UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞങ്ങളില്‍ കളങ്കിതരല്ലാത്തവര്‍ക്ക് ടിക്കറ്റ് കിട്ടട്ടെ!

Avatar

ഏതു തെരഞ്ഞെടുപ്പിലും ചില മിനിമം യോഗ്യത തീരുമാനിക്കപ്പെടാറുണ്ട്. പട്ടാളത്തിലും പൊലീസിലുമായാല്‍ നെഞ്ചളവ്, ഓടാനും കയറില്‍ തൂങ്ങി കയറാനും ഒക്കെയുള്ള കഴിവുകള്‍. ഇതില്‍ ആദ്യം പറഞ്ഞ കഴിവ് മാത്രം പോര തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍.

വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ പണ്ടും ഇന്നും സജീവമാണ്. അതുകൊണ്ട് തന്നെ ഓടാനറിയാത്തവനും ചാടാന്‍ അറിയാത്തവനും പലപ്പോഴും പട്ടാളത്തിലും പൊലീസിലും കയറിക്കൂടാറുണ്ട്.

രാഷ്ട്രീയ തെരഞ്ഞെടുപ്പ് വരുമ്പോള്‍, അതും കോണ്‍ഗ്രസിലാകുമ്പോള്‍ തുടക്കത്തില്‍ ഇത്തരം ചില മിനിമം യോഗ്യതകള്‍ നിര്‍ണ്ണയിക്കപ്പെടാറുണ്ട്. ഗോണ്‍ വിത്ത് ദ വിന്‍ഡ് എന്ന് ഇംഗ്ലീഷില്‍ പറയുംപോലെയാണ് പിന്നീടങ്ങോട്ട് ഇത്തരം യോഗ്യതകളുടെ സ്ഥിതി. രാഷ്ട്രീയത്തിലെ നല്ല സംഘാടകര്‍ തഴയപ്പെടുകയും പുത്രന്‍മാരും ആശ്രിതരും സീറ്റു നേടി എംപിയും എംഎല്‍എയും ആകുന്നത് കണ്ട് ശിഷ്ടകാലം വീണ്ടും കൊടി പിടിക്കാനാണ് പലര്‍ക്കും വിധി.

ഇത്രയും പറഞ്ഞു വന്നത് കോണ്‍ഗ്രസിനെ പണ്ട് കാലം മുതല്‍ ഗ്രസിച്ചു പോന്നിരുന്ന ഒരു വല്ലാത്ത ഗതികേടിനെ കുറിച്ച് പറയാന്‍ കൂടിയാണ്. ഇതിപ്പോള്‍ എന്തിനാണ് ഇങ്ങനയൊക്കെ എന്നും ആരും ചോദിക്കേണ്ടതില്ല. ഒരിക്കല്‍ കൂടി ആദര്‍ശ ധീരനായ ‘കേരള ഗാന്ധി’ സുധീരന്‍ പറഞ്ഞിരിക്കുന്നു, കോണ്‍ഗ്രസില്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കളങ്കിതര്‍ ഉണ്ടാകില്ലെന്ന്. ഇത് അദ്ദേഹത്തിന്റെ മാത്രം തീരുമാനം ആണോ എന്നറിയാന്‍ കാത്തിരിക്കേണ്ടതുണ്ട്.

പന്തിപ്പോള്‍ ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തുടര്‍ ചര്‍ച്ചകള്‍ക്കായി ദില്ലിയിലേക്ക് പോയിരിക്കുകയാണ്. അവര്‍ തിരിച്ചു വരുമ്പോള്‍ അറിയാം ആരൊക്കെ കളങ്കിതര്‍ ആരൊക്കെ നിര്‍മ്മലര്‍ എന്ന്.

സത്യം പറഞ്ഞാല്‍, കളങ്കിതരെ മാറ്റി നിര്‍ത്തിയാല്‍ കേരളത്തില്‍ ഇനിയിപ്പോള്‍ മത്സരിക്കാന്‍ അവസരം ലഭിക്കുക കോണ്‍ഗ്രസിലെ പുതുരക്തങ്ങളായ നിലവില്‍ കളങ്കിതരായി ആരോപിക്കപ്പെടാത്തവര്‍ക്കാണ്. കാരണം, മുഖ്യമന്ത്രി മുതല്‍ ഏതാണ്ട് എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരും സരിതയുടെയോ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെയോ പേറോളില്‍പ്പെട്ടവരാണെന്ന ആരോപണം നിലനില്‍ക്കുന്നു. ഇവര്‍ക്കൊക്കെ ഇതില്‍ ചില രീതിയില്‍ പങ്കുണ്ടെന്ന് ചില കോടതികളും നിരീക്ഷിച്ചിരുന്നു. ഈ നിലയ്ക്ക് അഗ്നി ശുദ്ധി വരുത്താതെ ഇവര്‍ എങ്ങനെ കളങ്കരഹിതരാകും എന്നതാണ് ഒരു ഹൈബി ഈഡനോ പി സി വിഷ്ണുനാഥോ ആകാന്‍ കൊതിക്കുന്ന പുതുരക്തങ്ങള്‍ക്ക് നല്‍കുന്ന പ്രത്യാശ.


പ്രത്യാശ വളരെ നല്ല കാര്യമാണ്. പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റുവും പണ്ട് പറഞ്ഞത് കുട്ടികള്‍ക്ക് അഭിലാഷങ്ങള്‍ ഉണ്ടാകണം എന്നാണ്. അതുകൊണ്ടു തന്നെ നെഹ്‌റുജിയുടെ പാത പിന്തുടരുന്ന നമ്മുടെ യൂത്തന്‍മാരെ കുറ്റം പറയുന്നത് എന്തുകൊണ്ടും ഉചിതമാകില്ല.

എന്നുകരുതി എന്തു സ്വപ്‌നവും നെയ്ത് എടുക്കണമെന്ന് ചാച്ചാജി പറഞ്ഞതായി അറിവില്ല. അത്യാവശ്യം എഴുത്തും വായനയും ഉണ്ടായിരുന്ന പി സി വിഷ്ണുനാഥ് തെറ്റുകാരനാണോയെന്ന് അറിയില്ല. എങ്കിലും അദ്ദേഹത്തിന്റെ പേര് സരിതയുടെ ലിസ്റ്റില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. മറ്റൊരാള്‍ ഹൈബി ഈഡനാണ്. അച്ഛന്‍ മരിച്ച ഒഴിവില്‍ കിട്ടിയ സൗഭാഗ്യങ്ങള്‍ ഒറ്റയടിക്ക് വിഴുങ്ങാന്‍ ശ്രമിച്ചത് കൊണ്ടാണോയെന്ന് അറിയില്ല. വാലും തലയും ഇല്ലാത്ത ഒരു അവസ്ഥയിലാണ് ഹൈബിയും ഇപ്പോള്‍ എന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.

മറ്റൊരു കളങ്കിതന്‍ മലപ്പുറം കോണ്‍ഗ്രസിന്റെ ജീവനും ഉയിരുമായ ആര്യാടന്‍ മുഹമ്മദാണ്. കാലേകൂട്ടി അറിഞ്ഞത് കൊണ്ടാണോയെന്ന് അറിയില്ല അദ്ദേഹമിപ്പോള്‍ തന്റെ കുത്തക സീറ്റ് മകന്‍ ഷൗക്കത്തിന് ഇഷ്ടദാനം ചെയ്ത് സ്വൈരസഞ്ചാരങ്ങളിലേക്ക് മടങ്ങുന്നുവെന്നാണ് കേള്‍ക്കുന്നത്.

ഇനിയിപ്പോള്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ സ്ഥിതിയെടുത്താല്‍ അദ്ദേഹം എന്തുപറയും എന്ന് ഒരുപക്ഷേ കളങ്കിതരുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ട ഹൈക്കമാന്‍ഡ് ആയാലും സുധീരന്‍ ആയാലും ഒരുവേള ശങ്കിച്ചു പോകും. കാരണം അത്രയ്ക്കുണ്ട് അദ്ദേഹത്തിന്റെ ചാരിത്ര പ്രഭാഷണ ചാതുരി.

അച്ഛന്‍ വളര്‍ത്തി വലുതാക്കിയ മറ്റൊരാള്‍ വന്ന് പാര പണിയുന്നത് കെ മുരളീധരന് അത്ര സുഖിക്കുന്നില്ല. വട്ടിയൂര്‍ക്കാവ് സീറ്റിനുവേണ്ടി ആരൊക്കെയാണ് പിടി മുറുക്കിയിരിക്കുന്നത് എന്നറിയില്ല. എങ്കിലും ഇത്തരം ഒരു പാരയ്ക്കു പിന്നില്‍ ദേവസ്വം മന്ത്രി വി എസ് ശിവകുമാറും ഉണ്ടെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. നിലവില്‍ ശിവകുമാര്‍ ഒരു അര്‍ത്ഥത്തില്‍ കളങ്കിതനാണ്. അപ്പോള്‍ പിന്നെ വട്ടിയൂര്‍ക്കാവ് സീറ്റ് ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യം ബാക്കിയാകുന്നു.

കോണ്‍ഗ്രസിലെ ഉള്ളറക്കഥകളിലൂടെ മനസ്സിലാകുന്നത് ആ സീറ്റ് സുധീരനുവേണ്ടി അദ്ദേഹത്തിന്റെ തന്നെ ചില ആശ്രിതര്‍ കണ്ടുവച്ചതാണത്രേ. മറ്റൊരു കഥയും കേള്‍ക്കുന്നുണ്ട്. അത് തമ്പാനൂര്‍ രവിയെ കുറിച്ചാണ്. ആള്‍ ആകട്ടെ കളങ്കിതരില്‍ പ്രമുഖനും. സോളാര്‍ കമ്മീഷന് മുന്നില്‍ കളവ് പറയാനായി സരിതയ്ക്ക് ട്യൂഷന്‍ കൊടുത്തതിന്റെ ശബ്ദ, ദൃശ്യ സംപ്രേക്ഷണം തന്നെ നടന്നിട്ടും ഇപ്പോഴും പരമയോഗ്യനായി നടക്കുകയാണ്. തമ്പാനൂരിനെ സംരക്ഷിക്കാന്‍ സുധീരന്‍ നടത്തിയ ചില ശ്രമങ്ങളില്‍ നിന്നു തന്നെയാണ് മുരളിയും ചില ആശങ്കകള്‍ മെനയുന്നത്. എന്നുവച്ചാല്‍ തമ്പാനൂര്‍ രവിയെ സുധീരന്‍ ന്യായീകരിക്കാന്‍ നടത്തിയ ശ്രമം വെറുതെ ആയിരിക്കണം എന്നൊന്നുമില്ലല്ലോ.


ഹൈക്കമാന്‍ഡ് ചര്‍ച്ചാ ലിസ്റ്റിലെ കളങ്കിതര്‍, കെളവന്‍മാര്‍ എന്നതൊന്നും കോണ്‍ഗ്രസിന് പുതിയ കാര്യങ്ങള്‍ ഒന്നുമല്ല. കോണ്‍ഗ്രസ് ജനിച്ച കാലം മുതല്‍ കേരളം ഉണ്ടായകാലം മുതല്‍ ആര്‍ത്തി പൂണ്ട സ്ഥാനമോഹികളെ കണ്ട് മനം നൊന്ത് നടന്നവരാണ് കേരളത്തിലെ യൂത്തന്‍മാര്‍. ഒരു സീറ്റിനുവേണ്ടി അല്ലെങ്കില്‍ പാര്‍ട്ടിയിലൊരു ഉന്നത സ്ഥാനത്തിനുവേണ്ടി നേതാവിനൊപ്പം തങ്ങി അദ്ദേഹത്തിന്റെ ഷര്‍ട്ടും മുണ്ടും കഞ്ഞിപ്പശ ചേര്‍ത്ത് ഇസ്തിരിയിട്ട് കൊടുത്ത് കാലം തീര്‍ത്ത ഒരുപാടു പേരുണ്ട് ആ പാര്‍ട്ടിയില്‍. എന്നിട്ടും ലിസ്റ്റ് വരുമ്പോള്‍ പഴയമുഖങ്ങളും കളങ്കിതരും തന്നെ. ഈ മായാജാലം കണ്ടിട്ടും മനസ്സ് പതറാതെ പഴയ കഞ്ഞിപ്പശയും ഇസ്തിരിയിടലുമൊക്കെയായി നടക്കാനാകും ഒരു പക്ഷേ നമ്മുടെ യൂത്തന്‍മാര്‍ക്ക് യോഗം.

എന്നാല്‍ ലിസ്റ്റും അവസാന വാക്കുമായി ഡല്‍ഹിയില്‍ നിന്ന് മൂവര്‍ സംഘമെത്തുമ്പോള്‍ അവര്‍ക്ക് ചോദിക്കാനുള്ള ചോദ്യം ഇത് മാത്രമായിരിക്കും. പണ്ട് യേശു ക്രിസ്തു മഗ്നദലന മറിയത്തിനെ കല്ലെറിയാന്‍ വന്നവരോട് ചോദിച്ച ചോദ്യം. ഇവിടെ മഗ്നദലന മറിയമില്ല. സരിത നിലവില്‍ അവര്‍ക്കൊപ്പവും അല്ല. അപ്പോള്‍ പിന്നെ അവര്‍ മൂവരും ഇങ്ങനെ പറയും നിങ്ങളില്‍ കളങ്കമില്ലാത്തവര്‍ ഞങ്ങളെ കല്ലെറിയൂ. എന്നിട്ടാകാം മത്സരം. കേട്ടപാതി കേള്‍ക്കാത്ത പാതി കല്ലുകള്‍ താഴെയിട്ടു തിരിച്ചു പോകാന്‍ തന്നെയേ യൂത്തന്‍മാര്‍ക്ക് ഉണ്ടാകാന്‍ ഇടയുള്ളൂ. അതാണല്ലോ കോണ്‍ഗ്രസിലെ നാട്ടുനടപ്പും പുരാവൃത്തവും.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍