിന്‍റെ അശാന്തി

ഏറ്റവും ഒടുവിലുത്തേതാണ് മദ്രസ അധ്യാപകനായ റിയാസ് മൌലവിയുടെ കൊലപാതകം

എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം; കാസര്‍ഗോഡുകാര്‍ പലരും മനസ്സില്‍ ഈ ചിന്തയും പേറി ജീവിക്കുന്നവരാണ്. 2008ല്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കടയിലുണ്ടായിരുന്ന മകനെ നിഷ്ഠൂരമായി കൊലപ്പെടുത്തുന്നത് ഒരു ഫര്‍ണിച്ചര്‍ ഷോപ്പ് ഉടമയ്ക്ക് കണ്ടുനില്‍ക്കേണ്ടിവന്നു. ആ കൊലപാതകം കണ്ട് വിറങ്ങലിച്ച നഗരം ഇന്നും ആ നടുക്കത്തില്‍ നിന്ന് പുറത്ത് കടന്നിട്ടില്ല. സെക്കന്റ് ഷോ കളിക്കാത്ത, ഏഴുമണിക്ക് ഉറങ്ങാന്‍ കിടക്കുന്ന, എട്ട് മണി കാണാതെ കടകളടയ്ക്കപ്പെടുന്ന ഈ നഗരത്തിന് ഇങ്ങനെയൊരു കഥയുണ്ട്. ഇതിന് പിന്നിലെ സത്യം ഈ ഭയമാണെന്ന് പലര്‍ക്കും അറിയില്ല

അത്രകണ്ട് വര്‍ഗ്ഗീയവത്ക്കരിക്കപ്പെട്ട മനസ്സല്ല കാസര്‍ഗോഡുകാരുടേതെന്ന് ഇവിടെയെത്തുന്ന ഓരോരുത്തര്‍ക്കും മനസ്സിലാകും. ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ ഒരായിരം കഥകള്‍ ഈ നാടിന് പറയാനുണ്ട്. തുളുനാടന്‍ ജനതയുടെ വിശ്വാസ മൂര്‍ത്തികളായ (ശൈവാംശ മൂര്‍ത്തികള്‍) പൂമാണിയുടേയും കിന്നിമാണിയുടേയും സഹോദരിയായി വിശേഷിക്കപ്പെടുന്ന പൈക്കം മണവാട്ടി ബീവിയുടെ ഖബര്‍സ്ഥാനം പൈക്കയിലെ പള്ളിക്കകത്താണ്. നീലേശ്വരം പെരുമ്പട്ടയില്‍ തെയ്യാട്ടം തീരുന്നതിന് മുന്‍പ് പെരുമ്പട്ട പള്ളിയിലെ ബാങ്ക് വിളി കേള്‍ക്കാനെത്തുന്ന പാടാര്‍ കുളങ്ങര ഭഗവതിയും, മാപ്പിളരാമായണത്തിന്റെ ശീലുകളുമെല്ലാം കലര്‍ന്ന ഈ മണ്ണിലെങ്ങനെയാണ് വര്‍ഗ്ഗീയതയുടെ വിഷം വീഴുക?

1992 കാലത്ത് ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് കാസര്‍ഗോഡ് നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും നടന്ന  കൊലപാതക പരമ്പരയില്‍ 11 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവിടുത്തെ അതിപുരാതനവും പ്രശസ്തവുമായ മാലിക് ദീനാര്‍ പളളിക്ക് ഇന്നും ഒരു ക്ഷേത്രത്തിന്റെ എടുപ്പാണുള്ളത്. ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നിരവധി ഹൈന്ദവ ആരാധനാലയങ്ങളില്‍ ഒരെണ്ണം പോലും കേടുപാടുകള്‍ കൂടാതെ സുരക്ഷിതമായുണ്ട്. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ കൂടലിലും നിരവധി മുസ്ലീം ആരാധനാലയങ്ങളുണ്ട്, ഒരു പോറലുപോലും ഏല്‍ക്കാതെ നില്‍ക്കുന്നവ.

മാലിക് ദിനാര്‍ പള്ളി

1984ലാണ് ആദ്യത്തെ കൊലപാതകം നടക്കുന്നത്. പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് വുഡ്‌ലാന്റ് ഹോട്ടലില്‍ ജീവനക്കാരനായിരുന്ന യുവാവിനെ കൊലപ്പെടുത്തിയതോടെയാണ് ഇവിടം ഒരു കൊലപാതക ഭൂമിയാകുന്നത്. 1989ല്‍ ഇന്നത്തെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് പരിസരത്ത് നടന്ന നബിദിന മിലാദ് റാലിക്ക് നേരെ അതിക്രമം നടക്കുകയും തൊട്ടടുത്ത വര്‍ഷം വിനോദ് എന്ന ഓട്ടോ ഡ്രൈവറെ ലീഗ് അനുഭാവികള്‍ കൊല ചെയ്യുകയും ചെയ്തപ്പോള്‍ വര്‍ഗ്ഗീയത അതിന്റെ വേരുകള്‍ ആഴ്ത്തി തുടങ്ങി. ഇതിന് ശേഷം സമാധാന ഭൂമിയായിരുന്ന ജില്ലയില്‍ പിന്നീട് അശാന്തി പടര്‍ന്നത് 1992 ഡിസംബര്‍ ആറിനായിരുന്നു.

1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ തളങ്കരയും ഹിന്ദു ഭൂരിപക്ഷ പ്രദേശമായ കൂടലിലും അക്രമങ്ങള്‍ നടന്നു. തുടര്‍ച്ചയായി പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് നടന്ന പൊലീസ് വെടിവെയ്പ്പില്‍ തളങ്കരയിലെ 14 വയസുകാരനായിരുന്ന അബു മരണപ്പെട്ടു. കലാപം പടര്‍ത്തിയ ഭീതിയില്‍, ജനങ്ങള്‍ പലായനം ചെയ്തു. 1992-93 കാലഘട്ടങ്ങളില്‍ തളങ്കരയില്‍ നിന്നും നാല്‍പ്പതിലധികം ഹൈന്ദവ കുടുംബങ്ങളും, കൂടലില്‍ നിന്ന് ഇരുപതോളം മുസ്ലീം കുടുംബങ്ങളും ഒഴിഞ്ഞുപോയി. ഈ രണ്ട് ഇടങ്ങളും കാസര്‍ഗോഡ് നഗരത്തിന്റെ ഇരുഭാഗങ്ങളിലുമായി ഏത് സമയവും ലഹള നടന്നേക്കാമെന്ന തരത്തിലാണെന്ന അഭ്യൂഹവും, ജനങ്ങള്‍ക്കുള്ളില്‍ കടന്നുകൂടിയ ഭയവും വീണ്ടും വീണ്ടും അകന്നു നില്‍ക്കാന്‍ പ്രേണയാകുന്നു. ഈ വിഷയത്തോടെ കൂടലും തളങ്കരയും ഹിന്ദു-മുസ്‌ളീം മേഖലകളായി തന്നെ കിടക്കുന്നു.

1993ല്‍ അഷറഫെന്ന ഓട്ടോഡ്രൈവര്‍ നഗരത്തിലെ പ്രമുഖ സിനിമാ തിയേറ്റര്‍ പരിസരത്ത് വെച്ച് വെട്ടേറ്റ് മരിച്ചു. അഷറഫിന്റെ മരണം നടന്ന് അര മണിക്കൂര്‍ നേരം പിന്നിടുന്നതിന് മുന്നേ ഇതിന്റെ പ്രതികാരമെന്നോണം റെയില്‍വേസ്‌റ്റേഷനില്‍ യാത്രകഴിഞ്ഞ് വരികയായിരുന്ന മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇത് കേരളത്തെ പിടിച്ചുലച്ച സംഭവമായിരുന്നു. സംഭവത്തിന് പിന്നിലെ പ്രതികളെയെല്ലാം പോലീസ് ദിവസങ്ങള്‍ക്കകം പിടികൂടിയെങ്കിലും, പിടിയിലായവര്‍ പലരും ചാവേറുകള്‍ മാത്രമല്ലേ എന്ന സംശയവും ഇവിടെ ബാക്കിയാകുന്നുണ്ട്. കാരണം, കൊലപാതകങ്ങള്‍ തെളിയിക്കപ്പെടുമ്പോള്‍ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ചില സ്ഥിരം ആളുകള്‍ ഉണ്ടാകുന്നു എന്നത് തന്നെയാണ് ഈ സംശയത്തിന് ബലം നല്‍കുന്നത്.

2008ല്‍ നഗരത്തിന്റെ സമാധാനം കെടുത്തിക്കൊണ്ട് നാല് കൊലപാതകങ്ങള്‍ തുടര്‍ച്ചയായി കാസര്‍ഗോഡ് നടന്നു. അസ്‌ക്കര്‍, അഡ്വ: സുഹാസ്, സന്ദീപ് തുടങ്ങിയവരാണ് ആ വര്‍ഷം അടുത്തടുത്ത ദിവസങ്ങളില്‍ കൊല്ലപ്പെട്ടത്. 2015ല്‍ സിനാന്‍ എന്ന യുവാവിനെ കൊല ചെയ്തതിന്റെ പ്രതികാരമായി കേളുഗുഡ്ഡെയിലെ പൂജാരി ആക്രമിക്കപ്പെട്ടു. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനായതിനാല്‍ പൂജാരിയുടെ ജീവന്‍ രക്ഷിക്കാനായി. ഇല്ലായിരുന്നെങ്കില്‍ അത് മറ്റൊരു കലാപത്തിന്റെ തുടക്കമായേനെ.

കഴിഞ്ഞ ദിവസം റിയാസ് മൗലവി എന്ന മദ്രസ അധ്യാപകനെ കൊന്ന കേസില്‍ കാഞ്ഞങ്ങാട് സബ് ജയിലില്‍ അടയ്ക്കപ്പെട്ട പ്രതികള്‍ക്ക് 20നും 25നും ഇടയില്‍ മാത്രമാണ് പ്രായം. മദ്യത്തിനും കഞ്ചാവിനും അടിമപ്പെട്ട യുവാക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രത്യേക അന്വേഷണ സംഘം പറയുന്നു.

ജാതീയതയുടെ വേരോട്ടം ആഴത്തില്‍ നടന്നിട്ടുണ്ട് ഈ തുളുമണ്ണില്‍. വിശ്വാസങ്ങള്‍ക്കും, ആരാധനയ്ക്കും വലിയ പ്രാധാന്യം നല്‍കുന്ന തീവ്രമായ മത വിശ്വാസത്തില്‍ ജീവിതം തള്ളി നീക്കുന്നവരാണ് നല്ലൊരു ശതമാനം ജനതയും. എന്നാല്‍ ഒരിക്കല്‍ പോലും മത സ്പര്‍ദ്ദ ആഗ്രഹിക്കുന്നവരല്ല ഇക്കൂട്ടര്‍. നാട്ടില്‍ മതസൗഹാര്‍ദ്ദം വളര്‍ത്താന്‍ പള്ളി- അമ്പലക്കമ്മറ്റികള്‍ കിണഞ്ഞ് പരിശ്രമിക്കുന്നത് പലപ്പോഴും പാഴായി തീരാന്‍ കാരണം രാഷ്ട്രീയ നേതൃത്വങ്ങളുടെ പിടിപ്പുകേട് ഒന്നുകൊണ്ട് തന്നെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍