അഴിമുഖം പ്രതിനിധി
സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസിലെ തര്‍ക്കത്തിന് ഇന്നു വൈകിട്ടോടുകൂടി പരിഹാരം ഉണ്ടായേക്കും. വൈകിട്ട് മൂന്നു മണിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കേരളത്തില്‍ നിന്നുള്ള മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചയില്‍ സോണിയ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം അംഗീകരിക്കപ്പെടുമെന്നാണു കരുതുന്നത്.
കെ ബാബു, അടൂര്‍ പ്രകാശ്, കെ സി ജോസഫ് എന്നീ മൂന്നുമന്ത്രിമാര്‍ മത്സരിക്കുന്ന സീറ്റുകളില്‍ അടക്കം മൊത്തം 20 സീറ്റുകളിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ആരോപണവിധേയരായവരെ മാറ്റിനിര്‍ത്തുന്ന പക്ഷം താന്‍ മത്സരിക്കാന്‍ ഇല്ലെന്ന കടുത്ത നിലപാടിലാണ് ഉമ്മന്‍ ചാണ്ടി. ഭരണരംഗത്തും പ്രായോഗിക രാഷ്ട്രീയത്തിലും കഴിവുതെളിയിച്ചയാള്‍ എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയെ പൂര്‍ണമായി തള്ളിക്കളയാന്‍ സോണിയ ഗാന്ധി തയ്യാറാവാന്‍ ഇടയില്ലെന്നാണ് സൂചന. അങ്ങനെ വന്നാല്‍ സുധീരന്‍ സ്വീകരിച്ചിട്ടുള്ള അഴിമതി വിരുദ്ധ അജണ്ട തിരസ്‌കരിക്കപ്പെടും.
അതിനിടെ സീറ്റ് പ്രശ്‌നത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന കേരള കോണ്‍ഗ്രസ്, ജനതാദള്‍(യു) മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്(ജേക്കബ്) എന്നീ ഘടക കക്ഷികളുമായി മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഡല്‍ഹിയില്‍ നിന്നും ടെലിഫോണ്‍ വഴി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അങ്കമാലി സീറ്റ് നല്‍കാന്‍ ആകില്ലെന്നും അനൂപ് ജേക്കബ് മത്സരിക്കുന്ന പിറവം മാത്രമെ അനുവദിക്കൂ എന്നും യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ ഇന്നലെ ജോണി നെല്ലൂരിനെ അറിയിച്ചിരുന്നു. ജോണി ഇതില്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇന്നു മൂന്നുമണിക്ക് പാര്‍ട്ടി അടിയന്തരനേതൃയോഗം വിളിച്ചിട്ടുണ്ട്. യുഡിഎഫ് തീരുമാനം ലംഘിച്ച് ജോണി അങ്കമാലിയില്‍ മത്സരിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ആതിനിടെ ആര്‍എസ്പിക്ക് നേരത്തെ അനുവദിച്ച ഇരവിപുരം, ചവറ, കുന്നത്തൂര്‍ സീറ്റുകള്‍ കൂടാതെ ആരൂരും ആറ്റിങ്ങളും കൂടി നല്‍കാന്‍ ധാരണയായിട്ടുണ്ട്.