UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇടമലക്കുടിയുടെ വികസനത്തിന് സമഗ്രപദ്ധതിക്ക് മന്ത്രിസഭാ യോഗ തീരുമാനം

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസ് അടിയന്തിരമായി ഇടമലക്കുടിയിലേക്ക് മാറ്റും

കേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്രവികസനത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഓരോ വകുപ്പിനും ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കാനും തീരുമാനമായി. മാര്‍ച്ച് 13നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസ് അടിയന്തിരമായി ഇടമലക്കുടിയിലേക്ക് മാറ്റും. പരമ്പരാഗത സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ഇവിടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക. പുതിയ ഹെല്‍ത്ത് സെന്റര്‍, നിലവിലുള്ള എല്‍പി സ്‌കൂള്‍ യുപി സ്‌കൂള്‍ ആക്കി ഉയര്‍ത്തല്‍, പത്താം ക്ലാസ് പാസായ തദ്ദേശവാസികള്‍ക്ക് തൊഴില്‍ പരീക്ഷണം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ശുദ്ധജലം, റോഡ്, വൈദ്യുതി എന്നിവ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയവയാണ് ഇടമലക്കുടിയില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍.

അംഗനവാടികളില്‍ തദ്ദേശിയരായ ആദിവാസികളെ ജീവനക്കാരായി നിയമിക്കും. ലൈഫ് മിഷന്റെ ഭാഗമായി ഇടമലക്കുടിയില്‍ സമ്പൂര്‍ണ ഭവന പദ്ധതി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന് ദേവികുളം സബ്കളക്ടറെ സ്‌പെഷല്‍ ഓഫീസറായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുകയെന്നതാണ് മറ്റൊരു തീരുമാനം. ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് പ്രതിമാസം 300 രൂപ ജീവനക്കാരില്‍ നിന്നും ഈടാക്കും. പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ മെഡിക്കല്‍ അലവന്‍സായി നല്‍കുന്ന 300 രൂപ നിലനിര്‍ത്തുകയും ഈ തുക ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കുകയും ചെയ്യും.

പിഎസ്‌സിയില്‍ പുതിയതായി 120 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അരൂരിലും കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലും പുതിയ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷനുകളിലേക്ക് 21 വീതം തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു. ദേവികുളം സബ്‌കോടതിക്ക് ആറ് അധിക തസ്തിക സൃഷ്ടിക്കാനും തീരുമാനമായി. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കും.

അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ഷീല തോമസിനെ ഭരണപരിഷ്‌കാര കമ്മിഷന്‍ സെക്രട്ടറിയായി നിയമിക്കാനും തീരുമാനമായി. ആരോഗ്യ വകുപ്പിന്റെ ചൈല്‍ഡ് ഡവലപ്പ്‌മെന്റ് സെന്ററിനെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കും. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് ചെലവായ 104 ലക്ഷം രൂപ അനുവദിക്കും.

സാക്ഷരതാ പ്രസ്ഥാനത്തിനായി ജീവിതം സമര്‍പ്പിച്ച കെ വി റാബിയയ്ക്ക് ജീവിതോപാധി എന്ന നിലയില്‍ തിരൂങ്ങാടിയില്‍ കട സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപ അനുവദിക്കും. അന്തരിച്ച നാടകാചാര്യന്‍ പി കെ വേണിക്കുട്ടന്‍ നായരുടെ കുടുംബത്തിന് കെഎസ്എഫ്ഇയിലുള്ള വായ്പ തിരിച്ചടയ്ക്കാന്‍ നാല് ലക്ഷം രൂപ സഹായധനം അനുവദിക്കും തുടങ്ങിയവയാണ് ഇന്നത്തെ സുപ്രധാന മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍