UPDATES

സിനിമ

പാലായില്‍ നിന്ന് അമേരിക്കയിലെത്തിയ കോമ്രേഡിന്റെ കഥാകാരന്‍ – ഷിബിന്‍ ഫ്രാന്‍സിസ് / അഭിമുഖം

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന C I A (കോമ്രേഡ് ഇന്‍ അമേരിക്ക) വിഷുവിന് റിലീസ് ആവാന്‍ തയാറെടുക്കുകയാണ്

അപര്‍ണ്ണ

അപര്‍ണ്ണ

ഷിബിന്‍ ഫ്രാന്‍സിസിന്റെ പേര് ആദ്യമായി തിരശീലയില്‍ കണ്ടത് പാവാടയുടെ കഥയ്ക്കായിരുന്നു. പിന്നീട് വായിക്കുന്നത് സി ഐ എ (കോമ്രേഡ് ഇന്‍ അമേരിക്ക)യുടെ തിരക്കഥാകൃത്താണ് ഷിബിൻ എന്നാണ്. അമൽ നീരദ് – ദുൽഖർ സൽമാൻ കൂട്ടുകെട്ടിലൊരുങ്ങുന്ന, വൻ പ്രേക്ഷക പ്രതീക്ഷയായ സി ഐ എയ്ക്കു കഥയെഴുതുന്നത് ഒരു തുടക്കക്കാരനാണെന്നത് ചെറുതല്ലാത്ത കൗതുകമുണ്ടാക്കുന്നുണ്ട്. വലിയ യാദൃശ്ചികതകളുടെയും അതിലേറെ വലിയ ആത്മവിശ്വാസത്തിന്റെയും കഥ പറയാനുണ്ട് ഷിബിന് തന്റെ സ്വപനതുല്യമായ തുടക്കത്തെ കുറിച്ചും സ്വപ്നങ്ങൾക്ക് പുറകെ പോയതിനെക്കുറിച്ചും സി ഐ എയെക്കുറിച്ചുമെല്ലാം. ഷിബിനുമായി അപര്‍ണ സംസാരിക്കുന്നു. 

അപര്‍ണ: പാവാട പോലെ ഒരു വലിയ പ്രോജക്ടിന്റെ കഥയിൽ പങ്കാളി ആയിട്ടായിരുന്നു ഈ മേഖലയിലേക്ക് വന്നത്. സിനിമാ എഴുത്തിലേക്ക് എങ്ങനെ ആയിരുന്നു എത്തിയത്?

ഷിബിന്‍: സത്യം പറഞ്ഞാൽ ഞാൻ സംവിധാനം ചെയ്യണം എന്നുറപ്പിച്ച ഒരു സിനിമ ആയിരുന്നു പാവാട. ഞാൻ സംവിധാനം ചെയ്ത് ബിപിൻ ചന്ദ്രൻ തിരക്കഥയും സംഭാഷണവും എഴുതി പൂർത്തിയാക്കാൻ ആയിരുന്നു പ്ലാൻ. അത്തരത്തിൽ കുറെ ചർച്ചകൾ നടക്കുകയും ചെയ്തു. പക്ഷെ എന്തൊക്കെയോ കാര്യങ്ങൾ കൊണ്ട് ഒരു പ്രൊജക്റ്റ് ആയി അത് ടേക്ക് ഓഫ് ആയില്ല. അങ്ങനെ കുറെയധികം കാലം കഴിഞ്ഞപ്പോൾ ഞങ്ങൾ ആ പ്രോജക്ടിനെ കുറിച്ചുള്ള പ്രതീക്ഷകൾ കളഞ്ഞു; കുറച്ചു കാലം കഴിഞ്ഞ് മറ്റെന്തെങ്കിലും ചെയ്യാം എന്ന ധാരണയിൽ എത്തി. ബിപിൻ ചന്ദ്രൻ 1983 ചെയ്യാൻ പോയി, ഞാൻ എന്റെ എഴുത്തുകളിൽ മുഴുകി. അങ്ങനെ അത് ഏതാണ്ട് പൂർണമായി മറന്നിരിക്കുന്ന സമയത്താണ് ബിപിൻ ചന്ദ്രൻ വീണ്ടും പാവാടയെ പറ്റി ചോദിച്ചു വിളിക്കുന്നത്. മണിയൻപിള്ള രാജു, ബിപിനോട് പൃത്വിരാജിനെ വച്ച് സിനിമ ചെയ്യുന്നതിനെ പറ്റിയും അതിനു പറ്റുന്ന കഥകളെ പറ്റിയും ചോദിച്ചു. ഞാൻ അത് പൂർണമായും മനസ്സിൽ നിന്ന് വിട്ടത് കൊണ്ടാവാം, വിട്ടേക്ക് വേണമെങ്കിൽ ആ സബ്ജെക്ട് കൊടുത്തേക്ക്… അങ്ങനെയെങ്കിലും അത് സിനിമ ആവട്ടെ എന്ന് പറഞ്ഞു. പിന്നെ അതൊക്കെ നല്ല രീതിയിൽ തന്നെ നടന്നു. അതായിരുന്നു എൻട്രി…

അപര്‍ണ: എങ്ങനെയായിരുന്നു സിനിമാ മേഖലയിലേക്കുള്ള വരവ്? 

ഷിബിന്‍: സിനിമ മേഖലയിലെ മിക്കവരെയും പോലെ വർഷങ്ങൾ ആയുള്ള ഒരു സ്ട്രഗിൾ അതിനു പുറകിലുണ്ട്. കഥ പറയാനും ഒരു സിനിമാക്കാരൻ ആകാനും കുറച്ചൊക്കെ അലഞ്ഞിട്ടുണ്ട്. ആകെ കൈമുതലായി ഉണ്ടായിരുന്നത് സിനിമയുമായുള്ള പാഷൻ മാത്രമായിരുന്നു. എന്റെ കുടുംബത്തിലോ ബന്ധത്തില്‍ അടുത്ത പരിചയത്തിലോ ഉള്ള ആർക്കും സിനിമയുമായി യാതൊരു പരിചയും ഇല്ല. ശരിക്കും സിനിമക്ക് പുറത്തുള്ള ഒരു സാധാരണക്കാരനാണ് ഞാൻ. അതുകൊണ്ട് തന്നെ സിനിമയോടുള്ള പാഷനും ഇവിടേക്ക് എത്തിപ്പെടാനുള്ള കുറച്ച് അലഞ്ഞു തിരിയലും ഒക്കെയാണ് സിനിമയിലേക്കുള്ള വരവിനു മുന്നേ ഉള്ള കഥ.

അപര്‍ണ: എപ്പോഴാണ് സിനിമയാണ് സ്വന്തം വഴി സിനിമ ആണെന്ന് തീരുമാനിച്ചത്? 

ഷിബിന്‍: ചെറുപ്പത്തിൽ പാലായിൽ ഉള്ള ഒരു ചെക്കന് തോന്നുന്ന സിനിമയോടുള്ള ഒരു കൗതുകം… അതിൽ നിന്നാണ് തുടക്കം. ചെറുപ്പത്തിൽ സിനിമ കണ്ടു നടക്കുന്നതിൽ ആയിരുന്നു തുടക്കം. പിന്നീട് പ്ലസ് ടു ടൈം മുതൽ ഒക്കെ സിനിമയെ സീരിയസായി കാണാൻ തുടങ്ങി. പിന്നീട് എപ്പോഴൊക്കെയോ സിനിമ ഭയങ്കരമായി സ്വാധീനിച്ചിട്ടുണ്ട്. എഴുതണം എന്ന് തോന്നാൻ തുടങ്ങി. സ്ക്കൂൾ ടൈമിലെ സിനിമ കാണുന്ന കുട്ടിയിൽ നിന്നുള്ള വളർച്ച തന്നെയാണിത്. പിന്നീട് എവിടെ വച്ചാണ് അങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത് എന്ന് കൃത്യമായി പറയാൻ അറിയില്ല. സിനിമ കൊണ്ട് സർവൈവ് ചെയ്യാം എന്നൊന്നും തീരുമാനിച്ചിരുന്നില്ല. ശരിക്കും പറഞ്ഞാൽ ഇപ്പോഴും അങ്ങനെ ഒരു തീരുമാനം ഇല്ല. ഇന്നലെ ഒരു സിനിമ ചെയ്തു. അത് പുറത്ത് വന്നു. ഇപ്പോൾ മറ്റൊരു സിനിമയുടെ ഭാഗമാണ്, ഇതും വിജയിക്കും എന്നാണ് പ്രതീക്ഷ. അതിനുമപ്പുറം നടക്കുന്നതൊക്കെ നടക്കട്ടെ… സിനിമ ഇഷ്ടമാണ്, അത് കൊണ്ട് ചെയ്യുന്നു, അത്ര മാത്രം.

പിന്നെ, അങ്ങനെയൊരു സ്വപ്നത്തിനു പുറകെ പോയപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ച് വിഷമിക്കാതിരിക്കുക എന്നതാണ് എന്റെ രീതി അത് സിനിമയിൽ മാത്രമല്ല, എല്ലായിടത്തും അങ്ങനെ ആണ്. അലച്ചിലിന്റെ ഘട്ടം തന്നെയാണിത്, എന്തെങ്കിലും ഒക്കെ കൺവിൻസ്‌ ചെയ്യും വരെ അത് അങ്ങനെ തന്നെ ആണ്. എന്റെ കാര്യത്തിൽ അങ്ങനെ ആയിരുന്നു. ലോകത്ത് എല്ലായിടത്തും അങ്ങനെ തന്നെയാണെന്നു തോന്നുന്നു.

അപര്‍ണ: പാവാടയിൽ നിന്ന് എങ്ങനെയാണ് സി ഐ എയിൽ എത്തുന്നത്?

ഷിബിന്‍: ശരിക്കും പറഞ്ഞാൽ എന്റെ ആദ്യ സിനിമ ഇറങ്ങുന്നതിനു മുന്നേ ആണ് സി ഐ എയുടെ തുടക്കം എന്ന് പറയാം. പാവാട ഇറങ്ങുന്നതിനു മുന്നേ ഞാൻ അമൽ നീരദിനോട് ഫോണിൽ സംസാരിച്ചിരുന്നു. (കഴിഞ്ഞ 15 വര്‍ഷമായി ഷിബിന്‍ ഒരു അമേരിക്കന്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്) പാവാടയുടെ ഷൂട്ടിങ്ങിനായി നാട്ടിൽ എത്തിയപ്പോഴാണ് ഈ കഥ സംസാരിക്കുന്നത്.

അമൽ നീരദ് വലിയ സംവിധായകനാണ്. എനിക്ക് അദ്ദേഹത്തെയോ അദ്ദേഹത്തിലേക്ക് എത്തിപ്പെടാനുള്ള വഴിയോ യാതൊരു പരിചയവുമില്ല. പക്ഷെ ഞാൻ ഈ കഥ എഴുതി കഴിഞ്ഞപ്പോൾ അത് അമൽ നീരദ് ചെയ്യേണ്ട സിനിമ ആണെന്നോ അല്ലെങ്കിൽ അമൽ നീരദ് ചെയ്താലേ ശരിയാവൂ എന്നോ ഒക്കെ തോന്നി. ആ തോന്നലിന്റെ ധൈര്യത്തിൽ ഞാൻ അദ്ദേഹത്തിൻറെ നമ്പർ സംഘടിപ്പിച്ചു വിളിച്ചു. നാട്ടിൽ വരുമ്പോൾ കാണാമെന്നും കഥ കേൾക്കാമെന്നും അദ്ദേഹം സമ്മതിച്ചു. അങ്ങനെ ഞാൻ അമലേട്ടനു മുന്നിൽ ചെന്ന് കഥ പറഞ്ഞു. ആ കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു; വൺലൈൻ തയ്യാറാക്കാൻ പറഞ്ഞു. പടം ചെയ്യാൻ സന്നദ്ധനാവുകയും ചെയ്തു. യാതൊരു പരിചയുമില്ലാത്ത ഞങ്ങളെ അടുപ്പിച്ചതും ഇത്രയും എത്തിച്ചതും ഈ സ്ക്രിപ്റ്റ് ആണ് എന്ന് പറയാം.

അപര്‍ണ: പാവാട ശരിക്കും ഒരു പോപ്പുലർ മലയാളം സിനിമയാണ്. അവിടെ നിന്ന് സി ഐ എയിൽ എത്തുമ്പോൾ

ഷിബിന്‍: പാവാടയുമായി ഒരു സാമ്യവും ഇല്ല സി ഐ എയ്ക്ക്. പൂർണമായും വ്യത്യസ്തമായ ഒരു കഥാപരിസരത്തു നിന്നാണ് സി ഐ എ സംഭവിക്കുന്നത്. ശരിക്കും അങ്ങനെ തന്നെ വേണം എന്നാണ് ഞാൻ കരുതുന്നത്. എന്റെ ഒരു സിനിമയുമായി യാതൊരു തരത്തിലുള്ള സാമ്യവും രണ്ടാമത്തെ സിനിമക്ക് ഉണ്ടാവരുത് എന്നൊരു നിർബന്ധം എനിക്കുണ്ട്, അതേസമയം കഥകളുടെ ക്വാളിറ്റിക്ക് തുടർച്ച ഉണ്ടാകണം എന്നും വിശ്വസിക്കുന്നു. പ്രേക്ഷകരും തിരക്കഥാകൃത്തിൽ നിന്നും അതു തന്നെയാവാം ആഗ്രഹിക്കുന്നത്. സിനിമക്ക് പറ്റുന്ന എന്തും, എന്നാൽ കഴിയുന്ന എന്തും ചെയ്യണം എന്നാണ് ആഗ്രഹം.

അപര്‍ണ: സി ഐ എയെ കുറിച്ച്…

ഷിബിന്‍: റൊമാന്റിക് കോമഡി വിഭാഗത്തിൽ പെട്ട സിനിമയാണ് സി ഐ എ. അത്തരം ഒരു ഗണത്തിൽ പെട്ട സിനിമയിൽ പുതുമയുള്ള പല പരീക്ഷണങ്ങൾക്കും ശ്രമിക്കുന്നുമുണ്ട്. കഥാഗതിയെ പറ്റി കൂടുതൽ വെളിപ്പെടുത്താൻ ആവാത്തതു കൊണ്ട് എങ്ങനെ വിശദീകരിക്കണം എന്നറിയില്ല. എന്തായാലും എല്ലാത്തരം പ്രേക്ഷകരും ഇഷ്ടപ്പെടുന്ന ഒരു ക്ലീൻ എന്റർറ്റൈനെർ ആയിരിക്കും സി ഐ എ. ഒപ്പം അമൽ നീരദിന്റെ ഇതുവരെ കണ്ട സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ മേക്കിങ് ആയിരിക്കും ഇത്. അമൽ നീരദ് തന്നെ ചെയ്യേണ്ട ഒരു സിനിമയാണിതെന്ന് പ്രേക്ഷകർക്ക് സിനിമ കണ്ടിറിങ്ങുമ്പോൾ തോന്നും. ആ വിശ്വാസം തന്നെയാണ് അമേലേട്ടനെ കൊണ്ട് ഈ സിനിമ ചെയ്യിച്ചത് എന്ന് തോന്നുന്നു. വിഷു റിലീസ് ആണ് പ്ലാൻ ചെയ്യുന്നത്‌.

അപര്‍ണ: കോമ്രേഡ് ഇൻ അമേരിക്ക എന്നാണല്ലോ സി ഐ എ യുടെ എക്സ്പാൻഷൻ. ഇപ്പോൾ ചർച്ചയായ മെക്സിക്കൻ അപാരത, ഇറങ്ങാനിരിക്കുന്ന സഖാവ്… ഇതൊക്കെയുമായുള്ള താരതമ്യങ്ങളും മറ്റും നിരവധി വരുന്നുണ്ടല്ലോ… 

ഷിബിന്‍: മറ്റു രണ്ടു സിനിമകളും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം എന്താണ് എന്ന് എനിക്കറിയില്ല. ഏതായാലും സി ഐ എ ഒരു പൊളിറ്റിക്കൽ ഡ്രാമ അല്ല. ഇത് ഒരു റൊമാന്റിക് കോമഡി മാത്രമാണ്. പേരിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ പറ്റാത്ത ഒരു അവസ്ഥയുണ്ട്. എന്തായാലും ആ പേരുണ്ടാക്കുന്ന കൗതുകം സിനിമക്കുണ്ട്. സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിനും ഇതേ ആകാംക്ഷയും കൗതുകവും ഉണ്ടാവും. സസ്പെൻസ് എലമെന്റ്സ് നിരവധി ഉണ്ടെങ്കിലും സിനിമ പ്രണയവും സംഗീതവും എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് പാക്കേജ് ആയിരിക്കും. വ്യത്യസ്തമായ ഒന്നായിരിക്കും എല്ലാം കൊണ്ടും.

അപര്‍ണ: പാവാടയിലെ പാലാ – കോട്ടയം ബാക്ക്ഡ്രോപ് സി ഐ എയിലും ഉണ്ട് എന്നറിയുന്നു..

ഷിബിന്‍: പാവാട എഴുതിയപ്പോ അതിനൊരു ബാക്ക്ഡ്രോപ്പ്, ലാൻഡ്‌സ്‌കേപ്പ് ഒന്നും ഉണ്ടായിരുന്നില്ല. ബിപിൻ ചന്ദ്രൻ സ്ക്രിപ്റ്റ് എഴുതി; അപ്പോൾ ബിപിന് പരിചയമുള്ള ഇടങ്ങൾ അതിലേക്ക് വന്നു എന്നേ ഉള്ളു. പാലായും പരിസരവും പുള്ളിക്ക് നന്നായി അറിയാം. അങ്ങനെ പുള്ളിയുടെ തീരുമാനം ആയിരുന്നു അത്. സി ഐ എ വന്നപ്പോൾ അതിൽ പാലായും പരിസരവും ഉണ്ട്. ഞാൻ മന:പൂർവം ചെയ്തതാണ്. രണ്ടും ഒരു പോലെ വന്നത് പക്ഷെ പ്ലാൻഡ് അല്ല, അത് സി ഐ എയുടെ കഥ ഡിമാൻഡ് ചെയ്യുന്ന ഒരു കഥാപരിസരം ആണ്. ആ സ്പേസ് ആ കഥയെ കംപ്ലീറ്റ് ആക്കുന്നു. പിന്നെ പരിചയമുള്ള ഒരു കഥാപരിസരത്തിൽ നിന്ന് സംസാരിക്കാനും പറയാനും എളുപ്പമാണ്…

അപര്‍ണ: ദുൽഖറിന്റെ ആദ്യ ഭാഷാ പരീക്ഷണത്തിനുള്ള സാധ്യത ഉണ്ടോ?

ഷിബിന്‍: ഉം. ദുൽഖർ പാലാ ഭാഷ ഉപയോഗിക്കുന്നുണ്ട് ഈ സിനിമയിൽ. സ്ലാങ് വ്യതിയാനം അല്ല കഥയെ നയിക്കുന്നത്. എങ്കിലും പാലായിലെ സവിശേഷമായ ചില പ്രയോഗങ്ങളുടെയും മറ്റും കൗതുകം ഈ സിനിമയിൽ കാണാം. അത് ദുൽഖറിന്റെ കരിയറിലെ വ്യത്യസ്തത ആണ്. യുഎസിലെ ലാൻഡ്‌സ്‌കേപ്പ് കൂടി ചേർന്നാണ് സിനിമ പൂർത്തിയാകുന്നത്.

അപര്‍ണ: പുതിയ പ്രോജക്റ്റുകൾ? സംവിധാനത്തിലേക്ക്..

ഷിബിന്‍: പുതിയ ചില ഡിസ്കഷന്‍സ് നടക്കുന്നുണ്ട്. ഒരുപാട് പ്രതീക്ഷയുള്ള സിനിമയാണ് സി ഐ എ. പിന്നെ അങ്ങനെ ഒരു ഡ്രീം കഥ എന്നൊന്നും എനിക്കില്ല. എപ്പോ ചെയ്യും എന്നറിയില്ല. ചെയ്യണം എന്നേ ഉള്ളു. സിനിമക്കാവശ്യമായ കഥയാണ് എന്റെ ഡ്രീം. ഇപ്പോൾ സി ഐ എ ആണ് എന്റെ ഡ്രീം പ്രൊജക്റ്റ്. സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ട്. എന്നെങ്കിലും നടക്കുമോ എന്നറിയില്ല.

 

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍