UPDATES

ട്രെന്‍ഡിങ്ങ്

തഴമ്പ് ഉണ്ടായിട്ട് കാര്യമില്ല; യുപിയില്‍ ഇടതുപാര്‍ട്ടികള്‍ വട്ടപ്പൂജ്യം

യുപിയിലെ കാൺപൂർ ലോക്സഭ മണ്ഡലം 198-90 വരെ ഇടതു കോട്ടയായിരുന്നു

കെ എ ആന്റണി

കെ എ ആന്റണി

യുപിയിലെ മോദി തിളക്കത്തിൽ നിഷ്പ്രഭമായത് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയും ടീം രാഹുൽ നയിച്ച കോൺഗ്രസ്സും മാത്രമല്ല, 140 സീറ്റുകളിൽ മത്സരിച്ചു സംപൂജ്യരായ ഇടതു പക്ഷം കൂടിയാണ്. സിപിഐ -80, സിപിഎം -26, സിപിഐ (എംഎൽ )-33 എന്നീ പാര്‍ട്ടികളെക്കൂടാതെ ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി, എസ് യു സി ഐ എന്നീ കക്ഷികളും ഇടതു കൊടിക്കു പിന്നിൽ അണിനിരന്നുകൊണ്ട് ചില സീറ്റുകളിലേക്ക് മത്സരിച്ചിരുന്നു. ചിട്ടയാർന്ന തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെങ്കിലും സംപൂജ്യരാവാൻ തന്നെയായിരുന്നു വിധി.

യുപിയിൽ ഇടതു പക്ഷത്തിനെന്തു കാര്യം എന്ന് ചോദിക്കുന്നവരുണ്ടാകാം. ബംഗാളും കേരളവും ത്രിപുരയുമൊന്നുമല്ലെങ്കിലും ഒരു കാലത്ത് ഇടതു പാർട്ടികൾക്ക്, പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് നല്ല വേരോട്ടമുണ്ടായിരുന്നു ഇന്ത്യയുടെ ഹൃദയ ഭൂമിയായ യുപിയിലും. 1974 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും ചേർന്ന് 18 സീറ്റ് നേടിയ സംസ്ഥാനമാണ് യുപി. ആ തിരഞ്ഞെടുപ്പിൽ സിപിഐക്ക് 16 ഉം സിപിഎമ്മിന് രണ്ടും സീറ്റ് ലഭിച്ചിരുന്നു. എന്നാൽ 1996 ആയപ്പോഴേക്കും 18-ൽ നിന്നും ഇടത് അക്കൗണ്ട് വെറും നാലായി ചുരുങ്ങി.

യുപിയിലെ കാൺപൂർ ലോക്സഭ മണ്ഡലം 1980-90 വരെ ഇടതു കോട്ടയായിരുന്നു. 1957 ൽ സിപിഐ പിന്തുണയോടെ മത്സരിച്ച എസ് എം ബാനർജി 1971 വരെ അതേ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1989ൽ സിപിഎം സ്‌ഥാനാർഥി സുഭാഷിണി അലി തൊട്ടടുത്ത എതിരാളി ബിജെപി സ്ഥാനാർത്ഥിയെ 1,51,090 വോട്ടുകൾക്ക് മലർത്തിയടിച്ചതും ഇതേ കാൺപൂരിൽ നിന്ന് തന്നെയായിരുന്നു. എന്നാൽ തുടര്‍ന്നങ്ങോട്ട് കാണ്‍പൂരും കമ്മ്യൂണിസ്റ്റുകളെ കൈവെടിഞ്ഞു. 2004ൽ ഇതേ മണ്ഡലത്തിൽ നിന്നും മത്സരിച്ച സുഭാഷിണിക്ക് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കിട്ടിയ വോട്ടാവട്ടെ വെറും 4558.  2014ൽ സുഭാഷിണി ഭാഗ്യം തേടി ബാരക്പൂരിൽ ഇറങ്ങിയെങ്കിലും തോൽക്കാൻ തന്നെയായിരുന്നു വിധി.

ബിജെപിയുടെയും ടീം മോദിയുടേയുമൊക്കെ വൻ വിജയത്തെ വർഗീയതയുടെ വിജയമായാണ് കമ്മ്യൂണിസ്റ്റുകളും മറ്റു ഇടതു നേതാക്കളും കാണുന്നത്. വലിയൊരു പരിധി വരെ ഇത് ശരിയാണ് താനും. എന്നാൽ ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുവരെ തകര്‍ന്നിരുന്ന ഒരു സംസ്ഥാനമാണ് ബിജെപി തൂത്തുവാരിയിരിക്കുന്നത് എന്ന യാഥാർഥ്യം കമ്മ്യൂണിസ്റ്റുകളും ഇടതു പാർട്ടികളും കാണാതെ പോകരുത്. അതോടൊപ്പം ഒരിക്കൽ തങ്ങൾക്കും വളക്കൂറുണ്ടായിരുന്ന മണ്ണിൽ നിന്നും എന്തുകൊണ്ടാണ് വേരോടെ പിഴുതെറിയപ്പെട്ടത് എന്ന് കൂടി ചിന്തിക്കുന്നതും നന്നായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍