UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാനനഷ്ടം എന്തുകൊണ്ട് ഒരു ക്രിമിനല്‍ കുറ്റമാകരുത്

Avatar

ടീം അഴിമുഖം / എഡിറ്റോറിയല്‍

ഭരണഘടനയുടെ 21-ആം ആര്‍ട്ടിക്കിള്‍ പൌരന്‍മാര്‍ക്ക് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് സ്വന്തം കീര്‍ത്തി നിലനിര്‍ത്താനുള്ള അവകാശവുമെന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 499, 500 വകുപ്പുകളുടെ സാധുത ശരിവെച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞിരിക്കുന്നു. നിയമപരമായി ശരിയാകാമെങ്കിലും ക്രിമിനല്‍ മാനനഷ്ട നിയമങ്ങളെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ആശങ്കകളെ ഈ വിധി നീക്കുന്നില്ല. ഒരാളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടെ മറ്റൊരാള്‍ നടത്തുന്ന ആശയവിനിമയങ്ങളെ ഇത് കുറ്റകരമാക്കുന്നു. ഈ കുറ്റത്തിന് തടവുശിക്ഷയും ലഭിക്കും. ഇത് പലരീതിയിലും നിരവധി പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഒരാളുടെ മാനം കാക്കുന്നത് യുക്തിസഹമായ ലക്ഷ്യമാണെങ്കിലും പ്രയോഗത്തില്‍ ആളുകളെ പീഡിപ്പിക്കാനും ഭീഷണിപ്പെടുത്താനുമാണ് ഈ നിയമം ഉപയോഗിക്കുന്നത്.

അപകീര്‍ത്തിപ്പെടുത്തുന്നതിനെ കുറ്റകരമാക്കുക വഴി സ്വാതന്ത്ര്യം ഇല്ലാതാക്കുക എന്ന കടുത്ത ശിക്ഷയാണ് നിയമം നല്‍കുന്നത്. കുറഞ്ഞപക്ഷം അപകീര്‍ത്തിപ്പെടുത്തല്‍ എന്നത് ഒരു സിവില്‍ കുറ്റം മാത്രമാക്കി മാറ്റണം. മാനഷ്ടപ്രശ്നം കുറ്റാരോപിതനും മാനഷ്ടമുണ്ടായി എന്നു പറയുന്ന വ്യക്തിയും തമ്മിലുള്ള ഒരു തര്‍ക്കം മാത്രമാകണം. കീര്‍ത്തി എന്നു പറയുന്നത് കൃത്യമായി നിശ്ചയിക്കപ്പെട്ട അതിരുകളുള്ള ഒന്നല്ല. അത് പങ്കുവെക്കുന്ന കാഴ്ച്ചപ്പാടുകളുടെ അടിസ്ഥാനത്തിലുള്ള ഒരു സാമൂഹ്യ നിര്‍മ്മിതിയാണ്. സമൂഹം ഒരാളുടെ മാനത്തെ  അംഗീകരിക്കുകയാണ്. പുതിയ വസ്തുതകളുടെ വെളിച്ചത്തില്‍ ഇത് പുനരവലോകനം ചെയ്യുകയും തെറ്റായിരുന്നു എന്നു തീരുമാനിക്കാനും സമൂഹത്തിനു കഴിയും. ഇത്തരം ജൈവികമായ പ്രക്രിയകളെ തടയാന്‍ നിയമത്തിനാകുമോ, അതിനെ കുറ്റകൃത്യമായി കാണാനാകുമോ?

വിവരങ്ങളും വാര്‍ത്താവിനിമയവും പരിമിതമായ വൃത്തത്തില്‍ മാത്രം ഒതുങ്ങിനിന്ന കാലത്തും ശക്തര്‍ അഭിപ്രായരൂപീകരണത്തെ സ്വാധീനിക്കുന്ന കാലത്തും മാനസംരക്ഷണം ഒഴിച്ചുകൂടാനാകാത്ത ഒന്നായിരുന്നിരിക്കാം. പക്ഷേ ഇന്നിപ്പോള്‍ വിവരങ്ങളിലേക്കുള്ള പൊതുസമൂഹത്തിനുള്ള വലിയ പ്രാപ്യത ഈ വിവര സമ്പദ് വ്യവസ്ഥയെ സ്വയം തിരുത്തിക്കുന്ന തരത്തിലുള്ളതാക്കിയിരിക്കുന്നു. ഇന്നിപ്പോള്‍ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ സാമൂഹ്യമായി അപലപിക്കപ്പെടുന്നു. വിവരകുത്തക സാധ്യമല്ലാതാകുന്നു. അതുകൊണ്ട് നിയമസംരക്ഷണത്തിന്റെ ആവശ്യവുമില്ല.

അപകീര്‍ത്തിപ്പെടുത്തല്‍ കുറ്റകരമാക്കുന്ന നിയമം അതിന്റെ വിശാലമായ നിര്‍വചനത്തിന്റെ അടിസ്ഥാനത്തിലും കുഴപ്പം പിടിച്ചതാണ്. അത് കാണാവുന്നതോ കേള്‍ക്കാവുന്നതോ ആയ ഏത് ആശയവിനിമയത്തെയും ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. ഒരു പുസ്തകം, പത്രത്തില്‍ വന്ന ലേഖനം, കാര്‍ട്ടൂണ്‍, അല്ലെങ്കില്‍ ഒരു കവിത വരെ അപകീര്‍ത്തിക്ക് കാരണമായി പറയാം. അങ്ങനെ എത്രയോ തവണ ചെയ്തിട്ടുമുണ്ട്. അപകീര്‍ത്തികരമായ പ്രസ്താവനകളുടെ പേരില്‍ വ്യക്തികള്‍ക്കെതിരെ, അവരെ ബുദ്ധിമുട്ടിക്കുക എന്ന ഒറ്റ ലക്ഷ്യം വെച്ചുകൊണ്ട്, രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കേസുകള്‍ നല്‍കുന്ന രീതിയില്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുകളില്‍ ഈ നിയമം ചെലുത്തുന്ന ഭീഷണമായ സമ്മര്‍ദ്ദവും പ്രസാധകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും പെരുമാറ്റത്തെ രൂപപ്പെടുത്താനുള്ള അതിന്റെ സ്വാധീനവും നിയമ കമ്മീഷനും എടുത്തുപറഞ്ഞിട്ടുണ്ട്. എന്‍ ഡി എ സര്‍ക്കാര്‍ നിയമം തുടരണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. പക്ഷേ പൊതുജനത്തിന് അതിനെക്കുറിച്ചുള്ള ആശങ്കകളും കോടതികള്‍ കണക്കിലെടുക്കേണ്ടതായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍