UPDATES

ആര്‍എസ്പി ഇടയുന്നു, യുഡിഎഫ് വിടണമെന്ന് ഒരു വിഭാഗം

അഴിമുഖം പ്രതിനിധി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനസംഘടനയില്‍ യുഡിഎഫ് പൂര്‍ണമായി അവഗണിച്ചുവെന്ന പരാതിയുമായി ആര്‍എസ്പി. ദേവസ്വം ബോര്‍ഡ് അംഗങ്ങളെ കോണ്‍ഗ്രസ് ഏകപക്ഷീയമായി തീരുമാനിച്ചുവെന്ന് പരാതിപ്പെടുന്ന ആര്‍എസ്പി ഡെപ്യൂട്ടി സ്പീക്കര്‍ പദവിയില്‍ നിലപാട് കര്‍ശനമാക്കാനും തീരുമാനിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ പദവിയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. കാര്‍ത്തികേയന്‍ മരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന സ്പീക്കര്‍ സ്ഥാനത്തേക്ക് ഡെപ്യൂട്ടി സ്പീക്കറായിരുന്ന എന്‍ ശക്തന്‍ അവരോധിതനായതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഒഴിവ് വന്നത്. ഈ സ്ഥാനത്തേക്ക് അന്നുമുതല്‍ ആര്‍എസ്പി അവകാശവാദം ഉന്നയിച്ചുവരികയായിരുന്നു.

അതേസമയം, തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ രംഗത്തെത്തി. ഇതേ ആരോപണം കൊല്ലത്തെ പ്രാദേശിക നേതാക്കളും ആര്‍എസ്പിയുടെ യുവജനസംഘടനയായ ആര്‍വൈഎഫും ഉന്നയിക്കുന്നുണ്ട്. കോണ്‍ഗ്രസ് കാലുവാരിയെന്നാണ് യുവജനവിഭാഗം ആരോപിക്കുന്നത്. കൊല്ലത്ത് ആര്‍എസ്പിക്കുള്ള വിലപേശല്‍ കഴിവ് ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. ജെഎസ്എസിനെ ആലപ്പുഴയില്‍ തകര്‍ക്കാന്‍ ഇതേ തന്ത്രം പയറ്റിയിരുന്നുവെന്ന്  മുമ്പ് ജെഎസ്എസ് നേതാക്കളും ആരോപിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ബിജെപിക്ക് വോട്ടു മറിച്ചുവെന്ന ഗുരുതരമായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അഴിമതി മുന്നണിയില്‍ തുടരേണ്ടതില്ല എന്ന ആവശ്യവും ആര്‍വൈഎഫ് മുന്നോട്ടു വയ്ക്കുന്നുണ്ട്. എല്‍ഡിഎഫില്‍ നിന്നിരുന്ന കാലത്ത് ഇതിനേക്കാള്‍ മികച്ച പരിഗണന ലഭിച്ചിരുന്നുവെന്ന് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. ആര്‍എസ്പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് മനപ്പൂര്‍വം ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് കോവൂര്‍ കുഞ്ഞുമോന്‍ ഉന്നയിക്കുന്നത്.

ആര്‍എസ്പിയേയും ജനതാദളിനേയും എല്‍ഡിഎഫിലേക്ക് തിരികെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ മുന്നണി വിടുന്ന വിഷയത്തില്‍ ആര്‍എസ്പിയില്‍ രണ്ട് അഭിപ്രായം നിലനില്‍ക്കുകയാണ്. മുന്നണി വിടേണ്ട എന്ന നിലപാടാണ് ആര്‍എസ്പി ജനറല്‍ സെക്രട്ടറി എഎ അസീസ് സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുന്നണി വിടുന്ന പാര്‍ട്ടി ആര്‍എസ്പി എന്നാണ് അസീസ് അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൊല്ലം ലോക്‌സഭാ മണ്ഡലം കിട്ടാത്തതിന്റെ പേരിലാണ് എല്‍ഡിഎഫില്‍ നിന്ന് ആര്‍എസ്പി യുഡിഎഫിലേക്ക് പോയത്. കൊല്ലം സീറ്റില്‍ ആര്‍എസ്പി നേതാവ് പ്രേമചന്ദ്രന്‍ സിപിഐഎമ്മിന്റെ എംഎ ബേബിയെ തോല്‍പിക്കുകയും ചെയ്തിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍