UPDATES

നാഷണല്‍ ഹെറാള്‍ഡ് കേസ്: ചുവടുമാറ്റി കോണ്‍ഗ്രസ്

അഴിമുഖം പ്രതിനിധി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നിയമ പോരാട്ടത്തിലെ തന്ത്രങ്ങളില്‍ മാറ്റം വരുത്തുകയും ആക്രമണാത്മകമായ തന്ത്രം സ്വീകരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കീഴ്‌ക്കോടതിയില്‍ ഹാജരാകും.

ഇരുവരും ഹാജരാകണമെന്നുള്ള കീഴ്‌കോടതി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ച് 24 മണിക്കൂറിനുള്ളിലാണ് കേസില്‍ ചുവടുമാറ്റം വരുത്തിയിരിക്കുന്നത്. രാഷ്ട്രീയ എതിരാളികളായ ബിജെപിയെ അജണ്ട തീരുമാനിക്കാന്‍ അനുവദിക്കുന്നതിന് പകരം അവരുമായി ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതിന്റെ സൂചനയാണ് ഈ ചുവടുമാറ്റം.

അതേസമയം ഇന്നലെ കേസിനെ ചൊല്ലി പാര്‍ലമെന്റില്‍ ബഹളമുണ്ടായി. കേസില്‍ അവിഹിതമായി ബിജെപി സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയില്‍ ആരോപിച്ചിരുന്നു. ലോക്‌സഭയിലാകട്ടെ കോണ്‍ഗ്രസിന്റെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡും വാക്കുകള്‍ കൊണ്ട് നേരിട്ട് ഏറ്റുമുട്ടി. ബിജെപി പ്രതികാര രാഷ്ട്രീയം കളിക്കുന്നുവെന്നുവെന്ന് ഖാര്‍ഗെ ആരോപിച്ചപ്പോള്‍ പാര്‍ലമെന്റിലൂടെ കോണ്‍ഗ്രസ് ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുന്നുവെന്ന് നായിഡുവും ആരോപിച്ചിരുന്നു.

പാര്‍ലമെന്റിന് പുറത്തും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ പ്രതികാരം നടത്തുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും അടക്കം അഞ്ചു പേരോട് ഡിസംബര്‍ 19-ന് മുമ്പ് ഹാജരാകാന്‍ പാട്യാല ഹൗസ് കോടതിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടേയും അഭിഭാഷകരുടേയും യോഗം സോണിയ ഇന്നലെ വിളിച്ചിരുന്നു. പി ചിദംബരവും കബില്‍ സിബലുമാണ് നിയമവശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദും ലോക്‌സഭയിലെ പാര്‍ട്ടി നേതാവായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും കോണ്‍ഗ്രസിന്റെ മുഖ്യ വക്താവായ രണ്‍ദീപ് സുര്‍ജെവാലയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍