UPDATES

പഞ്ചാബ് ഒഴിച്ചാല്‍ കോണ്‍ഗ്രസിന് നേട്ടം ദക്ഷിണേന്ത്യയില്‍ മാത്രം; ഹിന്ദി ഹൃദയഭൂമിയില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്‌

കേരളമാണ് ഇത്തവണ കോണ്‍ഗ്രസിന് ഏറ്റവുമധികം സീറ്റ് നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസിന് രാജ്യത്താകെ കിട്ടിയ 50 സീറ്റുകളില്‍ 27ഉം ദക്ഷിണേന്ത്യയില്‍ നിന്ന്. ഉത്തരേന്ത്യയില്‍ പഞ്ചാബ് ഒഴികെ എവിടെയും കോണ്‍ഗ്രസിന് നേട്ടമില്ല. കോണ്‍ഗ്രസിന് ആശ്വാസമായത് കേരളവും തമിഴ്‌നാടും തെലങ്കാനയും പഞ്ചാബും മാത്രം. തമിഴ്‌നാട്ടില്‍ ഏഴ് സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. അതേസമയം തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ്. തെലങ്കാനയില്‍ ആകെയുള്ള 17ല്‍ ആറ് സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ട്. പാന്‍ ഇന്ത്യന്‍ പാര്‍ട്ടി എന്ന കോണ്‍ഗ്രസിന്റെ അവാകാശവാദത്തിന് മങ്ങലേല്‍പ്പിക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് വന്നിരിക്കുന്നത്.

കേരളത്തില്‍ 19 സീറ്റിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് മുന്നില്‍ നില്‍ക്കുമ്പോള്‍ ഇതില്‍ 15ഉം കോണ്‍ഗ്രസ് ആണ്. കേരളമാണ് കോണ്‍ഗ്രസിന് ഏറ്റവുമധികം സീറ്റ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ ഒരു തരംഗം പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. കേന്ദ്ര ഭരണത്തില്‍ ബിജെപി വരുമെന്ന ആശങ്കയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒന്നാകെ കോണ്‍ഗ്രസ് പിന്തുണ നല്‍കിയത് പ്രധാന ഘടകമാണ്. ശബരിമല പ്രശ്‌നത്തില്‍ കേരളത്തില്‍ ബിജെപിയേക്കാള്‍ ഗുണഭോക്താവായത് കോണ്‍ഗ്രസ് ആണ് എന്നും കാണേണ്ടി വരും. ബിജെപിക്ക് വോട്ട് ചെയ്യാന്‍ മടിയുള്ള ഇടതുപക്ഷത്തോട് ചായ് വ് പുലര്‍ത്തിയിരുന്ന വലിയൊരു വിഭാഗം കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ടുണ്ട് എന്ന് വേണം കാണാന്‍. അതേസമയം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് സംഘടനാപരമായി ഏറ്റവും കരുത്തുലള്ള കര്‍ണാടകയില്‍ വലിയ തകര്‍ച്ചയാണ് കോണ്‍ഗ്രസിനുണ്ടായിരിക്കുന്നത്.

അതേസമയം ദക്ഷിണേന്ത്യയില്‍ പോലും കേരളം ഒഴിച്ചാല്‍ മറ്റിടങ്ങളില്‍ വലിയ വിജയമല്ല കോണ്‍ഗ്രസിന്റേത്. സംസ്ഥാന വിഭജനത്തിന് കോണ്‍ഗ്രസിന്റെ പഴയ കോട്ടയായിരുന്ന ഐക്യ ആന്ധ്രപ്രദേശിന്റെ ഭാഗങ്ങളായ ആന്ധ്രപ്രദേശും തെലങ്കാനയും കോണ്‍ഗ്രസിനെ കൈവിട്ടിരുന്നു. കര്‍ണാടകയും തുടര്‍ച്ചയായ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ കൈവിട്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ മൂന്ന് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ എസ് പി – ബി എസ് പി സഖ്യം നേടിയ വിജയം പ്രതിപക്ഷത്തിന് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. എന്നാല്‍ യുപിയില്‍ ബിജെപിയെ തററ്റിക്കാനായില്ല.

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യമുണ്ടായപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് 28ല്‍ 25 സീറ്റുകളെങ്കിലും നേടാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ മൂന്ന് സീറ്റില്‍ ഒതുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസിന്റെ ലീഡ്. ജെഡിഎസിന് ഒരു സീറ്റും കിട്ടിയില്ല. മഹാരാഷ്ട്രയില്‍ മൂന്ന് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ ലീഡ്. സഖ്യകക്ഷിയായ എന്‍സിപി നാല് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവ ഉള്‍പ്പെടുന്ന ഹിന്ദി മേഖലയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. രാജസ്ഥാനും ഡല്‍ഹിയിലും ബിജെപി തൂത്തുവാരി. കഴിഞ്ഞ വര്‍ഷം രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത് ഹിന്ദി മേഖലയില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവായി വിലയിരുത്തപ്പെട്ടിരുന്നു. ഇത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഇതുണ്ടായില്ല. മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ്, കമല്‍നാഥ് ഒഴിഞ്ഞ ചിന്ദ്വാരയില്‍ ലീഡ് ചെയ്യുന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ ആശ്വാസം. ഛത്തീസ്ഗഡില്‍ തീര്‍ത്തും അപ്രതീക്ഷിതമായ വന്‍ വിജയമാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയിരുന്നത്.

കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പാലിച്ച് തുടങ്ങിയതൊന്നും പ്രതിഫലിച്ചില്ല. കര്‍ഷകരോഷം ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളായി രൂപപ്പെട്ട സംസ്ഥാനങ്ങളാണ് രാജസ്ഥാനും മധ്യപ്രദേശും മഹാരാഷ്ട്രയുമെല്ലാം. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കര്‍ഷക പ്രശ്‌നങ്ങളോ തൊഴിലില്ലായ്മയോ നോട്ട് നിരോധനമോ ജി എസ് ടിയോ ഒന്നും പ്രതിഫലിച്ചില്ല. ഛത്തീസ്ഗഡില്‍ രണ്ട് സീറ്റില്‍ മാത്രം ലീഡ് ചെയ്യുന്നു. ആര്‍ജെഡിയുമായി സഖ്യത്തില്‍ മത്സരിച്ച ബിഹാറിലും ജെഎംഎമ്മുമായി സഖ്യത്തില്‍ മത്സരിച്ച ഝാര്‍ഖണ്ഡിലും ഓരോ സീറ്റില്‍ വീതമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ബിജെപിക്ക് വലിയ തകര്‍ച്ചയുണ്ടാക്കും എസ് പി – ബി എസ് പി മഹാസഖ്യം എന്ന് പ്രവചിക്കപ്പെട്ട യുപിയില്‍ 60 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. മഹാസഖ്യം 20ല്‍ 18 സീറ്റിലൊതുങ്ങി.

ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിന് ഒരു നേട്ടവുമുണ്ടാക്കാനായില്ല എന്ന് മാത്രമല്ല, പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയത്തിന്റെ വക്കില്‍ നില്‍ക്കുകയും ചെയ്തു. റായ്ബറേലിയില്‍ സോണിയ ഗാന്ധി മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ മുന്നിലുള്ളത്. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള പ്രിയങ്ക ഗാന്ധിയുടെ വരവ് പാര്‍ട്ടിക്ക് സംസ്ഥാനത്ത് പുനരുജ്ജീവനം നല്‍കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. പ്രിയങ്കയ്ക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നല്‍കിയിരിക്കുന്ന ചുമതല 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുക എന്നത് കൂടിയാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമാക്കുക വളരെ വിദൂരമായ ഒരു സാധ്യത മാത്രമായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍