UPDATES

വാര്‍ത്തകള്‍

“ഒരു പാര്‍ട്ടി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു”; വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസിലും മുന്നണിയിലും അസ്വസ്ഥത മൂര്‍ച്ഛിക്കുന്നതിന്റെ സൂചന നല്‍കി മുല്ലപ്പള്ളി

രാഹുല്‍ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവിനെ തടസ്സപ്പെടുത്തുന്നത് സിപിഎമ്മാണെന്ന ആരോപണമാണ് കെപിസിസി അധ്യക്ഷന്‍ ഉന്നയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വം കോണ്‍ഗ്രസിലും അസ്വസ്ഥത പടര്‍ത്തുന്നു. രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രഖ്യാപിച്ച നേതാക്കള്‍ എന്ത് നിലപാട് എടുക്കുമെന്ന ആശങ്കയിലാണെന്ന് അവരുടെ പ്രസ്താവനകള്‍ തെളിയിക്കുന്നു.

രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുമെന്ന് ആദ്യം പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി തന്റെ പ്രസ്തവന തിരുത്തിയത് അറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. രാഹുല്‍ മല്‍സരിക്കുന്നതിനെതിരെ ഒരു പാര്‍ട്ടി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം സിപിഎമ്മിനെ പരോക്ഷമായി സൂചിപ്പിച്ച് വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അദ്ദേഹം കോഴിക്കോട് പറഞ്ഞത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടികയിലും വടകരയിലെയും വയനാട്ടിലെയും സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നില്ല.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. അമേഠിക്ക് പുറമെ മറ്റൊരു സീറ്റില്‍ മല്‍സരിക്കുന്നുണ്ടെങ്കില്‍ അത് വയനാട്ടിലാവണമെന്ന തന്റെ ആഗ്രഹം പറയുക മാത്രമാണ് താന്‍ നടത്തിയതെന്ന് പറഞ്ഞായിരുന്നു അദ്ദേഹം നിലപാട് മാറ്റിയത്.

ഇതിനോടുള്ള പ്രതികരണമായാണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ പ്രസ്താവനയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കിയത്. ഇതിന് പുറമെ കോണ്‍ഗ്രസിന്റെ ആശയക്കുഴപ്പത്തിന്റെ ഉത്തരവാദിത്തം സിപിഎമ്മില്‍ ആരോപിക്കുകയും അദ്ദേഹം ചെയ്തു. നേരത്തെ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ നിലപാട് വൈകാതെ ഉണ്ടാകുമെന്ന രീതിയില്‍ നിലപാട് മാറ്റിയിരുന്നു.

അതേസമയം യുഡിഎഫിലെ ഉറച്ച സീറ്റില്‍ കോണ്‍ഗ്രസിന്റെ ആശയക്കുഴപ്പം സ്ഥിതിഗതികള്‍ വഴളാക്കുന്നതില്‍ മുസ്ലിം ലീഗിനും അതൃപ്തിയുണ്ട്.

ബിജെപിയ്‌ക്കെതിരെ പോരാട്ടം നടത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഭാവിയില്‍ സഖ്യത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ള ഇടതുപാര്‍ട്ടിക്കെതിരെ മല്‍സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് വ്യാപകമായ വിമര്‍ശനമുണ്ടായിരുന്നു. വയനാട്ടില്‍ മല്‍സരിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ എന്‍സിപി നേതാവ് ശരത് യാദവ് ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ഇടപെട്ടതായും വാര്‍ത്തയുണ്ടായിരുന്നു.

രാഹുല്‍ഗാന്ധി മല്‍സരിക്കുമെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയാകുമെന്ന കരുതിയിരുന്ന ടി സിദ്ദിഖ് മല്‍സരത്തില്‍നിന്ന് പിന്‍മാറിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍