UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീ ഗജേന്ദ്ര ചൗഹാന് ഫാല്‍ക്കേ അവാര്‍ഡ് നല്‍കണം

Avatar

അജിത് കുമാര്‍ ബി

വ്യാജ മതേതരവാദികളാലും ദേശവിരുദ്ധരാലും മാവോയിസ്റ്റുകളാലും ജിഹാദികളാലും ഐ എസ്‌ ഐ ഏജന്റുമാരാലും സ്വാധീനിക്കപ്പെട്ട ചില വിദ്യാര്‍ത്ഥികള്‍, കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി മഹാനടന്‍ ഗജേന്ദ്ര ചൗഹാനെ നിയമിച്ച തീരുമാനത്തിനെതിരെ സമരത്തിലാണ്. ഈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് നയിക്കാന്‍ മാത്രം യോഗ്യനായ വ്യക്തിയല്ല ചൗഹാനെന്നാണ് ഈ വിദ്യാര്‍ത്ഥികള്‍ ആക്ഷേപിക്കുന്നത്. ചൗഹാന്‍ പ്രാപ്തി ഇല്ലാത്ത ആളാണെന്ന വിദ്യാര്‍ത്ഥികളുടെ വാദത്തിന് പിന്തുണയുമായി ചില ഇടതുപക്ഷ ചലച്ചിത്രകാരന്മാരും സംശാസ്പദമായ ദേശീയവികാരങ്ങളുള്ള സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ നടന്മാരും രംഗത്തെത്തിയിട്ടുണ്ട്. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്ത ഒരു വ്യക്തിയുടെ യോഗ്യത നിര്‍ണയിക്കാന്‍ ഇവരൊക്കെ ആരാണ്? അദ്ദേഹം നിയമിക്കപ്പെട്ടു എന്നത് തന്നെ അദ്ദേഹത്തിന്റെ യോഗ്യതയ്ക്ക് വേണ്ട തെളിവല്ലെ? എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍ഗാമികളെ പോലെ ചില അന്താരാഷ്ട്ര കമ്മ്യൂണിസ്റ്റ് ചലച്ചിത്രോത്സവങ്ങളില്‍ നിന്നും നിരവധി അവാര്‍ഡുകളും നേരത്തെയുള്ള ഇടതുപക്ഷാനുകൂല സര്‍ക്കാരുകളില്‍ നിന്നും ‘ദേശീയ അവാര്‍ഡുകളും ചൗഹാന് ലഭിച്ചിട്ടില്ല എന്നാണ് ഈ ദേശവിരുദ്ധര്‍ ആക്ഷേപിക്കുന്നത്. ഇതിനുള്ള കാരണങ്ങള്‍ വ്യക്തമാണ്.

യഥാര്‍ത്ഥ ചലച്ചിത്രകാരന്മാര്‍ക്ക് ഒരു തരത്തിലുള്ള അംഗീകാരവും ലഭിക്കാതിരിക്കാനുള്ള സംഘടിതവും ആസൂത്രിതവുമായ ഗൂഢാലോചനയായിരുന്നു കഴിഞ്ഞ അറുപത് വര്‍ഷമായി അരങ്ങേറിക്കൊണ്ടിരുന്നത്. ഇന്ത്യയുടെ ദാരിദ്രവശങ്ങള്‍ ചിത്രീകരിക്കുന്നവര്‍ക്ക് മാത്രമാണ് പ്രോത്സാഹനം ലഭിച്ചുകൊണ്ടിരുന്നത്. ഇന്ത്യയുടെ മഹത്തായ ഭൂതകാലത്തെ കുറിച്ച് ഈ ഇടതുപക്ഷ ചലച്ചിത്രകാരന്മാര്‍ ഒരൊറ്റ ചിത്രം പോലും നിര്‍മിച്ചിട്ടില്ല! അവര്‍ വര്‍ത്തമാനകാലത്തില്‍ അഭിരമിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും രക്തത്തില്‍ ഉള്‍ക്കൊണ്ട യഥാര്‍ത്ഥ ദേശഭക്തര്‍ക്ക് ചലച്ചിത്രങ്ങള്‍ ഒരുക്കാനുള്ള ഒരവസരവും കോണ്‍ഗ്രസ് സര്‍ക്കാരുകളും ബുദ്ധിജീവികളെന്ന് നടിക്കുന്ന ഈ ഇടതുപക്ഷ കോമാളികളും നല്‍കിയില്ല. അതുകൊണ്ടാണ് നമ്മുടെ ജനതയ്ക്കും നമ്മുടെ രാജ്യത്തിനും വേണ്ടി നിലകൊള്ളുന്ന ഉത്തമ പൗരന്മാര്‍ക്കിടയില്‍ ‘ശ്രേഷ്ഠരായ’ ചലച്ചിത്രകാരന്മാരുടെ അഭാവം നിഴലിക്കുന്നത്. സംസ്‌കാരമോ ശാസ്ത്രമോ ഗണിതമോ ഏത് മേഖലയും ആയിക്കൊള്ളട്ടെ, ഈ പറഞ്ഞത് ഒരു പ്രപഞ്ച സത്യമാണ്. ഇനി ഒന്നും കണ്ടുപിടിക്കപ്പെടാന്‍ ഇല്ലെന്ന്, ലോകത്തെ സംബന്ധിച്ച എല്ലാ സത്യങ്ങളും വേദകാലത്ത് തന്നെ കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞുവെന്ന്, സാധ്യമായ എല്ലാ കണ്ടുപിടിത്തങ്ങളും നമ്മുടെ മുനിമാര്‍ നിര്‍വഹിച്ച് കഴിഞ്ഞുവെന്ന് യഥാര്‍ത്ഥ ശാസ്ത്രജ്ഞന്മാര്‍ക്ക് അറിയാം.

എഫ് ടി ഐ ഐയില്‍ സമരം നടത്തുന്ന ഇടതുപക്ഷ അരാജകവാദികള്‍ ഈ പ്രാപഞ്ചിക സത്യം തിരിച്ചറിയാന്‍ സാധിക്കാത്ത വിഡ്ഢികളാണ് അല്ലെങ്കില്‍ അവരുടെ പ്രത്യയശാസ്ത്രം അവരെ ഈ സത്യം തിരിച്ചറിയാനാവാത്ത വിധം അന്ധരാക്കിയിരിക്കുന്നു. ചൗഹാന് യോഗ്യതയില്ലെന്ന ബാലിശമായ ആരോപണം തുടര്‍ച്ചയായി ഉന്നയിക്കുക വഴി യഥാര്‍ത്ഥ ദേശസ്‌നേഹികളായ അനുപം ഖേറിനെ പോലുള്ള സിനിമ നടന്മാരെ പോലും വഴിതെറ്റിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരിക്കുന്നു.

ഈ സാഹചര്യത്തില്‍, ചരിത്രത്തിന്റെ ദുഷ്ചെയ്തികള്‍ പരിഹരിക്കുന്നതിനായി ഒരു സാംസ്‌കാരിക വിപ്ലവത്തിന്റെ (മാവോ ത്സെ തുങിന്റെ ആയാല്‍പോലും നല്ല കാര്യങ്ങളെ അംഗീകരിക്കുവരാണ് ഞങ്ങള്‍) ആവശ്യകത നിലനില്‍ക്കുന്നു. എല്ലാ അവാര്‍ഡുകളും, ഒരുമാതിരിപ്പെട്ട എല്ലാ ആനുകൂല്യങ്ങളും അടിച്ചുമാറ്റിക്കൊണ്ട് സാംസ്‌കാരിക സ്ഥാപനങ്ങളെ തങ്ങളുടെ കുത്തകയാക്കി മാറ്റിയിരിക്കുന്ന ഈ ഇടതുപക്ഷ ബുദ്ധിജീവികളുടെ നാട്യങ്ങള്‍ നമ്മള്‍ തുറന്നുകാട്ടേണ്ടിയിരിക്കുന്നു. മതേതരത്വം, സോഷ്യലിസം, ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ മണ്ടന്‍ സങ്കല്‍പങ്ങളിലൂടെ എങ്ങനെയാണ് ഇന്ത്യന്‍ മനസിനെ ഇവര്‍ വിഷലിപ്തമാക്കാന്‍ ശ്രമിച്ചതെന്നും നമ്മുടെ മഹാനായ പ്രധാനമന്ത്രിയുടെ നേതൃത്വത്തിന്റെയും അദ്ദേഹത്തിന്റെ പൗരന്മാരുടെയും നിതാന്ത ജാഗ്രത മൂലം എങ്ങനെയാണ് അവര്‍ പരാജയപ്പെട്ടതെന്നും ജനങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍, ഭാരതമാതാവിന്റെ യഥാര്‍ത്ഥ പുത്രന്മാര്‍ കഴിഞ്ഞ ആറു ദശകങ്ങളായി എങ്ങനെയാണ് അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തതെന്ന് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഹിന്ദുത്വത്തിന്റെ ജ്വലനാഗ്നി ഉയരങ്ങളില്‍ ജ്വലിക്കേണ്ടിയിരിക്കുന്നു.

ഈ സാഹചര്യത്തില്‍, ഇന്ത്യന്‍ സിനിമയുടെ വികസനത്തിനും വളര്‍ച്ചയ്ക്കും നല്‍കുന്ന അനന്യ സംഭാവനകള്‍ക്ക് രാജ്യം നല്‍കുന്ന പരമോന്നത അംഗീകാരമായ ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം, അവസരവും അംഗീകാരവും നിഷേധിക്കപ്പെട്ട അസംഖ്യം പ്രതിഭകളില്‍ ഒരാളായ ശ്രീ ഗജേന്ദ്ര ചൗഹാന് നല്‍കണമെന്ന് ഞങ്ങള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോടും കേന്ദ്ര സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുന്നു.

ഇത്തരത്തിലുള്ള ഒരു നീക്കം, സമരം പിന്‍വലിക്കാനും ഉടനടി ക്ലാസുകളിലേക്ക് മടങ്ങാനും എഫ് ടി ഐ ഐയിലെ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതരാക്കും. ഇതിനെയാണ് ഞെട്ടിപ്പിക്കുക എന്നും വിസ്മയിപ്പിക്കുന്ന തന്ത്രമെന്നുമൊക്കെ വിശേഷിപ്പിക്കുന്നത്. ഒറ്റയടിക്ക് എഫ് ടി ഐ ഐയിലെ കീറാമുട്ടിക്ക് പരിഹാരമാവുകയും ശ്രീ ചൗഹാന്‍ പ്രഗത്ഭനാവുകയും വിദ്യാര്‍ത്ഥികള്‍ സന്തുഷ്ടരാവുകയും ചെയ്യും; ഇനിയും സന്തുഷ്ടരാകാത്തവര്‍ക്ക് പാകിസ്ഥാനിലെ എഫ് ടി ഐ പിയില്‍ ചേര്‍ന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാവുന്നതാണ്. ഗജേന്ദ്ര ചൗഹാന്റെ സംഭാവനകളെ കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം ബാക്കിയുണ്ടെങ്കില്‍ അവരെ ഒരു കാര്യം ഓര്‍മ്മിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തെ നിയമിക്കുക എന്ന ഒറ്റ പ്രവൃത്തി കൊണ്ടുതന്നെ-അദ്ദേഹം ചുമതലയേല്‍ക്കുക പോലും ചെയ്തിരുന്നില്ല എന്നോര്‍ക്കണം- മൊത്തം രാജ്യത്തെയും ഉന്മത്തരും ഹര്‍ഷപുളകിതരുമാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഈ കലിയുഗത്തില്‍ മറ്റൊരു പേരിനും ഇത്രയും വലിയ പ്രകമ്പനം സൃഷ്ടിക്കാനാവില്ല തന്നെ. ഇത് സമാനതകളില്ലാത്ത ആജീവനാന്ത നേട്ടമാണെന്ന് ഏത് കൊച്ചുകുട്ടിക്കും മനസിലാവും.

ഈ വര്‍ഷത്തെ ഫാല്‍കെ അവാര്‍ഡ് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞെങ്കില്‍, അടിയന്തര സാഹചര്യങ്ങളില്‍ ഒരേ വര്‍ഷം തന്നെ രണ്ടോ മൂന്നോ അല്ലെങ്കില്‍ അതിലധികമോ ഫാല്‍കെ അവാര്‍ഡുകള്‍ നല്‍കാവുന്നതാണെന്ന് കാണിച്ച് ഒരു ഓര്‍ഡിനന്‍സ് (പാര്‍ലമെന്റ് അംഗങ്ങളുടെ കുപ്പായമണിഞ്ഞ മാവോവാദികള്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന പക്ഷം) സര്‍ക്കാരിന് ഇറക്കാവുന്നതാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിവേചനാധികാരം ഉപയോഗിച്ച് എത്ര ഫാല്‍കെ അവാര്‍ഡുകള്‍ ഒരു വര്‍ഷം ആകാം എന്ന് തീരുമാനിക്കാവുന്നതാണ്. കൂടാതെ ചൗഹാന്‍ അഭിനയിച്ച ചിത്രങ്ങളുടെ ഒരു റെട്രോസ്‌പെക്ടീവ് ഈ വര്‍ഷത്തെ ചലച്ചിത്രോത്സവത്തില്‍ സംഘടിപ്പിക്കാന്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നിര്‍ദ്ദേശം നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണം. മുന്‍കാല പ്രാബല്യത്തോടെ അദ്ദേഹത്തിന് ചില അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നല്‍കാനും നമുക്ക് സാധിക്കും. ലഹള തുടരുന്ന പക്ഷം, നമ്മള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ചരിത്ര പുസ്തകങ്ങളിലും പുതിയ പാഠപുസ്തകങ്ങളിലും അദ്ദേഹത്തിന്റെ പ്രാഗത്ഭ്യത്തെ കുറിച്ച് ഒരു അദ്ധ്യായം കൂടി കൂട്ടിച്ചേര്‍ക്കാവുന്നതാണ്.

അതുകൊണ്ട്, ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും നല്‍കിയ അന്യാദൃശ്യ സംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരം ശ്രീ ഗജേന്ദ്ര ചൗഹാന് ഉടനടി നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഈ ഹര്‍ജിയില്‍ ഒപ്പുവയ്ക്കാന്‍ ഞങ്ങള്‍ ഭാരതമാതാവിന്റെ എല്ലാ പൂജനീയ പുത്രന്മാരോടും പുത്രിമാരോടും അഭ്യര്‍ത്ഥിക്കുന്നു. ഭാരതസര്‍ക്കാരിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി ഏറ്റവും കുറഞ്ഞത് 10,000 ദശലക്ഷം ഒപ്പെങ്കിലും ലഭിക്കുക എന്ന ഉദ്ദേശത്തോടെ ഈ സന്ദേശം പ്രചരിപ്പിക്കണമെും അഭ്യര്‍ത്ഥിക്കുന്നു. സന്ദേശം പങ്കുവയ്ക്കലും ഒപ്പുവാങ്ങലും സമയം നഷ്ടപ്പെടുത്തുന്ന പരിപാടിയാണെന്ന് തോന്നുന്ന പക്ഷമോ ലക്ഷ്യം ഭൂമിയിലെ ജനസംഖ്യയെക്കാള്‍ ഉയര്‍ന്നതാണെന്ന് തോന്നുന്ന പക്ഷമോ, കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നമ്മുടെ മഹാനായ നേതാവിന്റെ ഫേസ്ബുക്ക് പേജില്‍ ‘ഇഷ്ടം’ വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിച്ച ഫിലിപ്പിന്‍സിലെ അതേ ‘ഞെക്കല്‍ കര്‍ഷകരെ’ തന്നെ സഹായത്തിന് വിളിക്കാവുന്നതാണ്.

(ചലച്ചിത്ര എഡിറ്ററാണ് ലേഖകന്‍)

കടപ്പാട്: http://www.countercurrents.org

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍