UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഎസിനും വിഎമ്മിനും ഒരേ ഒരു ലക്ഷ്യം; അധികാരം കൊയ്യണം ആദ്യം

Avatar

കെ എ ആന്റണി

കേരളം നിലവില്‍ രണ്ട് ധര്‍മ്മ പുത്രന്‍മാരെ കാണുന്നുണ്ട്. ഒന്ന് സാക്ഷാല്‍ വിഎസ് തന്നെ. മറ്റൊരാളാകട്ടെ കുറച്ചു കാലം രാഷ്ട്രീയ വനവാസത്തിന് ഇറങ്ങിപ്പുറപ്പെട്ട് തിരിച്ചെത്തിയ വിഎം സുധീരനും. ഇവരില്‍ ആര് കേമന്‍ ആരാണ് യഥാര്‍ത്ഥ യുധിഷ്ഠിരന്‍ എന്നൊക്കെ ചോദിച്ചാല്‍ കേരളത്തിലെ വോട്ടര്‍മാര്‍ വല്ലാതെ വിഷമിച്ചു പോകും.

ബാറുകള്‍ പൂട്ടുന്നത് സംബന്ധിച്ച് കടുംവെട്ട് വെട്ടിയ സുധീരനോ ലാവലിനില്‍ പിണറായിയെ കുടുക്കിയ വിഎസോ കേമന്‍ എന്ന ചോദ്യത്തിന് സാക്ഷാല്‍ ശശികല ടീച്ചര്‍ക്കുപോലും മറുപടി ഉണ്ടാകാനിടയില്ല. കത്തിപ്പോകാന്‍ ഇടയുള്ള അരക്കില്ലമേതെന്ന് ഇരുമുന്നണികളും ഗണനവും മനനവും ചെയ്തു കൊണ്ടിരിക്കുന്ന കാലത്ത് ഈ രണ്ട് യുധിഷ്ഠിരന്‍മാരുടെ ഭാവിയെന്ത് എന്ന് അറിയേണ്ടത് തന്നെയുണ്ട്.

കലഹപ്രിയനായിരുന്നില്ല യുധിഷ്ഠിരന്‍. ധര്‍മ്മദേവ പുത്രനെന്ന് പുരാണം. കളങ്കരഹിതനായി ഉടലോടെ സ്വര്‍ഗം പൂണ്ട ഏക പാണ്ഡവന്‍. പാണ്ഡവരെന്നാണ് വിളിപ്പേരെങ്കിലും സത്യത്തില്‍ കുന്തീദേവിയുടെ പുത്രനാണ് യുധിഷ്ഠിരന്‍. ഡിഎന്‍എ ടെസ്റ്റുകള്‍ ഒന്നും ഇല്ലാതിരുന്ന കാലത്തും മാതൃത്വം തന്നെയായിരുന്നു മക്കള്‍ക്ക് ശരണം. എങ്കിലും ഒരു കാര്യം വ്യക്തം. തറവാട്ടില്‍ കലാപം ഉണ്ടാക്കാത്തവന്‍ ആയിരുന്നു യുധിഷ്ഠിരന്‍. കലഹത്തിന് ഇറങ്ങിപ്പുറപ്പെടുന്ന അനുജന്‍മാരെ വിലക്കുന്നയാള്‍. ചൂതാട്ടത്തില്‍ തോല്‍ക്കുമ്പോള്‍ ദ്രൗപദിയെ ദാനം ചെയ്യാന്‍ ഒരുങ്ങുന്നയാള്‍.

യുധിഷ്ഠിരന്റെ ഗുണഗണങ്ങളില്‍ ഏതാണ് നമ്മുടെ വിഎസിനും സുധീരനും സ്വായത്തമാകുന്നത്‌. അധര്‍മ്മം എവിടെ കണ്ടാലും പൊറുക്കാത്ത ന്യായത്തിന്റെ കാവലാളുകള്‍ ആണ് തങ്ങളെന്ന് സ്വയം വിലയിരുത്തുകയും അതിന് ജനപിന്തുണ വാങ്ങിയെടുക്കുകയും ചെയ്യുന്ന രണ്ട് നവയുഗ യുധിഷ്ഠിരന്‍മാര്‍.

ഒട്ടും കരുണയില്ലാത്ത മട്ടാണ് കരുണ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് യുധിഷ്ഠിരനെന്നോ ഗാന്ധിജിയെന്നോ സംശയിച്ചു പോകാവുന്ന സുധീരന്‍ നടത്തിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ പാവങ്ങളുടെ ഊട്ടിയെന്ന് അറിയപ്പെടുന്ന നെല്ലിയാമ്പതി എസ്റ്റേറ്റ് ഉടമകള്‍ കൈയടക്കിയത് ഇന്നോ ഇന്നലെയോ അല്ല. 

കരുണയില്‍ കയറിവെട്ടിയ സുധീരന്‍ ഒരുകാര്യം മുന്നില്‍ കണ്ടിട്ടുണ്ടാകണം. ഒരു വെടിക്ക് രണ്ട് പക്ഷിയെന്ന രീതിയില്‍ ഉമ്മന്‍ചാണ്ടിയേയും ഘടകകക്ഷികളേയും ഒതുക്കുക എന്നത് ആദ്യത്തെ കാര്യം. രണ്ടാമത്തേത്, ബാര്‍ അടപ്പിക്കലില്‍ സുധീരം മുന്നോട്ടു പോയി വിജയിച്ച ചരിത്ര ഗാഥയുടെ ആവര്‍ത്തനം. ഈ ആവര്‍ത്തനം ഒരു തനിയാവര്‍ത്തനം ആണെന്ന് ചിലര്‍ക്കെങ്കിലും തോന്നുന്നുണ്ടാകണം. സുധീരന്‍ എന്ന ധര്‍മ്മ ദേവ പുത്രന്റെ ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടുന്നവര്‍ക്കു പോലും അറിയാത്ത ചില തട്ടുപ്പൊളിപ്പന്‍ തരികിട ഏര്‍പ്പാടുകളും ഉണ്ടായിരുന്നു പിന്‍കാല രാഷ്ട്രീയ ജീവിതത്തില്‍. അതൊക്കെ അദ്ദേഹം തന്നെ പരിശോധിക്കട്ടെ. ആവശ്യമുള്ളവര്‍ മാതൃഭൂമിയുടെയോ ഏഷ്യാനെറ്റിന്റെയോ ആര്‍കൈവ്‌സ് പരതുക.

വിഎസിന്റെ കാര്യം എടുത്താല്‍ പിണറായിയെ വഴിക്കാക്കി അരുക്കാക്കുക മാത്രമായിരുന്നില്ല ആര്‍ക്കും വേണ്ടാത്ത നന്നഞ്ഞ അരിച്ചാക്കാക്കി മാറ്റാനും ശ്രമിച്ചു വിഎസ്. കൂടെ കൊണ്ട് നടന്ന് മന്ത്രിയാക്കുകയും പിന്നീട് പാര്‍ട്ടി സെക്രട്ടറിയാക്കുകയും ചെയ്ത വിഎസ് മലക്കം മറിഞ്ഞപ്പോള്‍ പിണറായി മാത്രമല്ല ബഹുഭൂരിപക്ഷം വരുന്ന പാര്‍ട്ടി സഖാകള്‍ക്കും ഒരു എത്തുംപിടിയും കിട്ടാത്ത അവസ്ഥയുണ്ടായി. ഒടുവില്‍ ഇന്നിപ്പോള്‍ 93-ന്റെ നിറവിലും താന്‍ തന്നെ മുഖ്യമന്ത്രിയെന്ന് കേരളത്തിലെ ഒരു പ്രമുഖ ദിനപത്രത്തിനെക്കൊണ്ട് വാര്‍ത്ത എഴുതിച്ച് ഞാനൊന്നുമറിഞ്ഞില്ലേ ഡിങ്കാ എന്ന് ഭാവിച്ചിരിക്കുകയാണ് വി എസ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അറിയാം ആരൊക്കെ എവിടെയൊക്കെയെന്ന്. അത് തീരുമാനിക്കുന്നത് വോട്ടര്‍മാരായ പൊതുജനമായതിനാല്‍ അത്തരം ചിന്തകളും യുക്തികളും യച്ചൂരിക്ക് അല്ല അവര്‍ക്ക് തന്നെ വിടേണ്ടതായുണ്ട്.

വിഎസിനെ വിട്ട് സുധീരനിലേക്ക് മടങ്ങുമ്പോള്‍ സത്യത്തില്‍ ഇവര്‍ ഇരട്ട പെറ്റ മക്കളാണോയെന്ന സംശയം രാഷ്ട്രീയ വൃത്തങ്ങളില്‍ മാത്രമല്ല ജനങ്ങള്‍ക്കിടയിലും സംശയവും കൗതുകവും ഉണര്‍ത്തുന്ന ഒന്നായി മാറിയിട്ടുണ്ട്. വിഎസ് സുധീരന് പഠിക്കുകയാണോ അതോ സുധീരന്‍ വിഎസിന് പഠിക്കുകയാണോയെന്ന അതീവ നര്‍മ്മമുള്ള ചോദ്യമാണ് ഇന്ന് രാഷ്ട്രീയം മതിയാക്കിയ ഒരു പഴയകാല കമ്മ്യൂണിസ്റ്റില്‍ നിന്നും കേട്ടത്. അത്യാവശ്യം രാഷ്ട്രീയ സര്‍ക്കസുകള്‍ കാണാറില്ലെന്ന അദ്ദേഹത്തിന്റെ മറുപടിയിലെ യുക്തി വായനക്കാര്‍ക്ക് വിടുന്നു.

കരുണ എസ്‌റ്റേറ്റിനും അപ്പുറം കോന്നിയില്‍ അടൂര്‍ പ്രകാശ് വിട്ടു നല്‍കിയ ഭൂമിയെ സംബന്ധിച്ച് സുധീരന്‍ ഒന്നും പറഞ്ഞു കണ്ടില്ല. മെത്രാന്‍ കായല്‍, കടമക്കുടി നിലം നികത്തല്‍, കരുണ എസ്റ്റേറ്റ് വിവാദങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലേക്ക് അതും ഈ തെരഞ്ഞെടുപ്പ് കാലത്ത് പ്രശ്‌നം കുത്തിനിറയ്ക്കുന്ന സുധീരന് താല്‍ക്കാലിക മാപ്പ് കൊടുത്ത ഉമ്മന്‍ചാണ്ടിയും അനുചരന്‍മാരും ഇപ്പോള്‍ ഗ്രൂപ്പ് വൈരം മറന്ന് ഒറ്റക്കെട്ടായി മാറിയിരിക്കുകായണ്. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ സുധീരന്‍ പാര്‍ട്ടിക്ക് പണി കൊടുക്കുന്നുവെന്നാണ് അവരുടെ ആക്ഷേപം. എ, ഐ ഗ്രൂപ്പുകള്‍ എല്ലാം മറന്ന് കായലായ കായലും നിലമായ നിലവും ഒക്കെ നികത്തുകയും പാട്ടക്കരം അടയ്ക്കാന്‍ എസ്റ്റേറ്റ് മുതലാളിമാരെ സഹായിക്കുകയും ചെയ്യുന്നതില്‍ ഈ കെപിസിസി പ്രസിഡന്റ് എത്ര ഇത്ര ദണ്ഡമെന്നാണ് അവരുടെ ചോദ്യം.

സത്യമാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളാണ് സുധരീനും ചെയ്യുന്നത്. പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുണ്ടാക്കി സ്വന്തം അസ്തിത്വം തേടിക്കൊണ്ടിരിക്കുകയാണ് സുധീരന്‍. തീവ്രവാദികളെ കുറിച്ച് പൊലീസ് പറയുന്നത് പോലെ ഏറെക്കാലം ഒരു സ്ലീപ്പിങ് സെല്ലായിരുന്നു സുധീരന്‍. ആ സെല്‍ ആക്ടീവായിരിക്കുകയാണ്. ഏത് സമയത്തും ഒരു വിസ്‌ഫോടനം സാധ്യമാക്കത്തക്ക രീതിയില്‍ ഭീതിവിതച്ച് അധികാരം കൊയ്യുക തന്നെയാണ് ലക്ഷ്യം.

വിഎസിന്റെ ലക്ഷ്യവും ഏതാണ്ട് ഇതുതന്നെയാണ്. പ്രായമേറെയായെങ്കിലും അധികാരം നല്‍കിയ ഭ്രമം ഒരു ഒഴിയാബാധപോലെ അദ്ദേഹത്തിനെ പിന്തുടരുന്നുണ്ട്. യുധിഷ്ഠിരനെ പോലെ ഉടലോടെ സ്വര്‍ഗത്തില്‍ പോകലല്ല നവയുഗ ധര്‍മ്മ പുത്രരുടെ ആഗ്രഹം. അവര്‍ തേടുന്നത് അധികാര കസേരയിലേക്കുള്ള ഒരു യാത്രയാണ്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍