UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും ബിഹാര്‍ മോഡല്‍ മഹാസഖ്യം

ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ രാഹുല്‍ ഗാന്ധി നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ ബിഹാര്‍ മോഡല്‍ മഹാസഖ്യം രൂപീകരിക്കും. സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും മറ്റ് സഖ്യകക്ഷികളും ചേര്‍ന്നാണ് സഖ്യം രൂപീകരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ രാഹുല്‍ ഗാന്ധി നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 125 സീറ്റുകളാണ് ആവശ്യപ്പെടുന്നതെങ്കിലും 90 സീറ്റുകളെങ്കിലും അവര്‍ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. ജെഡിയു, തൃണമൂല്‍ കോണ്‍ഗ്രസ്, അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദള്‍, അപ്‌നാദളിലെ കൃഷ്ണ പട്ടേല്‍ വിഭാഗം എന്നിവയാണ് സഖ്യത്തിലെ മറ്റ് കക്ഷികള്‍. രാഷ്ട്രീയ ലോക്ദളിന് 20-22 സീറ്റുകള്‍ ലഭിച്ചേക്കും. അതേസമയം പിതാവ് മുലായം സിംഗ് യാദവുമായി തനിക്ക് യാതൊരു രാഷ്ട്രീയ ഭിന്നതയുമില്ലെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്. തെരഞ്ഞെടുപ്പില്‍ അഖിലേഷിനെതിരെ മത്സരിക്കുമെന്ന് മുലായം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇതിനിടെ പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ അഖിലേഷ് വിഭാഗത്തിന് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചതും അദ്ദേഹത്തിന് തിരിച്ചടിയായി. ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് മുലായത്തിന്റെ തീരുമാനം. പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വം നഷ്ടമായ മുലായം പുതിയ പാര്‍ട്ടി രൂപീകരിക്കുമോ അതോ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റ്‌നോക്കുന്നത്.

സഖ്യമില്ലാതെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന മായാവതിയും ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാനൊരുങ്ങുന്ന ബിജെപിയുമാണ് മഹാസഖ്യത്തിന്റെ വെല്ലുവിളികള്‍. സമാജ്‌വാദി പാര്‍ട്ടിയിലെ പിളര്‍പ്പ് ഇവര്‍ക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നുണ്ടെങ്കിലും മഹാസഖ്യം രൂപീകരിച്ചതോടെ അതത്ര എളുപ്പമല്ലെന്ന് ഉറപ്പായിരിക്കുകയാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ അഖിലേഷ് നടപ്പാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് മഹാസഖ്യത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതീക്ഷ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍