UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിദ്യാർത്ഥികൾ പഠിപ്പു മുടക്കേണ്ട സമയം

Avatar

കെ ജെ ജേക്കബ്

വിദ്യാർത്ഥി സംഘടനകൾ പഠിപ്പു മുടക്കി സമരം ചെയ്യുന്നതിനെക്കുറിച്ച് കേരളത്തിൽ ഒരു ചർച്ച നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടായി കേരളത്തിലെ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനത്തെപ്പറ്റി പരാതികൾ ഉണ്ടായതിന്റെയും മാറിയ സാമൂഹ്യ-സാമ്പത്തിക ക്രമത്തിൽ പഠിപ്പു മുടക്കിയുള്ള സമരത്തിന്റെ സ്വീകാര്യതയെക്കുറിച്ച് സംശയം ഉയർന്നതിന്റെയും പശ്ചാത്തലത്തിലാണ് ആ ചർച്ച ഉയർന്നു വന്നത്. വിദ്യാർത്ഥികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പൊതു സമൂഹം ഏറ്റെടുക്കണമെന്നും, സമൂഹത്തിന്റെ ജീർണ്ണതകൾക്കെതിരെ വിദ്യാർത്ഥികൾ സമരായുധം പുറത്തെടുക്കണമെന്നുമായിരുന്നു ഈ ലേഖകന്റെ നിലപാട്.  

കേരള സമൂഹത്തിന്റെ ജീർണ്ണത തുറന്നു കാട്ടുന്ന ഒരു സന്ദർഭം ഇപ്പോൾ കേരളത്തിൽ ഉളവായിരിക്കുന്നു എന്ന് ഞാൻ കരുതുന്നു. നിർഭാഗ്യവശാൽ ഇത് പുറത്തു വരുന്നത് കേരളത്തിന്റെ മതമൈത്രിയുടെ  നെർവ്സെന്റർ എന്ന് പറയാവുന്ന എരുമേലിയിലാണ്. എരുമേലി സെന്റ്‌ തോമസ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ ജൂലൈ 24-നു നടന്ന ഒരു ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ ബാക്കി വന്നത് അവിടെ നടന്ന എൻ സി സി ക്യാമ്പിലെ കുട്ടികൾക്ക് വിതരണം ചെയ്തതിരുന്നു. മുസ്ലിം കുട്ടികൾക്ക് പന്നി മാംസം അടങ്ങിയ ഭക്ഷണം വിളമ്പി എന്ന ആരോ പറഞ്ഞുണ്ടാക്കിയ കള്ളക്കഥയുടെ പേരിൽ മത വികാരം വ്രണപ്പെട്ടു എന്ന് പറഞ്ഞ് കുറച്ചു മുസ്ലിങ്ങൾ സ്ഥലത്തെ പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേയ്ക്ക് ഇടിച്ചു കയറി. രാജീവ് ജോസഫ് എന്ന അധ്യാപകനെ മർദ്ദിച്ചു, സ്കൂളിലെ കുറെ ഫർണിച്ചർ തകർത്തു. ബഹളം കൂടിയപ്പോൾ ഒത്തുതീർപ്പ് എന്ന പേരിൽ അധ്യാപകനെയും സ്കൂളിന്റെ പ്രഥമാധ്യപകനെയും സസ്പെന്ഡ് ചെയ്തു. രാജീവ് സാറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മിച്ചം വന്ന ഭക്ഷണം നശിപ്പിച്ചു കളയുകയായിരുന്നു വേണ്ടിയിരുന്നത് എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രസ്താവനയും ഇറക്കി.   

ഒരാഴ്ചയായിട്ടും വരെ രാജീവ് സാറിന്റെയും ഹെഡ് മാസ്റ്ററുടെയും സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. കുട്ടികൾക്ക് ഭക്ഷണം കൊടുത്തു എന്ന കുറ്റത്തിന്റെ പേരിൽ ജീവഭയവുമായി കഴിയേണ്ടി വരുന്ന അധ്യാപകർ ലോകത്തിൽ ഇവർ മാത്രമായിരിക്കും. അനീതിയുടെ ഇരകൾക്കുവേണ്ടി ശബ്ദമുയർത്താൻ ഒരു രാഷ്ട്രീയക്കാരനെയും കാണുന്നില്ല. കച്ചവടം പ്രധാന അജണ്ടയാക്കി മാറ്റിയ കേരളത്തിലെ കത്തോലിക്കാ സഭ സത്യത്തിനു സാക്ഷ്യം വഹിക്കാൻ വന്നവന് ദുഷ്പെരുണ്ടാക്കി തൊടുപുഴയിലെപ്പോലെ ക്രിമിനലുകളുമായി സന്ധി ചെയ്യുന്നു. തങ്ങളുടെ മതത്തെ ദുരുപയോഗം ചെയ്ത് സമുദായത്തിന് ദുഷ്പേര് വരുത്തുന്ന കള്ളക്കൂട്ടങ്ങളെ നിലയ്ക്ക് നിർത്താൻ മുസ്ലിം മത നേതാക്കന്മാർ ആരും വന്നതായി കണ്ടില്ല. മുഖ്യധാരാ മാധ്യമങ്ങൾ ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണിൽ തല പൂഴ്ത്തിവയ്ക്കുന്നു. വിഷയം കൈകാര്യം ചെയ്യാൻ ധൈര്യം കാണിച്ച അപൂർവ്വം ചിലരാകട്ടെ  ലോഡു കണക്കിന് കുമ്മായം ഇറക്കി കുറ്റക്കാരെ വെള്ള പൂശാൻ ശ്രമിക്കുന്നു. 

ബെസ്റ്റ് ഓഫ് അഴിമുഖം

നേതാക്കളെ പറയൂ, എവിടെ നിന്നാണ് നിങ്ങളുടെ ചെലവിനുള്ള പണം?
അയോധ്യ വീണ്ടും കത്തിക്കേണ്ടത് ആരുടെ ആവശ്യമാണ്?
അസുരവാരം: ഇഫ്ളുവില്‍ നിന്നൊരു തിരുത്ത്
രാഷ്ട്രീയ സമൂഹത്തിന്‍റെ നിശബ്ദത നമ്മെ നയിക്കുന്നതെങ്ങോട്ട്?
നാണംകെട്ട മറവികളുള്ള നാം എന്ന സമൂഹം

അഭ്യൂഹങ്ങൾ പരത്തി നാട്ടിലെ സ്വൈര്യ ജീവിതം അപകടപ്പെടുത്തിയതിനും, അധ്യാപകരെ മർദ്ദിച്ചതിനും സ്കൂൾ ആക്രമിച്ച് വസ്തുവകകൾ കേടു വരുത്തിയതിനും കേസ് എടുക്കാൻ നിയമമില്ലാത്ത നാടായി കേരളം മാറിയിരിക്കുന്നു. മത ചിഹ്നങ്ങൾ ഉയർത്തിപ്പിടിച്ചാൽ ഏതു ക്രിമിനലിനും എന്തും ചെയ്യാമെന്നും ആരുടെ കൈയും വെട്ടാമെന്നും വന്നു നില്ക്കുന്നു. കേരളീയ നവോത്ഥാനത്തിന്റെ കഥകൾ കേട്ടുവളർന്ന എഴുപതുകളിലെ ക്ഷുഭിത-നക്സലൈറ്റ് യുവത്വം പ്രായമായപ്പോൾ വരും തലമുറയ്ക്ക് ബാക്കി വയ്ക്കുന്നത്! 

ഇവിടെയാണ്‌ ഇതുവരെ മൗനം ഭജിച്ചു നിന്നിരുന്ന വിദ്യാർത്ഥി സംഘടനകൾ തങ്ങളുടെ പ്രസക്തി തിരിച്ചറിഞ്ഞു ഇടപെടേണ്ടത്. ഇത്തരം ജീർണ്ണിച്ച ഒരു സമൂഹത്തിൽനിന്ന് അവർക്ക് പ്രതീക്ഷിക്കാനൊന്നുമില്ല. സാധാരണ ഗതിയിൽ ഇത്തരമൊരു പ്രശ്നത്തിൽ ഇടപെടും എന്ന് സാധാരണ മനുഷ്യൻ പ്രതീക്ഷിക്കുന്ന എല്ലാവർക്കും ഈ കേസിൽ സ്വന്തമായ കണക്കുകൂട്ടലുകളുണ്ട്. കച്ചവടമുണ്ട്, തെരഞ്ഞെടുപ്പുണ്ട്, ഗ്രൂപ്പ് താൽപ്പര്യമുണ്ട്, പത്രത്തിന്റെ പരസ്യ വരുമാനമുണ്ട്, സർക്കുലേഷൻ പ്രശ്നങ്ങളുണ്ട്… അങ്ങിനെ പലതുമുണ്ട്. തിരുത്തൽ ശക്തികൾ മാറി നിൽക്കുകയും ക്രിമിനൽ സംഘങ്ങൾ കടിഞ്ഞാൻ കൈയിലേന്തുകയും ചെയ്യുന്ന ഒരു സമൂഹത്തിലേയ്ക്ക് നിങ്ങൾ പഠിച്ചു മിടുക്കരായി വന്നിട്ട് കാര്യമൊന്നുമില്ല. സംസ്കൃതിയുടെ അവസാനത്തെ തെളിവും കിട്ടിയ വിലയ്ക്ക് വിട്ടുമാറിയ ഒരു സമൂഹം മികവിന്റെ അടിസ്ഥാനത്തിലാവില്ല നിങ്ങളെ അളക്കുന്നത്. പ്രതീക്ഷയറ്റ ഒരു കാലത്തിലേയ്ക്ക്, സമൂഹത്തിലെയ്ക്കാവും നിങ്ങൾ പഠിച്ചിറങ്ങുന്നത്.

ഇത് ഒഴിവാക്കാൻ നിങ്ങൾക്കേ പറ്റൂ. ഒരു മാതൃകാധ്യാപകനെ കള്ളക്കേസിൽ കുടുക്കി പുറത്താക്കിയ അധികാരികൾക്കെതിരെ നിങ്ങളുടെ ശബ്ദം ഉയരണം. മതത്തിന്റെ പേരിൽ പേക്കൂത്ത് നടത്തിയ ക്രിമിനലുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്ന് നിങ്ങൾ ആവശ്യപ്പെടണം. കള്ളക്കഥകളുണ്ടാക്കി നാട്ടിലെ സമാധാനം നശിപ്പിച്ചവരെ നിലയ്ക്ക് നിർത്താൻ ഭരണാധികാരികൾക്ക് ബാധ്യതയുണ്ടെന്ന് അവരെ ഓർമ്മിപ്പിക്കണം. നീതി പുലരാത്ത ഒരു ഒത്തുതീർപ്പിനും നിലനില്ക്കുന്ന സമാധാനം കൊണ്ടുവരാൻ കഴിയില്ല എന്ന കാര്യം നിങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തണം. ഒരു മതേതര സമൂഹത്തിൽ, നിയമവാഴ്ച നിലനില്ക്കുന്ന നാട്ടിൽ അവയ്ക്ക് മീതെ ഒരു ക്ഷുദ്ര ശക്തിയ്ക്കും പറക്കാനാവില്ല എന്ന് നിങൾ അവരെ താക്കീത് ചെയ്യണം. നിങ്ങളുടെ നാളെകളിൽ വിഷം കലർത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന് നിങ്ങൾ ഉറച്ച സ്വരത്തിൽ പറയണം. 

അനീതി നടന്ന നഗരത്തിൽ കലാപമുണ്ടാക്കേണ്ടവർ നിങ്ങളാണ്. നിങ്ങളാണ് അവകാശികൾ. നിങ്ങളിലാണ് അവസാന പ്രതീക്ഷ. 

അഴിമുഖം പ്രസിദ്ധീകരിച്ച കെ ജെ ജേക്കബിന്‍റെ മറ്റ് ലേഖനങ്ങള്‍

മതേതരത്വം ആരുടെ ആവശ്യമാണ്‌? ശിവസേന നല്കുന്ന ദുരന്തസൂചന
പച്ച കത്തുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍