UPDATES

അട്ടപ്പാടി മാതൃകയില്‍ ആദിവാസികള്‍ക്കായി വയനാട്ടില്‍ കമ്യൂണിറ്റി കിച്ചന്‍ പദ്ധതി വരുന്നു

കുടുംബശ്രീയാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്

വയനാട് ജില്ലയിലെ ഗോത്രമേഖലയില്‍ ഏറ്റവുമധികം ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്കായി കടുംബശ്രീ മിഷന്‍ നേതൃത്വം നല്‍ക്കുന്നതും പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റയും സാമൂഹ്യ നീതി വകുപ്പിന്റെയും സഹകരണത്തോടെയുള്ളതുമായ കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതിക്ക് തുടക്കമാകുന്നു. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാരപ്രായക്കാര്‍, വയോധികര്‍, ഗുരുതര രോഗാവസ്ഥയില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് ദിവസവും ഒരു നേരം പോഷകാഹാരം പാകം ചെയ്തു നല്‍കുന്നതാണ് പദ്ധതി.

കേരളത്തില്‍ അട്ടപ്പാടിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വന്‍ വിജയമാണെന്ന് കണ്ടതോടെയാണ് ജില്ലയിലും ഈ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്. നിലവില്‍ പദ്ധതി എങ്ങനെ ഏതു വിധത്തില്‍ ജില്ലയില്‍ നടപ്പിലാക്കണം എന്നുള്ള ചര്‍ച്ചകളുടെ പ്രാഥമിക ഘട്ടങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ നൂല്‍പ്പുഴ പഞ്ചായത്തും കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കണിയാംപറ്റ പഞ്ചായത്തിലും മാനന്തവാടി നിയോജക മണ്ഡലത്തിലെ തിരുനെല്ലി പഞ്ചായത്തിലുമാണ് ഈ പദ്ധതി തുടക്കത്തില്‍ നടപ്പിലാക്കുന്നത്. പദ്ധതി വിജയമാണെന്ന് കണ്ടാല്‍ അടുത്ത വര്‍ഷങ്ങളില്‍ ജില്ലയില്‍ മുഴുവന്‍ വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

ഗോത്രമേഖലയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് ഒരു നേരം മികച്ച നിലവാരത്തിലുള്ള ഭക്ഷണം നല്‍കുന്നത് അവര്‍ക്കൊരു കൈത്താങ്ങായിരിക്കും. പദ്ധതി പൂര്‍ണ്ണമായും മികച്ച രീതിയില്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കുന്നതോടു കൂടി സ്ത്രീകള്‍ക്ക് സ്വയം വരുമാനത്തിനുള്ള വഴി കൂടി തെളിയും. ഭക്ഷണ പാചകവും വിതരണവുമെല്ലാം അവര്‍ ചെയ്യും. ഇതോടെ ഒരു സാമൂഹിക ഐക്യം വളര്‍ത്താനും കഴിയും’; തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായാദേവി പറയുന്നു.

പ്രാരംഭ ഘട്ടത്തില്‍ പാലക്കാടെ അട്ടപ്പാടിയില്‍ പദ്ധതി നടപ്പിലാക്കിയത് എങ്കിലും അതില്‍ നിന്ന് വ്യത്യസ്തമായാണ് വയനാട് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത്. അട്ടപ്പാടിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഊരുസമിതി, വാര്‍ഡ് സമിതി, പഞ്ചായത്ത് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളെ മാത്രം കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ പാരിസ്ഥിതികപരമായും ആദിവാസി ജീവിത രീതികളിലും അട്ടപ്പാടി ആദിവാസി വിഭാഗങ്ങളെക്കാള്‍ വയനാട്ടിലെ ഗോത്രജനത വ്യത്യസ്തമായതിനാല്‍ മറ്റൊരു രീതിയിലാണ് വയനാട്ടില്‍ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ താഴെത്തട്ടു മുതല്‍ മുകള്‍ത്തട്ടു വരെയുള്ള എല്ലാ ഭരണ നേതൃത്വങ്ങളും സാമൂഹ്യ സംഘടനകളെയും സ്വയം സേവക സംഘങ്ങളെയുമെല്ലാം ഉള്‍പ്പെടുത്തും. ജില്ലാ കുടുംബശ്രീ മിഷന്‍ നേതൃത്വം വഹിക്കുന്ന പദ്ധതിയില്‍ ജില്ലാ കളക്ടര്‍ ട്രൈബല്‍ ഓഫീസര്‍മാര്‍, മൂന്നു മണ്ഡലത്തിലെയും എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്തു പ്രസിഡന്റുമാര്‍ എന്നിവരെയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവര്‍ വഴി പദ്ധതി മികച്ച രീതിയില്‍ ഗോത്രജനതയുടെ ഇടയില്‍ പദ്ധതി പ്രയോജനം പൂര്‍ണ്ണമായും എത്തിക്കും.

"</p

ഓരോ ഊരിനടുത്തുള്ളതോ അല്ലെങ്കില്‍ ഊരില്‍ തന്നെയുള്ള സ്വയം സഹായസംഘങ്ങളാണ് പാചക കാര്യങ്ങള്‍ നിയന്ത്രിക്കുക. ഇതിന്റെ സാമ്പത്തിക കാര്യങ്ങള്‍ അയല്‍ക്കൂട്ടത്തിലെ അക്കൗണ്ടന്റും മറ്റു കാര്യങ്ങള്‍ സംഘത്തിലെ തന്നെ പ്രസിഡന്റും സെക്രട്ടറിയുമാണ് നിയന്ത്രിക്കുക. എന്നാല്‍ ഓരോ ദിവസവും വേണ്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ബഡ്ജറ്റില്‍ നിന്നു കൊണ്ടു തന്നെ ഊരു കൂട്ടത്തിനോ ഊരു മൂപ്പനോ തീരുമാനിക്കാനാകും. മൂന്നു നേരവും വയറു നിറച്ചു ഭക്ഷണം തികച്ചു കഴിക്കാനാകാത്ത പല കോളനികളും ഇന്നും ജില്ലയില്‍ ഉണ്ട്. എന്നാല്‍ ഓരോ കോളനിയിലും മികച്ച നിലവാരത്തിലുള്ള ഭക്ഷണം ഒരു നേരമെങ്കിലും നല്‍കാനാണ് കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് ജില്ലാ കുടുംബശ്രി മിഷന്‍ പ്രവര്‍ത്തകര്‍ പറയുന്നു. ‘ജില്ലയിലെ മുഴുവന്‍ ആദിവാസികള്‍ക്കും പദ്ധതി പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതി വിജയമാണെന്ന് കണ്ടാല്‍ ജില്ലയില്‍ എല്ലായിടത്തും വ്യാപിപ്പിക്കും.’ കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ പറഞ്ഞു.

മാനന്തവാടി താലുക്കിലെ തിരുനെല്ലി പഞ്ചായത്തില്‍ 160 കോളനികളും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ നൂല്‍പ്പുഴ പഞ്ചായത്തില്‍ 147 ഉം കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാംപറ്റ പഞ്ചായത്തില്‍ 133 കോളനികളുമാണ് ഉള്ളത്. പോഷക കുറവ് പരിഹാരത്തിനോടൊപ്പം കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സൗകര്യവും യോജ്യവുമായ വരുമാനദായക മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതിലും സാമൂഹ്യ പിന്നോക്കാവസ്ഥ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികളും ഇതോടൊപ്പം നടപ്പിലാക്കും.

‘എല്ലാ ദിവസവും വൈകിട്ട് ആറു മണിക്കും ഏഴുമണിക്കും ഇടയിലാണ് ഭക്ഷണം വിതരണം ചെയ്യുക. എന്നാല്‍ വനത്തോട് ചേര്‍ന്നു കഴിയുന്ന കോളനികളില്‍ വന്യമൃഗ ശല്യം ഉള്ളതിനാല്‍ സമയക്രമത്തില്‍ മാറ്റം വരാന്‍ സാധ്യത ഉണ്ട്. പദ്ധതിയുടെ മികച്ച ഫലം തന്നെ ഗോത്രങ്ങള്‍ക്കിടയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഊരിലെ ജനങ്ങള്‍ ഒരുമിച്ച് ഭക്ഷണം പാചകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്നതോടു കൂടി അവരുടെ ഇടയിലുള്ള ഐക്യം വര്‍ദ്ധിക്കുകയും സൗഹൃദപരമായി പെരുമാറാനുമൊക്കെ കഴിയും. കോളനിയിലെ അമിത മദ്യപാനം കുറക്കുന്നതിനുള്ള പല പദ്ധതികളും ഇതിനോടൊപ്പം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.’ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന എസ്.ടി കണ്‍സള്‍ട്ടന്റായ ആശാ പോള്‍ പറയുന്നു.

അയല്‍ക്കൂട്ട ഏകോപന സമിതി മാവേലി സ്റ്റോറുകളില്‍ നിന്ന് ഭക്ഷ്യവിഭവങ്ങള്‍ ശേഖരിച്ച് കോളനിയിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന ഡോര്‍ ടു ഡോര്‍ സംവിധാനമാണ് നടപ്പിലാക്കുക. ഇതിനായി വരുന്ന ചിലവ് കുടുംബശ്രീയാണ് വഹിക്കുന്നത്. കുടുംബശ്രീ സര്‍വ്വെ തയ്യാറാക്കി നടത്തി തയാറാക്കിയ പദ്ധതിയില്‍ ഉള്‍പ്പെടേണ്ട ഗുണഭോക്താക്കളുടെ പ്രാഥമിക പട്ടിക അതാതു പഞ്ചായത്തുകള്‍ നല്‍കും. ആ പഞ്ചായത്തിലെ പ്രസിഡന്റുമാര്‍ ചെയര്‍മാനും ട്രൈബല്‍ പ്രതിനിധി കണ്‍വീനറുമായ പഞ്ചായത്തുതല രക്ഷാധികാരി സമിതിയില്‍ ട്രൈബല്‍ ഓഫിസര്‍, ആരോഗ്യം, വിദ്യാഭ്യാസം എക്‌സൈസ്, പോലീസ്, ഫോറസ്റ്റ്, ഐ.സി.ഡി.എസ്, സി.ഡി.എസ്, കൃഷി ഒഫീസര്‍, റേഷനിങ്ങ് ഇന്‍സ്‌പെക്ടര്‍, വില്ലേജ് ഓഫീസര്‍ എന്നിവയിലെ പ്രതിനിധികളും പദ്ധതിയില്‍ അംഗങ്ങളാവും.

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

മാധ്യമ പ്രവര്‍ത്തകന്‍. വയനാട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍