UPDATES

ട്രെന്‍ഡിങ്ങ്

സിപിഎമ്മിനെക്കൊണ്ട് “ഗുണമില്ല”; ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കാമെന്ന് കോണ്‍ഗ്രസ്‌

സിപിഎം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനത്ത് തകര്‍ന്നിരിക്കുകയാണ്. ഈ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയതുകൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായോ സിപിഎമ്മുമായോ സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. ഒറ്റയ്ക്ക് മത്സരിക്കുന്നതാണ് നല്ലത് എന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആണ് ഇക്കാര്യം അറിയിച്ചത്. കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ട് ദിവസത്തെ പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തോട് അനുബന്ധിച്ചാണ് ഗൊഗോയ് ഇക്കാര്യം പറഞ്ഞത്.

സിപിഎം അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനത്ത് തകര്‍ന്നിരിക്കുകയാണ്. ഈ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയതുകൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ ഫണ്ട് ശേഖരണം, ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍, സംഘടന ശക്തിപ്പെടുത്തല്‍ മറ്റ് രാഷ്ട്രീയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്. തൃണമൂലൂമായി സഖ്യം വേണമെന്ന് നേരത്തെ വാദിച്ചിരുന്നവരും ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ് എന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായൊരു തീരുമാനം ഇക്കാര്യത്തില്‍ എഐസിസി അടിച്ചേല്‍പ്പിക്കില്ല എന്നാണ് ഗൗരവ് ഗൊഗോയ് അറിയിച്ചത്. അതേസമയം അന്തിമ തീരുമാനം ഹൈകമാന്‍ഡിന്റേത് ആയിരിക്കുമെന്നും ഗൊഗോയ് വ്യക്തമാക്കി.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ആകെയുള്ള 42 സീറ്റില്‍ കോണ്‍ഗ്രസ് നാല് സീറ്റിലാണ് ജയിച്ചത്. തൃണമൂല്‍ 34 സീറ്റ് നേടിയപ്പോള്‍ സിപിഎമ്മും ബിജെപിയും രണ്ട് സീറ്റ് വീതം നേടി. കോണ്‍ഗ്രസിന് കിട്ടിയ നാല് സീറ്റും പരമ്പരാഗത ശക്തി കേന്ദ്രമായ വടക്കന്‍ ബംഗാളിലെ മാള്‍ഡ മേഖലയില്‍ നിന്നായിരുന്നു. അതേസമയം 2016 മുതല്‍ മാള്‍ഡ മേഖലയിലും കോണ്‍ഗ്രസ് ദുര്‍ബലമായിരിക്കുകയാണ്. നിരവധി പ്രവര്‍ത്തകര്‍ തൃണമൂലിലേയ്ക്ക് കൂട് മാറി. ബിജെപിയേയും തൃണമൂലിനേയും ഒരുപോലെ എതിര്‍ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഡിസംബര്‍ 12ന് റാണി റാഷ്മണി അവന്യുവില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.

നോര്‍ന്ന് ദിനാജ്പൂരിലെ ചോപ്ര മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സമീറുള്‍ ഇസ്ലാമിന്റെ കൊലപാതകത്തില്‍ ഉചിതമായ അന്വേഷണ നടപടികള്‍ ആവശ്യപ്പെട്ട് പിസിസി പ്രസിഡന്റ് സോമന്‍ മിത്രയുടെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയെ കണ്ടിരുന്നു. തൃണമൂലുകാരാണ് സമീറുളിനെ വധിച്ചത് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സമീറുളിന്റെ കുടുംബത്തിനൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും ഗവര്‍ണറെ കാണും. ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും തൃണമൂലിനെ കടന്നാക്രമിക്കുകയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. റാഫേല്‍ വിഷയത്തിലോ സിബിഐ പ്രതിസന്ധിയിലോ തൃണമൂലിന് യാതൊരു നിലപാടുമില്ലെന്ന് സോമന്‍ മിത്ര കുറ്റപ്പെടുത്തുന്നു. ബിജെപിയെ നേരിടുന്നതിനെ ഗൗരവമായാണോ അവര്‍ കാണുന്നത് എന്ന് വ്യക്തമാക്കട്ടെ – മിത്ര പറഞ്ഞു. അതേസമയം ഒരു പാര്‍ട്ടിയുടേയും സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ത്ഥ ചാറ്റര്‍ജി പ്രതികരിച്ചു. ബംഗാളിലെ ജനങ്ങള്‍ക്ക് മാത്രമല്ല, രാജ്യത്തെല്ലാവര്‍ക്കും അറിയാം – ഞങ്ങളാണ് ബിജെപിക്കെതിരായ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് – ചാറ്റര്‍ജി അവകാശപ്പെട്ടു.

കൈരാന നേടിയത് എന്തുകൊണ്ട് പാല്‍ഗഡിന് സാധിച്ചില്ല? കോണ്‍ഗ്രസിനേക്കാള്‍ സിപിഎമ്മിന് വോട്ടുള്ള മഹാരാഷ്ട്ര മണ്ഡലത്തില്‍ സംഭവിച്ചത്

“വേറിട്ട് നടക്കാം പക്ഷെ ഒരുമിച്ച് ആക്രമിക്കണം”: ‘കുലംകുത്തി’ ട്രോത്സ്‌കിയെ കൂട്ടുപിടിച്ച് യെച്ചൂരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍