UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുത്താന്‍ ഇനിയുമെത്ര തെറ്റുകള്‍ അഥവാ മൂല്യങ്ങള്‍ നഷ്ടപ്പെട്ട പാര്‍ട്ടിക്കെന്ത് വില?

Avatar

ജേക്കബ് സുധീര്‍

അതിശയോക്തിപരമായി തോന്നാമെങ്കിലും ചോദിക്കാനുള്ള കാര്യം സംഗ്രഹിച്ച് ഗ്രാമീണ ഭാഷയില്‍ ചോദിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതു കൊണ്ടു തന്നെ നേരെ ചൊവ്വേ ചോദിക്കാം: ഇന്ത്യ മഹാരാജ്യത്തെ രാഷ്ട്രീയ ഭരണ സംവിധാനങ്ങളില്‍ ഇഴുകി ചേര്‍ന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കൊമ്പുണ്ടോ? അല്ലെങ്കില്‍ എന്താണ് അവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നത്? 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചും അവരുടെ രാഷ്ട്രീയ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ചും സാമൂഹിക കാഴ്ചപ്പാടുകളെക്കുറിച്ചുമൊക്കെ നമ്മള്‍ ഒരു പാട് കേട്ടവരായതുകൊണ്ട് അത്തരം ഒരാവര്‍ത്തനമൊന്നും ഇനി ആവിശ്യമില്ലാത്തതുകൊണ്ടും ലളിതമായി പറഞ്ഞാല്‍ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റേതൊരു രാഷ്ട്രീയ കക്ഷികളെയും ബാധിച്ചേക്കാവുന്ന എല്ലാ ഫംഗസുകളും വൈറസുകളും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ബാധിച്ചിട്ടുണ്ട്. അത്തരം വൈറസ് ബാധയേറ്റുള്ള രോഗങ്ങള്‍ ഒരു പക്ഷെ മറ്റു രാഷ്ട്രീയപാര്‍ട്ടികളെ അപേക്ഷിച്ചു കൂടുതലുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍. ക്രിസ്തുമതത്തില്‍ എന്ത് പാപം ചെയ്താലും കുമ്പസാരമെന്ന കൂദാശകൊണ്ടു പാപമോചനം ലഭിക്കുമെന്ന വിശ്വാസം പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തെറ്റുകള്‍ തുടരുകയും തെറ്റ് തിരുത്തലുകള്‍ വഴിപാടു പോലെ ചെയ്തു പോരുന്നതുമാകുന്നു. അഴിമതിക്കെതിരെയുള്ള അവരുടെ മുഖംമൂടി നഷ്ടപ്പെടുത്തിയ സംഭവമായിരുന്നു തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റിനു വേണ്ടി കാശ് വാങ്ങി എന്നാരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സിപിഐ പുറത്താക്കിയ രാമചന്ദ്രന്‍ നായര്‍ക്കു സിപിഎം മെമ്പര്‍ഷിപ് നല്‍കിയത്. 

വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പാര്‍ട്ടിയെ ബാധിച്ച ഒരു രോഗമല്ല; മറിച് ജയരാജന്‍ ഒരു രോഗലക്ഷണമാണ്. ആ രോഗലക്ഷണമുള്ള അനേകം പേരുണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍. ജയരാജനില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് വ്യവസായ മന്ത്രി ആയതിനു ശേഷമല്ല. സമീപ കാല ചരിത്രം പരിശോധിച്ചാല്‍ മനസിലാകുന്ന കാര്യമാണ്. സാന്റിയാഗോ മാര്‍ട്ടിനുമായി നടത്തിയ ഇടപാടായാലും നായനാര്‍ ഫുട്ബാള്‍ നടത്തിപ്പായാലും പാലക്കാട് പ്ലീനം നടക്കുമ്പോള്‍ വന്ന കളങ്കിത വ്യവസായികളുടെ പരസ്യമായാലും പിന്നീട് അവര്‍ക്കു പാര്‍ട്ടി സ്വത്തുക്കള്‍ കൈമാറിയ സുതാര്യമല്ലാത്ത ഇടപാടുകളായാലും കണ്ണൂരില്‍ തിരുപ്പതി മില്‍ ഉള്‍പ്പെട്ട സ്ഥലം ഇടപാടായാലും എല്ലാം തന്നെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ കമ്മ്യൂണിസ്റ്റ് സ്വഭാവം നഷ്ടപ്പെടുത്തി നടത്തിയ, വന്‍കിട കൊടുക്കല്‍ വാങ്ങലുകള്‍ ഉള്‍പ്പെട്ട ഡീലുകള്‍ ആയിരുന്നു.

ജയരാജനെ ബാധിച്ച ദ്രവ്യാസക്തി രോഗം ബാധിച്ചവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ബ്രാഞ്ചുതലം മുതലുണ്ട്. എല്ലാരുടെയും എല്ലാ ഇടപാടുകളും അറിയുന്നവരുമാണ് മേല്‍ക്കമ്മിറ്റികളും. പക്ഷേ ആരും ആര്‍ക്കെതിരെയും വിരല്‍ ചൂണ്ടാനോ തിരുത്താനോ പറ്റാത്ത സാഹചര്യത്തിലാണ് പ്ലീനം പോലുള്ള സീസണല്‍ ചികിത്സകള്‍ നല്‍കി പാര്‍ട്ടി രോഗശമനത്തിനായി ശ്രമിക്കുന്നത്. പ്ലീനത്തില്‍ പാര്‍ട്ടിയെ ബാധിച്ച ജീര്‍ണതകള്‍ എണ്ണിപ്പറയുമെങ്കിലും സമ്മേളനം കഴിഞ്ഞ് ഒന്നുറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും എല്ലാരും എല്ലാം മറക്കുന്നു. റിയല്‍ എസ്‌റ്റേറ്റ് ബന്ധവും ബ്ലേഡ് ഇടപാടുകളും എല്ലാം പ്ലീനവിഷയമാകുമ്പോള്‍ തന്നെ ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിഎസ് മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോള്‍ എന്തുകൊണ്ട് സര്‍ക്കാര്‍ ബംഗ്ലാവ് ഉപേക്ഷിച്ച് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനായ സേവി മനോ മാത്യുവിന്റെ ബംഗ്ലാവില്‍ താമസിച്ചു എന്നതു വ്യക്തമല്ല. അദ്ദേഹമാണ് ഇന്നു പാര്‍ട്ടി സെക്രട്ടറിയും ബന്ധുക്കളെ നിയമിച്ചതിന്റെ പേരില്‍ ജയരാജനെതിരെ പാര്‍ട്ടി തലത്തില്‍ നടപടിയെടുക്കുകയും ചെയ്യേണ്ടയാള്‍ എന്ന വാര്‍ത്തകള്‍ പിണറായി മന്ത്രിസഭ അധികാരമേറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ തമാശയായേ ആസ്വദിക്കാനാവൂ.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അതിന്റെ കമ്മ്യൂണിസ്റ്റ് തനിമ നഷ്ടപ്പെട്ടില്ല എന്ന് ഉറപ്പിച്ചു പറയണമെങ്കില്‍ ഒരിക്കല്‍ നടപടി നേരിട്ടവരെ പിന്നീട് പാര്‍ട്ടി അധികാരസ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തണം. എങ്കില്‍ അവരുടെ ഉദ്ദേശം ശുദ്ധമാണെന്നു ധരിക്കാമായിരുന്നു.

വ്യവസായ മന്ത്രി ഇപി ജയരാജന്‍ ഇന്നത്തെ മുഖ്യമന്ത്രി, പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ പാര്‍ട്ടിയുടെ ഫണ്ട് മാനേജര്‍ ആയിരുന്നു. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നതു പോലെ പാര്‍ട്ടിക്ക് പണം ഉണ്ടാക്കാന്‍ വേണ്ടി ആരുമായും എങ്ങനെയും ഇടപാടുകളില്‍ ഏര്‍പ്പെട്ട ചരിത്രമാണ് ജയരാജന്റേത്. അതിലദ്ദേഹം സാന്റിയാഗോ മാര്‍ട്ടിന്‍ എന്നോ, ഫാരിസ് അബൂബക്കര്‍ എന്നോ, ചാക്ക് രാധാകൃഷ്ണന്‍ എന്നോ ഉള്ള വലിപ്പ ചെറുപ്പം കാണിക്കാതെ എല്ലാവരുമായുള്ള ഇടപാടുകളില്‍ സോഷ്യലിസം കാത്തു സൂക്ഷിക്കാന്‍ ശ്രമിച്ചു, അങ്ങനെ പാര്‍ട്ടി സെക്രട്ടറിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനായി വളര്‍ന്ന ജയരാജന്‍ സര്‍വ്വപ്രതാപിയായി വാണു. പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍, പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രി ആയപ്പോള്‍ അദ്ദേഹത്തിന്റെ ഫണ്ട് മാനേജരെ മന്ത്രിസഭയിലെ രണ്ടാമനാക്കി. ഇങ്ങനെ ജയരാജനെ നിയമിച്ചതിലൂടെ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടായിരുന്നു എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

ബന്ധുക്കളെ സുപ്രധാന പദവികളില്‍ നിയമിച്ചു കൊണ്ടുള്ള ജയരാജന്റെ നടപടി ജാഗ്രതക്കുറവ് കൊണ്ടുണ്ടായതാണ് എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. മാധ്യമങ്ങളും മറ്റും ജാഗരൂകരായതു കൊണ്ടുമാത്രം പുറത്തുവന്ന കാര്യമാണത്. സിപിഎം നേതൃത്വത്തിനു മറിച്ചൊരു ന്യായീകരണം അവതരിപ്പിക്കാന്‍ കഴിയാത്തവിധത്തില്‍ മാധ്യമങ്ങളും പൊതുസമൂഹവും വസ്തുനിഷ്ഠമാക്കി കാര്യങ്ങള്‍ അപഗ്രഥിച്ചു വിലയിരുത്തിയതുകൊണ്ട് മാത്രമാണ് ഈ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യാന്‍ പോലും കാരണമായത്. എന്നിരുന്നാലും ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന ചക്രവ്യൂഹത്തില്‍ പെട്ട് ജയരാജന് സ്ഥാനം നഷ്ടപ്പെടും എന്ന് കരുതുന്നില്ല. മറിച് ഒരു ശാസന കൊണ്ടോ വകുപ്പ് മാറ്റം കൊണ്ടോ തല്‍ക്കാലം ജയരാജനെ സംരക്ഷിച്ചു നിര്‍ത്താനേ മുഖ്യമന്ത്രിക്കാവൂ. മതിയായ യോഗ്യതകള്‍ ഇല്ലാത്ത ശ്രീമതി ടീച്ചറുടെ മകനെ ഐഎഎസ്സുകാരും മറ്റും കൈകാര്യം ചെയ്ത ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ എം ഡിയായി നിയമിക്കാനുള്ള ശ്രമം മന്ത്രി ജയരാജന്റെ മാത്രം ജാഗ്രതക്കുറവാണ് എന്ന് വിശ്വസിക്കുന്നവര്‍ വിരളമായിരിക്കും. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയറിയുന്ന ഏതൊരു വ്യക്തിക്കും മനസിലാക്കാം. വ്യവസായമന്ത്രി ഇപി ജയരാജന്‍ തന്റെ ഭാര്യാ സഹോദരിയുടെ മകനെ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയായി നിയമിച്ച ജാഗ്രതാകുറവിന്റെ പേരില്‍ പാര്‍ട്ടി രാജി ആവശ്യപെടുകയാണെങ്കില്‍, ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സ്റ്റാന്റിംഗ് കൗണ്‍സല്‍ ആയി നിയമിതനായിരിക്കുന്ന അഭിഭാഷകന്‍ മുഖ്യമന്ത്രിയുടെ ഭാര്യ സഹോദരിയുടെ മകനാണ്. ജാഗ്രതാ കുറവിന്റെ പേരില്‍ ആരോഗ്യമന്ത്രിയുടെയും രാജി ആവശ്യപ്പെടേണ്ടി വരും. അതൊക്കെ മധുവിധു കാലഘട്ടം പിന്നിട്ടിട്ടില്ലാത്ത പിണറായി മന്ത്രിസഭക്ക് തീര്‍ത്താല്‍ തീരാത്തത്ര ആഘാതമേല്‍പ്പിക്കും. മന്ത്രിസഭ തന്നെ രാജിവെക്കേണ്ടി വരും.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിഭാഗീയത കേവലം വി എസ്സും പിണറായി വിജയനും തമ്മിലുള്ള സൌന്ദര്യ പിണക്കമാണെന്നു ധരിച്ചിരിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ആ തര്‍ക്കം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വലത് വ്യതിയാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പിണറായിയുടെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ലോബിയുടെ വലതുവ്യതിയാനം പരസ്യമായി ചോദ്യം ചെയ്തതിന്റെ പേരിലാണെല്ലോ വര്‍ഗശത്രുവിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഒഞ്ചിയത്തെ ടിപി ചന്ദ്രശേഖരനെ ഉന്മൂലനം ചെയ്തത്. മഹത്തായ ആശയ സൗകുമാര്യമുണ്ടായിരുന്ന ഒരു പ്രസ്ഥാനം വളര്‍ച്ച അവകാശപ്പെടുമ്പോഴും പ്രത്യയശാസ്ത്രപരമായ അവരുടെ തളര്‍ച്ച കണ്ടില്ലെന്നു നടിക്കുന്നു. ബൈബിളില്‍ പറയുമ്പോലെ ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും അവന്റെ ആത്മാവ് നശിച്ചാല്‍ എന്തുഫലം എന്ന പോലെ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ നഷ്ടപെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കൊണ്ട് എന്ത് കാര്യം?

 

തിരുത്താന്‍ വേണ്ടി മാത്രം തെറ്റുകള്‍ ചെയ്തു കൂട്ടുവോളം കാലം നേതാക്കള്‍ ആലോചിക്കേണ്ടതെന്തെന്ന് വച്ചാല്‍ ഇന്നും പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ നടന്നു പോകുന്നത് ലെവി കൊണ്ടും മെമ്പര്‍ഷിപ് തുക കൊണ്ടുമൊക്കെയാണെന്നു തെറ്റിദ്ധരിച്ച ഒരു വലിയ വിഭാഗം സാധാരണ പ്രവര്‍ത്തകര്‍ ഇപ്പോഴും പാര്‍ട്ടിയിലുണ്ട് എന്നതാണ്. അവരും അവരുടെ മനസ്സും ശരീരവും ചിന്തകളും കൂടിയാണ് പാര്‍ട്ടിയുടെ സ്വത്തുക്കള്‍. അത്തരക്കാരോട് ഇപ്പോഴെല്ലെങ്കിലും എപ്പോഴെങ്കിലും തുറന്നു പറയേണ്ടി വരും; ഞങ്ങള്‍ക്ക് തെറ്റ് പറ്റിപ്പോയി, ഞങ്ങള്‍ നിങ്ങള്‍ കരുതുമ്പോള്‍ അമാനുഷികരല്ല. ജനാധിപത്യ വ്യവസ്ഥിതിയില്‍, പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കാലാന്തരങ്ങളില്‍ ഉണ്ടായ അപചയങ്ങള്‍ ഞങ്ങളെയും ബാധിച്ചിട്ടുണ്ട്. അതൊരു ജയരാജനിലോ എളമരം കരീമിലോ പി ശശിയിലോ ഒതുങ്ങുന്നതല്ല. ഇത്തരം തുറന്നു പറച്ചിലുകള്‍ ഒരുപക്ഷേ വലിയ പൊട്ടിത്തെറികളൊഴിവാക്കിയേക്കാം.

 

(മാഹി സ്വദേശി. ദുബായില്‍ ഷിപ്പിംഗ് കമ്പനിയില്‍ ഓപ്പറേഷന്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍