UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭരിക്കാനായി മാത്രം ജനിച്ചവരോ ഈ കോണ്‍ഗ്രസുകാര്‍?

Avatar

ടീം അഴിമുഖം

കഴിഞ്ഞ വാരം വരെ പാർലമെന്ററി നടപടികളിലെ അന്‍പത്തിആറാം ചട്ടം അനുസരിച്ച് വിലക്കയറ്റത്തെക്കുറിച്ച് ചർച്ച നടത്താൻ  കോണ്‍ഗ്രസ് നിർബന്ധം പിടിച്ച സാഹചര്യമുണ്ടായി. യു.പി.എ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ രണ്ടേ രണ്ടു പ്രാവശ്യം മാത്രമാണ് ഈ ചട്ടം അനുസരിച്ച് ചര്‍ച്ച നടന്നിട്ടുള്ളത്. 

അടിയന്തര പ്രമേയം (Adjournment Motions) എന്നറിയപ്പെടുന്ന ഈ നിയമം വളരെ പ്രധാന സാഹചര്യങ്ങളില്‍ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ചർച്ചക്ക് എടുക്കാന്‍ വേണ്ടിയുള്ളതാണ്. സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള കടുത്ത വിയോജിപ്പായിട്ടാണ് ഇവയെ കാണുന്നത്. അടിയന്തര പ്രമേയം സ്വീകരിക്കപ്പെട്ടാൽ വോട്ടിങ്ങിനു ശേഷം പാർലമെന്റ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയാണ് നടപടി ക്രമം. 

പതിനഞ്ചാം ലോക് സഭയുടെ കാലത്ത് രണ്ട് അടിയന്തര പ്രമേയം മാത്രമാണ് സ്പീക്കർ അനുവദിച്ചത്. കള്ളപ്പണത്തിന്റെ കാര്യത്തിലായിരുന്നു ആദ്യത്തേതെങ്കിൽ രണ്ടാമത്തേത് അസമിലെ വംശീയ കലാപവും അക്രമവുമായി ബന്ധപ്പെട്ടായിരുന്നു. പല തവണ നടന്ന വിലപേശലുകൾക്ക് ശേഷമാണ് പ്രധാനപ്പെട്ട പ്രശ്നങ്ങൾക്ക് കുറഞ്ഞ സമയം അനുവദിക്കുന്ന 193-ആം വകുപ്പ് പ്രകാരം ചർച്ച നടത്താമെന്ന് കോണ്‍ഗ്രസിന് അന്ന് സമ്മതിക്കേണ്ടി വന്നത്.

രസകരമെന്നു പറയട്ടെ, ഈ വിഷയത്തിൽ 193- ആം നിയമപ്രകാരം കോണ്‍ഗ്രസ്‌ യാതൊരു നോട്ടീസും നൽകിയിരുന്നില്ല. സി.പി.ഐ (എം) നേതാവ് പി.കരുണാകരൻ മാത്രമാണ് ഈ വിഷയത്തിൽ നോട്ടീസ് നൽകിയിട്ടുള്ള ഏക വ്യക്തി. അതുകൊണ്ട് തന്നെ ഈവിഷയത്തിൽ ചർച്ച ആരംഭിക്കേണ്ട ചുമതലയും കരുണാകരന് തന്നെയാണ്. നോട്ടീസ് നൽകിയിട്ടില്ലെങ്കിലും കോണ്‍ഗ്രസിന്‌ ആദ്യം സംസാരിക്കാനുള്ള അവസരം നൽകണമെന്ന് സ്‌പീക്കർ സുമിത്ര മഹാജനും കോണ്‍ഗ്രസ്‌ നേതാവ് മല്ലികാർജുൻ ഖർഗേയും കരുണാകരനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. 

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഗൌരവകരമായ ഒരു പ്രശ്നത്തെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്‌ എത്ര നിസ്സാരമായാണ് കാണുന്നതെന്നതിനുള്ള തെളിവു കൂടിയാണിത്. ഒരു നോട്ടീസ് നൽകുന്നത് സാങ്കേതിക പ്രശ്നമായിരിക്കാം, പക്ഷെ പ്രതിപക്ഷത്തിന്റെ നിസ്സാരമായ ജോലി പോലും നല്ല രീതിയിൽ നടത്താൻ സാധിക്കാത്ത വിധം തരംതാണു പോയോ കോണ്‍ഗ്രസ്‌ എന്നു ചോദിക്കേണ്ടി വരുന്നത് ഇതൊക്കെ കാണുമ്പോഴാണ്. 

രാജ്യ സഭയിൽ സര്‍ക്കാര്‍ ന്യൂനപക്ഷമാണെങ്കിലും പ്രതിപക്ഷത്തിന്റെ പിടിപ്പുകേടും സഭയ്ക്കുള്ളില്‍ കാര്യങ്ങള്‍ ‘മാനേജ്’ ചെയ്യാനുള്ള സർക്കാരിന്റെ കഴിവും തെളിയിച്ചുകൊണ്ട് ട്രായുടെ (Telecom Regulatory Authority of India) ഭേദഗതി ബിൽ (Amendment) കഴിഞ്ഞ ദിവസം രാജ്യ സഭ പാസാക്കുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നൃപേന്ദ്ര മിശ്രയെ നിയമിക്കാൻന്നായിരുന്നു ഈ ഭേദഗതി ബിൽ. 

ഡി എം കെ, എ ഐ ഡി എം കെ, ബിജു ജനതാ ദള്‍, സമാജ് വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി എന്നിങ്ങനെ എല്ലാ പ്രതിപക്ഷ പാർട്ടികളും ബില്ലിന് പിന്തുണ നൽകിയത് സർക്കാറിന്റെ കൈകൾ എല്ലാവരിലുമെത്തി എന്നതിന്റെ തെളിവാണ്. എസ്.പിയോടും ബി.എസ്.പിയോടും മിശ്രക്കുണ്ടായിരുന്ന കൂട്ടുകെട്ടും ഈ ബിൽ യാതൊരു പ്രശ്നവും കൂടാതെ പാസാവുന്നതിന് കാരണമായിട്ടുണ്ട്.

ഈ പ്രശ്നത്തിൽ യോജിച്ചൊരു തീരുമാനത്തിലെത്താൻ കോണ്‍ഗ്രസ്സിനു സാധിച്ചില്ല. ബില്ലിനെതിരെ സ്റ്റാറ്റ്യൂട്ടറി മോഷൻ അവതരിപ്പിച്ച ടി സുബ്ബിറാമി റെഡ്ഡിയാകട്ടെ, മിശ്രക്കെതിരെ യാതൊന്നും പറഞ്ഞില്ല. മണി ശങ്കർ അയ്യറാവട്ടെ മിശ്രയുടെ പേര് സൂചിപ്പിക്കാതെ അദ്ദേഹത്തിന്റെ സ്വതന്ത്ര യോഗ്യതകളെ ചോദ്യം ചെയ്തു. ഇടതു പാർട്ടികളും ജെ.ഡി(യു)വും ബില്ലിനെ എതിർത്തെങ്കിലും ആരും ഭിന്നിപ്പ് രേഖപ്പെടുത്താത്തതിനാൽ ശബ്‌ദവോട്ടോടെ ബിൽ പാസാക്കുകയായിരുന്നു.

ലോക് സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിൽ നിന്നും കരകയറാൻ ഇനിയും സാധിക്കാത്ത കോണ്‍ഗ്രസിന് തങ്ങളുടെ ശ്രമങ്ങൾക്ക് പാർലമെന്റിൽ വേണ്ടത്ര പിന്തുണ കിട്ടാത്ത സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. പ്രതിപക്ഷ നേതാവിന്റെ പദവിക്കു വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ ആവശ്യം പരിഗണിക്കാൻ എൻ.ഡി.എ സർക്കാർ മുന്നോട്ടു വരാത്തത് കൊണ്ടുതന്നെ ഒട്ടുമിക്ക വിഷയങ്ങളിലുമുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ കോണ്‍ഗ്രസ്‌ പാടുപെടുകയും ചെയ്യുന്നു.

യു.പി.എ സഖ്യകക്ഷികളായ എൻ.സി.പിയും ആർ.ജെ.ഡിയും പാര്‍ലമെന്റിൽ സ്വയം തീരുമാനമെടുക്കാൻ തുടങ്ങിയിരിക്കുന്നു. മറ്റു പ്രതിപക്ഷ പാർട്ടികളായ എ ഐ എ ഡി എം കെയും, ബി.ജെ.ഡി യും പിന്നെ  ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസുമായി യാതൊരു സഹകരണത്തിനും തയ്യാറല്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. പാർലമെന്റിൽ നിര്‍ണ്ണായകമായ സ്ഥാനം വഹിക്കേണ്ടതില്ല എന്ന ഗാന്ധി കുടുംബത്തിന്റെ തീരുമാനവും, പുതിയ സർക്കാരുമായി യാതൊരു വിധത്തിലും യോജിക്കാൻ സാധിക്കാത്ത നിലയും, നേതാക്കൾക്കിടയിലും അണികൾക്കിടയിലും വളർന്നു വരുന്ന മുറുമുറുപ്പും അഭിപ്രായഭിന്നതയും പാർട്ടിയുടെ പ്രവർത്തനത്തെ കാര്യമായ രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. 

ഈ സംഭവങ്ങളെല്ലാം ദുര്‍ബലവും ഭിന്നിച്ചു നില്‍ക്കുന്നതുമായ ഒരു പ്രതിപക്ഷത്തെ ഉണ്ടാക്കുകയും നരേന്ദ്ര മോദി സര്‍ക്കാരിന് തങ്ങളുടെ അജണ്ടകളുമായി മുന്നോട്ട് പോകാന്‍ സഹായകമാവുകയും ചെയ്യുന്നു എന്നതാണ് വാസ്തവം. പ്രതിപക്ഷ ശബ്ദം ഉയര്‍ന്നില്ലെങ്കില്‍ ഏതൊരു ഭരണകൂടവും ഫാസിസ്റ്റ് സ്വഭാവം കാണിച്ചു തുടങ്ങും എന്നതിന് ചരിത്രത്തില്‍ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങള്‍ ഉണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ ഒട്ടുമുക്കാല്‍ കാലവും അധികാരം കൈയാളിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അധികാരത്തില്‍ ഇരുന്നു മാത്രമേ തങ്ങള്‍ രാഷ്ട്രസേവനം നടത്തൂ എന്നത് മാറ്റി നിലവിലെ സാഹചര്യങ്ങള്‍ ഗൌരവത്തിലെടുത്ത് ശക്തവും വ്യക്തവുമായ ഒരു പ്രതിപക്ഷ നിര കെട്ടിപ്പടുക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ കോണ്‍ഗ്രസിന് ഇനി മുന്നോട്ട് പോകാന്‍ കഴിയൂ. അതിന് മോദി സര്‍ക്കാരിന്റെ കരുണയ്ക്ക് വേണ്ടി കാത്തുനില്‍ക്കുകയല്ല വേണ്ടതും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍