UPDATES

തെലങ്കാനയില്‍ പാര്‍ട്ടി തന്നെ പോയി, പഞ്ചാബിലും രാജസ്ഥാനിലും അടി രൂക്ഷം, രാജിയില്‍ തീരുമാനമാകാതെ രാഹുല്‍; കോണ്‍ഗ്രസ് അതിജീവിക്കുമോ?

ഓരോ ദിവസവും കഴിയുന്തോറും പ്രതിസന്ധികളില്‍നിന്ന് പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് പ്രതിസന്ധികളില്‍നിന്ന് പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുകയാണ് കോണ്‍ഗ്രസ്. തെലങ്കാനയില്‍ പാര്‍ട്ടി എംഎല്‍എമാര്‍ തന്നെ ടിആര്‍എസില്‍ ലയിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടപ്പോള്‍ പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബിലും രാജസ്ഥാനിലും നേതാക്കള്‍ തമ്മിലുള്ള തര്‍ക്കവും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു. ഇതിനെല്ലാം ആക്കം കൂട്ടിയാണ് ദേശിയ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയുകയാണെന്ന കാര്യത്തില്‍ അവ്യക്തത നിലനിര്‍ത്തികൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ സമീപനം. ഇതോടെ ഇപ്പോഴുള്ള രാഷ്ട്രീയ പ്രതിസന്ധിയെ ശക്തമായ തീരുമാനങ്ങളുടെ അഭാവത്തില്‍ അതിജീവിക്കുമോ എന്ന ചോദ്യമാണ് വ്യാപകമായി ഉന്നയിക്കപ്പെടുന്നത്.

നിരവധി അനുകൂല രാഷ്ട്രീയ സാഹചര്യങ്ങളുണ്ടായിട്ടും തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പ്രകടനം പോലും നടത്താന്‍ കഴിയാത്തതാണ് കോണ്‍ഗ്രസിനെ പൂര്‍ണമായും ഉലച്ചത്. ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് സ്ഥാനം ഒഴിയുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തെ കോണ്‍ഗ്രസ് നേതൃത്വം സ്വതസിദ്ധമായ ശൈലിയിലാണ് നേരിട്ടത്. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും ഒരു മാസത്തിനകം പുതിയ നേതാവിനെ കണ്ടെത്തണമെന്നും രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിനിടെയാണ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം ആഭ്യന്തര കലാപം രൂക്ഷമായത്.

തെലങ്കാനയില്‍ 12 എംഎല്‍എമാരാണ് പാര്‍ട്ടി ടിആര്‍എസ്സില്‍ ലയിക്കുകയാണെന്ന് പറഞ്ഞ് കത്ത് നല്‍കിയത്‌. ഇതിന്‌ സ്പീക്കര്‍ അംഗീകാരം നല്‍കിയതോടെ തെലങ്കാനയിലെ പ്രതിപക്ഷ സ്ഥാനവും ഇല്ലാതായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തീര്‍ത്തും പരാജയപ്പെട്ട കോണ്‍ഗ്രസ് തെലങ്കാനയിലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്ന് ലോക്‌സഭ സീറ്റുകളില്‍ വിജയിച്ചിരുന്നു. പാര്‍ട്ടി തിരിച്ചുവന്നേക്കുമെന്ന തോന്നലിനിടയിലാണ് എംഎല്‍എമാരുടെ കൂട്ടരാജി. ആന്ധ്രയില്‍ ജഗന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപികരിക്കപ്പെട്ട സാഹചര്യമാണ് തെലങ്കാനയില്‍ നേരിടാന്‍ പോകുന്നതെന്നും സൂചനകളുണ്ട്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാന്‍ സഹായിച്ച സംസ്ഥാനമാണ്‌ പഞ്ചാബ്. അവിടെയാണ് മുഖ്യമന്ത്രി  അമരീന്ദര്‍ സിങ്ങും നവ്‌ജ്യോത് സിംങ് സിദ്ധുവും തമ്മിലുള്ള പോരാട്ടം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സിദ്ധുവിന്റെ ചില വകുപ്പുകള്‍ എടുത്തുമാറ്റികൊണ്ടാണ് അമരീന്ദര്‍ സിംങ് പ്രതികരിച്ചിരിക്കുന്നത്. ഒന്നുകില്‍ സിദ്ധു അല്ലെങ്കില്‍ താന്‍ എന്ന മട്ടിലാണ് അമരീന്ദര്‍ സിംങിന്റെ നീക്കം. ഇതിന് മുന്നില്‍ സ്വതവേ ദുര്‍ബലമായ ദേശീയ നേതൃത്വം കൂടുതല്‍ ബലഹീനമായി പോകാനാണ് സാധ്യത.

രാജസ്ഥാനില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ തുടങ്ങിയ രാജേഷ് പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിലുള്ള പോരാട്ടം പുതിയ ഘട്ടത്തിലെത്തിയിരിക്കുന്നു. ഗെഹ്ലോട്ട് മാറണമെന്ന ആവശ്യം പാര്‍ട്ടിയുടെ ഉള്ളില്‍ തന്നെ ശക്തി നേടിയിരിക്കുന്നു. മധ്യപ്രദേശില്‍ കമല്‍നാഥ് എങ്ങനെ ജ്യോതിരാദിത്യ സിന്ധ്യയെ തളച്ചുനിര്‍ത്തുമെന്നാണ് കണ്ടറിയേണ്ടത്.

ഇങ്ങനെ പാര്‍ട്ടിക്ക് സാമാന്യം സംഘടന സംവിധാനമുള്ള പ്രദേശങ്ങളിലെല്ലാം വലിയ പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. ഇതിനെ നിയന്ത്രിക്കാനോ പുതിയ തീരുമാനങ്ങള്‍ എടുക്കാനോ ദേശീയതലത്തിലെ അവ്യക്തത കാരണം സാധിക്കുന്നുമില്ല. രാഹുല്‍ ഗാന്ധി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ പുതിയ ദേശീയ നേതൃത്വത്തെ കണ്ടെത്തുന്നതിനാവും കോണ്‍ഗ്രസിന് മുന്‍ഗണന നല്‍കേണ്ടിവരിക. ഇത് കോണ്‍ഗ്രസിന്റെ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുക.

നേതൃമാറ്റത്തിനിടയിലും മറ്റും കോണ്‍ഗ്രസില്‍ നേരത്തെയും തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടിയ ആദ്യ കാലങ്ങളില്‍ ഇതില്‍ പലതും ആശയപരമായ തര്‍ക്കങ്ങള്‍ തന്നെയായിരുന്നു. നെഹ്‌റുവിന്റെ ഇടതുപക്ഷാനുകൂല ആശയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുരുഷോത്തം ദാസ് ഠണ്ടന്‍ മല്‍സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. നെഹ്‌റു രാജി ഭീഷണി മുഴക്കിയാണ് ഠണ്ടന്‍ പിന്നീട്‌ രാജിവെച്ചത്. ഇന്ദിരാഗാന്ധിയുടെ കാലത്തുണ്ടായ തര്‍ക്കവും പ്രത്യയശാസ്ത്രപരമായിരുന്നു. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ഇന്ദിരയുടെ ഇടത് അനുകൂല സമീപനങ്ങള്‍ക്കെതിരെ കലാപമുണ്ടാകുകയും നിരവധി സംഭവങ്ങള്‍ക്ക് ശേഷം പാര്‍ട്ടി പിളരുകയും ചെയ്തു. അടിയന്തരവസ്ഥകാലത്തും നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയി.

രാജീവ് ഗാന്ധിയുടെ കാലത്ത് വിപി സിംങിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ന്നു. ഇതും വലിയ പ്രതിസന്ധിയുണ്ടാക്കിയെങ്കിലും കോണ്‍ഗ്രസ് അതിനെയും അതിജീവിച്ചു. നരസിംഹറാവുവിന്റെ നേതൃത്വത്തില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. പിന്നീട് സോണിയാ ഗാന്ധി നേതൃ സ്ഥാനമേറ്റെടുത്തപ്പോള്‍ മഹാരാഷ്ട്രയിലെ കരുത്തന്‍ ശരത്പവാര്‍ പാര്‍ട്ടിവിട്ടു. ആ പ്രതിസന്ധിയും അഞ്ച് വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചുകൊണ്ട് സോണിയാഗാന്ധി മറികടന്നു.

തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമാണ് കോണ്‍ഗ്രസിനെ ഇപ്പോള്‍ ഉലച്ചുകളഞ്ഞത്. ദേശീയ നേതൃത്വം ദുര്‍ബലമായതോടെ പ്രാദേശിക തലത്തിലെ ഭിന്നത രൂക്ഷമായി. അതില്‍ ഇടപെടാന്‍ പോലും കഴിയാതെ മാറിനില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

ബിജെപി മുന്നോട്ടുവെയ്ക്കുന്ന നയങ്ങളോട്  സ്വീകരിക്കേണ്ട സമീപനങ്ങളുടെ കാര്യത്തിലെ അവ്യക്തതകളും കോണ്‍ഗ്രസിനെ വലയ്ക്കുന്നുണ്ട്. ഹിന്ദുത്വത്തിന് ബദലായി മതേതരത്വമാണോ അതോ മൃദു സ്വഭാവമുള്ള ഹിന്ദുത്വമാണോ മുന്നോട്ടുവെയ്‌ക്കേണ്ടതെന്ന കാര്യത്തിലും പാര്‍ട്ടിക്ക് നയവ്യക്തതയില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഇത് പല സ്ഥലത്തും കണ്ടതാണ്‌.

കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തെക്കുറിച്ച് സംസാരമുണ്ടാകാറുണ്ടെങ്കിലും രാഷ്ട്രീയവും ജനപിന്തുണയുമുള്ള നേതാക്കളെ കണ്ടെത്തുന്നതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെടുന്നുവെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തുടങ്ങി, വൈസ് പ്രസിഡന്റ് ഇപ്പോള്‍ പ്രസിഡന്റുമായിട്ടും കോണ്‍ഗ്രസിനെ നയപരമായും സംഘടനപരമായും പുതിയ ദിശയിലേക്ക് നയിക്കാന്‍ രാഹുലിന് കഴിഞ്ഞില്ലെന്നതിന്റെ കൂടിയാണ് ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്ന് വ്യക്തമാകുന്നത്‌.

ഇത്തരത്തില്‍ സംഘടനപരമായും നയപരമായുമുള്ള പ്രതിസന്ധി സമീപകാലത്തൊന്നും കോണ്‍ഗ്രസിന് നേരിട്ടില്ല. ഇതിനെ ദേശീയ തലത്തിലെ നേതൃമാറ്റം കൊണ്ട് പരിഹരിക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം.

Read More: ദളിത്‌ വിരുദ്ധത, നിയമന തട്ടിപ്പ്, ജാതി അധിക്ഷേപം; പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള രാജ്യത്തെ ആദ്യ മെഡിക്കല്‍ കോളേജായ പാലക്കാട് നടക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍