UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒടുവില്‍ അതുതന്നെ സംഭവിച്ചു; അഞ്ചാം വയസിലെ നട്ടപ്രാന്ത്

അഴിമുഖം പ്രതിനിധി

എന്താ വരാത്തത്, എന്താ വരാത്തത് എന്ന് കാത്തുകാത്തിരിക്കുകയായിരുന്നു ജനം. സാധാരണഗതിയില്‍ ഒരു യുഡിഎഫ് സര്‍ക്കാരിന്റെ നാല് വര്‍ഷം വരെ കാത്തിരിക്കേണ്ടി വരാത്തതാണ്. ഒരു ചെറിയ ഗ്രൂപ്പ് പ്രസ്താവന പോലുമില്ലാത്ത കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണം എന്ന അത്ഭുതം. ആര്‍ ശങ്കറിന്റെ കാലത്തും കെ കരുണാകരന്റെ കാലത്തുമൊന്നും ഇങ്ങനെ സംഭവിച്ചിട്ടില്ല. ആന്റണിയുടെ എണ്ണം പറഞ്ഞ നാളുകളിലാണെങ്കില്‍ ഡിഐസിയുടെ വരവും പോക്കുമൊക്കെയായി ഐ ഗ്രൂപ്പിന് ഒച്ചയെടുക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. പിന്നെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മാന്യമായി തോറ്റതോടെ അദ്ദേഹത്തിന്റെ ആദര്‍ശ ധീരത ഉണരുകയും സ്വയം കേന്ദ്രമന്ത്രിയായി അവരോധിതനായി തോല്‍വിയുടെ ഭാരം ഏറ്റെടുക്കുകയും ചെയ്തു.

പക്ഷെ ഉമ്മന്‍ചാണ്ടി നയിക്കുകയും ഭരിക്കുകയും ചെയ്യുമ്പോള്‍ അങ്ങനെയൊന്നുമല്ല ജനം പ്രതീക്ഷിച്ചിരുന്നത്. ഐ ഗ്രൂപ്പ് പൂര്‍വാധികം ശക്തമായി വന്നു. പക്ഷെ ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങളില്‍ പെട്ട് അങ്ങോട്ട് ആഞ്ഞടിക്കാന്‍ അവസരം ഇല്ലാതെ ഇരിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കുക എന്ന കടുംകൈ വരെ മുഖ്യന്‍ ചെയ്തതോടെ അവരുടെ ആണിക്കല്ലിളകി ഇരിക്കുകയായിരുന്നു. ചുറ്റും അഴിമതിയുടെ പൊടിപൂരം നടക്കുമ്പോഴും അങ്ങോട്ട് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ. ഇടയ്ക്ക് അജയ് തറയില്‍ ചാനലിലും സുധാകരന്‍ കണ്ണൂരും ചില പടക്കങ്ങള്‍ എറിഞ്ഞു നോക്കിയെങ്കിലും ഒന്നും ഫലിക്കാതെ ഇരിക്കുകയായിരുന്നു.

സ്ഥിതിഗതിയില്‍ കൂടുതല്‍ വിഷമം മറ്റാര്‍ക്കുമായിരുന്നില്ല. കരുണാകരന്‍ സര്‍വപ്രതാപിയായി വിലസുന്ന കാലത്ത് പോലും ഗ്രൂപ്പ് കളിച്ച് ശീലിച്ച, ഇപ്പോള്‍ സര്‍വരൂപിയായ ഹൈക്കമാന്റ് തന്നെയായ ആന്റണിക്കായിരുന്നു. പാര്‍ട്ടിയില്‍ യാതൊരു പ്രശ്‌നവുമില്ലാതെ ഇത്രയും സ്വസ്ഥമായി ഒരു കോണ്‍ഗ്രസുകാരനും ഭരിച്ചിട്ടില്ല. കാര്യം തന്റെ ശിഷ്യനൊക്കെയാണെങ്കിലും കാര്യം കാണാന്‍ മിടുക്കനാണ്. നേരത്തെ മനോരമ, മുത്തൂറ്റ്, ചാണ്ടി ഭരണമായിരുന്നെങ്കില്‍ ഇപ്പോള്‍ ചെറിയ ഒരു മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് മാത്രം. മനോരമ ഇപ്പോള്‍ പണ്ടെപ്പോലെ അങ്ങനെ ഫലിക്കുന്നില്ല. എന്നുമാത്രമല്ല പുതുപ്പള്ളിയില്‍ കുഞ്ഞിനിട്ട് ഇടയ്ക്കിടെ കുത്തുകയും ചെയ്യുന്നു. അങ്ങനെയാവാം മാണി, മുത്തൂറ്റ്, ചാണ്ടി എന്ന പുതിയ ബാന്ധവം ഉടലെടുത്തത്. തിരിച്ചുമാവാം. മുസ്ലീം ലീഗിനാണെങ്കില്‍ അന്നും ഇന്നും അത്തരം വേവലാതികള്‍ പണ്ടേ ഇല്ല. ഇപ്പോഴാണെങ്കില്‍ സമയവും തികയുന്നില്ല. വിദ്യാഭ്യാസം, പൊതുമരാമത്ത്, വ്യവസായം, രാജ്യസഭ സീറ്റ് തുടങ്ങിയ അനന്തസാധ്യതകള്‍ മുന്നില്‍ കിടക്കുമ്പോള്‍ മറ്റൊന്നിനും സമയം കിട്ടുന്നില്ല.

അങ്ങനെ കാര്യങ്ങള്‍ സരിത എസ് നായര്‍, ബിജു രമേശ് തുടങ്ങിയവര്‍ ഉന്നയിക്കുന്ന ചില കാര്യങ്ങളില്‍ തട്ടിയും തടഞ്ഞുമാണെങ്കിലും വലിയ കുഴപ്പമില്ലാതെ പോകുന്നു. അതിനിടയില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പന്ത്രണ്ട് സീറ്റ് നേടി യോഗ്യതയും തെളിയിച്ചു. അവിടെയും പിണറായി വിജയനായിരുന്നു പാലം വലിച്ചത്. പത്തനംതിട്ടയില്‍ ഫിലിപ്പോസ് തോമസിനെ കെട്ടിയിറക്കാതെ ആ സീറ്റ് പ്രേമചന്ദ്രന് കൊടുക്കുകയും കൊല്ലത്ത് ബേബി മത്സരിക്കുകയും ചെയ്തിരുന്നെങ്കില്‍ കഥയെന്താകുമായിരുന്നു. ചെയ്തത് കൊണ്ടും പോരാതെ സഹപോളിറ്റ് ബ്യൂറോ മെമ്പറെങ്ങാണും അബദ്ധത്തില്‍ ജയിച്ചു പോയാലോ എന്ന് കരുതി കൊല്ലത്ത് വന്ന് ഒരു പരനാറി പ്രയോഗവും. അല്ലെങ്കില്‍ കാണാമായിരുന്നു കളി. താന്‍ നയിച്ച പാതയില്‍ തന്നെ ശിഷ്യനും വരുമായിരുന്നു. പക്ഷെ, സമ്മതിക്കില്ല, സമ്മതിക്കില്ല ആ സിപിഎമ്മുകാര്‍ ഒരു നല്ല കാര്യവും നടക്കാന്‍ സമ്മതിക്കില്ല.

ഏതായാലും നമുക്ക് ഇരിക്കപ്പൊറുതി മുട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ആ സുധീരന്‍ കെപിസിസി പ്രസിഡന്റായപ്പോള്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ബാര്‍ വിഷയത്തില്‍ കിട്ടിയ തട്ടിന്റെ ക്ഷീണത്തില്‍ ആദര്‍ശവും മാന്യതയും മറന്നിരിപ്പാണ്. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കിട്ടിയത് പൂഴിക്കടകനായിരുന്നു. ഊരാന്‍ സമയം എടുക്കും. എന്നാലും നൂണുവരുന്നതിന്റെ ലക്ഷണം കാണിക്കുന്നുണ്ട്. ഇപ്പോള്‍ മലയാള ഭാഷയില്‍ ചിലതൊക്കെ മിണ്ടാനും പറയാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അത്ര പ്രതീക്ഷ പുലര്‍ത്തുന്നത് നന്നല്ല. മാത്രമല്ല, ഈ നിലയിലാണെങ്കില്‍ സിപിഎമ്മിനെ അത്ര കണ്ട് വിശ്വസിക്കാനും വയ്യ. അച്യുതാനന്ദന്‍ പുതിയ ജനറല്‍ സെക്രട്ടറിയുടെ ബലത്തില്‍ വീണ്ടും ചൊറിയല്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി വരെയാകും എന്ന രീതിയിലാണ് അവിടെ കാര്യങ്ങള്‍. അപ്പോള്‍ വീണ്ടും അവര്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കളിച്ച കളി ഇനിയും ആവര്‍ത്തിച്ചു കൂടായ്കയില്ല. അതുകൊണ്ട് ഇനി നമ്മള്‍ തന്നെയിറങ്ങണം. അരുവിക്കരയ്ക്ക് മുമ്പെങ്കിലും എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പിടിവിട്ടു പോകും. പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ഹൈക്കമാന്റ് എന്നൊക്കെ പേരിന് പറയാമെങ്കിലും കേന്ദ്രത്തില്‍ പ്രത്യേകിച്ച് പണിയില്ല. പത്രത്തില്‍ ഒരു പേരോ പടമോ വരണമെങ്കില്‍ കേരളത്തില്‍ വരണം എന്നതാണ് അവസ്ഥ.

ഏതായാലും മോങ്ങാനിരുന്ന ഐ ഗ്രൂപ്പിന് മുകളില്‍ തേങ്ങ ഒന്ന് വെട്ടിയിട്ടിട്ടുണ്ട്. പക്ഷെ മോങ്ങലിന്റെ ഒച്ച കുറഞ്ഞ് പോയോ എന്നൊരു സംശയം. അതോ വീണ തേങ്ങയ്ക്ക് ശക്തി പോരായിരുന്നോ? ആ വിഡി സതീശനെ പോലെയുള്ള മാന്യന്മാരാണ്. മാന്യമായേ സംസാരിക്കു, കടുത്ത പദപ്രയോഗങ്ങള്‍ നടത്തില്ല. അതുകൊണ്ട് വലിയ കാര്യമില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിലെ പ്രയോഗ മാഹാത്മ്യങ്ങള്‍ അറിയാത്തത് കൊണ്ടാണ്. അലൂമിനിയം പട്ടേല്‍, മദാമ്മ ഗാന്ധി തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തിയ മുരളിയെ ഈ കളിക്ക് ഇനി പ്രതീക്ഷിച്ചിട്ട് കാര്യമില്ല. പിന്നിയുള്ള ആ പീതാംബരക്കുറുപ്പിനെയോ രാജ്‌മോഹന്‍ ഉണ്ണിത്താനെയോ പോലുള്ള പ്രതിഭകളെയായിരുന്നു. ആരും മിണ്ടുന്നില്ല. കുറുപ്പ് ഇപ്പോള്‍ തീരെ മിണ്ടാറില്ല. ഉണ്ണിത്താനാകട്ടെ എന്തോ പരിത്യാഗത്തിന്റെ വഴിയിലാണ്. പദ്മജയോട് പോയിട്ട് കെ മുരളീധരനോട് പോലും ഒരു വൈരാഗ്യവുമില്ല എന്ന മട്ട്. ഏതായാലും കൊടിക്കുന്നിലിനെ ഇറക്കി നമ്മള്‍ കാര്യങ്ങള്‍ ഒന്നു കൂടി മുപ്പിച്ചിട്ടുണ്ട്. നോക്കട്ടെ കളി.

പക്ഷെ അതല്ല പ്രശ്‌നം. ഉമ്മന്‍ചാണ്ടി മാത്രമല്ല കെഎം മാണി വരെ സംഭവം അംഗീകരിച്ച് കഴിഞ്ഞു. അതാണ് കഷ്ടം. കേരളത്തില്‍ അഴിമതി സാര്‍വത്രികമാണത്രെ! ആന്റണി ഇങ്ങനെ പറയരുതായിരുന്നു എന്ന് വല്ലതും പറഞ്ഞിരുന്നെങ്കിലോ? കാര്യങ്ങള്‍ എത്ര ഭംഗിയായേനെ? പണിയെത്ര കുറഞ്ഞേനെ? പിന്നെ ചാനലുകാര്‍ ഏറ്റെടുത്തു എന്ന് പറഞ്ഞിട്ടൊന്നും ഇന്നത്തെ കാലത്ത് കാര്യമില്ല. സോളാറൊക്കെ ഏറ്റെടുത്തിട്ട് എന്തായി? പിന്നെയല്ലേ ഇത്. ഇത് പ്രതീക്ഷിച്ചത് പോലെ അങ്ങോട്ട് പൊലിച്ചില്ലെങ്കില്‍ വേറെ കരിമരുന്നുകള്‍ അന്വേഷിക്കേണ്ടി വരും. വയസുകാലത്തെ ഓരോ പൊല്ലാപ്പുകളേ… ‘രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടും’ എന്ന താമരയില്‍ കുടുങ്ങിയ ‘അളി മനോരാജ്യം’ ആയി കാര്യങ്ങള്‍ പരിണമിക്കുമോ എന്ന് മാത്രമാണ് ഇപ്പോള്‍ ഒരു…ഒരു….എന്താ പറയുക, ഭീതി.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍