UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെഹ്‌റുവിനെ വിമര്‍ശിച്ചും പട്ടേലിനെ പുകഴ്ത്തിയും കോണ്‍ഗ്രസ് മാസിക

അഴിമുഖം പ്രതിനിധി

കശ്മീര്‍, ചൈന, ടിബറ്റ് വിഷയങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തി കൊണ്ട് കോണ്‍ഗ്രസ് ദര്‍ശന്‍ എന്ന മാസികയുടെ ഹിന്ദി എഡിഷന്‍. ലേഖകന്റെ പേര് വയ്ക്കാതെ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ അന്താരാഷ്ട്ര വിഷയങ്ങളില്‍ സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ ആഭ്യന്തരമന്ത്രിയുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ കാഴ്ചപ്പാടുകള്‍ക്ക് നെഹ്‌റു ചെവി കൊടുക്കേണ്ടതായിരുന്നുവെന്ന് പറയുന്നു.

പട്ടേലിന് ഉപപ്രധാനമന്ത്രി സ്ഥാനവും ആഭ്യന്തര വകുപ്പും ലഭിച്ചുവെങ്കിലും ഇരു നേതാക്കളും തമ്മിലെ ബന്ധം വഷളായിരുന്നു. ഇരുവരും രാജിവയ്ക്കുമെന്ന് നിരന്തരം ഭീഷണി മുഴക്കുകയും ചെയ്തിരുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു.

പട്ടേലിന്റെ ദീര്‍ഘവീഷണത്തെ നെഹ്‌റു സ്വീകരിച്ചിരുന്നുവെങ്കില്‍ അന്താരാഷ്ട്ര തലത്തിലെ നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുക്കില്ലായിരുന്നു. ചൈനയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ഇന്ത്യയുടെ ഭാവി ശത്രുവാണെന്നും പറഞ്ഞു കൊണ്ട് പട്ടേല്‍ നെഹ്‌റുവിന് 1950-ല്‍ എഴുതിയ കത്തിനേയും ഉദ്ധരിക്കുന്നുണ്ട്. നെഹ്‌റു പട്ടേലിന് ചെവി കൊടുത്തിരുന്നുവെങ്കില്‍ കശ്മീര്‍, ചൈന, ടിബറ്റ്, നേപ്പാള്‍ പ്രശ്‌നങ്ങള്‍ ഇപ്പോഴുണ്ടാകില്ലായിരുന്നു. കശ്മീര്‍ പ്രശ്‌നം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കുന്നതിനെ പട്ടേല്‍ എതിര്‍ത്തിരുന്നു. നേപ്പാളിന്റെ കാര്യത്തില്‍ പട്ടേലിന്റെ കാഴ്ചപ്പാടിനോട് നെഹ്‌റു യോജിച്ചിരുന്നില്ല.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും മാസിക വിമര്‍ശിക്കുന്നുണ്ട്. 1997-ല്‍ പാര്‍ട്ടിയില്‍ അംഗത്വം നേടിയ സോണിയ 62 ദിവസങ്ങള്‍ക്കുശേഷം അധ്യക്ഷയായിയെന്നും മാസിക കുറ്റപ്പെടുത്തുന്നു.

ഇന്ന് കോണ്‍ഗ്രസിന്റെ 131-ാം സ്ഥാപക ദിനം ആഘോഷിക്കുന്നതിനിടെ പുറത്തുവന്ന ലേഖനം പാര്‍ട്ടിയെ വിഷമവൃത്തത്തിലാക്കി. എന്നാല്‍ മാസികയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ താന്‍ ഇടപെടാറില്ലെന്നും ഈ ലേഖനത്തെ കുറിച്ച് അറിയില്ലെന്നും മുംബയ് കോണ്‍ഗ്രസ് കമ്മിറ്റി തലവനും മാസികയുടെ എഡിറ്ററുമായ സഞ്ജയ് നിരുപം വ്യക്തമാക്കി. ലേഖനത്തിലെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും നടപടി സ്വീകരിക്കുമെന്നും നിരുപം വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍