UPDATES

രാജേഷിനും ബല്‍റാമിനും അഭിനന്ദനങ്ങളോടെ ഒരു വിയോജനകുറിപ്പ്; ജാതിക്കോളം ഒഴിവാക്കാന്‍ എന്തുകൊണ്ട് ഒരു ദളിത് രക്ഷിതാവിന് കഴിയില്ല

പുസ്തകം വാങ്ങിക്കാനും ഹോസ്റ്റല്‍ ഫീസ് അടയ്ക്കുവാനും സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റിനെ ആശ്രയിക്കുന്നവര്‍ ജാതിക്കോളം എങ്ങനെ ഒഴിവാക്കും?

എംബി രാജേഷിനും വിടി ബാലറാമിനും അഭിവാദനങ്ങള്‍…ജനപ്രതിനിധികളായാല്‍ ഇങ്ങനെതന്നെ വേണം. സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ തന്നെ രാഷ്ട്രിയത്തിലും നവയുവത്വം കാത്തുസൂക്ഷിക്കുവാനും ഇവര്‍ക്ക് കഴിയുന്നു.

ഇടതുപക്ഷ മന്ത്രിസഭയുടെ പ്രഖ്യാപിത നയങ്ങളില്‍ ഒന്നായ പൊതു വിദ്യാഭ്യാസ/ വിദ്യാലയ സംരക്ഷണ യത്‌നത്തില്‍ കാര്യക്ഷമമായി ഇടപെടുമ്പോള്‍ എംബി രാജേഷിനെപ്പോലൊരാള്‍ തീര്‍ച്ചയായും അതില്‍ നിലനില്‍ക്കേണ്ടയാള്‍ തന്നെ. അതുകൊണ്ട് ഒരു പോയിന്റ് അധികമായി വി ടി യ്ക്ക് കൊടുക്കുന്നു. രാഷ്ട്രീയമായി എതിര്‍ ചേരിയില്‍ നില്‍ക്കുന്ന ഒരു യുവ എംഎല്‍എ സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വ്യക്തിപരമായ ജിവിതത്തിലൂടെ പിന്തുണ നല്‍കുന്നത് പൊതു പ്രവര്‍ത്തനത്തില്‍ ചില ശരിയായ കിഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുന്നു.

Read: ജാതിയും മതവുമില്ല: മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് എംബി രാജേഷും വിടി ബല്‍റാമും

Read: വാര്‍ത്തയ്ക്കുവേണ്ടിയല്ല, സ്‌കൂള്‍ പൂട്ടാതിരിക്കാന്‍; മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി നേരിട്ട് നടത്തിയ ക്യാമ്പയിനും വളരെ ശ്രദ്ധേയമായിരുന്നു. സാധാരണ (ഇഎംഎസ് ഭാഷ കടമെടുത്ത് പറഞ്ഞാല്‍) ദരിദ്ര നാരായണന്മാരുടെ ഭവനങ്ങള്‍ മാത്രമല്ലായിരുന്നു അദ്ദേഹം സന്ദര്‍ശിച്ചത്. സമൂഹത്തിലെ ഇടത്തട്ടുകാരുടെയും അതിനു മുകളില്‍ ഉള്ളവരുടെയും വീടുകള്‍ സന്ദര്‍ശിക്കുവാന്‍ മന്ത്രി മറന്നില്ല (നമ്മുടെ കെഎസ്ടിഎ സഖാക്കന്മാര്‍ ഇതിന്റെ അന്ത:സത്ത മനസിലാക്കി അവരുടെ മക്കളെക്കൂടി ഈ യജ്ഞത്തിന്റൈ ഭാഗമാക്കാന്‍ ശ്രമിച്ചാല്‍ മതിയായിരുന്നു. അവരിപ്പോഴും തലയെണ്ണല്‍ നാളിന്റെ തലേദിവസം കോളനികള്‍ തേടിയായിരിക്കും ഇറങ്ങുക).

പക്ഷെ, ഇവിടെ ഇന്ന് നവമാധ്യമം ചര്‍ച്ച ചെയ്തത് രാജേഷും ബാലറാമും സ്വീകരിച്ച ജാതിയുടെയും മതത്തിന്റെയും നിരാസമാണ്. പുതിയ കാലഘട്ടത്തില്‍ ജാതിയും മതവും അകറ്റി നിര്‍ത്തേണ്ടതാണ്. ഒന്നാലോചിച്ചാല്‍ ജാതിയുടെയും മതത്തിന്റെയും കോളം കണ്ണുമടച്ചു വെട്ടിക്കളയാന്‍ ഈ പൊതു പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നത് അവര്‍ പ്രതിനിധാനം ചെയ്യുന്ന ഉപരിവര്‍ഗ ബോധം തന്നെയാണ്. ഇവരുടെ ചിന്തയെ കുറച്ചു കാണുന്നില്ല. നവോത്ഥാന കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ ദളിതനും അധ:സ്ഥിതനും പിന്തുണയായി നിന്നത് ഒരു വിഭാഗം വരുന്ന ഉപരിവര്‍ഗത്തിലെ പുരോഗമന ചിന്താഗതിയുള്ളവര്‍ തന്നെയാണ്. മഹാത്മ അയ്യന്‍കാളിയോ പൊയ്കയില്‍ ഗുരുദേവനോ അല്ലാതെ മുന്നില്‍ നിന്ന് പട നയിച്ച ദളിതര്‍ വളരെ കുറവാണ്. ഇത്തരം സത്യങ്ങള്‍ നിലനില്‍ക്കെ തന്നെ ഒരിക്കല്‍ക്കൂടി ഉറപ്പിച്ചു പറയാം ജാതിക്കോളം ഒഴിവാക്കുകയോ പൂരിപ്പിക്കാതിരിക്കുകയോ ചെയ്യുന്നതല്ല ജാതിയുടെ ഉച്ചാടനം (annihilation of caste) അത് സാമൂഹ മനസില്‍ നിന്നും പടിയിറങ്ങാന്‍ സാമുഹിക തുല്യതയും നീതിയും നിലനില്‍ക്കേണ്ടതുണ്ട്, അത് തന്നെയാണ് ജാതിസംവരണവും വിദ്യാഭ്യാസ ആനുകുല്യങ്ങളും നല്‍കുന്നതിലെ പ്രസക്തി.

ഒന്ന് ചോദിച്ചുകൊള്ളട്ടെ, പട്ടികജാതിയിലും മറ്റു ദളിത് വിഭാഗത്തിലും പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഇത്തരം ആഗ്രഹമുണ്ട്; അവര്‍ പൂരിപ്പിക്കുന്ന പ്രവേശന അപേക്ഷയിലെ ജാതികോളം ഒന്ന് പുരിപ്പിക്കാതിരിക്കാന്‍… കുറഞ്ഞപക്ഷം ചില അവജ്ഞ പിടിച്ച നോട്ടത്തില്‍ നിന്നെങ്കിലും രക്ഷപെടുവാന്‍… എന്നാല്‍ രാജേഷിനെപ്പോലെയോ ബലറാമിനെപ്പോലെയോ അവര്‍ക്ക് ചെയ്യാന്‍ സാധിക്കാത്തത് എന്തുകൊണ്ട്? അവരിപ്പോഴും പുസ്തകം വാങ്ങിക്കാനും ഹോസ്റ്റല്‍ ഫീസ് അടയ്ക്കുവാനും സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റിനെ ആശ്രയിക്കുന്നതുകൊണ്ട് മാത്രമാണ്. തകര്‍ന്നു വീഴാറായ വീടിന്റെ ചെലവിലേക്ക് സ്‌റ്റൈപന്റിന്റെ വിഹിതം അയച്ചു കൊടുക്കുന്നവരുണ്ട്. മാതാപിതാക്കളുടെ ചികിത്സ ചെലവിനായി സ്‌റ്റൈപന്റിന്റെ വിഹിതം ഉപയോഗിക്കുന്നവരുണ്ട്. മെരിറ്റില്‍ കയറാന്‍ മാര്‍ക്കുണ്ടായിട്ടും സ്വാശ്രയ സംവിധാനങ്ങള്‍ ഒഴിവാക്കുന്നവരുണ്ട്… അര്‍ഹമായ സ്‌കോളര്‍ഷിപ്പ് തുക തടഞ്ഞുവയ്ക്കുകയും വിദ്യാലയത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തപ്പോള്‍ മരണ മാര്‍ഗം തെരഞ്ഞെടുത്ത രോഹിത് വെമുലയുടെ കത്ത് സമൂഹത്തില്‍ ഉറക്കെ വായിക്കേണ്ടതാണ് സംവരണവും ആനുകുല്യങ്ങളും പുതിയ കാലത്തിലും ഒരു ദളിത് വിദ്യാര്‍ത്ഥിക്ക് എത്രമാത്രം പ്രസക്തമാണെന്ന് അത് പറഞ്ഞു തരും. ഇതൊക്കെ ലഭ്യമാകുന്നത് ആ ചെറിയ കോളത്തില്‍ സ്വന്തം സ്വത്വ ബോധമായ ജാതിയും ഉപജാതിയും എഴുതി വച്ചത് കൊണ്ടാണ്. അത് ഉപേക്ഷിക്കാന്‍ ഇനിയൊരു പത്തുവര്‍ത്തേക്കെങ്കിലും ദളിതന് കഴിയില്ല എന്നതും കൂടി ഇതോടൊപ്പം കൂട്ടി വായിക്കണം. അതിനു പുറമെയാണ് പശുവിന്റെയും നിറത്തിന്റെയും പേരിലുണ്ടാകുന്ന മറ്റ് ആക്രമണങ്ങള്‍. ഇത്തരം അവസ്ഥയിലാണ് ജാതിക്കോളം ഒരു ദളിതന് പ്രസക്തമാകുന്നത്. ജാതിക്കോളം ഒഴിവാക്കിക്കൊണ്ടുള്ള വിപ്ലവം ദളിത് മുന്നേറ്റത്തെ സംബന്ധിച്ച് വെറും ഉപരിപ്ലവമായ ഒന്ന് മാത്രമാണ്.

രാജേഷിനെയും ബലറാമിനേയും അവരുടെ പ്രവര്‍ത്തനത്തിലെ integrityയുടെ പേരില്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഇത്തരം ഒരു ചിന്തകൂടി ഉണ്ടാകണം. ഇത്തരം ആളുകള്‍ നിങ്ങളോടൊപ്പം തന്നെയുണ്ട്. പാലക്കാട് അത്തരം ഒരു ജില്ല തന്നെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വി കെ അജിത് കുമാര്‍

വി കെ അജിത് കുമാര്‍

സാമൂഹിക നിരീക്ഷകനാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍