UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം

അഴിമുഖം പ്രതിനിധി

കര്‍ണാടകത്തില്‍ അധികാരത്തില്‍ എത്തിയശേഷം നേരിട്ട തോല്‍വികള്‍ക്ക് ആശ്വാസമായി കോണ്‍ഗ്രസിന് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം. 30 ജില്ലാ പഞ്ചായത്തുകളില്‍ 10 എണ്ണത്തില്‍ വിജയിച്ച കോണ്‍ഗ്രസ് 11 എണ്ണത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയുമായി. അതേസമയം ബിജെപിക്ക് ഏഴ് എണ്ണത്തില്‍ മാത്രമേ വിജയിക്കാനായുള്ളൂ. ജെഡിഎസ് രണ്ടിടത്തും വിജയിച്ചു.

2011-ലെ തെരഞ്ഞെടുപ്പില്‍ 17 ജില്ലാ പഞ്ചായത്തുകള്‍ ബിജെപിക്ക് ലഭിച്ചിരുന്നു. കോണ്‍ഗ്രസിന് എട്ടും ജെഡിഎസിന് അഞ്ചും ലഭിച്ചിരുന്നു.

താലൂക്ക് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിനും ബിജെപിക്കും 56 വീതം ലഭിച്ചു. ജെഡിഎസിന് 20 ഇടത്തും വിജയിക്കാനായി. 175 താലൂക്കുകളില്‍ തൂക്കുഫലമാണ് ജനം വിധിച്ചത്. ഈ മാസം ആദ്യം രണ്ട് ഘട്ടങ്ങളിലായിട്ടാണ് ജില്ലാ, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ നടന്നത്.

ദേശീയ സാഹചര്യത്തില്‍ കര്‍ണാടകം കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകമായിരുന്നു. തെക്കേ ഇന്ത്യയില്‍ ഇടം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ബിജെപിക്ക് കര്‍ണാടകയില്‍ വിജയിക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനാകട്ടെ കേരളം കഴിഞ്ഞാല്‍ അധികാരത്തിലുള്ള ഇടവും. ഇരുപാര്‍ട്ടികളേയും ആഭ്യന്തര കലഹങ്ങള്‍ ഗ്രസിച്ചിരുന്നു.

2013-ലാണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. പിന്നീട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ 17 സീറ്റും ബിജെപി പിടിച്ചിരുന്നു. കൂടാതെ ബംഗളുരു മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ തോറ്റുവെങ്കിലും കോണ്‍ഗ്രസ്‌ ജെഡിഎസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കി അധികാരം പിടിക്കുകയായിരുന്നു. ഈ മാസം നടന്ന രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആശ്വാസം നല്‍കും. താഴെത്തട്ടില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം നിലനില്‍ക്കുന്നുവെന്നതും ഭരണത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിയെന്നതും സിദ്ധരാമയ്ക്ക് ആഘോഷിക്കാന്‍ വകനല്‍കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍