UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹിയിലെ പൂഴിക്കടകനൊടുവില്‍ ജയിച്ചത് സുധീരന്‍

രാഷ്ട്രീയത്തില്‍ ജയം രണ്ടു രീതിയിലാണ്. താല്‍ക്കാലികവും ദീര്‍ഘ കാലികവും. താല്‍ക്കാലിക വിജയം നേടിയ ആളുടെ വിജയത്തിനുള്ളില്‍ പരാജയത്തിന്റെ അടിയൊഴുക്കുണ്ടെങ്കില്‍, അയാള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള  പരാജയത്തിലേക്കാണ് വിജയശ്രീലാളിതനായി  പോകുന്നത്. താല്‍ക്കാലികമായി പരാജയപ്പെട്ട് കയത്തില്‍ വീണുപോയ ആള്‍ക്ക് കയറിപ്പിടിക്കാന്‍ ഒരു പൊങ്ങുതടി കിട്ടിയാല്‍, അയാള്‍ ബുദ്ധിയുള്ളവനാണെങ്കില്‍ ഏറ്റവും സുരക്ഷിതമായ തീരത്തണയും.

താല്‍ക്കാലികമായി വിജയിച്ച നേതാവാണ് ഉമ്മന്‍ചാണ്ടി. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന വിജയം കണ്ടു തുഴയുകയാണ് സുധീരന്‍.

ഉമ്മന്‍ചാണ്ടി – ചെന്നിത്തല ഗ്രൂപ്പുകളുടെ സുധീരനെതിരായ ഗ്രൂപ്പു മറന്നുള്ള ഡല്‍ഹി യുദ്ധത്തില്‍ വിജയം സുധീരനാണ്. അതിനു കാരണങ്ങള്‍ പലതാണ്.

ഒന്ന്, ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും നേര്‍ക്ക് വിരല്‍ ചൂണ്ടുന്ന സകല അഴിമതികളെക്കുറിച്ചും സോളാര്‍ കേസിലെ ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെക്കുറിച്ചും വ്യക്തമായ ചിത്രം ഹൈക്കമാന്‍ഡിന്റെ മുന്നിലെത്തിക്കാന്‍ സുധീരനു കഴിഞ്ഞു. അതും ഒരാഴ്ചയോളമുള്ള ചര്‍ച്ചകളില്‍ പല ഘട്ടങ്ങളിലായി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ഈ സാഹചര്യത്തിലല്ലായിരുന്നെങ്കില്‍, ഇത്രയേറെ വിവരങ്ങള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിക്കാന്‍ സുധീരന് സാധിക്കുമായിരുന്നില്ല. (ഒരു പക്ഷെ ചെയ്യാന്‍ കഴിയുമായിരുന്നത് ചെന്നിത്തല എഴുതിയതു പോലെ ഒരു കത്ത് എഴുതുകയും കത്തിന്റെ വിവരം പുറത്താകുമ്പോള്‍ ഹൈക്കമാന്‍ഡിനെ കൊണ്ട് അത്തരമൊരു കത്ത് ലഭിച്ചിട്ടില്ല എന്ന്  നുണ പറയിപ്പിക്കുകയും മാത്രമായിരുന്നു.)

എന്നാല്‍, ഇക്കാര്യത്തിലാകട്ടെ, തന്റെ നിര്‍ദ്ദേശങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടിന് അംഗീകാരം കിട്ടിയപ്പോഴും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാണ് – ചില നിലപാടുകള്‍ ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. അതെല്ലാം അതിന്റെ അര്‍ത്ഥത്തില്‍ തന്നെ ഹൈക്കമാന്‍ഡിനോട് വിശദീകരിക്കാന്‍ കഴിഞ്ഞു. ഹൈക്കമാന്‍ഡിന് അതൊക്കെ ബോധ്യപ്പെട്ടിട്ടുണ്ട്. പക്ഷെ, തിരഞ്ഞെടുപ്പ് സമയമായതുകൊണ്ട് ചില പ്രായോഗിക തീരുമാനങ്ങള്‍ എടുക്കേണ്ടിവന്നു.

ഇതിനര്‍ത്ഥം, ഉമ്മന്‍ ചാണ്ടിയുടെ ചെയ്തികളെക്കുറിച്ച് ഹൈക്കമാന്‍ഡിന് വ്യക്തമായ ധാരണയുണ്ടാക്കാന്‍ സുധീരനു കഴിഞ്ഞുവെന്നും ഉമ്മന്‍ ചാണ്ടിയുടെ ഇപ്പോഴത്തെ വിജയം താല്‍ക്കാലിക രാഷ്ട്രീയ വിജയം മാത്രമാണെന്നുമാണ്. ചാണ്ടിയ്‌ക്കെതിരെ പുതിയ ഒരു ആരോപണം വന്നാലോ (അത് ഏത് നിമിഷവും വരാം) ഏതെങ്കിലും കോടതി പരാമര്‍ശം വന്നാലോ നിലവില്‍ ഉമ്മന്‍ ചാണ്ടിയെ കുറിച്ച്  സുധീരന്‍ നല്‍കിയ വിവരങ്ങളുടെ പശ്ചാത്തലത്തിലാകും ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുക.

രണ്ട്, ഉമ്മന്‍ ചാണ്ടി അഴിമതിക്കാരനാണെന്നും സോളാര്‍ കേസിലെ മുഖ്യകണ്ണിയാണെന്നുമുള്ള കാര്യം ഒരാഴ്ചയോളം മാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ചര്‍ച്ചയാക്കി നിര്‍ത്തി. ഇത്തരം ചര്‍ച്ചകള്‍ ഉമ്മന്‍ ചാണ്ടിയുടെ യശ്ശസ്സ് കൂട്ടുമെന്ന് വാസ്തവത്തില്‍ ഉമ്മന്‍ ചാണ്ടി മാത്രമേ കരുതുന്നുള്ളു.

മൂന്ന്, കേരളത്തിലെ എ-ഐ. ഗ്രൂപ്പ് നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഇടയില്‍  സുധീരന്, വാസ്തവത്തില്‍, ഇടം ഇല്ലായിരുന്നു. ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്കു ശേഷം കോണ്‍ഗ്രസിലെ ആഭ്യന്തര യുദ്ധം ഉമ്മന്‍ചാണ്ടിയേയും സുധീരനേയും ചുറ്റിപ്പറ്റി മാത്രമായി. ചെന്നിത്തല വെറുമൊരു കാഴ്ച്ചക്കാരന്‍ മാത്രമായി. വളരെ ഭംഗിയായിട്ടാണ് സുധീരന്‍ ശത്രുപക്ഷത്തെ രണ്ടു പേരില്‍ താരതമ്യേന ദുര്‍ബലനായ ചെന്നിത്തലയെ അപ്രസക്തനാക്കിയത്.  അത് ഇത്തരം യുദ്ധത്തിലെ ഒരു രീതിയാണ്. ഏറ്റവും ശക്തനുമായുള്ള അന്തിമമായ പോരാട്ടത്തിനു മുമ്പ് കൂട്ടുശത്രുവിന്റെ ചിറകൊടിയ്ക്കുക. മാത്രമല്ല ഐ-ഗ്രൂപ്പു കാരനായ അടൂര്‍ പ്രകാശിനെ സംരക്ഷിച്ചത് എ – ഗ്രൂപ്പുകാരനായ  ഉമ്മന്‍ ചാണ്ടിയായിരുന്നു. (അല്ലാതെ ചെന്നിത്തലയല്ലായിരുന്നു) എന്നത്, വരുംനാളുകളില്‍, ഐ ഗ്രൂപ്പിലെ ചെന്നിത്തലയുടെ നേതൃത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായി വളരാന്‍ സാധ്യതയുണ്ട്.

നാല്, അജയ്യനായിവന്ന ഉമ്മന്‍ ചാണ്ടി എറണാകുളത്തെത്തുന്നതിനു മുമ്പു തന്നെ വലംകയ്യായ ബെന്നി ബെഹനാനെ സുധീരന്‍ ഹൈക്കമാന്‍ഡ് വഴി വെട്ടി. ഈ നീക്കത്തിനെ ഉമ്മന്‍ ചാണ്ടിക്ക് പ്രതിരോധിക്കാന്‍ പോലും കഴിഞ്ഞില്ല. ഉമ്മന്‍ ചാണ്ടിയുടെ വിജയം താല്‍ക്കാലികമാണെന്നും ഉപാധിരഹിതം അല്ലെന്നും ഏതു സമയത്തും വാളു വീഴുമെന്നുമൊക്കെയുള്ള മുന്നറിയിപ്പാണ് ബെന്നി ബെഹനാന് മാത്രം സീറ്റുനിഷേധിക്കാനുള്ള നീക്കം.  ബെന്നി ബെഹനാന്‍ സരിത കേസില്‍ മാത്രമല്ല, ബാര്‍ കേസിലും ശക്തമായി ഉണ്ടായിരുന്നു എന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ഇതു കാണാന്‍. കാരണം, രണ്ടു കേസുകളും ആത്യന്തികമായി വിരല്‍ചൂണ്ടുന്നത് ഉമ്മന്‍ചാണ്ടിയിലേക്കാണ്.

അഞ്ച്, വിജയശ്രീലാളിതനായി തിരിച്ചെത്തിയ ഉമ്മന്‍ചാണ്ടിയെ കാത്തിരുന്നത് 2013 ജൂലൈ മാസം സരിത പോലീസ് കസ്റ്റഡിയില്‍ വച്ച് എഴുതിയ കത്തിലെ സ്‌ഫോടനാത്മക സ്വഭാവമുള്ള ഭാഗമായിരുന്നു. ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും മന്ത്രി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് മുന്‍ കേന്ദ്ര മന്ത്രി തന്നെ ബലാല്‍സംഗം ചെയ്തു എന്നുമുള്ള കത്തിലെ വസ്തുത ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും കുടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ആറ്, ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചുവെന്നു പറയുന്നതും മുന്‍ കേന്ദ്ര മന്ത്രി ബലാത്സംഗം ചെയ്തുവെന്നു പറയുന്നതും ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കേണ്ട ക്രിമിനല്‍ കുറ്റങ്ങളാണ്. കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിയും ഐ ഗ്രൂപ്പ് കാരാണെന്നിരിക്കെ, കേസെടുക്കേണ്ടി വന്നാല്‍, ചെന്നിത്തലയ്ക്ക് അവരെ കൊള്ളാനും തള്ളാനും വയ്യാതാകും. ഇപ്പോള്‍ തന്നെ ഐ-ഗ്രൂപ്പുകാരനായ അടൂര്‍ പ്രകാശിനെ ചെന്നിത്തലയ്ക്ക് ഡല്‍ഹിയിയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ വേണ്ടവിധം സംരക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന ആരോപണം ഉണ്ട്. ഐ ഗ്രൂപ്പ് കൂടുതല്‍ ശിഥിലമാകും. ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കേണ്ടിവന്നാല്‍, പ്രശ്‌നം സ്ത്രീ പീഡനമായതുകൊണ്ട്, ഉമ്മന്‍ ചാണ്ടിയുടെ വിധേയ തൊമ്മിമാരായ വിഷ്ണുനാഥും സിദ്ദിഖും പോലും ചാണ്ടിയില്‍ നിന്ന് അകന്നുമാറും. ഇത് കോണ്‍ഗ്രസ്സാണ്.

കെ.പി.സി.സി. പ്രസിഡന്റായി ചാര്‍ജ്ജെടുക്കുമ്പോള്‍ സുധീരനു വേണ്ടി വാദിക്കാന്‍ ഒരു പ്രതാപന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് സുധീരന് സ്വന്തമായി ഒരു ഗ്രൂപ്പുണ്ട്. അതില്‍ ചിലരെ ഒക്കെ സ്ഥാനാര്‍ത്ഥികളാക്കാന്‍ കഴിഞ്ഞു. ചെന്നിത്തലയെ നിഷ്പ്രഭനാക്കി മാറ്റുകയും ഉമ്മന്‍ ചാണ്ടിയെ ഡമോക്ലാസിന്റെ വാളിനു താഴെ സിംഹാസനത്തില്‍ ഇരുത്തുകയും വഴി നാളത്തെ ഗ്രൂപ്പ് നേതാവ് ആദര്‍ശധീരനായ താനായിരിക്കുമെന്ന് സുധീരനറിയാം.

ഏഴ്, ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പരാജയപ്പെടുമെന്ന് ഉമ്മന്‍ ചാണ്ടിയെപ്പോലെ സുധീരനും അറിയാം. അടുത്ത അഞ്ചുവര്‍ഷത്തിനു ശേഷമുള്ള മുഖ്യമന്ത്രി കസേരയാണ് ഇരുവരുടേയും ലക്ഷ്യം. അഞ്ചു വര്‍ഷത്തിനിടയ്ക്ക് ചെയ്തുകൂട്ടിയ തെറ്റുകളും അഴിമതികളും ഉമ്മന്‍ ചാണ്ടിയെ മുക്കുമെന്ന്, ന്യായമായും സുധീരന്‍ പ്രതീക്ഷിക്കുന്നുണ്ട്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഇടതുപക്ഷം അത് ഉപയോഗിക്കും. കുന്തമുന ചാണ്ടിയ്ക്ക് നേരെയാണെങ്കില്‍ ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയുടെ തലയ്ക്കുമുകളില്‍ ആടുന്ന വാളിന്റെ ചരടറുക്കും. (തോല്‍ക്കാന്‍ പോകുന്ന യുദ്ധത്തിന്റെ നായകനായാണ് ഹൈക്കമാന്‍ഡ് ചാണ്ടിയെ നിയോഗിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷം കഴിഞ്ഞുള്ള യുദ്ധം ജയിക്കാനുള്ളതാണ്. അതാണ് നാട്ടുനടപ്പ്. ആ മത്സരത്തില്‍ നായകനാകാന്‍ ഉള്ള തയ്യാറെടുപ്പിലാണ് സുധീരന്‍.)

സരിതയുടെ വിവാദ കത്ത് ഏഷ്യാനെറ്റില്‍ കിട്ടിയതിലും ഒരു സുധീരന്‍ ടച്ചുണ്ടെന്ന് ഞാന്‍ കരുതുന്നു. അത് അതിന്റെ ടൈമിംഗിലാണ്. ഡല്‍ഹി യുദ്ധത്തില്‍ ചാണ്ടി ജയിച്ച് മിന്നിട്ടുകള്‍ക്കകം തന്നെ കത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റിന്റെ ഓഫീസിലെത്തുന്നു. കത്തിന്റെ നിജസ്ഥിതി സരിതയോട് ചോദിച്ചറിഞ്ഞ് ഏഷ്യാനെറ്റ് എക്‌സ്‌ക്ലൂസീവ് ന്യൂസ് ബ്രേക്ക് ആയി കത്ത് പുറത്തുവിടുമ്പോള്‍ ഉമ്മന്‍ ചാണ്ടി വിജയാഹ്ലാദം തുടങ്ങിയിട്ടില്ല. അതോടെ ചര്‍ച്ച മുഴുവന്‍ ഉമ്മന്‍ ചാണ്ടി സരിതയെ ക്ലിഫ് ഹൌസില്‍വെച്ച് പീഡിപ്പിച്ചതിനെ കുറിച്ചായി. അതൊന്ന് ആറുന്നതിന് മുമ്പു തന്നെ തന്റെ വലംകൈയ്യായ ബെന്നി ബഹനാനെ സ്ഥാനാര്‍ത്ഥിയാക്കേണ്ട എന്ന തീരുമാനം ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെ തന്നെ അറിയിക്കുന്നു. വരാന്‍ പോകുന്ന ദുരിതദിനങ്ങളുടെ ശംഖൊലിയാണിതു രണ്ടും.

എട്ട്, തിരഞ്ഞെടുപ്പു കാലത്ത് സരിത പ്രശ്‌നം  സജീവമായി നില്‍ക്കും എന്നുറപ്പ്. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. തോല്‍ക്കുന്നതോടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറെക്കുറെ പൂര്‍ണ്ണമായി ഉമ്മന്‍ ചാണ്ടിയില്‍ ചാര്‍ത്തപ്പെടും. ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പരാജയത്തിനുള്ള വഴികളാണ്, വാസ്തവത്തില്‍ കഴിഞ്ഞ ഒരു മാസത്തോളമായി സുധീരന്‍ കണ്ടെത്താന്‍ ശ്രമിച്ചത്. അതില്‍  സുധീരന്‍ വിജയിച്ചുവെന്നുതന്നെ പറയേണ്ടിവരും. അതോടെ  കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ഉത്തരവാദി ഉമ്മന്‍ ചാണ്ടി മാത്രമാകും. മുങ്ങാന്‍ പോയ കോണ്‍ഗ്രസിനെ ആദര്‍ശത്തിന്റെയും അഴിമതി രഹിത പ്രവര്‍ത്തനത്തിലൂടെയും കരകയറ്റാനുള്ള ആത്മാര്‍ത്ഥ ശ്രമത്തില്‍ പരാജയപ്പെട്ടുപോയ വിശുദ്ധനായി മാറും സുധീരന്‍. വിശുദ്ധന്റെ പിറകെ കുഞ്ഞാടുകള്‍ നിരക്കുന്നത് സ്വാഭാവികം. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍