UPDATES

ട്രെന്‍ഡിങ്ങ്

മുരളീധരന്‍ ഇനിയും മണ്ടത്തരം കാണിക്കില്ലെന്ന വിശ്വാസത്തില്‍ ഐ ഗ്രൂപ്പ്; തക്കം പാര്‍ത്ത് ഉമ്മന്‍ ചാണ്ടി; പുകയുന്ന കോണ്‍ഗ്രസ് രാഷ്ട്രീയം

തന്‌റെ പ്രസ്താവനയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ കിട്ടുമെന്ന് മുന്നില്‍ കണ്ടാണ് മുരളി രംഗത്ത് വന്നതെന്നാണ് പൊതുവായ വിലയിരുത്തല്‍

എത്ര കുഴലിലിട്ടാലും നേരെയാവാത്ത വാലാണ് കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പിസം. ഇടവേളകളിലെ താത്ക്കാലിക ശമനത്തിന് ശേഷം വീണ്ടും ശക്തമായി തിരിച്ചുവരുന്ന ഒന്ന്. ഇപ്പോഴത്തെ കെ മുരളീധരന്‌റെ നീക്കം പാര്‍ട്ടിയെ തകര്‍ക്കാനൊന്നും പോവുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിന്‌റെ അവസ്ഥ തീര്‍ത്തും ദുര്‍ബലമാണ്.

ഗ്രൂപ്പ് പോരും തമ്മിലടിയും എത്ര അതിര് കടന്നാലും ഇടതുമുന്നണിയുടെ കയ്യിലിരിപ്പ് മൂലം അഞ്ച് വര്‍ഷത്തെ കൃത്യമായ ഇടവേള കഴിഞ്ഞ് കോണ്‍ഗ്രസിന് ഭരണം തളികയില്‍ വച്ച് കിട്ടുകയാണ് പതിവ്. എന്നാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം തീര്‍ത്തും വ്യത്യസ്തമാണ്. ഇരു മുന്നണികള്‍ക്കും വലിയ ഭീഷണിയായി ബിജെപി ശക്തി പ്രാപിക്കുന്നു. ഇപ്പോഴത്ത സാഹചര്യത്തില്‍ സ്വാഭാവികമായും ബിജെപിയെ നേരിടാന്‍ കരുത്തുള്ള പാര്‍ട്ടിക്കും മുന്നണിക്കുമാണ് ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ ലഭിക്കുക. ബിജെപിയെ നേരിടാനുള്ള ഈ പിന്തുണയ്ക്കായാണ് സിപിഎമ്മുമായി കോണ്‍ഗ്രസ് മത്സരിക്കുന്നത്.

യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലീംലീഗ് യുഡിഎഫില്‍ എല്ലാ കാലവും ഉണ്ടാകുമെന്ന് ഉറപ്പിക്കാനാവില്ല. അധികാരം ഉറപ്പെങ്കില്‍ ലീഗിന് എല്‍ഡിഎഫിലേയ്ക്ക് പോകാന്‍ തടസങ്ങളില്ല. വിഎസ് അച്യുതാനന്ദന്‌റെ കാലം കഴിയുന്നതോടെ ലീഗിനെ മുന്നണിയിലെടുക്കില്ലെന്ന വാശി സിപിഎമ്മില്‍ അവസാനിക്കും. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് വേണം കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ കാണാന്‍.

 

അവസരം മുതലാക്കി എ ഗ്രൂപ്പ്
ഉമ്മന്‍ ചാണ്ടിയെ അവഗണിച്ച് കേരളത്തിലെ കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ലെന്ന മുരളീധരന്‌റെ പ്രസ്താവന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കെപിസിസി പ്രസിഡന്‌റ് വിഎം സുധീരനേയും ഒരു പോലെ ലക്ഷ്യം വയ്ക്കുന്നതാണ്. മുരളി എ ഗ്രൂപ്പിലേയ്ക്ക് നീങ്ങുകയാണോ എന്ന ആശങ്ക ചിലര്‍ക്കെങ്കിലുമുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് മുരളീധരന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമല്ല മുരളി ഇക്കാര്യം പറഞ്ഞതെന്നും മറിച്ച് കിട്ടിയ അവസരം എ ഗ്രൂപ്പ് ഉപയോഗിക്കുകയായിരുന്നുവെന്നും തന്‌റെ പ്രസ്താവനയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ കിട്ടുമെന്ന് മുന്നില്‍ കണ്ടാണ് മുരളി രംഗത്ത് വന്നതെന്നുമാണ് പൊതുവായ വിലയിരുത്തല്‍. മുന്‍ കെപിസിസി അദ്ധ്യക്ഷനും ഒരു കാലത്ത് ഉമ്മന്‍ ചാണ്ടിയേക്കാള്‍ സ്വാധീനവും പാര്‍ട്ടി നേതൃത്വത്തിലുണ്ടായിരുന്ന മുരളീധരന് ഇപ്പോള്‍ കാര്യമായ റോളില്ല.

ഫലത്തില്‍ വിശാല ഐ ഗ്രൂപ്പിന്‌റെ ഭാഗമാണെങ്കിലും മുരളിക്ക് നേതൃപരമായി വലിയ പങ്കില്ല. ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തില്‍ സഹോദരി പദ്മജ വേണുഗോപാലിനൊപ്പം നിന്ന ഇബ്രാഹിംകുട്ടി കല്ലാറിനെ പോലുള്ളവര്‍ക്കടക്കം അധ്യക്ഷ പദവി ലഭിച്ചെങ്കിലും മുരളിയുടെ നോമിനിയായി അല്ലെങ്കില്‍ അദ്ദേഹത്തിന്‌റെ പിന്തുണയോടെ ആരും ഡിസിസി അധ്യക്ഷനായില്ല. രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പില്‍ പ്രധാനികളായ വിഡി സതീശന്‍, കെ സി വേണുഗോപാല്‍, കെ സുധാകരന്‍ എന്നിവരില്‍ സുധാകരന്‍ അല്ലാതെ മറ്റാരും മുരളിയെ നേതാവായി ഒട്ടും അംഗീകരിക്കുന്നുമില്ല. അതുകൊണ്ട് നേതാക്കളുടെ പിന്തുണയോടെ ഐ ഗ്രൂപ്പ് നേതൃത്വം കൈപ്പിടിയിലൊതുക്കാം എന്ന പ്രതീക്ഷ മുരളീധരനില്ല. ഈ സാഹചര്യത്തിലാണ് ക്രിസ്ത്യന്‍ നേതാക്കള്‍ക്ക് വ്യക്തമായ മേധാവിത്തമുള്ള എ ഗ്രൂപ്പിലേയ്ക്ക് ചാഞ്ഞ് നില്‍ക്കുകയാണ് മുരളിയെന്ന സംശയം ശക്തമാകുന്നത്. അതേസമയം ഈ നീക്കം ആത്മഹത്യാപരമായിരിക്കുമെന്നും അതിന് മുരളി ശ്രമിക്കില്ലെന്നുമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

പഴയ ഐ വികാരം കൊണ്ടു നടക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ കെ കരുണാകരന്‌റെ മകനായ കെ മുരളീധരന് ഇപ്പോഴും വിലയും പിന്തുണയുമുണ്ട്. മുരളീധരന്‍ പ്രതിപക്ഷ നേതാവാകണമെന്നും അതല്ല വീണ്ടും കെപിസിസി പ്രസിഡന്‌റാകണമെന്നും ആഗ്രഹിക്കുന്നവരുണ്ട്. ഈ പിന്തുണയും ശക്തിയും നഷ്ടപ്പെട്ടാല്‍ തെന്നല ബാലകൃഷ്ണ പിള്ളയെ പോലെ ഒരു മുന്‍ കെപിസിസി പ്രസിഡന്‌റ് മാത്രമായി മുരളീധരന്‍ ചുരുങ്ങും. എ ഗ്രൂപ്പ് നേതാക്കള്‍ക്ക് ചിലപ്പോള്‍ മുരളിയെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ എ വിഭാഗത്തിലെ സാധാരണ പ്രവര്‍ത്തകര്‍ ഒരിക്കലും മുരളിയെ അംഗീകരിച്ചിരുന്നില്ല. ഇനി അംഗീകരിക്കാന്‍ സാധ്യതയുമില്ല. കരുണാകരന്‌റെ മകനെന്ന പേരിലും ആന്‌റണിയുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്‌റെ ഭാഗമായും പാര്‍ട്ടിയില്‍ അര്‍ഹിക്കാത്ത അധികാരവും സ്ഥാനവും നേടിയ ആളായിട്ടാണ് അവരില്‍ ഭൂരിഭാഗവും മുരളിയെ കാണുന്നത്. മുരളിക്കൊപ്പം നില്‍ക്കുന്നുണ്ടെങ്കിലും ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ മുരളിക്കൊപ്പം ഗ്രൂപ്പ് മാറ്റത്തിന് സന്നദ്ധരാവില്ല. മുരളിയെ വിശ്വസിച്ച് ഒപ്പം നില്‍ക്കാന്‍ മറ്റ് നേതാക്കളുണ്ടാവില്ല. ഇത്തരം സാമാന്യയുക്തികളെയെല്ലാം തള്ളിക്കൊണ്ട് പല തവണ കിണറ്റില്‍ ചാടിയ ആളാണ് മുരളിയെന്ന് ഓര്‍ക്കണം. അതിന്‌റെ ഗതികെട്ട അനുഭവം മുന്നിലുള്ളത് കൊണ്ട് തന്നെ ഇനിയൊരു എടുത്തുചാട്ടത്തിന് മുരളി തയ്യാറാവില്ലെന്നാണ് സൂചന.

കോണ്‍ഗ്രസിലേയ്ക്കുള്ള തന്‌റെ മടങ്ങിവരവിനെ പിന്തുണച്ച വിഎം സുധീരനുമായി അത്ര നല്ല ബന്ധത്തിലുമല്ല മുരളീധരന്‍ ഇപ്പോള്‍. സുധീരനെതിരെ ഒരു ഘട്ടത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് നടത്തിയ നീക്കത്തിലും മുരളി പങ്കാളിയായിരുന്നു. ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തില്‍ ഹൈക്കമാന്‍ഡിന്‌റെ ഉറച്ച പിന്തുണയുള്ള സുധീരനുമായി ഐ ഗ്രൂപ്പ് രഹസ്യ ധാരണയിലെത്തിയിരുന്നു. ഈ ധാരണയാണ് ഡിസിസി അധ്യക്ഷന്മാരില്‍ എ ഗ്രൂപ്പിന്‌റെ പ്രാതിനിധ്യം കുറയാന്‍ ഇടയാക്കിയത്. ഈ സാഹചര്യത്തില്‍ സുധീരനും ചെന്നിത്തലയ്ക്കും തിരിച്ചടി നല്‍കാനുള്ള നീക്കത്തിലാണ് ഉമ്മന്‍ ചാണ്ടി. അതുകൊണ്ടു തന്നെ ഐ ഗ്രൂപ്പിലെ തന്‌റെ പ്രാമുഖ്യം തിരിച്ച് പിടിക്കാനുള്ള നല്ല അവസരമായിട്ടാണ് മുരളീധരന്‍ ഇതിനെ കാണുന്നത്. സുധീരനും ചെന്നിത്തലയ്ക്കും ഒരു പോലെ പരിക്കേല്‍ക്കുന്ന തരത്തിലുള്ള വെടി പൊട്ടിച്ചാല്‍ അതിന് ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ ഉറപ്പാണെന്ന് മുരളിക്കറിയാം.

കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ഘടകകക്ഷിയായ മുസ്ലീംലീഗ് അടുപ്പം പുലര്‍ത്തുന്നത് ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന വിഭാഗവുമായാണ്. മുരളിയുടെ പ്രസ്താവനയെ അനൂകൂലിക്കുന്ന തരത്തില്‍ ലീഗും രംഗത്തെത്തിയിരുന്നു. അതേസമയം ചെന്നിത്തല സാഹചര്യം മുന്‍കൂട്ടിക്കണ്ട് ഒരുമുഴം നീട്ടിയെറിഞ്ഞു. ഉമ്മന്‍ചാണ്ടി – മുരളി കൂട്ടുകെട്ടിലെ അപകടം ചെന്നിത്തലയ്ക്ക് അറിയാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുന്നതിലെ അപകടം ചെന്നിത്തല, കുഞ്ഞാലിക്കുട്ടിയെ ബോധ്യപ്പെടുത്തി. കുഞ്ഞാലിക്കുട്ടി ഇടപെട്ടാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്ന നില ഒഴിവാക്കിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സുധീരന്‌റെ പിന്തുണയോടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുരളിക്കെതിരെ ആക്രമണവുമായി രംഗത്ത് വന്നതിനെതിരെ കെസി ജോസഫ് അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തിയതും ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ്. നിലവിലെ അവസ്ഥയും കോണ്‍ഗ്രസിന്‌റെ സ്വഭാവവും വച്ച് നോക്കുമ്പോള്‍ ഈ പ്രശ്‌നം ഇനിയും പുകയും. പിന്നീട് ആളിക്കത്തുകയോ കെടുകയോ ചെയ്‌തേക്കാം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍