UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

വി.എം. സുധീരന്റെ ധര്‍മ്മസങ്കടങ്ങള്‍

മൂന്ന് മുന്നണികളും അനേകം താല്‍പ്പര്യങ്ങളും കേരളത്തില്‍ പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ജനങ്ങളുടെ മുന്നില്‍ നേതാക്കളെല്ലാം വിനീത വിധേയരായി ഭാവിക്കുന്ന ചുരുക്കം സന്ദര്‍ഭങ്ങളിലൊന്ന്. അധികാരമെന്ന മോഹവലയത്തില്‍പ്പെട്ടവര്‍ക്ക് ഓരോ വോട്ടറും ഈ സന്ദര്‍ഭത്തില്‍ വിലപ്പെട്ട ബഹുമാന്യ ജീവിയാണ്. നേതാക്കന്മാര്‍ അഹങ്കാരങ്ങളെല്ലാം അഴിച്ചുവെച്ച് മനുഷ്യര്‍ക്കിടയില്‍ മനോഹരമായ ചിരിയുമായി ഇറങ്ങിവരുന്ന കാലം.

വാഗ്ദാനങ്ങളും വിമര്‍ശനങ്ങളും പദ്ധതികളും പരിപാടികളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും അന്തരീക്ഷത്തെ ഇളക്കിമറിക്കുന്നു. ഇലക്ഷന്‍ തീയതി പ്രഖ്യാപിക്കും മുമ്പ് ഉദ്ഘാടനങ്ങളുടെ പൊടിപൂരം നടക്കുകയാണ്. സംഘടിത വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കിണങ്ങുംവിധം പ്രഖ്യാപനങ്ങള്‍ വരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം കണ്ണുതള്ളുന്ന വിധത്തില്‍ വേതനവര്‍ദ്ധനവ്. അംഗനവാടി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഇരട്ടിപ്പിക്കുന്നു. ക്ഷേമ പെന്‍ഷനുകള്‍ കൂട്ടുന്നു. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും യുദ്ധകാല സാഹചര്യത്തിലെന്നവിധം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. അല്‍പ്പസ്വല്‍പ്പം പണികള്‍ അവശേഷിച്ചാലും ഉദ്ഘാടനങ്ങള്‍ ബഹുകേമമായി ആഘോഷിക്കുന്നു. ഭരണാധികാരികള്‍ ഏതു തിരക്കിനിടയിലും അതിനുവേണ്ടി നാട്ടിന്‍പുറങ്ങളില്‍ ഓടിയെത്തുന്നു. പൊതുമാധ്യമങ്ങളിലെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആകര്‍ഷകമായ പരസ്യപ്രചരണങ്ങള്‍ നിറയുന്നു.

യു.ഡി.എഫിന് തുടര്‍ഭരണം ആഗ്രഹിക്കാന്‍ എല്ലാ യുക്തിപരമായ അവകാശവും ഉണ്ടെന്ന മട്ടിലാണ് മുഖ്യമന്ത്രിയും അനുചരന്മാരും. സോളാര്‍, ബാര്‍ കോഴ ആരോപണങ്ങളില്‍ സല്‍പ്പേര് നഷ്ടപ്പെട്ട സര്‍ക്കാരിന് ഒരു നിമിഷം അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ഇടതുപക്ഷ പാര്‍ട്ടികളും ബി.ജെ.പിയും പറഞ്ഞുകഴിഞ്ഞു. അഴിമതികളുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയാന്‍ കൂട്ടാക്കാത യു.ഡി.എഫ്. സര്‍ക്കാരിനെ വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തൂത്തെറിയുമെന്നാണ് അവരുടെ പ്രതീക്ഷ. കേരളത്തിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് സര്‍ക്കാരിനെ എതിര്‍ക്കുന്നവരുടെ പക്ഷത്താണെന്ന് കരുതിപ്പോന്ന വെള്ളാപ്പള്ളി നടേശന്‍ പ്രശംസിച്ചതിന്റെ പൊരുളറിയാതെ ജനങ്ങള്‍ അന്തംവിടുന്നു. ഇനി വരുംദിനങ്ങളില്‍ ആരില്‍നിന്ന് എന്തൊക്കെ കേള്‍ക്കാനിരിക്കുന്നു! 

അതിജനകീയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുന്‍നിറുത്തി അടുത്ത തിരഞ്ഞെടുപ്പ് കേരളത്തില്‍ നേരിടാന്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് ഒരുക്കമല്ല. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, ഗുലാംനബി ആസാദ്, മുകുള്‍ വാസ്നിക് എന്നീ എ.ഐ.സി.സി നേതാക്കള്‍ ഈയിടെ കേരളത്തില്‍ വന്ന് കോണ്‍ഗ്രസ്സ് നയിക്കുന്ന യു.ഡി.എഫിന്റെ സാധ്യതകളെക്കുറിച്ച് സമഗ്രമായ അന്വേഷണവും വിവരശേഖരണവും നടത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഇന്നത്തെ നിലയില്‍ അധികാരത്തില്‍ മടങ്ങിവരാന്‍ പല തടസ്സങ്ങളുണ്ടെന്ന് അവര്‍ക്ക് വ്യക്തമായി. കേരളത്തിലെ ഭൂരിപക്ഷ സമുദായങ്ങള്‍ സുസംഘടിതരായാല്‍ ഇടതുപക്ഷത്തേക്കാള്‍ കൂടുതല്‍ ദോഷകരമായി ബാധിക്കാന്‍ പോകുന്നത് യു.ഡി.എഫിനെയാണെന്ന് കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനെ ആരോ ധരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല; സി.പി.എമ്മിന്റെയും ബി.ജെ.പി മുന്നണിയുടെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ ഭൂരിപക്ഷ സമുദായ പ്രതിനിധികളായിരിക്കുമെന്ന് ഉറപ്പുള്ളപ്പോള്‍ ‘ന്യൂനപക്ഷ പ്രീണനം’ ആരോപിക്കപ്പെടുന്ന സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിക്കാന്‍ ഉമ്മന്‍ചാണ്ടി നയിച്ചാല്‍ പറ്റില്ലെന്ന് കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതാക്കള്‍ക്ക് മനസ്സിലായി. അക്കാര്യം കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനെയും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും നേരിട്ട് സോണിയാ ഗാന്ധി ധരിപ്പിച്ചു.

കേരളത്തിലെ രാഷ്ട്രീയ ചേരിതിരിവുകളില്‍ ഉണ്ടായിരിക്കുന്ന മാറ്റം കണക്കിലെടുത്ത് തുടര്‍ഭരണം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലായിരിക്കുമെന്ന തോന്നല്‍ ജനങ്ങളില്‍ ഉളവാക്കേണ്ടെന്ന് കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ കൗശലബുദ്ധി കരുതി. ഉമ്മന്‍ചാണ്ടി, സുധീരന്‍, ചെന്നിത്തല എന്നിവര്‍ക്ക് കൂട്ടുത്തരവാദിത്വം നല്‍കിക്കൊണ്ട് മൂന്ന് പേരും ചേര്‍ന്ന് തെരഞ്ഞെടുപ്പു പ്രചരണം നയിക്കാന്‍ ആവശ്യപ്പെട്ടു. സോണിയഗാന്ധി കേരളത്തില്‍ വന്നുപോയ ശേഷം ഈ മൂന്ന് നേതാക്കളും ചേര്‍ന്ന് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത അസാധാരണ കാഴ്ച കേരളം കണ്ടു. പിന്നീട് രാഹുല്‍ഗാന്ധി ഇവിടെ വന്ന് മാര്‍ക്‌സിസ്റ്റ് നേതാക്കളെ മദ്യനയം പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടുപോയി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി അര്‍ത്ഥശങ്കയില്ലാത്ത വിധം കേരളത്തില്‍ കോണ്‍ഗ്രസ്സിന് മൂന്ന് നേതാക്കളുടെ കൂട്ടുനേതൃത്വമായിരിക്കുമെന്ന് പറഞ്ഞു. മൂന്നുപേരെയും ന്യൂഡല്‍ഹിയില്‍ വിളിപ്പിച്ച് അക്കാര്യം നേരിട്ട് ധരിപ്പിക്കുകയും ചെയ്തു.

അതിന്റെ അര്‍ത്ഥം നിയമസഭാ തെരഞ്ഞെടുപ്പില്‍ സുധീരന്‍കൂടി മത്സരിക്കണമെന്നാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സ്ഥാനാര്‍ത്ഥികളായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒടുവിലെന്താകുമെന്ന് സുധീരന് ഇപ്പോഴും വ്യക്തതയില്ല. കൂട്ടുനേതൃത്വം വേണമെന്നും ഗ്രൂപ്പ് തര്‍ക്കങ്ങള്‍ പാടില്ലെന്നും ഉപദേശിക്കുന്നതു മനസ്സിലാക്കാം. എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം മറ്റു രണ്ട് നേതാക്കളില്‍ ഉണ്ടാക്കുന്ന അങ്കലാപ്പ് അറിയാതിരിക്കാന്‍ മാത്രം രാഷ്ട്രീയ അന്ധതയുള്ള നേതാവല്ല സുധീരന്‍. കേരളത്തിലെ സാമുദായിക ചേരിതിരിവുകളും ജാതി വികാരങ്ങളും എത്രത്തോളമാണെന്നെല്ലാം നിര്‍ണ്ണയിക്കാന്‍ സുധീരന് കഴിയും. എല്ലാ സാമുദായിക തല്‍പ്പര വിഭാഗങ്ങളുടെയും വോട്ട് യു.ഡി.എഫിന് അനുകൂലമാക്കുക എന്നതിനപ്പുറം കൂട്ടായ നേതൃത്വത്തിന് ലക്ഷ്യമൊന്നുമില്ല. സുധീരനോ ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ മുഖ്യമന്ത്രി എന്ന് ജനങ്ങളല്ല തീരുമാനിക്കുന്നത്. ജയിച്ചുവരുന്ന കോണ്‍ഗ്രസ്സ് എം.എല്‍.എമാരുടെ ഭൂരിപക്ഷ തീരുമാനമാണ് അത് നിശ്ചയിക്കുന്നതെന്ന് ഉപചാരത്തിനു വേണ്ടി പറയാം. ഇവിടെ അത് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് നിശ്ചയിക്കുമെന്നാണ് ഇപ്പോള്‍ എല്ലാ കോണ്‍ഗ്രസ്സുകാരുടെയും ‘ജനാധിപത്യ’ നിലപാട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കേന്ദ്രീകൃത ജനാധിപത്യമെന്ന പോളിറ്റ് ബ്യൂറോ ഏകാധിപത്യം പോലൊരു ശൈലി. കീഴ്ത്തട്ടില്‍ ചര്‍ച്ചയും വിമര്‍ശനവും. തീരുമാനം മുകളില്‍ നിന്ന് വരും. ഇരുകൈയും നീട്ടി സ്വീകരിച്ചുകൊള്ളണം. എത്ര സുന്ദരമായ ജനാധിപത്യം!

സുധീരന് വേണ്ടി തൃശൂരിലെ മണലൂരില്‍ ആരോ ചുമരെഴുത്ത് ആരംഭിച്ചു. വിശ്വമഹാകവി ഷെയ്ക്‌സ്പിയര്‍ പറഞ്ഞതുപോലെ ‘ടു ബി, ഓര്‍ നോട്ട് ടു ബി’ എന്ന അവസ്ഥയില്‍ ശങ്കിച്ചു നില്‍ക്കുകയാണ് സുധീരന്‍. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ മണലൂരില്‍ സുധീരനെ കാലുവാരില്ലെന്ന് രാഹുല്‍ഗാന്ധിക്കോ സാക്ഷാല്‍ സോണിയഗാന്ധിക്കോ ഉറപ്പുനല്‍കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഇനി ഇല്ലെന്ന് പരസ്യപ്പെടുത്തിയ ശേഷം ഒരു തവണ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ സുധീരന്‍ മത്സരിച്ചു. പ്രാദേശിക കോണ്‍ഗ്രസ്സുകാര്‍ ഒരു അപരന്‍ സുധീരനെ അവതരിപ്പിച്ച് ആയിരം വോട്ടിന് ആദര്‍ശവാനെ വീഴ്ത്തി. അപരന് എണ്ണായിരം വോട്ട് കിട്ടി. മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച തങ്ങളുടെ ധീരനായ നേതാവിനെ പാര്‍ട്ടി നിര്‍ബന്ധിച്ച് നിറുത്തിയാല്‍ നേതാവിനെ രക്ഷിക്കേണ്ടത് അണികളുടെ കടമയാണ്. ആലപ്പുഴയില്‍ കോണ്‍ഗ്രസ്സുകാര്‍ സുധീരന്റെ അന്തരംഗം വായിച്ചു. അതുപോലെ രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയായി കാണുന്ന സി.എന്‍. ബാലകൃഷ്ണന്‍ കെ.പി.സി.സി. പ്രസിഡന്റിനെ മണലൂരില്‍ മാലയിട്ടു സ്വീകരിക്കുമെന്ന് തൃശൂരിലെ ഒരു കോണ്‍ഗ്രസ്സുകാരനും പറയില്ല. മൂന്ന് കൊല്ലം മുമ്പ് കെ.പി.സി.സി. പ്രസിഡന്റ് പദത്തിലേയ്ക്ക് രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ച പേര് സി.എന്‍. ബാലകൃഷ്ണന്റേതാണ്. ഗ്രൂപ്പുകളിച്ച് സീറ്റ് കളയരുതെന്ന് രാഹുല്‍ഗാന്ധിക്ക് പറയാം. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുവികാര ജീവികള്‍ക്കറിയാം അതിന്റെ വില.

കോണ്‍ഗ്രസ്സിനെ പിളര്‍ന്നും ആര്‍. ശങ്കറിനോട് പകവീട്ടിയ ഇവിടുത്തെ കോണ്‍ഗ്രസ്സിന്റെ തനിസ്വഭാവം എന്നുമാറും? യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ ഹൈക്കമാന്റ് വാളെടുത്ത് ഉമ്മന്‍ചാണ്ടിയെ മാറ്റി നിറുത്തിയെന്ന് വരാം. സുധീരന്‍ മുഖ്യമന്ത്രി പദത്തിലേക്കും ചാണ്ടി കെ.പി.സി.സി നേതൃത്വത്തിലേക്കും എത്തും. കഴിഞ്ഞ ഇടതു ഭരണകാലത്ത് വി.എസ്. അച്യുതാനന്ദന്‍ അധികാരലോപം വന്ന ഒരു മുഖ്യമന്ത്രി ആയിരുന്നു. എ.കെ.ജി സെന്ററില്‍ ഇരുന്ന് പിണറായി വിജയനും കണ്ണൂര്‍ ലോബിയും ഭരണചക്രം തിരിച്ചു. അങ്ങനൊരുകാലം യു.ഡി.എഫിന്റെ തുടര്‍ഭരണ വേളയില്‍ വരുമോ? ജനങ്ങള്‍ തീരുമാനിക്കുമെന്ന് പറയാനാവില്ല. വോട്ടെടുപ്പു കഴിഞ്ഞാല്‍ പിന്നെ വോട്ടര്‍ക്ക് വിലയില്ല. ഏക് ദിന്‍ കാ സുല്‍ത്താന്‍ മാത്രമല്ലേ നമ്മള്‍ ജനങ്ങള്‍. ആ നല്ല ദിനം വരുന്നു; കരുതി ഇരിക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍